08 August Saturday

ശ്‌മശാനങ്ങൾ നിറയുന്ന ഇന്ദ്രപ്രസ്ഥം

സാജൻ എവുജിൻUpdated: Thursday Jun 18, 2020


ഇച്ഛാശക്തിയുള്ള നേതൃത്വം, കരുത്തരായ  സൈനികർ, വേണ്ടത്ര ആയുധം; ഇതോടൊപ്പം ജാഗ്രതയും ചേരുമ്പോഴാണ് യുദ്ധം ജയിക്കാൻ കഴിയുക. ഇതിന്റെയെല്ലാം അഭാവമാണ് ഡൽഹിയിൽ കോവിഡിനെതിരായ യുദ്ധം പാളിപ്പോകാൻ കാരണം. രാജ്യതലസ്ഥാനം കോവിഡിന്റെയും തലസ്ഥാനമായി മാറുന്ന സ്ഥിതിയായി. ഡൽഹിയിലെ 18 സ്ഥിരം ശ്മശാനവും നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് പഞ്ചാബിബാഗിൽ പുതിയ ശ്മശാനം തുറന്നു. എന്നിട്ടും യഥാസമയം സംസ്കാരം നടത്താൻ കഴിയാതെ ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞുകവിഞ്ഞു. ആയിരത്തോളം മരണം സർക്കാർ രേഖകളിൽ വിട്ടുപോയതായും വ്യക്തമായി. ഈ ദുരവസ്ഥ മുതലെടുത്ത് സ്വകാര്യ ആശുപത്രികൾ വൻകൊള്ള നടത്തുന്നു. ലക്ഷക്കണക്കിനു രൂപ കെട്ടിവയ്ക്കാതെ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെയും ഡൽഹിയിലെ മൂന്നു നഗരസഭയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് ഭയാനകമായ സ്ഥിതിവിശേഷത്തിനു കാരണം.

കഴിഞ്ഞ ജനുവരി അവസാനം കേരളത്തിൽ കോവിഡ് പ്രത്യക്ഷപ്പെട്ടതിന്‌ തൊട്ടുപിന്നാലെ ഡൽഹി മയൂർവിഹാറിൽ വിദേശസന്ദർശനം കഴിഞ്ഞെത്തിയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചു. സമീപപ്രദേശമായ നോയിഡയിലും ഡൽഹിയിലുമായി നിരന്തര ബന്ധമുള്ള ജയ്‌പുരിലും ഒട്ടേറെപ്പേരിൽ രോഗം കണ്ടെത്തി. ഭീഷണി കൺമുന്നിൽ എത്തിയിട്ടും മുൻകരുതൽ–പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറായില്ല. ചൈനയിലെയും കൂടിവന്നാൽ കേരളത്തിലെയും പ്രശ്നമെന്ന നിലയിലാണ് ഇതിനെ കണ്ടത്. പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിക്കുന്നതുവരെ എല്ലാം പതിവുമട്ടിൽ കടന്നുപോയി.

മാർച്ച് 24ന്‌ അർധരാത്രി മൂന്നാഴ്ച അടച്ചുപൂട്ടൽ നിലവിൽവന്നതോടെ ഡൽഹി സെക്രട്ടറിയറ്റിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം അവധിയിൽ പ്രവേശിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സഹപ്രവർത്തകരും വടക്കുകിഴക്കൻ ഡൽഹി വർഗീയകലാപത്തിൽ കത്തിയെരിഞ്ഞപ്പോൾ പുലർത്തിയപോലെ കുറ്റകരമായ നിസ്സംഗത ആവർത്തിച്ചു. അരക്ഷിതരായ കുടിയേറ്റത്തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയിട്ടും ഡൽഹിയിലെ പ്രധാന രാഷ്ട്രീയ പാർടികളുടെ നേതൃത്വങ്ങൾ അനങ്ങിയില്ല. തൊഴിലാളികളുടെ പലായനത്തിന്റെ ഹൃദയഭേദകമായ വാർത്തകൾ  മാധ്യമങ്ങളിൽ നിറഞ്ഞിട്ടും അധികാരികളുടെ കണ്ണുതുറന്നില്ല.


 

ഭക്ഷണവിതരണകേന്ദ്രങ്ങൾ തുറന്നപ്പോഴാകട്ടെ അവ മനുഷ്യത്വവിരുദ്ധതയുടെ പര്യായങ്ങളായി. അരവയർ നിറയ്ക്കാനുള്ള ഭക്ഷണം കിട്ടാൻ മണിക്കൂറുകൾ പൊരിവെയിലിൽ വരിനിൽക്കണം. ഗർഭിണികളും കുഞ്ഞുങ്ങളും വൃദ്ധരുമടക്കം അഭയാർഥികളെപ്പോലെ കാത്തുനിൽക്കുന്നത് പതിവുകാഴ്ചയായി. താമസ സ്ഥലങ്ങളിൽ ഭക്ഷ്യധാന്യമോ ഭക്ഷണമോ എത്തിക്കാനുള്ള സംവിധാനം മാസങ്ങൾക്കുശേഷവും നിലവിൽവന്നില്ല. സൗജന്യഭക്ഷ്യധാന്യവിതരണം ഏറ്റവും മോശമായി നടപ്പാക്കിയ സംസ്ഥാനവുമായി ഡൽഹി മാറി. വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ രംഗത്തിറങ്ങിയ സിപിഐ എം, സിഐടിയു പ്രവർത്തകർക്ക് സഞ്ചരിക്കാനുള്ള പാസ് ആവശ്യത്തിനു നൽകാൻ അധികൃതർ തയ്യാറായില്ല.

ഏപ്രിലോടെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങിയിട്ടും ആരോഗ്യവകുപ്പ് ഉദാസീനമായി നിലകൊണ്ടു. അടച്ചുപൂട്ടൽകാലം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനായി വിനിയോഗിച്ചില്ല. വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടായില്ല. ഡോക്ടർമാരിലും നേഴ്സുമാരിലും ആത്മവിശ്വാസം വളർത്തേണ്ടത് അനിവാര്യമാണെന്നത് സർക്കാർ വിട്ടുപോയി. ആശുപത്രിക്കിടക്കകൾ, ഓക്സിജൻ സിലിൻഡറുകൾ, വെന്റിലേറ്ററുകൾ, ആംബുലൻസുകൾ എന്നിവയൊക്കെ ആവശ്യത്തിനു സജ്ജീകരിച്ചാൽ മാത്രമേ മഹാമാരിയെ ഫലപ്രദമായി നേരിടാൻ കഴിയൂവെന്നത് ഇറ്റലി, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതി കണ്ടറിഞ്ഞിട്ടും സർക്കാരിന്‌ ബോധ്യമായില്ല. ഇതിനിടെ, തബ്‌ലീഗുകാരുടെ പിന്നാലെ പോയി കുറെസമയം കളഞ്ഞു. അധികൃതരുടെ പിഴവുകൾ മറച്ചുപിടിക്കാനാണ് തബ്‌ലീഗുകാരെ കുറ്റപ്പെടുത്തിയത്. സർക്കാരാകട്ടെ താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. അങ്ങേയറ്റത്തെ ജനസാന്ദ്രതയുള്ള ഡൽഹിയിൽ സമൂഹവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് അംഗീകരിക്കാൻ കേന്ദ്രവും സംസ്ഥാനവും വൈമുഖ്യം പ്രകടിപ്പിച്ചു. ഡൽഹി സർക്കാരിന്റെ  പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുന്ന കേന്ദ്രം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ കാര്യത്തിൽ അകലംപാലിച്ചു. ആഭ്യന്തര മന്ത്രാലയം മൗനത്തിലായിരുന്നു. ബിജെപി നിയന്ത്രണത്തിലുള്ള മൂന്നു നഗരസഭയുടെ സഹകരണവും കാര്യമായി ഉണ്ടായില്ല. നഗരസഭാ ആശുപത്രികളിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് ശമ്പളംപോലും മുടങ്ങി.

ഡോക്ടർമാർക്കും നേഴ്സുമാർക്കും കൂട്ടത്തോടെ രോഗം പിടിപെട്ടു. രാജ്യത്ത് ആരോഗ്യപ്രവർത്തകരിലെ കോവിഡ് ബാധയുടെ ഏറ്റവുമുയർന്ന നിരക്ക് ഡൽഹിയിലാണ്.  ഇതിനു പരിഹാരം കാണാൻ ശ്രമം നടന്നില്ല. ജാഗ്രതക്കുറവും സുരക്ഷാ കിറ്റുകളുടെ അപര്യാപ്തതയുമാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രവർത്തകരുടെ പരാതികൾ പരിഹരിക്കാൻ ഹെൽപ്പ്‌ലൈൻ നമ്പരുകൾ പ്രസിദ്ധീകരിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. ഗുണമേന്മയുള്ള പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നതിലും  വീഴ്‌ച വരുത്തി.


 

രോഗബാധിതരായ നേഴ്സുമാർക്ക് ശരിയായ പരിചരണം നൽകുന്നതിലും വീഴ്ചയുണ്ടായി. ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽഎൻജെപി ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടിയിലുള്ള  നേഴ്സുമാർക്ക് വിശ്രമിക്കാൻ ഒറ്റ ഹാളാണ് നൽകിയത്. ആവശ്യത്തിന്‌ ടോയ്‌ലെറ്റുകൾ പോലും ലഭ്യമാക്കിയില്ല. വൻപ്രതിഷേധം ഉയർന്നശേഷമാണ് നേഴ്സുമാർക്ക് കുറെയൊക്കെ സുരക്ഷിതമായ വിശ്രമകേന്ദ്രം ഒരുക്കിയത്. പൊതു–സ്വകാര്യ മേഖലകളിലെ ഇതര ആശുപത്രികളിലും സമാനമായ അനുഭവമാണ്‌.  ആരോഗ്യപ്രവർത്തകർക്ക്‌ കൂട്ടത്തോടെ രോഗബാധ ഉണ്ടാകാൻ ഇത്‌ വഴിയൊരുക്കി. ഇവരുടെ മനോവീര്യം ഇടിയാൻ ഇതൊക്കെ കാരണമായി. രോഗം പിടിപെട്ട് കൂടുതൽ ആരോഗ്യപ്രവർത്തകർ ക്വാറന്റൈനിൽ പോകുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിച്ചു. സ്വകാര്യ ആശുപത്രികളെ കയറൂരിവിട്ട  സർക്കാർ സംഗതി വഷളായപ്പോൾ സർ ഗംഗാറാം ആശുപത്രിയുടെ പേരിൽ പരിശോധനാ നടപടിക്രമം ലംഘിച്ചെന്ന്‌ ആരോപിച്ച്‌ കേസെടുത്തു. ഇതാകട്ടെ  പൊതുട്രസ്റ്റ്‌ വക ആശുപത്രിയാണ്‌.

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആർഎംഎൽ മെഡിക്കൽ കോളേജ് പോലുള്ള കേന്ദ്രങ്ങളും സംഗതിയുടെ ഗൗരവത്തിനൊത്ത്‌ ഉയർന്നില്ല. കോവിഡ് പരിശോധനയ്‌ക്കായി എത്തുന്നവർ മണിക്കൂറുകൾ ആശുപത്രി പരിസരത്ത്‌ കൂട്ടംകൂടി നിൽക്കുന്ന സാഹചര്യമാണ്. ഇവരിൽ വൈറസ് ബാധിതരും അല്ലാത്തവരും സ്വാഭാവികമായി ഉണ്ടാകും. സമ്പർക്കം വഴി രോഗവ്യാപനത്തിനുള്ള സാധ്യത ഏറെ. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനമൊക്കെ ഡൽഹിയിൽ തുടക്കംമുതൽ പ്രഹസനമായി. രാജ്യത്തെ ഏറ്റവും വലിയ പച്ചക്കറി മൊത്തവ്യാപാര കേന്ദ്രമായ ആസാദ്പുർ മണ്ഡി സമ്പൂർണ അടച്ചുപൂട്ടൽ കാലത്തും ശാരീരിക അകലം പാലിക്കൽ അപ്രസക്തമാക്കുന്ന നിലയിൽ 24 മണിക്കൂറും  പ്രവർത്തിച്ചു. ഒട്ടേറെ വ്യാപാരികൾ രോഗബാധിതരായി.

രോഗികളുടെ എണ്ണം പെരുകിയപ്പോൾ ഡൽഹി നിവാസികൾക്ക് മാത്രമേ സംസ്ഥാന സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകൂവെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചത് എഎപി സർക്കാരിന്റെ ഭീമാബദ്ധമായി. കുടിയേറ്റത്തൊഴിലാളികൾ മുതൽ വിദേശനയതന്ത്രജ്ഞർ വരെ മറുനാട്ടുകാരായ ലക്ഷക്കണക്കിനു പേർ പാർക്കുന്ന ഡൽഹിയിൽ ഇത്തരമൊരു തീരുമാനമെടുക്കാൻ വിവേകത്തോടെ ചിന്തിക്കുന്നവർക്ക് കഴിയില്ല. ഏതായാലും ഈ തീരുമാനം ലെഫ്. ഗവർണർ റദ്ദാക്കിയപ്പോൾ മുഖ്യമന്ത്രി കെജ്‌രിവാൾ എതിർത്തില്ല. ഡൽഹിയിലെ സ്ഥിതിവിശേഷത്തിൽ സുപ്രീംകോടതി നടുക്കവും ആശങ്കയും  പ്രകടിപ്പിച്ചതോടെ കേന്ദ്രം ഇടപെട്ടു. ഇനി ആഭ്യന്തരമന്ത്രാലയം എല്ലാ കാര്യവും നേരിട്ട് നിയന്ത്രിക്കാനാണ്‌ തീരുമാനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top