28 May Thursday

ദുരിതം വര്‍ധിപ്പിക്കുന്ന കേന്ദ്രബജറ്റ്

എളമരം കരീംUpdated: Tuesday Feb 18, 2020


ഇന്ത്യൻ സമ്പദ്ഘടന ഇന്ന് നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ പര്യാപ്തമല്ല 2020–21 വർഷത്തെ ബജറ്റ്. സമ്പദ്ഘടനയുടെ എല്ലാ മേഖലയും  പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തെ നേരിടാൻ കഴിയുന്ന നിർദേശങ്ങളൊന്നും മുന്നോട്ടുവയ്ക്കാൻ ധനമന്ത്രിക്ക് സാധിച്ചിട്ടില്ല. ഇന്ത്യയിലെ തൊഴിലില്ലായ്മ നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ 9.1 ശതമാനമാണ്. കാർഷികമേഖലയിലും വളർച്ച മുരടിച്ചു. ഈ ഗുരുതരമായ സാഹചര്യത്തെ മുറിച്ചുകടക്കാൻ പര്യാപ്തമല്ല കേന്ദ്രസർക്കാരിന്റെ നയങ്ങൾ.

2019–- 20 വർഷത്തിൽ നികുതിവരുമാനം പ്രതീക്ഷിച്ചത്ര ലഭിച്ചില്ല. ഈവർഷവും നികുതിവരുമാനത്തിൽ വർധന പ്രതീക്ഷിക്കേണ്ടതില്ല. സാമ്പത്തികവളർച്ച കുറഞ്ഞതാണ് കാരണം. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ സുദീർഘമായ ബജറ്റ് പ്രസംഗം ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനായിരുന്നു ലക്ഷ്യംവച്ചത്.

ഓരോ മേഖലയ്ക്കും വകയിരുത്തിയ തുകകൾ തലേവർഷത്തെ തുകയുമായി താരതമ്യപ്പെടുത്താൻ കഴിയാത്ത വിധത്തിലാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇത് സത്യം മറച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. മൊത്തം ചെലവ് ജിഡിപിയുടെ 13.5 ശതമാനമായിരിക്കുമെന്ന് 2020–- 21 ലെ ബജറ്റിൽ പറയുന്നു. 2019–-20 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് 13.6 ശതമാനമായിരുന്നു. എന്നാൽ, യഥാർഥ ചെലവ് 13.2 ശതമാനത്തിൽ വർധിക്കില്ല. ഈ സാഹചര്യത്തിൽ തലേവർഷത്തേക്കാൾ സർക്കാർ ചെലവിൽ കാര്യമായ വർധന പ്രതീക്ഷിക്കേണ്ടതില്ല.

2019 –- 20 സാമ്പത്തികവർഷം ബജറ്റവതരിപ്പിച്ച് 6 മാസം പിന്നിട്ടശേഷം, കോർപറേറ്റ് നികുതിയിൽ 1.45 ലക്ഷം കോടിരൂപ ഇളവ് നൽകി. ഈ വർഷവും ഇടത്തരക്കാർക്കും സമ്പന്നർക്കും ഇളവുനൽകാൻ ധനമന്ത്രി മറന്നിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ വരുമാനം പ്രതീക്ഷിച്ച ലക്ഷ്യത്തിലെത്താൻ പ്രയാസമാകും. 2019–- 20ൽ ധനകമ്മി 3.8 ശതമാനമാണ്. ലക്ഷ്യം വച്ചത് 3.3 ശതമാനമായിരുന്നു. 2020–- 21 വർഷം പ്രതീക്ഷിക്കുന്ന ധനകമ്മി 3.5 ശതമാനമാണ്. 2019 –-20 വർഷം ഭക്ഷ്യസബ്സിഡിക്കായി വകകൊള്ളിച്ച തുക 1,84,220 കോടിയായിരുന്നു. എന്നാൽ, ചെലവഴിച്ചത് 1,08,688 കോടി  മാത്രമാണ്. ദാരിദ്ര്യം വർധിക്കുമ്പോഴും സർക്കാരിന്റെ നിലപാട് ഈവിധമാണ്.


 

എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം മുൻനിർത്തിയ നയങ്ങളല്ല ബജറ്റിൽ കാണുന്നത്. ഗ്രാമീണജനതയുടെ വാങ്ങൽ കഴിവിലുണ്ടായ കുറവാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചത്. ഈ സാഹചര്യത്തിലും ഗ്രാമീണജനതയുടെ വരുമാനം വർധിപ്പിക്കുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. ഗ്രാമീണജനതയ്ക്ക് ആശ്വാസം നൽകുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഈവർഷത്തെ ബജറ്റ് നീക്കിയിരിപ്പ് 61,500 കോടിരൂപയാണ്‌. 2019–- 20ൽ 71,002 കോടി അനുവദിച്ചിരുന്നു. ഈവർഷം 9,500 കോടി കുറവ്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽദിനങ്ങൾ വർധിപ്പിക്കുകയും വേതനം വർധിപ്പിക്കുകയും ചെയ്താലേ ഗ്രാമീണജനത നേരിടുന്ന ദാരിദ്ര്യത്തിന് തെല്ലെങ്കിലും പരിഹാരം കാണാൻ പറ്റൂ എന്ന് സാമ്പത്തിക വിദഗ്ധരും ഇടതുപക്ഷ പാർട്ടികളും നിരന്തരമായി ആവശ്യപ്പെട്ടുവരികയായിരുന്നു. അപ്പോഴാണ് തുക വെട്ടിക്കുറച്ചത്. പട്ടികജാതി ക്ഷേമത്തിനായി 2018–- 19 ൽ 7574 കോടി  ചെലവഴിച്ച സ്ഥാനത്ത് 2020–- 21 ലേക്ക് അനുവദിച്ചത് 6,242 കോടിയാണ്.

2019–-20 വർഷത്തിൽ പൊതുമേഖലാ ഓഹരിവിൽപ്പനയിലൂടെ വരവ് പ്രതീക്ഷിച്ചിരുന്നത് 1,05,000 കോടി രൂപയായിരുന്നു. എന്നാൽ, 2020 ജനുവരിവരെ ഈയിനത്തിൽ ലഭിച്ചത് 18,000 കോടി മാത്രമാണ്. റിവൈസ്ഡ് ബജറ്റിൽ 65,000 കോടി  ലഭിക്കും എന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. എന്നാൽ, 2020–- 21 വർഷത്തേക്ക് ഓഹരിവിൽപ്പനയിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത് 2.1 ലക്ഷം കോടിയാണ്. എൽഐസിയുടെ ഓഹരികളും വിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.  ബിപിസിഎൽ, എയർ ഇന്ത്യ, എയർപോർട്ടുകൾ, റെയിൽവേ എൻജിൻനിർമാണ കമ്പനികൾ, ആയുധ നിർമാണ കമ്പനികൾ എന്നിവയ്‌ക്ക് പുറമെയാണ് രാജ്യത്തിന്റെ അഭിമാനമായ എൽഐസിയുടെ ഓഹരികളും വിൽക്കുന്നത്. പൊതുമേഖലയെ തകർക്കുക എന്നതാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം. ‘‘സ്വദേശി ജാഗരൺ മഞ്ച്'' എന്ന പേരിൽ യുപിഎ സർക്കാരിന്റെ കാലത്ത് സ്വകാര്യവൽക്കരണത്തിനും വിദേശമൂലധനത്തിനുമെതിരെ പ്രചാരവേല നടത്തിയിരുന്ന സംഘപരിവാർ ശക്തികളാണ് ഇപ്പോൾ എല്ലാ പൊതുമേഖലയും തകർത്ത് വിദേശ, നാടൻ കുത്തകകൾക്ക് പരവതാനി വിരിക്കുന്നത്. ഓഹരിവിൽപ്പനയിലൂടെ 2020 –- 21 സാമ്പത്തികവർഷം സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനത്തിൽ 1,20,000 കോടി സാമ്പത്തികേതര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയിൽ നിന്നാണ്. 90,000 കോടി പൊതുമേഖലാ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരി വിൽപ്പനയിൽനിന്നുമാണ് കണക്കാക്കിയിരുന്നത്.


 

ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ച (ജിഡിപി വളർച്ച) 2019 –- 20ൽ 8 ശതമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 4.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി. വ്യവസായ വളർച്ചനിരക്ക് (ഐഐപി, ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്‌ഷൻ) ഒരു ശതമാനമായി കുറഞ്ഞു. കാർഷിക വളർച്ചനിരക്ക് 2 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ വരവും ചെലവും ഗണ്യമായി കുറഞ്ഞത്. സർക്കാരിന്റെ നികുതിവരുമാനം 2019–-20 ൽ പ്രതീക്ഷിച്ചിരുന്നത് 19.63 ലക്ഷം കോടിയായിരുന്നു. എന്നാൽ, ഇപ്പോൾ കണക്കാക്കുന്നത് 18.5 ലക്ഷം കോടിയാണ്. 5.6 ശതമാനം കുറവ്. 2019–- 20 വർഷം ചെലവ് 26.99 ലക്ഷം കോടിയാണ്. എന്നാൽ, കഴിഞ്ഞ വർഷത്തെ ബജറ്റിൽ കണക്കാക്കിയിരുന്നത് 27.86 ലക്ഷം കോടിയായിരുന്നു. കുറഞ്ഞത് 3.1 ശതമാനം. 2020 ജനുവരിയിൽ തയ്യാറാക്കിയ ഈ കണക്ക് മാർച്ച് 31 ആകുമ്പോൾ തെറ്റാനും സാധ്യതയുണ്ട്.

ഇന്ത്യ ഇപ്പോൾ നേരിടുന്നത് "സ്റ്റാഗ് ഫ്ളേഷൻ' (ഉയർന്ന പണപ്പെരുപ്പനിരക്കും ഉയർന്ന തൊഴിലില്ലായ്മയും കുറഞ്ഞ വളർച്ചനിരക്കും ഒരുമിച്ച് നേരിടുന്ന അവസ്ഥ) ആണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ചില്ലറ വിലവർധന കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ 7.35 ശതമാനം എത്തി. 2018 മുതൽ തുടർച്ചയായി ആറുപാദത്തിലും രാജ്യത്തിന്റെ സാമ്പത്തികവളർച്ച കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. 2019 ജൂലൈ, സെപ്തംബർ പാദത്തിലെ വളർച്ചനിരക്ക് 4.5 ശതമാനത്തിലെത്തി, 2019 –- 20 സാമ്പത്തികവർഷം ജിഡിപി വളർച്ച 4.8 ശതമാനത്തിൽ നിൽക്കും. സർക്കാർ ലക്ഷ്യംവച്ച വളർച്ചനിരക്ക് 8 ശതമാനമായിരുന്നു. ജനങ്ങളുടെ ഉപഭോഗ കഴിവ് ഇടിഞ്ഞതാണ് വ്യവസായ പ്രതിസന്ധിക്കും സാമ്പത്തികമാന്ദ്യത്തിനും കാരണമായത്. ഈ പ്രശ്നത്തിന് പരിഹാരം കാണാത്ത ബജറ്റ് ഇന്നത്തെ അവസ്ഥയെ കൂടുതൽ ഗുരുതരമാക്കും.

കോർപറേറ്റുകൾക്ക് സമ്പത്ത് വാരിക്കൂട്ടാൻ അവസരം നൽകുന്ന നയങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷം മോഡി ഭരണകാലത്ത് കോർപറേറ്റുകൾ നികുതിക്കുടിശ്ശികയാക്കിയത് 7.63 ലക്ഷം കോടിയാണ്. കോർപറേറ്റുകൾക്കെതിരെ ചെറുവിരലനക്കാൻ സർക്കാർ സന്നദ്ധമല്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ കൊണ്ടുവന്ന ജിഎസ്ടിയിലൂടെ പ്രതീക്ഷിച്ച വരുമാനം നേടാനായില്ല. ജിഎസ്ടി വരുമാനം കുറഞ്ഞത് സംസ്ഥാനങ്ങളെയും ബാധിച്ചു.

ഗ്രാമീണ ദരിദ്രർക്ക് വളരെ പ്രധാനപ്പെട്ട പദ്ധതികളാണ് തൊഴിലുറപ്പും പൊതുവിതരണവും. തൊഴിലുറപ്പിന് ഫണ്ട് കുറച്ചു. ഭക്ഷ്യധാന്യ സ്റ്റോക്ക് അറുപത്‌ ദശലക്ഷം ടണ്ണാണ്. അപ്പോഴാണ് ഭക്ഷ്യധാന്യങ്ങളുടെ വില വർധിക്കുന്നത്. പൊതുവിതരണ പദ്ധതി വ്യാപിപ്പിക്കാൻ ഒരാലോചനയും സർക്കാരിനില്ല. ആരോഗ്യ വിദ്യാഭ്യാസമേഖലയ്ക്ക് ബജറ്റ് വിഹിതം പര്യാപ്തമല്ല. സർക്കാർ കൊട്ടിഘോഷിച്ച ""ആയുഷ്മാൻ ഭാരത് യോജന'',‘‘പ്രധാനമന്ത്രി ജൻ ആരോഗ്യയോജന'' എന്നിവയ്ക്ക് 6,400 കോടിമാത്രമാണ് വകയിരുത്തിയത്.

സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതിക്കും ഒരു പണവും വകകൊള്ളിച്ചില്ല. ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന നയമാണ് ബജറ്റിന്റേത്.

കേരളത്തോട് വലിയ അവഗണനയാണ് ബജറ്റിൽ കാണുന്നത്‌. പ്രളയാനന്തര പുനരുദ്ധാരണത്തിന് ഒരു സഹായവും നൽകിയില്ല. കേരളം ദീർഘകാലമായി ആവശ്യപ്പെടുന്ന "എയിംസ്' ഈ ബജറ്റിലും ഇല്ല. ആസിയാൻ കരാറിനെത്തുടർന്ന് വിലയിടിവുമൂലം കഷ്ടപ്പെടുന്ന റബർ കർഷകരെ സഹായിക്കാൻ കേരളം ആവശ്യപ്പെട്ട ഒരു സഹായവും ബജറ്റിലില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതിക്കും ഒരു പണവും വകകൊള്ളിച്ചില്ല. ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന നയമാണ് ബജറ്റിന്റേത്.

2020–- 21 വർഷത്തെ കേന്ദ്രബജറ്റ് ജനജീവിതം കൂടുതൽ ദുസ്സഹമാക്കും. രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യത്തിന് യാതൊരറുതിയും വരില്ല. ഈ പ്രതിസന്ധിക്കിടയിൽ രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖലയെ മുഴുവൻ വിറ്റുതുലയ്ക്കും. ഗുരുതരമായ ഇത്തരം പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാൻ വർഗീയ അജൻഡ മുന്നോട്ടുവയ്ക്കും.


പ്രധാന വാർത്തകൾ
 Top