21 February Thursday

ശരീരഭാഗങ്ങള്‍ക്കും നികുതി

മുരളീധരന്‍Updated: Tuesday Jul 18, 2017


മാറിടത്തിന് നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് സ്വന്തം മുലയരിഞ്ഞ നങ്ങേലിയുടെ നടപടി മലയാളിയുടെ മനസ്സിനെ ഇന്നും ഉലയ്ക്കുന്ന സംഭവമാണ്. സ്വന്തം ശരീരഭാഗങ്ങള്‍ക്ക് നികുതി ചുമത്തുന്നതിനെതിരെയായിരുന്നു ഈ പ്രതിഷേധം. ജിഎസ്ടി ജ|യിക്കട്ടെ! അവയവങ്ങള്‍ക്ക് നികുതിയില്ലെങ്കിലും അതിന് പകരംവയ്ക്കുന്ന എല്ലാറ്റിനും നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നു.  

ക്രച്ചുകള്‍ക്കും വാക്കിങ് ഫ്രെയിമിനും കൃത്രിമക്കാലിനും കേള്‍വി ഉപകരണങ്ങള്‍ക്കും നികുതി ചുമത്താനുള്ള ജിഎസ്ടി കൌണ്‍സിലിന്റെ തീരുമാനം യഥാര്‍ഥത്തില്‍, പ്രവര്‍ത്തിക്കാത്ത, ഭാഗികമായിമാത്രം പ്രവര്‍ത്തിക്കുന്ന ശരീരഭാഗങ്ങള്‍ക്കു പകരംവയ്ക്കുന്ന ശരീരഭാഗങ്ങള്‍ക്കാണ് നികുതി ചുമത്തുന്നത്. എന്നാല്‍, സൌന്ദര്യവര്‍ധകവസ്തുക്കളായ കണ്‍മഷി, കുങ്കുമം, പൊട്ട്, വളകള്‍ എന്നിവയെ നികുതിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. തലമുടിയെയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൂജാസാമഗ്രികളായ രുദ്രാക്ഷം, രുദ്രാക്ഷമാല, പ്രസാദം, പഞ്ചാമൃതം, വിളക്കുതിരി എന്നിവയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. കേരളത്തിന് അതിയായ താല്‍പ്പര്യമുള്ള സ്വര്‍ണത്തിന് മൂന്നുശതമാനം മാത്രമാണ് ജിഎസ്ടി. രത്നങ്ങള്‍ക്കും ഇതുതന്നെ. 

സൌന്ദര്യവര്‍ധകവസ്തുക്കള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ക്കും പൂജാസാമഗ്രികള്‍ക്കും നികുതി ഒഴിവാക്കിയപ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് ചലനാത്മകതയും ആശയവിനിമയവും സാധ്യമാക്കുന്ന പകരം ശരീരഭാഗങ്ങള്‍ക്ക് നികുതി ചുമത്തിയിരിക്കുന്നു. ഇതും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. 

സാധാരണനിലയല്‍തന്നെ ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗപ്രദമായ സാധനങ്ങള്‍ക്ക് നികുതി ചുമത്തുന്നതിന് ന്യായീകരണമൊന്നുമില്ല. കേരളത്തിലെയും ത്രിപുരയിലെയും ധനമന്ത്രിമാരുടെ ശക്തമായ ഇടപെടല്‍കാരണമാണ് ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചത്. നേരത്തെ നിര്‍ദേശിക്കപ്പെട്ടത് അഞ്ച് ശതമാനംമുതല്‍ 18 ശതമാനംവരെയായിരുന്നു. 

വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ധനമന്ത്രി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത് അഞ്ചുശതമാനം ജിഎസ്ടി എന്നതുതന്നെ 'ഇളവ്' ആണെന്നാണ്. ജിഎസ്ടിക്കുമുമ്പ് 'അംഗവൈകല്യം വന്നവര്‍ക്കുള്ള' കാറൊഴിച്ചുനിര്‍ത്തിയാല്‍ ഭിന്നശേഷിക്കാരുടെ ഒരു ഉപകരണത്തിനും ഒരു നികുതിയും ചുമത്തിയിരുന്നില്ല. ധനമന്ത്രിയുടെ ഇളവ് യഥാര്‍ഥത്തില്‍ അംഗവൈകല്യത്തിന് നികുതി ഈടാക്കലാണ്. നടക്കുന്നതിനും കേള്‍ക്കുന്നതിനും വായിക്കുന്നതിനും നികുതി ഏര്‍പ്പെടുത്തലാണിത്.  

ആഭ്യന്തരഉല്‍പ്പാദകര്‍ക്ക് പുതിയ വസ്തു ഉപയോഗിക്കുന്നതിനുള്ള ഇന്‍പുട്ട് ടാക്സ് അവകാശപ്പെടുന്നതിനായി ജിഎസ്ടി ചുമത്തിയതെന്നാണ് ധാമന്ത്രാലയത്തിന്റെ ന്യായീകരണം.

ഇതുസംബന്ധിച്ച് ഒരു വിശദീകരണം ആവശ്യമാണ്. ഒന്നാമതായി, ബ്രെയ്ലി പ്രിന്റര്‍, ബ്രെയ്ലി ഡിസ്പ്ളേ, ബ്രെയ്ലി നോട്ടേക്കര്‍, ടാക്കിങ് വാച്ചസ്, ക്ളോക്കുകള്‍, ഓഡിയോ ലേബലിങ് ഉപകരണങ്ങള്‍, ഡെയ്സി പ്ളെയേഴ്സ് തുടങ്ങിയവയെല്ലാംതന്നെ പൂര്‍ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. എന്നിട്ടും ഒരു നികുതിയും ഇതുവരെയും ചുമത്തപ്പെട്ടിരുന്നില്ല. 

രണ്ടാമതായി, ആഭ്യന്തരമായി നിര്‍മിക്കുന്ന കൃത്രിമക്കാലും മറ്റ് സഹായകവസ്തുക്കളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളെയും നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. മൂന്നാമതായി, ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എന്നത് നികുതി ചാനലുകളുടെ ഏകീകരണത്തിന്റെയും അനാവശ്യ നികുതികള്‍ പിഴുതെറിയുന്നതിന്റെയും ഉപോല്‍പ്പന്നംമാത്രമാണ്. നാലാമതായി, സര്‍ക്കാര്‍ വിശദീകരണത്തില്‍ ബോധപൂര്‍വം മറച്ചുവച്ച കാര്യം പോളിഷ്ചെയ്യാത്ത കല്ലുകള്‍ക്കും മറ്റും 0.25 ശതമാനം മാത്രമാണ് നികുതി എന്നതാണ്.

ആഭ്യന്തരവ്യവസായങ്ങളെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ അതിന് ക്രിയാത്മക നടപടികള്‍ ഉണ്ടാകണം. സാങ്കേതികവും മറ്റുമായ ശേഷി വര്‍ധിപ്പിക്കാനും പലയിടത്തായി കിടക്കുന്ന ഉല്‍പ്പാദനകേന്ദ്രങ്ങള്‍ ഒരു ദേശീയ ശൃംഖലയിലേക്ക് കൊണ്ടുവന്ന് വിതരണത്തിലും മറ്റും സഹായിക്കുകയാണ് വേണ്ടത്. ആരെങ്കിലും 'മെയ്ക്ക് ഇന്‍ ഇന്ത്യയെ'ക്കുറിച്ച് പറയുമോ? പല സാധനങ്ങളുടെയും നിരക്ക് നിശ്ചയിക്കുന്നതില്‍ ശക്തമായ ലോബികളുടെയും രാഷ്ട്രീയ മുന്‍ഗണനയുടെയും പങ്ക് കാണാന്‍ കഴിയും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ പൂജാസാമഗ്രികള്‍ക്കും പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ സമ്മര്‍ദഫലമായി തലമുടിയും നികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ ഭിന്നശേഷിക്കാരുടെ രോദനത്തിന് മോഡി സര്‍ക്കാര്‍ ചെവികൊടുത്തില്ല.

(നാഷണല്‍ പ്ളാറ്റ്ഫോം ഫോര്‍ റൈറ്റ്സ് ഓഫ് ഡിസേബിള്‍ഡിന്റെ ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
 Top