29 May Friday

കേന്ദ്ര ബജറ്റ്: തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും രൂക്ഷമാക്കും

ഡോ. എസ്‌ മോഹനകുമാർUpdated: Wednesday Jul 17, 2019


ജൂലൈ അഞ്ചിന് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് അർധസത്യങ്ങളും പൊള്ളയായ വാഗ്ദാനങ്ങളുംകൊണ്ട് നിറഞ്ഞതാണ‌്. സാമ്പത്തിക വളർച്ച നിരക്ക് വർധിപ്പിക്കുന്നതിലൂടെ ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് നവലിബറൽ സാമ്പത്തികനയം അവകാശപ്പെടുന്നത്. ഇതുതന്നെയാണ്‌ ബജറ്റിന്റെയും തത്വശാസ്ത്രം. എന്നാൽ, ഇന്ത്യയിൽ സാമ്പത്തിക വളർച്ചയോടൊപ്പം തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിക്കുകയാണ‌്. 2024-ൽ ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളർ ദേശീയ വരുമാനമുള്ള സാമ്പത്തികശക്തിയാക്കി മാറ്റുമെന്നും അങ്ങനെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്നുമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ബിജെപി സർക്കാർ നൽകിയ അനേകം വാഗ്ദാനങ്ങൾപോലെ ഇതും നടക്കാൻ സാധ്യതയില്ലാത്ത ഒന്നാണെന്നതാണ‌് വസ്തുത.

ബിരുദധാരികൾ തൂപ്പുജോലിക്ക‌്
ഇന്ത്യയിലെ തൊഴിലില്ലാപ്പടയുടെ പുതിയ കണക്ക് നാഷണൽ സാമ്പിൾ സർവേ ഓഫീസ് (എൻഎസ്എസ്ഒ) പ്രസിദ്ധീകരിച്ചു. പാർലമെന്റ‌് തെരഞ്ഞടുപ്പിനുമുമ്പ് ഈ റിപ്പോർട്ട് പുറത്തുവിടാതെ കേന്ദ്ര സർക്കാർ തടഞ്ഞത് വലിയ വിവാദത്തിനിടയാക്കി. റിപ്പോർട്ട് തടഞ്ഞതിനു കാരണം ഇപ്പോഴത്തെ തൊഴിലില്ലായ്‌മ 45 വർഷത്തിനുള്ളിലെ ഏറ്റവും കൂടിയ നിരക്കായ 6.1 ശതമാനത്തി-ൽ എത്തിനിൽക്കുന്നുവെന്നതിനാലാണ്. 15-നും 27-നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മയാണ് ഏറ്റവും കൂടുതൽ വർധിച്ചത്. തൊഴിൽ ചെയ്യുന്നവരിൽതന്നെ 80 ശതമാനംപേരും നാമമാത്രമായ കൂലിക്ക് അസംഘടിതമേഖലയിൽ ഒരുവിധ തൊഴിൽ സുരക്ഷയുമില്ലാതെ ജോലി ചെയ്യുന്നവരാണെന്നും കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. തൊഴിലില്ലായ്മ റിപ്പോർട്ട്‌ പുറത്തുവന്നതിന്റെ പിറ്റേദിവസം ദി ടെലഗ്രാഫ് പത്രം റിപ്പോർട്ടുചെയ്തത‌് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് എൻജിനിയറിങ‌്, എംബിഎ ബിരുദധാരികൾ സർക്കാരിന്റെ തൂപ്പു ജോലിക്കായി അപേക്ഷിക്കുന്നുവെന്നാണ്. തൊഴിലില്ലായ്മ കുത്തനെ വർധിച്ചതിനു കാരണം സാമ്പത്തികമുരടിപ്പാണ‌്. ദീർഘകാലമായി കാർഷികമേഖലയെ അവഗണിച്ചതും നോട്ട് നിരോധനത്തിൽനിന്നു മുക്തിനേടാനാകാത്തതും തലതിരിഞ്ഞ ജിഎസ്ടിയും സാമ്പത്തികമേഖലയെ മുരടിപ്പിച്ചു. ഗ്രാമീണമേഖലയിൽ കൃഷിയും അനുബന്ധ തൊഴിലവസരങ്ങളും ഇല്ലാതായപ്പോൾ വ്യവസായമേഖലയുടെ മുരടിപ്പിന്റെ ഫലമായി നഗരപ്രദേശത്തും തൊഴിലില്ലായ്മ്മ രൂക്ഷമായി. എന്നാൽ, സാമ്പത്തികമുരടിപ്പിനെ മറികടക്കാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ ഒരു പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലെന്നു മാത്രമല്ല തൊഴിൽ എന്ന വാക്കുപോലും ബജറ്റിൽ ഇല്ല.

ദേശീയവരുമാനത്തിന്റെ 16 ശതമാനം സംഭാവന ചെയ്യുന്ന കൃഷിക്കും അനുബന്ധമേഖലകൾക്കുമായി മാറ്റിവച്ചിരിക്കുന്നത് ബജറ്റിന്റെ അഞ്ചു ശതമാനം മാത്രമാണ്. ഇതിൽതന്നെ ഭൂരിഭാഗം തുകയും കർഷകർക്ക് 6000 രൂപ വച്ചു നൽകാനായി വകമാറ്റിയിരിക്കുന്നു.

ഇന്ത്യയിൽ ഇപ്പോഴും ഏകദേശം പകുതിയോളം ജനങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്നത് കാർഷികമേഖലയെയാണ്. മോഡിഭരണത്തിൽ തകർന്നടിഞ്ഞതും കൃഷിയെ ആശ്രയിക്കുന്നവരുടെ ഉപജീവനമാർഗമായിരുന്നു. ഈ ബജറ്റിൽ അനുകൂലമായ എന്തെങ്കിലും ഉണ്ടാകുമെന്ന് കർഷകർ പ്രതീക്ഷിച്ചു. എന്നാൽ, അതെല്ലാം അസ്ഥാനത്തായി. ദേശീയവരുമാനത്തിന്റെ 16 ശതമാനം സംഭാവന ചെയ്യുന്ന കൃഷിക്കും അനുബന്ധമേഖലകൾക്കുമായി മാറ്റിവച്ചിരിക്കുന്നത് ബജറ്റിന്റെ അഞ്ചു ശതമാനം മാത്രമാണ്. ഇതിൽതന്നെ ഭൂരിഭാഗം തുകയും കർഷകർക്ക് 6000 രൂപ വച്ചു നൽകാനായി വകമാറ്റിയിരിക്കുന്നു. റബർ ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതി, ജലസേചന സൗകര്യം ഉൾപ്പെടെയുള്ള കാർഷികമേഖലയുടെ വികസനത്തിന്‌ ആവശ്യമായ സർക്കാർ നിക്ഷേപത്തിന്റെ വെട്ടിക്കുറയ‌്ക്കൽ, ഉൽപ്പാദനക്ഷമത കൂട്ടുന്നതിനായി ഗവേഷണത്തിനും പ്രചാരണത്തിനുംവേണ്ടിയുള്ള മൂലധന നിക്ഷേപത്തെ അവഗണിച്ചത്, കാർഷികോൽപ്പന്ന കമ്പോളത്തിൽനിന്നുള്ള സർക്കാരിന്റെ പിന്മാറ്റം എന്നിവയാണ് കാർഷികമേഖലയുടെ പ്രതിസന്ധി രൂക്ഷമാക്കിയത്. നിതി ആയോഗിന്റെ പഠനം വെളിവാക്കുന്നത് അമിത ചൂഷണം കാരണം 256 ജില്ലയിൽ ഭൂഗർഭ ജലം ഇപ്പോൾതന്നെ വറ്റിവരണ്ടിരിക്കുന്നുവെന്നാണ‌്. ഇവിടങ്ങളിൽ കൃഷി സാധ്യമാകണമെങ്കിൽ കാര്യമായ സർക്കാർ ഇടപെടലും മൂലധന നിക്ഷേപവും അനിവാര്യമാണ്. എന്നാൽ, ഇതിനൊന്നിനുംതന്നെ ബജറ്റിൽ ആവശ്യമായ തുക വകയിരുത്തിയിട്ടില്ല. എന്നുമാത്രമല്ല, കാർഷിക ഗവേഷണത്തിനും വികസനത്തിനുമായി മാറ്റിവച്ചിരിക്കുന്നത് വെറും 8000 കോടി രൂപയാണ്. കർഷകരെയും തൊഴിലാളികളെയും കൃഷിയിൽനിന്നു പൂർണമായി ഒഴിവാക്കി കാർഷികരംഗം വമ്പൻ കുത്തകകളെ ഏൽപ്പിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ഒന്നാം മോഡിസർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് 2022-ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നതായിരുന്നു. എന്നാൽ, 2019-ലെ ബജറ്റിൽ അതിനെക്കുറിച്ച് ഒരു പരാമർശവുമില്ല. കാർഷികവരുമാനം വർധിപ്പിക്കാൻ കഴിയില്ലയെന്നുറപ്പായപ്പോൾ ഒരു കർഷക കുടുംബത്തിന് വർഷത്തിൽ 6000 രൂപ കൊടുത്ത് സമാധാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ 6000 രൂപ ബിജെപി സർക്കാരിന്റെ ഔദാര്യമാണെന്നാണല്ലോ പ്രചരിപ്പിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ കേരളത്തിലെ റബർ കർഷകരുടെ കാര്യംമാത്രം എടുത്താൽ മതി. 2012-ൽ ഒരു കിലോ റബറിന് 230 രൂപ വിലയുണ്ടായിരുന്നു. അന്ന് ഒരു ഹെക്ടർ റബർ കൃഷിയിൽനിന്ന‌ു കർഷകനു കിട്ടിയ വരുമാനം നാലു ലക്ഷം രൂപ. എന്നാൽ, ഇപ്പോൾ ഒരു ഹെക്ടർ റബറിൽനിന്നു കിട്ടുന്ന വാർഷിക മൊത്തവരുമാനം (കൃഷിച്ചെലവ് ഉൾപ്പെടെ) രണ്ടു ലക്ഷത്തിനും താഴെയാണ്. അമിതമായ റബർ ഇറക്കുമതിമൂലം ഉണ്ടായ വിലയിടിവിന്റെ ഫലമായി കർഷകന് നഷ്ടമായ രണ്ടേകാൽലക്ഷം രൂപയുടെ സ്ഥാനത്താണ് മോഡി സർക്കാർ 6000 രൂപ കൊടുക്കുന്നത്. റബർ കർഷകന്റെ നഷ്ടം ആരുടെ ലാഭമായി മാറിയെന്ന‌് പറയേണ്ടതില്ലല്ലോ. റബറിന്റെ വിലയിടിച്ച് കുത്തകവ്യവസായികൾക്ക് അമിതലാഭം ഉണ്ടാക്കിക്കൊടുത്തതിനു പുറമെ വ്യവസായികളുടെ ലാഭത്തിനുമേൽ ചുമത്തിയിരുന്ന നികുതിയിൽ വമ്പൻ ഇളവും ഇപ്പോഴത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ബജറ്റ് ലക്ഷ്യമിടുന്നത് ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർത്ത് വികേന്ദ്രീകരണം ഇല്ലാതാക്കാനാണ്. കേന്ദ്ര സർക്കാർ വരുമാനം വർധിപ്പിക്കുന്നതിനായി അവലംബിച്ച മാർഗങ്ങൾ ആദായനികുതിക്കുമേലുള്ള സർചാർജും പെട്രോൾ, ഡീസൽ എന്നിവയ്ക്കുമേലുള്ള സെസും കൂട്ടിക്കൊണ്ടാണ്

 

വർധിക്കുന്ന ഗ്രാമീണദാരിദ്ര്യം
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നതിനു കാരണം ജനങ്ങളുടെ വാങ്ങൽശേഷി നഷ്ടപ്പട്ടതുകൊണ്ടാണെന്നു പറയുന്നത് മറ്റാരുമല്ല, റിസർവ‌് ബാങ്കാണ്. മോഡി ഭരണത്തിൻ കീഴിൽ ദാരിദ്ര്യവൽക്കരണം ഗ്രാമീണമേഖലയെയാണ് കൂടുതലും ബാധിച്ചതെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. വ്യാവസായിക വളർച്ച നിരക്ക് ഒമ്പതു ശതമാനത്തിൽനിന്നും മൂന്ന‌ു ശതമാനമായും കാർഷികമേഖലയുടെ വളർച്ച നെഗറ്റീവ് ആകുകയും ചെയ്തു. ഈ രണ്ടു മേഖലയിലുമാണ് ഭൂരിഭാഗം തൊഴിലാളികളും ജോലി ചെയ്യുന്നത്‌. കാർഷികമേഖലയുടെ വളർച്ച നെഗറ്റീവ് ആണെന്നു പറഞ്ഞാൽ അർഥം ഭക്ഷ്യധാന്യ ഉൽപ്പാദനം കുറഞ്ഞുവെന്നാണ്. ഒരുഭാഗത്ത്‌ ജനസംഖ്യ വർധിക്കുകയും മറുഭാഗത്ത്‌  ഭക്ഷ്യ ഉല്പാദനം കുറയുകയും ചെയ്യുന്നത് ഭക്ഷ്യക്ഷാമത്തിനിടയാക്കും. ഇത്തരത്തിലുള്ള സ്ഥിതിയുണ്ടാകുമ്പോൾ തൊഴിൽദാന പദ്ധതികൾ ശക്തിപ്പെടുത്തി ജനങ്ങളുടെ പട്ടിണി അകറ്റുകയാണ് ജനാധിപത്യ സർക്കാരുകൾ ചെയ്യാറുള്ളത്. എന്നാൽ, തൊഴിലുറപ്പുപദ്ധതിക്ക് കഴിഞ്ഞവർഷം ചെലവഴിച്ചതിനേക്കാൾ 1084 കോടി രൂപ കുറച്ചാണ് ബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളത്‌. ഒരു കുടുംബത്തിന് വർഷത്തിൽ 100 ദിവസത്തെ ജോലി ഉറപ്പാക്കിയ തൊഴിലുറപ്പിൽ കഴിഞ്ഞവർഷം നൽകിയത് വെറും 29 ദിവസംമാത്രം. ഈവർഷം തൊഴിലുറപ്പിൻകീഴിൽ കഴിഞ്ഞവർഷം നൽകിയ തൊഴിൽ ദിനങ്ങൾ പോലും കൊടുക്കാൻ കഴിയില്ലയെന്നതിൽ സംശയം വേണ്ടാ. കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട അഞ്ചു ഗ്രാമവികസനപദ്ധതികളുടെ തുക ഈവർഷം വെട്ടിക്കുറയ‌്ക്കുകയുണ്ടായി. വിദേശമൂലധനത്തെ ആകർഷിക്കുന്നതിനുവേണ്ടി ബജറ്റ് കമ്മി കുറച്ചുനിർത്തി സർക്കാരിന്റെ ചെലവ് വെട്ടിക്കുറയ‌്ക്കലാണ് ബജറ്റിന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ഇന്ത്യയുടെ സമ്പത്തികരംഗം എത്രമാത്രം താഴോട്ടുപോയി എന്നതിന്റെ തെളിവാണ് വിദേശകമ്പോളത്തിൽനിന്ന‌് ഡോളറായി തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കടംവാങ്ങാൻ തീരുമാനിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം‍ ആദ്യമായാണ് ഇത്തരത്തിലുള്ള കടംവാങ്ങലിന് ഇന്ത്യ മുതിരുന്നത്. ഇങ്ങനെയുള്ള കടംവാങ്ങലിന് ദൂരവ്യാപകമായ ദോഷങ്ങൾ ഉണ്ടാകുമെന്നും രൂപയുടെമേൽ റിസർവ്  ബാങ്കിനുള്ള നിയന്ത്രണമില്ലാതായി ചില ആഫ്രിക്കൻ രാജ്യങ്ങളുടെ അവസ്ഥയിലേക്ക് ഇന്ത്യയും എത്തിച്ചേരുമെന്നും സാമ്പത്തികവിദഗ്ധർ മാത്രമല്ല, റിസർവ് ബാങ്കിന്റെ മുൻഗവർണർമാർവരെ കേന്ദ്ര സർക്കാരിന് താക്കീതുനൽകിയിട്ടുണ്ട്.

ഇപ്പോഴത്തെ ബജറ്റ് ലക്ഷ്യമിടുന്നത് ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർത്ത് വികേന്ദ്രീകരണം ഇല്ലാതാക്കാനാണ്. കേന്ദ്ര സർക്കാർ വരുമാനം വർധിപ്പിക്കുന്നതിനായി അവലംബിച്ച മാർഗങ്ങൾ ആദായനികുതിക്കുമേലുള്ള സർചാർജും പെട്രോൾ, ഡീസൽ എന്നിവയ്ക്കുമേലുള്ള സെസും കൂട്ടിക്കൊണ്ടാണ്. ഇവ രണ്ടും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട നികുതിയിനത്തിൽപെട്ടവയല്ല. അങ്ങനെ ശക്തമായ കേന്ദ്രവും ദുർബലമായ സംസ്ഥാനങ്ങളുമെന്ന ബിജെപി നയം നടപ്പാക്കുകയാണ് ഈ ബജറ്റിലൂടെ. ബിജപി സർക്കാർ ഇപ്പോഴത്തെ ബജറ്റിന്റെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക നയങ്ങളാണ് തുടരുന്നതെങ്കിൽ കാർഷിക,-വ്യാവസായിക മേഖലകൾ ഒരുപോലെ തകർന്നടിഞ്ഞ് തൊഴിലില്ലാപ്പടയുടെയും പട്ടിണിക്കാരുടെയും രാജ്യമായി ഇന്ത്യ മാറും.


പ്രധാന വാർത്തകൾ
 Top