25 April Thursday

ഉപയോക്താവിന് നീതിയില്ല

അഡ്വ. കെ ഡി ബാബുUpdated: Tuesday Jul 18, 2017

നോട്ട് പിന്‍വലിക്കല്‍ പരിഷ്കാരത്തിനു പിന്നാലെ ചരക്കുസേവന നികുതി (ജിഎസ്ടി) പരിഷ്കാരവും രാജ്യത്തിന് പ്രഹരമാകുന്നു. നികുതിഘടന ഏകീകൃതവും സുതാര്യവുമാകും, ലഘൂകരിക്കപ്പെടും തുടങ്ങിയ കാര്യങ്ങളാണ് ജിഎസ്ടിയുടെ പ്രധാന ഗുണങ്ങളായി വിലയിരുത്തുന്നത്. എന്നാല്‍, ജിഎസ്ടി സംവിധാനത്തിന്റെ കാര്യക്ഷമത വിലയിരുത്താന്‍ ട്രയല്‍റണ്‍ പോലും നടത്തിയിരുന്നില്ല. അവശ്യംവേണ്ട നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്താതെയും വേണ്ടത്രസമയം അനുവദിക്കാതെയുമാണ് ജിഎസ്ടി നടപ്പാക്കിയത്. പ്രത്യാഘാതങ്ങള്‍ പരിഗണിച്ചില്ല. തുല്യമായ നികുതിപരിഷ്കാരം നടപ്പാക്കിയ രാജ്യങ്ങളുടെ അനുഭവങ്ങള്‍ വിശകലനംചെയ്ത് മുന്‍കരുതല്‍ എടുത്തില്ല. കാനഡ ഫെഡറല്‍ സംവിധാനമുള്ള ഏകീകൃത നികുതിഘടന നടപ്പാക്കിയ ഒരു രാജ്യമാണ്. അവിടെ പരമാവധി നികുതി അഞ്ചു ശതമാനമായിരിക്കെ ഇന്ത്യയില്‍ ജിഎസ്ടി നികുതി 28 ശതമാനംവരെയുണ്ട്.

ഒറ്റ രാജ്യം, ഒറ്റ ജനത, ഒറ്റ നേതാവ്, ഒറ്റ നികുതി എന്ന മുദ്രാവാക്യത്തിന്റെ  അടിത്തട്ടില്‍ ഫാസിസ്റ്റ് പ്രയോഗശാസ്ത്രമാണെന്നത് ആലോചിക്കുമ്പോള്‍ ഉല്‍ക്കണ്ഠയാണ്. ഒറ്റ രാജ്യം, ഒറ്റ നേതാവ്, ഒറ്റ ജനത എന്ന മുദ്രവാക്യമായിരുന്നു ജര്‍മനിയില്‍ ഹിറ്റ്ലര്‍ നടപ്പാക്കിയത്. ഹിറ്റ്ലര്‍ ജര്‍മനിയില്‍ ഒറ്റ നികുതി പരിഷ്കാരം നടപ്പാക്കിയതാണ്. പക്ഷേ, ജര്‍മനിക്ക് സാമ്പത്തിക പുരോഗതി കൈവരുത്താന്‍ ആ പരിഷ്കാരത്തിന് കഴിഞ്ഞില്ല. അതുപോലെ തുഗ്ളക്ക് ചക്രവര്‍ത്തിയുടെ പരിഷ്കാരങ്ങളെ ഓര്‍മിപ്പിക്കുന്നു മോഡിയുടെ പരിഷ്കാരങ്ങള്‍.

നിയമത്തിലെ  ബലഹീനതകള്‍
ജിഎസ്ടി താത്വികമായി ഗുണകരമാണെങ്കിലും കൃത്യമായി നടപ്പാക്കാത്തതുമൂലം കച്ചവടക്കാര്‍ക്ക് നേട്ടംകൊയ്യാനുള്ള മാര്‍ഗമായി മാറി. തൃശൂര്‍ ജില്ലയിലെ ഒരു ഹോട്ടല്‍മുറിക്ക് പ്രതിദിനവാടക 3500രൂപയായിരുന്നു. ജിഎസ്ടി വന്നതോടെ 230 രൂപ കൂട്ടി വാടക 3730 രൂപയാക്കി. ജിഎസ്ടി വരുമ്പോള്‍ മറ്റു നികുതികള്‍ ഇല്ലാതാകുമെന്നും മൊത്തം നികുതിയില്‍നിന്ന് അവ കുറയ്ക്കേണ്ടിവരുമെന്ന കാര്യമൊന്നും അവര്‍ പരിഗണിച്ചില്ല.

ജിഎസ്ടി വരുന്നത് മുന്‍കൂട്ടിക്കണ്ട് വില കൂട്ടിയവരാണ് കോര്‍പറേറ്റുകള്‍. സിമന്റ് കമ്പനികള്‍ രണ്ടുമാസംമുമ്പ് ഒരു ചാക്ക് സിമെന്റിന് 35 രൂപയാണ് കൂട്ടിയത്. ജിഎസ്ടി നടപ്പാക്കിയശേഷം വില കുറയ്ക്കാനുള്ള തന്ത്രമെന്നാണ് കരുതിയത്. എന്നാല്‍, ഇപ്പോള്‍ സിമന്റ് വില വീണ്ടും വര്‍ധിപ്പിച്ചു. “വിലകൂട്ടി നടത്തുന്ന കൊള്ളയ്ക്കെതിരെ ഫലപ്രദമായി ഇടപെടാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജിഎസ്ടി നിയമത്തിലെ ബലഹീനതകള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ക്ക് തടസ്സമാകുന്നുണ്ട്.

പരാതികള്‍ക്ക് ജില്ലാതലത്തില്‍ പരിഹാരം വേണം
കൊള്ളലാഭം എടുക്കുന്നതിനെതിരെ പരാതി കൊടുക്കാമെന്നു പറയുന്നുണ്ടെങ്കിലും 171-ാം വകുപ്പ് പ്രകാരമുള്ള അമിതലാഭ വിരുദ്ധ അതോറിറ്റി നിലവില്‍വരുന്നതേയുള്ളൂ. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. അതോറിറ്റിയുടെ പ്രവര്‍ത്തനരീതിയില്‍ ത്തന്നെ അഞ്ചുതട്ടുകള്‍ ഉണ്ടെന്നാണ് മനസ്സിലാകുന്നത്. ഉപയോക്താവിന്റെ പരാതിയില്‍ ഏറ്റവും ഒടുവില്‍ തീര്‍പ്പുണ്ടാകുന്നത് ഡല്‍ഹിയില്‍ ആയിരിക്കുമെന്നതാണ് ഏറ്റവും വലിയ ഗതികേട്.

നൂറു രൂപ വിലയുള്ള ഒരു സാധനത്തിന് എറണാകുളത്തെ ഒരു കടയുടമ 110 രൂപ എടുത്തുവെന്ന് വയ്ക്കുക. 10 രൂപ നഷ്ടമായതിനെതിരെ തീര്‍പ്പ് ഡല്‍ഹിയില്‍ നിന്നുവരാന്‍ കുറഞ്ഞത് ഒന്നരവര്‍ഷമെങ്കിലും എടുക്കും. അതിനാല്‍ സാധാരണ ഉപയോക്താവ് പരാതിയുമായി പോകുമെന്ന് സങ്കല്‍പ്പിക്കാന്‍ വയ്യ. ഇതുമറികടക്കാന്‍ പരാതികള്‍ക്ക് ജില്ലാതലത്തില്‍ പരിഹാരം ഉണ്ടാകുന്ന നില വരണം.

നികുതി പിരിവിലെ കാര്യക്ഷമത കൂടുന്നതുകൊണ്ടും ചോര്‍ച്ചകള്‍ ഒഴിവാകുന്നതുകൊണ്ടും സാധനങ്ങളുടെ മേലുള്ള നികുതിഭാരം കുറയുമെന്നും ഇത് ഉപയോക്താക്കള്‍ക്കു ഗുണകരമാകുമെന്നുമുള്ള കണക്കുകൂട്ടലും പാളി. കോഴി കിലോയ്ക്ക് 87രൂപ വില നിശ്ചയിച്ച് ധനമന്ത്രി തോമസ് ഐസക് ശക്തമായി രംഗത്തുവന്നതും ശ്രദ്ധേയമാകുന്നതും ഈ പശ്ചാത്തലത്തിലാണ്. കോഴിയിറച്ചിക്കു ചുമത്തിയിരുന്ന 14.5 ശതമാനം വാറ്റ് നികുതി ഇല്ലാതായതോടെ 103 രൂപയില്‍നിന്ന് വില 87 രൂപയിലേക്ക് വരേണ്ടതായിരുന്നു. അതു സംഭവിക്കാതിരുന്നപ്പോഴാണ് ഇറച്ചിക്കോഴിക്ക് സര്‍ക്കാര്‍ വില പ്രഖ്യാപിക്കുന്ന അത്യപൂര്‍വ നടപടിക്ക് മന്ത്രി തയ്യാറായത്. വിപണിയില്‍ വ്യാപാരികളുടെ കള്ളക്കളി എത്രമാത്രം ഉണ്ടെന്ന് ഓരോ ഉല്‍പ്പന്നങ്ങളായെടുത്ത് പരിശോധിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കേരളവും കശ്മീരും പോലുളള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കൊണ്ട് കൂടുതല്‍ പ്രയോജനമുണ്ടാകുമെന്ന ചിന്തയാണ് പാളിയിരിക്കുന്നത്.

ജിഎസ്ടി വരുമ്പോഴുളള നേട്ടങ്ങളെക്കുറിച്ച് വാചാലരായവര്‍ ഇതിനെ വിശേഷിപ്പിച്ചത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കാരം എന്നാണ്. രാജ്യം ഒരു പൊതുവിപണിയാകും. സംസ്ഥാനങ്ങള്‍ക്ക് വാണിജ്യാതിര്‍ത്തി ഇല്ലാതെയാകും. ഇന്ത്യ വിദേശക്കമ്പനികളുടെ പ്രിയപ്പെട്ട വിപണിയാകും. പണപ്പെരുപ്പം കുറയും. കുറയുന്ന നികുതിഭാരം ഉപയോക്താവിനു പ്രയോജനപ്പെടും എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍.എന്നാല്‍, നടപ്പാക്കുന്നതിലെ വീഴ്ച ജിഎസ്ടിയുടെ ശോഭ കെടുത്തിയിരിക്കുന്നു.

പ്രധാന വാർത്തകൾ
 Top