26 January Sunday

ഒരു ഭാഷയിൽനിന്ന് ഒരു നേതാവിലേക്കുള്ള ദൂരം!

ജോൺ ബ്രിട്ടാസ്Updated: Tuesday Sep 17, 2019


രാഷ്ട്രീയ ഗ്രഹണകാലമാണെങ്കിലും വന്ദ്യവയോധികനായ മുലായംസിങ്‌ യാദവ് ഇന്നും മറക്കാത്ത ഒരു കത്തുണ്ട്. നമ്മുടെ സ്വന്തം ഇ കെ നായനാർ മലയാളത്തിൽ അയച്ചു കൊടുത്ത കത്താണത്. 90കളിൽ ഇരുവരും യഥാക്രമം ഉത്തർപ്രദേശിലെയും കേരളത്തിലെയും മുഖ്യമന്ത്രിമാരായിരുന്നു. ഹിന്ദിയോട് അമിത കൂറുണ്ടായിരുന്ന മുലായം ഇ കെ നായനാർക്ക് അയച്ച കത്തിന്റെ ഭാഷ ഹിന്ദിയിലാക്കി. ഇ കെ നായനാർ അതേ നാണയത്തിൽ മുലായംസിങ്ങിന്‌ തിരിച്ചുകൊടുക്കുകയും ചെയ്‌തു – മലയാളത്തിൽ ഭംഗിയായ ഒരു മറുപടി. ഹിന്ദിയെ ദേശീയ ഭാഷയാക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഇറങ്ങിപ്പുറപ്പെടുമ്പോൾ നായനാരുടെ കത്ത്‌ പോലുള്ള ഒട്ടേറെ മുഹൂർത്തങ്ങൾ ശരാശരി മലയാളി അയവിറക്കുന്നുണ്ടാകും. ഇന്ത്യയെ ഹിന്ദി എന്ന ഭാഷയുടെ ചരടിൽ കോർത്തിണക്കി ഒരുമയുടെയും ഐക്യത്തിന്റെയും പുതിയ പന്ഥാവ് വെട്ടിത്തെളിക്കുകയാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും യഥാർഥ ലക്ഷ്യങ്ങൾ മറ്റു പലതാണ്.

ഹിന്ദിയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭരണഘടന നിർമാണസഭയിൽത്തന്നെ മൂർച്ചയേറിയ വാദമുഖങ്ങൾതമ്മിൽ ഏറ്റുമുട്ടിയിരുന്നു. അതിലേക്ക് കടക്കുംമുമ്പ്‌ ഉത്തരേന്ത്യയിൽ ദീർഘകാലം ജീവിച്ച ഈ ലേഖകന്റെ മനസ്സിൽ പതിഞ്ഞുകിടക്കുന്ന ഒന്നുരണ്ട് ഓർമകൾകൂടി പങ്കുവയ്‌ക്കട്ടെ. 80കളുടെ അന്ത്യത്തിലാണ്‌ ഡൽഹിയിൽ എത്തിയത്. മലയാളിയെ ഉത്തരേന്ത്യക്കാർ പൊതുവേ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ചിരുന്ന സംജ്ഞയായ ‘മദ്രാസി’ കേട്ട് ആദ്യമൊക്കെ അന്ധാളിച്ചിരുന്നു. പലപ്പോഴും ‘മദ്രാസി’ക്കുമുമ്പ് സാലേ എന്ന പദവും ധാരാളം കേട്ടിട്ടുണ്ട്. അക്കാലത്ത് സിനിമയ്‌ക്ക്‌ പുറമെ ഉള്ള പ്രധാന വിനോദം ദൂരദർശനിൽ വരുന്ന സ്റ്റീരിയോ ടൈപ്പ് സീരിയലുകൾ ആയിരുന്നു. അതിൽ മുടങ്ങാതെ ഉണ്ടായിരുന്ന കോമാളി കഥാപാത്രം പ്രത്യേക രീതിയിൽ ഹിന്ദി സംസാരിക്കുന്ന മലയാളിയോ തമിഴനോ ആയിരുന്നു. മിക്കവാറും സീരിയലുകളിൽ ഈ കോമാളി വീട്ടിലെ കുശിനിക്കാരനായിരിക്കും. ദക്ഷിണേന്ത്യക്കാരെ സ്റ്റീരിയോ ടൈപ്പ് ചെയ്യാൻ നമ്മുടെ ദേശീയ ബ്രോഡ്കാസ്റ്റർ കിണഞ്ഞു പരിശ്രമിച്ചിരുന്ന കാലമാണ്. ആ കാലമൊക്കെ പോയ്‌മറഞ്ഞു എന്ന് ഇന്ന് ഡൽഹിയിൽ പോകുന്നവർക്ക് അറിയാം. എങ്കിലും ചെറുതല്ലാത്ത സുരക്ഷിതത്വക്കുറവും മതന്യൂനപക്ഷങ്ങൾക്ക് പുറമെ ഭാഷാന്യൂനപക്ഷങ്ങളും ഇന്നും നേരിടുന്നുണ്ട്.

ധ്രുവീകരണ രാഷ്ട്രീയം
ഹിന്ദി മതി ഇന്ത്യക്ക്‌ എന്ന് അമിത് ഷാ പറയുമ്പോൾ അദ്ദേഹം മനസ്സിൽ ഒരു മുദ്രാവാക്യത്തിന് അലകും പിടിയും നൽകുകയാണ്. ചരിത്രത്തിലേക്ക് ഊളിയിടുമ്പോൾ ജർമനിയിലൊക്കെ പരീക്ഷിക്കപ്പെട്ട ഒരു തന്ത്രം. ഒരു രാജ്യം, ഒരു ജനത, ഒരു മതം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് അമിത് ഷാ ലക്ഷ്യംവയ്‌ക്കുന്ന ഭാരതം. അന്താരാഷ്ട്ര വിനോദ വിജ്ഞാന ഇന്റർനെറ്റ് ചാനലായ നെറ്റ്ഫ്ളിക്‌സിൽ ‘ലൈലാ’ എന്ന പേരിലുള്ള ഒരു വെബ് സീരിസുണ്ട്. 2049ലെ ഇന്ത്യയെക്കുറിച്ചുള്ള കഥയാണ് ഇത്. നാസി ജർമനിയിൽ സംഭവിച്ചതുപോലെ ശുദ്ധരക്തക്കാരുടെ ആര്യാവർത്ത എന്ന രാജ്യത്തെക്കുറിച്ചാണ് ഈ പരമ്പര. എങ്ങനെയാണ് ഭൂരിപക്ഷ ആധിപത്യത്തിന്റെ ഇരുണ്ട ഹസ്‌തങ്ങൾ ഒരു രാജ്യത്തെ കീറിമുറിക്കുന്നതെന്ന് ഈ പരമ്പര കോറിയിടുന്നുണ്ട്.

ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ -സാമ്പത്തിക മേഖലകളിൽ ദൃശ്യമായിരിക്കുന്ന ഗുരുതരമായ പ്രതിസന്ധികൾക്കുള്ള പ്രതിവിധി ഹിന്ദി ഭാഷയാണെന്ന് കടുത്ത അമിത് ഷാ ഭക്തൻ പോലും സമർഥിക്കാൻ ഇടയില്ല. പിന്നെയെന്തിന് ഒരിക്കൽക്കൂടി ഒരു ഭാഷാവിവാദം എന്ന് നിഷ്‌കളങ്കർ ചോദിച്ചേക്കാം. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അനുസ്യൂതമായ പ്രവാഹമാണ് ഇതിലൂടെ കാണേണ്ടത്. എന്നാൽ, ഭരണഘടനയെയും ചരിത്രത്തെയും വർത്തമാനകാല യാഥാർഥ്യത്തെയും വിളക്കിച്ചേർത്തു കൊണ്ട് മാത്രമേ യുക്തിയുടെ ദീപങ്ങൾ ജ്വലിപ്പിക്കാൻ കഴിയുകയുള്ളൂ.

ഇന്ത്യയുടെ ശിൽപ്പികളെല്ലാം അണിനിരന്നിരുന്ന ഭരണഘടന നിർമാണസഭയിൽ പ്രധാനപ്പെട്ട തർക്കവിഷയങ്ങളിൽ ഒന്നായി ഹിന്ദിയും സ്ഥാനംപിടിച്ചിരുന്നു. എന്നാൽ, ആരോഗ്യപരമായ സംവാദങ്ങൾക്കും ആശയവിനിമയങ്ങൾക്കുംശേഷം മുൻഷി- ‐ അയ്യങ്കാർ ഫോർമുല എന്ന പേരിൽ ഇക്കാര്യത്തിൽ ന്യായമായ ഒത്തുതീർപ്പ് സാധ്യമാകുകയും ചെയ്‌തു. ഭരണഘടനയുടെ 17–-ാമത്‌ ഭാഗം ഇതുസംബന്ധിച്ച് വിശദമായി പറയുന്നുണ്ട്. ഇംഗ്ലീഷിനൊപ്പം ഹിന്ദിയും ഔദ്യോഗികവിനിമയത്തിനുള്ള ഭാഷയായി അംഗീകരിച്ചെങ്കിലും മറ്റ് 22 പ്രാദേശിക ഭാഷകൾക്കും ഭരണഘടന അംഗീകാരം നൽകി. ഒരു ഭാഷയും ഒറ്റയ്‌ക്ക്‌ ഇന്ത്യയുടെ ദേശീയഭാഷ ആകുന്നില്ല, എല്ലാ ഭാഷയും ഒരർഥത്തിൽ ഇന്ത്യ എന്ന ദേശത്തിന്റെ ഭാഷയാണ് എന്നതായിരുന്നു ഭരണഘടനയുടെ യഥാർഥ സത്ത.

വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി
ഭാഷയ്‌ക്ക്‌ മേലുള്ള ആശയക്കുഴപ്പം ദൂരീകരിക്കാൻ നാല് തലങ്ങളിലായി വിശദമായ പ്രതിപാദനങ്ങൾ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചു. യൂണിയന്റെ ഭാഷ, പ്രാദേശികഭാഷകൾ, കോടതിയുടെ ഭാഷ, പ്രത്യേക നിർദേശങ്ങൾ (ഭാഷാ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന്) എന്നിങ്ങനെയുള്ള തലക്കെട്ടുകളിലാണ് ഇവ. 60കളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമം ഉണ്ടായപ്പോൾ  കടുത്ത ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളാണ് ദക്ഷിണേന്ത്യയിൽ പലയിടത്തും ഉയർന്നത്. നാനാത്വത്തിൽ ഏകത്വം എന്ന അടിത്തറയിൽ രൂപംകൊണ്ട ഇന്ത്യയെ ദുർബലപ്പെടുത്താൻ മാത്രമേ ഹിന്ദി ഭാഷാഭ്രാന്ത് ഉപകരിക്കുകയുള്ളൂ എന്ന തിരിച്ചറിവിൽ പാർലമെന്റ്‌ തന്നെ നിയമഭേദഗതികളിലൂടെ അത്തരം നീക്കത്തിൽനിന്ന് പിൻവാങ്ങുകയാണ് ചെയ്‌തത്. തുടർന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും ഒരുപോലെ ആശയവിനിമയം എന്ന തത്വമാണ് കേന്ദ്രസർക്കാർ പാലിച്ചിരുന്നത്. ബിജെപി എപ്പോഴൊക്കെ അധികാരത്തിൽ വരുന്നുവോ അപ്പോഴൊക്കെ ഹിന്ദിയെ മുന്നോട്ട് തള്ളുന്ന പ്രവണത കാണുന്നു. ഹിന്ദി അറിയാത്ത നല്ലൊരു ഭാഗം ജനപ്രതിനിധികൾ ഉണ്ടെന്ന കാരണത്താൽ കേന്ദ്രമന്ത്രിമാരും സഭാ അധ്യക്ഷരും പണ്ടൊക്കെ ഇംഗ്ലീഷിലായിരുന്നു പാർലമെന്റിൽ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്‌തിരുന്നത്. ഇന്ന് ഹിന്ദി പൊതുതത്വവും ഇംഗ്ലീഷ് അപവാദവുമായി മാറി. ഭാഷാവിവാദം കൊടുമ്പിരിക്കൊണ്ട വേളയിൽ ജവാഹർലാൽ നെഹ്റു പാർലമെന്റിൽ നടത്തിയ പരാമർശം ഇന്നും ശ്രദ്ധേയമാണ്. “ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് ഹിന്ദിയുടെ വികാസത്തിനുള്ള പ്രധാന തടസ്സം” – നെഹ്റുവിനെ ചതുർഥിയായി കാണുന്ന അമിത് ഷാ ഈ ഉദ്ധരണിക്ക് പിന്നാലെ പോകാൻ ഇടയില്ല.

 

കഴിഞ്ഞ സെൻസസിലെ കണക്കുകൾ വച്ചുകൊണ്ട് ഓരോ ഭാഷയുടെയും മികവും മിഴിവും അളക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 44 ശതമാനം പേർ ഹിന്ദി സംസാരിക്കുന്നു എന്നാണ് പറയുന്നത്. എന്നാൽ, ഹിന്ദിയുടെ അവാന്തര വിഭാഗങ്ങളെ മാറ്റിനിർത്തിയാൽ ഈ സംഖ്യ 25 ശതമാനത്തിലും താഴെയാണ്. ഭാഷയ്‌ക്ക്‌ രാഷ്ട്രീയമാനം നൽകാൻ എക്കാലത്തും ആർഎസ്എസ് ശ്രമിച്ചിരുന്നു. ഉർദു എന്ന ഭാഷ വലിയൊരു ഭൂമികയിലെ സാംസ്‌കാരിക ധാരയായിരുന്നു. എന്തിനേറെ, ആദ്യകാലങ്ങളിൽ ബോളിവുഡ് അടക്കിവാണിരുന്നത് ഉർദു ആയിരുന്നു. എത്രയോ കനപ്പെട്ട ഗ്രന്ഥങ്ങൾ ഉർദുവിൽ രചിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് ഉർദു എന്നാൽ മുസ്ലീമിന്റെ ഭാഷയാക്കി ചുരുക്കിക്കൊണ്ട് വന്നത് ആർഎസ്എസിന്റെ കാര്യപരിപാടിയുടെ ഭാഗമായിട്ടാണ്.

വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. സമ്പുഷ്ടമായ ഭാഷകളും സംസ്‌കാരങ്ങളുമാണ് ഇന്ത്യയെ ഔന്നത്യത്തിൽ എത്തിക്കുന്നത്. ഭാഷാസംസ്ഥാനങ്ങളാണ് പൊതുവേ ഉള്ളതെങ്കിലും ഒരു സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിൽ ത്തന്നെ എത്രയോ ഭാഷകളാണ് സംസാരിക്കുന്നത്. ഗംഗാതടത്തിൽ ഹിന്ദിക്കൊപ്പം ഔധി, ബ്രിജ്, ഭോജ്പുരി, മൈഥിലി, മഘൈ, മേവാരി, മാർവാരി തുടങ്ങിയവ വ്യാപകമായി സംസാരിക്കപ്പെടുന്നു. ജാർഖണ്ഡ് എന്ന സംസ്ഥാനത്ത് ഹിന്ദി ഉൾപ്പെടെ 15 ഔദ്യോഗികഭാഷകളാണ് ഉള്ളത്! ഇന്ത്യയുടെ ഈ യാഥാർഥ്യത്തെയാണ്‌  ഏകധാര വാദത്തിലേക്ക് ഒഴുക്കിക്കളയാൻ  അമിത് ഷാ ശ്രമിക്കുന്നത്.


പ്രധാന വാർത്തകൾ
 Top