19 April Friday

രോഷം ഹിന്ദുത്വമുന്നേറ്റം തടയുന്നതിനാല്‍

വിജയ് പ്രസാദ്Updated: Tuesday Oct 17, 2017

ഈ മാസം ആദ്യം ഭുവനേശ്വറില്‍ ഹിന്ദു വലതുപക്ഷ പ്രവര്‍ത്തകര്‍ ഒരു രാഷ്ട്രീയനാടകമാടി. ഒരു വലിയ ചെങ്കൊടി കൊണ്ടുവന്ന് നാട്ടി, എന്നിട്ട് അതിന്റെ ഫോട്ടോ എടുത്തശേഷം അവര്‍ അത് കത്തിച്ചു. ഇന്ത്യ ഭരിക്കുന്ന ഹിന്ദു വലതുപക്ഷം എന്തിനാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൊടി കത്തിച്ചുകളയാന്‍ തയ്യാറായത്? തെരഞ്ഞെടുപ്പില്‍ പ്രകടനം മോശമായി പാര്‍ലമെന്റില്‍ അംഗസംഖ്യ കുറഞ്ഞ് ദുര്‍ബലമായ അവസ്ഥയിലാണിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം.

എന്നിരുന്നാലും കമ്യൂണിസ്റ്റ് പാര്‍ടി 3.4 കോടി ജനസംഖ്യയുള്ള കേരളവും 40 ലക്ഷം ജനസംഖ്യയുള്ള ത്രിപുരയും ഭരിക്കുന്നു.  മാത്രമല്ല, ഇന്ത്യയുടെ പലഭാഗത്തും സ്വാധീനമുള്ള കമ്യൂണിസ്റ്റുകാര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെയും സമരത്തിന് നേതൃത്വം നല്‍കുന്നു. പ്രധാനമന്ത്രി മോഡി നേതൃത്വം നല്‍കുന്ന ഹിന്ദു വലതുപക്ഷത്തിന്റെ രാഷ്ട്രീയപ്രസ്ഥാനമായ ബിജെപി ഈ പ്രതിഷേധത്തെ ശ്വാസംമുട്ടിച്ചുകൊല്ലാന്‍ എല്ലാ നടപടികളും സ്വീകരിക്കുകയാണ്. ജനകീയ സമരങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം തകര്‍ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഗൌരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന മര്‍ദനവും മറ്റും വിരല്‍ചൂണ്ടുന്നത് ഇന്ത്യക്കാരനായി ജീവിക്കാനുള്ള സാധ്യത വളരെ നേര്‍ത്തുനേര്‍ത്ത് വരികയാണെന്നാണ്. 

മോഡിഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ നിശബ്ദമാക്കപ്പെടുമ്പോഴും മോഡിക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരുമാണ്. ഫെബ്രുവരിയില്‍ പിണറായി വിജയന്‍ മംഗലാപുരത്തുവച്ച് പ്രധാനമന്ത്രി മോഡിയെയും ഹിന്ദു വലതുപക്ഷത്തെയും മാത്രമല്ല, അവരുടെ തലച്ചോറായ ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ചു. 'ജനങ്ങളെ എന്നും വര്‍ഗീയാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്' എന്ന് പിണറായി വിജയന്‍ പറഞ്ഞു. 'ഹിറ്റ്ലര്‍ ജൂതരെയും കമ്യൂണിസ്റ്റുകാരെയും ഇല്ലാതാക്കിയതുപോലെ ആര്‍എസ്എസ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും ലക്ഷ്യമാക്കിയിരിക്കുകയാണ്' എന്നും അദ്ദേഹം പറഞ്ഞു. 'എന്നെ ഭയപ്പെടുത്താന്‍ വരണ്ട. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല' എന്നും  പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

മണിക് സര്‍ക്കാരും വിമര്‍ശിക്കുന്നതില്‍ ഒട്ടും പിന്നിലല്ല. ആഗസ്തില്‍ ആകാശവാണിയില്‍ പ്രക്ഷേപണത്തിന് നല്‍കിയ പ്രസംഗം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. നമ്മുടെ സമൂഹത്തില്‍ ആരും ആഗ്രഹിക്കാത്ത വിഭജനം സൃഷ്ടിക്കാനായി ശ്രമങ്ങളും ഗൂഢാലോചനകളും നടക്കുന്നതായും മണിക് സര്‍ക്കാര്‍ ആ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് എതിര്‍ക്കുന്നവരായി ഇടതുപക്ഷം പൊതുവെയും പിണറായി വിജയനും മണിക് സര്‍ക്കാരും പ്രത്യേകിച്ചും മാറി. ഏതാനും മാസംമുമ്പ് ഹിന്ദു വലതുപക്ഷ ബുദ്ധിജീവികളുമായി ചര്‍ച്ച നടത്താന്‍ അവസരം ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തോടുള്ള അവരുടെ രോഷം നേരിട്ട് അനുഭവിക്കാനായി. 'രാജ്യത്തെ മഹത്തരമാക്കാന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ അനുവദിക്കാത്തത്' എന്നായിരുന്നു ചോദ്യം. ഡോണള്‍ഡ് ട്രംപിന്റെ ഭാഷയായിരുന്നു അവര്‍ക്ക്. തെരഞ്ഞെടുപ്പുരംഗത്തുള്ള ദുര്‍ബലത തുടരുന്നുവെങ്കിലും ഇടതുപക്ഷം കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. ഹിന്ദു വലതുപക്ഷത്തെ അവരുടെ അജന്‍ഡയുമായി മുന്നോട്ടുപോകാന്‍ അവര്‍ അനുവദിച്ചതുമില്ല.

രാജസ്ഥാനിലെ കര്‍ഷകസമരവും ഒരു കോളേജില്‍നിന്ന് മറ്റ് കോളേജിലേക്ക് പടരുന്ന വിദ്യാര്‍ഥിപ്രതിഷേധവും ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഊര്‍ജസ്വലതയും പ്രതിബദ്ധതയുമാണ് തെളിയിക്കുന്നത്. അസഹിഷ്ണുതയെ സഹിക്കാനാകില്ലെന്ന ധീരമായ സന്ദേശമാണ് ഇടതുപക്ഷം നല്‍കിയത്. ഹിന്ദു വലതുപക്ഷ ബുദ്ധിജീവികള്‍ ചൂണ്ടിക്കാട്ടിയ വസ്തുതയും ഇതുതന്നെയാണ്.  ഇടതുപക്ഷദാര്‍ഢ്യമുള്ള കര്‍ഷകരെയും വിദ്യാര്‍ഥികളെയും ഭയപ്പെടുത്തി കീഴ്പെടുത്താനാകില്ലെന്നും അവര്‍ പറഞ്ഞു.
 കേരളത്തിലെ സോഷ്യലിസ്റ്റ് ജനാധിപത്യ ഇടതുപക്ഷസംസ്കാരമാണ് ഹിന്ദു വലതുപക്ഷത്തിന് വിഷമം പിടിച്ച മണ്ണായി കേരളത്തെ മാറ്റിയത്. അവരുടെ ഒരാഹ്വാനവും വിലപ്പോകുന്നില്ല. ജനങ്ങള്‍ സാക്ഷരരായതിനാല്‍ മതപരമായ വിഭജനാഹ്വാനത്തേക്കാള്‍ സാമൂഹ്യപുരോഗതിക്കാണ് പ്രാധാന്യം ലഭിക്കുന്നത്.  ഹിന്ദു വലതുപക്ഷത്തെ തുറന്നെതിര്‍ക്കാന്‍ പിണറായി വിജയന് ആത്മവിശ്വാസം നല്‍കുന്ന ഘടകവും അതുതന്നെ. സംസ്ഥാന അധികാരത്തേക്കാള്‍ കേരളീയ സമൂഹമാണ് അദ്ദേഹത്തിനുപിന്നിലുള്ളത്. 

2014ല്‍ ഹിന്ദു വലതുപക്ഷത്തിനുണ്ടായ തെരഞ്ഞെടുപ്പുവിജയത്തിന്റെ ശില്‍പ്പിയായ അമിത് ഷായെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കുഴപ്പങ്ങളുണ്ടാക്കാനായി ഹിന്ദു വലതുപക്ഷനേതൃത്വം കേരളത്തിലേക്ക് അയച്ചിരിക്കുകയാണിപ്പോള്‍. ഹിന്ദു വലതുപക്ഷത്തിനെതിരെയുള്ള മാര്‍ക്സിസ്റ്റ്- ജിഹാദിസ്റ്റ് ആക്രമണത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനെന്ന് പറഞ്ഞാണ് ഒക്ടോബര്‍ ആദ്യം ഇവര്‍ ജനരക്ഷായാത്രയ്ക്ക് തുടക്കമിട്ടത്.  സ്വന്തം അനുയായികള്‍ നൂറുകണക്കിനാളുകളെ കൊന്നുതള്ളിയപ്പോള്‍ ഹിന്ദു വലതുപക്ഷം ഇത്തരമൊരു മാര്‍ച്ചും നയിക്കുകയുണ്ടായില്ല. അവരുടെ കണ്ണുകള്‍ കേരളത്തിലേക്കാണ്. കമ്യൂണിസ്റ്റുകാരിലേക്കാണ്.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍നിന്ന് ഒക്ടോബര്‍ മൂന്നിനാണ് ജാഥ ആരംഭിച്ചത്. ഇടതുപക്ഷ ആക്രമണത്തിലേക്ക് വിരല്‍ചൂണ്ടാനെന്നപേരില്‍ എത്തിയ ഹിന്ദു വലതുപക്ഷ പ്രവര്‍ത്തകര്‍ ഇടതുപക്ഷ പ്രവര്‍ത്തകരുടെ വീട് ആക്രമിക്കുകയും കാറുകള്‍ കത്തിക്കുകയും എടിഎം മെഷീനുകളും ടെലിഫോണ്‍ എക്സ്ചേഞ്ചുകളും തകര്‍ക്കുകയും ചെയ്തു.  ഒഡിഷയിലേതുപോലെ നിരവധി ചെങ്കൊടികളും നശിപ്പിച്ചു. 

എന്നാല്‍, ഹിന്ദു വലതുപക്ഷ ആക്രമണങ്ങളില്‍നിന്ന് കേരളത്തെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം ജനങ്ങളെ സംഘടിപ്പിച്ചു.  സംസ്ഥാനത്തും രാജ്യത്താകമാനവും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തിനുമുന്നില്‍ ഒത്തുകൂടിയ ഇടതുപക്ഷം ഹിന്ദു വലതുപക്ഷത്തിന് വ്യക്തമായ സന്ദേശം നല്‍കി. 'എവിടെയൊക്കെ ആര്‍എസ്എസ് ഉണ്ടോ അവിടെയൊക്കെ അവര്‍ ആക്രമണവും ഭിന്നിപ്പും സൃഷ്ടിക്കും'- ബൃന്ദ കാരാട്ട് പറഞ്ഞു. ആര്‍എസ്എസിന്റെ വിഷലിപ്തമായ അജന്‍ഡയെ തങ്ങള്‍ തടയുന്നതിനാലാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

(അമേരിക്കയിലെ കണക്ടികട്ട് ട്രിനിറ്റി കോളേജ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ പ്രൊഫസറാണ് ലേഖകന്‍)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top