24 February Sunday

കളിക്കളത്തില്‍ ജനാധിപത്യം

എം എ ബേബിUpdated: Tuesday Jul 17, 2018

അത്യന്തം ഉദ്വേഗജനകമായ  കലാശപ്പോരാട്ടത്തോടെ റഷ്യൻ ഫുട്ബോൾ മഹോത്സവത്തിന് അവസാന വിസിൽ മുഴങ്ങി. ആദ്യവസാനം പൊരുതിക്കളിച്ച ക്രൊയേഷ്യയെ 4‐2ന് കീഴ്പ്പെടുത്തി ഫ്രാൻസ് രണ്ടാമതൊരിക്കൽക്കൂടി ലോകകപ്പിൽ മുത്തമിട്ടു. അതിന് മോഹിച്ച ലയണൽ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലെവൻഡോവ്സ്കിയും ഹാരികെയ്നും ഏദൻ ഹസാർഡും ടോണി ക്രൂസും എവിടെയിരുന്നാകും ലോകകപ്പ് ഫൈനൽ കണ്ടിട്ടുണ്ടാവുക? ഒരുകാര്യം ആരും സമ്മതിക്കും. ഫൈനലിൽ എത്തിയ രണ്ട് ടീമും നന്നായി കളിച്ചുജയിച്ചാണെത്തിയത്; ഭാഗ്യകടാക്ഷത്താലല്ല.
റഷ്യൻ ലോകകപ്പിന്റെ ഏറ്റവും സുവ്യക്തമായ സന്ദേശം കളിക്കളത്തിലെ ജനാധിപത്യസമൃദ്ധിയുടേതാണ്. പേരും പെരുമയും പാരമ്പര്യവുമല്ല; ഓരോ ദിനത്തിലും കളിക്കളത്തിൽ കേളീമികവ് പ്രകടിപ്പിക്കാൻ കെൽപ്പുണ്ടോ എന്നതാണ് ജയപരാജയങ്ങൾ നിർണയിക്കുന്നത്. മെക്സിക്കോയോടും കൊറിയയോടും ഗ്രൂപ്പുതലത്തിൽ തോറ്റുമടങ്ങിയ നിലവിലുള്ള ചാമ്പ്യൻ ജർമനി, അർജന്റീന, ബ്രസീൽ തുടങ്ങിയ ടീമുകളുടെയെല്ലാം ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. റഷ്യയിലെ ലോകകപ്പ് മത്സരവേദിയിലെ 32 ടീമുകളിലൊന്നാകാൻ നിലവിലെ കോപ്പാ അമേരിക്കാ ജേതാക്കളായ ചിലിക്കും യൂറോപ്യൻ വൻശക്തികളായ ഇറ്റലി, ഹോളണ്ട് എന്നിവയ്ക്കും സാധിച്ചില്ല എന്നതും ഇത്തരുണത്തിൽ ഓർക്കണം.

അപൂർവം കളികളൊഴികെ മറ്റെല്ലാം ആദ്യവസാനം ആവേശകരമായിരുന്നു. ഫൈനലിന്റെ നിഴലിൽ നടന്നതിനാൽ പലരും അവഗണിച്ച ലൂസേഴ്സ് ഫൈനൽ എത്ര സംഭവബഹുലമായിരുന്നു. ഗോളെന്നുറപ്പിച്ച വെള്ളിടിപോലൊരു ബൽജിയൻ ഷോട്ട് ഇംഗ്ലണ്ടിന്റെ ഗോളി പീക്ക്ഫർഡ്, ലെവ്യാഷിനെപ്പോലെ പറന്നുചെന്ന് തട്ടിയകറ്റിയത് അവിശ്വസനീയ രംഗമായിരുന്നു. മറുവശത്ത് ബൽജിയൻ ഗോളി തിബോ കുർട്ടോനെയും കടന്ന് വലകുലുക്കുമെന്ന് ഉറപ്പായ പന്ത് ഗോൾവരയിൽ മാന്ത്രികനെപ്പോലെ പ്രത്യക്ഷപ്പെട്ട് അടിച്ചകറ്റിയ ടോബി ആൾഡർ വേയ്റെൽഡിന്റെ പ്രതിരോധപാടവം അസാധാരണം.
പ്രാഥമിക റൗണ്ടിൽ ഇറാൻ, മൊറോക്കോ, പനാമ, സെനഗൽ, കൊളംബിയ, ജപ്പാൻ, കൊറിയ, ഐസ്ലൻഡ്, സെർബിയ, മെക്സിക്കോ, പെറു തുടങ്ങിയ ടീമുകൾ കാണികളുടെ മനംകവരുന്ന കളി കാഴ്ചവച്ചു. ഒരു ഗോളടിച്ചിട്ട് പ്രതിരോധതന്ത്രത്തിലേക്ക് കേന്ദ്രീകരിക്കുന്ന ശൈലി ഫ്രാൻസ് ബൽജിയത്തിനെതിരെ പ്രയോഗിച്ചു എന്ന ആക്ഷേപം ഉയരുകയുണ്ടായി. എന്തായാലും ബൽജിയത്തിനെതിരെ അഞ്ചുമിനിറ്റിനുള്ളിൽ രണ്ട് ഗോളടിച്ച ജപ്പാൻ തനി പ്രതിരോധതന്ത്രത്തിലേക്ക് പിൻവലിഞ്ഞിരുന്നെങ്കിൽ പ്രീക്വാർട്ടറിൽ ബൽജിയം തോറ്റുമടങ്ങിയേനെ. വീണ്ടും ആക്രമിച്ചുകളിച്ചുകൊണ്ടിരുന്ന ജപ്പാനെതിരെ സന്ദർഭോചിതമായി പ്രത്യാക്രമണങ്ങൾ നടത്തിയ ബൽജിയം അഞ്ചുമിനിറ്റിനുള്ളിൽത്തന്നെ രണ്ട് ഗോൾ മടക്കിയടിച്ചു.

മൂന്നാമത്തെ ഗോളടിച്ച് ബൽജിയം ലീഡ് നേടിയ രംഗം വലിയൊരു സന്മാർഗപാഠംകൂടി പകർന്നുനൽകി. ജപ്പാന്റെ ഗോൾമുഖത്തുണ്ടായിരുന്ന ലുക്കാക്കുവിനാണ് ബൽജിയം മുന്നേറ്റനിരക്കാരന്റെ ക്രോസ്് ലഭിച്ചത്. ലുക്കാക്കു അത് സ്വയം ഗോളാക്കി മാറ്റാൻ ശ്രമിക്കാതെ തന്റെ പിന്നിൽ നിൽക്കുന്ന സഹകളിക്കാരന് ലഭിക്കാനായി ഒഴിഞ്ഞുകൊടുക്കുകയാണ് ചെയ്തത്. അതയാൾ മനോഹര ഗോളാക്കുകയും ചെയ്തു. അതിനകം നാല് ഗോളുകളടിച്ച് സുവർണപാദുകം നേടാൻ കഴിയുന്ന താരമായി നിൽക്കുമ്പോൾ ഗോളടിയവസരം തന്റെ സഹകളിക്കാരന് വിട്ടുകൊടുക്കാൻ അസാധാരണമായ കേളീസംസ്കാരവും ധാർമികതയും പ്രലോഭനമുക്തനാകാനുള്ള ആർജവവും വേണം. ലുക്കാക്കു ഉത്സാഹിച്ച് ഗോളടിക്കേണ്ട ചില അവസരങ്ങൾ കളഞ്ഞുകുളിച്ചതിനെപ്പറ്റി വിമർശമുണ്ടെങ്കിലും, ഇവിടെ പ്രകടിപ്പിച്ച ത്യാഗസന്നദ്ധതയും ടീം സ്പിരിറ്റും എടുത്തുപറഞ്ഞ് അഭിനന്ദിക്കേണ്ടതാണെന്നതിൽ സംശയമില്ല. സമാനമായ സന്ദർഭങ്ങളിൽ നമ്മുടെ ജീവിതത്തിൽ ഇത്തരം ധാർമികതയും ത്യാഗവും പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ എത്രപേർക്ക് സാധിക്കുമെന്ന ചോദ്യം പ്രസക്തമാണ്.

ഇത്തരം മൂല്യങ്ങളില്ലാത്തതാണ് ജർമൻ ടീമിന്റെ ഒരു അയോഗ്യത. തങ്ങൾ ജയിച്ചുകഴിഞ്ഞു എന്ന ഭാവത്തിലാണ് ജർമനി കളത്തിലിറങ്ങുന്നത്. പലപ്പോഴും യാന്ത്രിക കൃത്യതയോടെ അവർ ഗോളടിക്കുകയും ചെയ്യും (ടോണി ക്രൂസിന്റെ കിടിലൻ ഫ്രീകിക്ക് ഗോൾ ഉദാഹരണം). എന്നാൽ, മെക്സിക്കോയും കൊറിയയും അവരെ സുന്ദരമായി കീഴ്പ്പെടുത്തിയില്ലേ?
ബ്രസീൽ, അർജന്റീന, കൊളംബിയ എന്നീ ടീമുകൾ കൂടുതൽ മുന്നോട്ട് ജയിച്ച് കയറേണ്ടതായിരുന്നു. ബ്രസീലിന് സ്വന്തമായൊരു കേളീശൈലിയുണ്ട്. അത് വശ്യമാണ്. എന്നാൽ, ആ ശൈലിയിൽ അതിരുകടന്ന ആത്മസായുജ്യമടയലാണ് അവരുടെ ശത്രു. അർജന്റീനയിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ജീർണത അവിടത്തെ ഫുട്ബോൾ ഫെഡറേഷനിലുമുണ്ട്. അത് ആ ടീമിൽ എത്രമാത്രം ദുഃസ്വാധീനം ചെലുത്തിയെന്നത് അന്വേഷിക്കേണ്ടതാണ്. ഒരു മഹാപ്രതിഭയ്ക്ക് ഏകപാദനായി  ലോക കപ്പെടുക്കാനാകില്ല എന്നും അവരറിയണം. അത് മെസ്സിയെപ്പോലൊരു മഹാമാന്ത്രികനായാലും (ഇത്തവണ ഫ്രാൻസിനെതിരെ അഗ്യൂറോ അവസാനം ഹെഡ് ചെയ്ത് നേടിയ ഗോളിന് തളികയിൽ വച്ചതുപോലെ നൽകിയ പാസും നൈജീരിയക്കെതിരെ നീട്ടിയടിച്ചുകിട്ടിയ പാസ് തുടയിൽ പിടിച്ച് നിയന്ത്രണവിധേയമാക്കി മൂന്ന് സ്പർശനങ്ങൾക്കുശേഷം ഗോൾവലയിലെത്തിച്ച ഇന്ദ്രജാലവും എങ്ങനെ മറക്കും?) മറഡോണയുടെ നേതൃത്വത്തിൽ 1986ൽ കപ്പെടുക്കുമ്പോൾ ബുറിഷേഗ, കനീജ തുടങ്ങി പ്രഗത്ഭരും ചെറുപ്പക്കാരും ഒപ്പമുണ്ടായിരുന്നു എന്ന കാര്യം കളി തത്സമയം കണ്ടവർ ഓർക്കുന്നു. എന്നാൽ, തന്റെ പംക്തിയിൽ മറഡോണതന്നെ അത് വീണ്ടും ഓർമിപ്പിക്കുകയുണ്ടായി. അർജന്റീനയെ തോൽപ്പിച്ച ഫ്രഞ്ച് ടീമിന്റെ ശരാശരി പ്രായം 26. അർജന്റീനയുടേത് 30! ഡൈബാലയെപ്പോലുള്ളവരെ കളത്തിലിറക്കി ഹിഗ്വയിനിനെ ബെഞ്ചിലിരുത്താൻ എന്തുകൊണ്ട് ശ്രമിച്ചില്ല എന്ന ചോദ്യവും കോച്ചിനുനേരെ ഉയരുന്നുണ്ട്.ഫൈനലും ലൂസേഴ്സ് ഫൈനലും സെമിഫൈനലുകളും കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട മത്സരങ്ങൾ ഫ്രാൻസ്‐അർജന്റീന, ബെൽജിയം‐ജപ്പാൻ, ജർമനി‐മെക്സിക്കോ, ബ്രസീൽ‐കോസ്റ്ററിക്ക, അർജന്റീന‐നൈജീരിയ, പോർച്ചുഗൽ‐സ്പെയിൻ തുടങ്ങിയവയാണ്.

വീഡിയോ അമ്പയറുടെ സഹായം ഉപയോഗിച്ച ആദ്യ ലോകകപ്പ് എന്ന ചരിത്രപ്രാധാന്യം ഇത്തവണത്തെ പ്രത്യേകതകളിലൊന്നാണ്. സെറ്റ്പീസ് ഗോളുകളുടെ ആധിക്യം, സെൽഫ് ഗോളുകളുടെ വർധന തുടങ്ങിയ ഘടകങ്ങൾ ചർച്ചചെയ്യപ്പെടുന്നു. ഫൈനലിൽ ആദ്യഗോൾ സെൽഫ് ഗോളാകുന്നത് ആദ്യമായാണ്.
മനുഷ്യരെ ഭാഷയുടെയും രാജ്യത്തിന്റെയും നിറത്തിന്റെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്നതിന്റെ നിരർഥകത ഫുട്ബോൾ നമ്മുടെ ബോധത്തിലേക്ക് കൊണ്ടുവരുന്നു. രാജ്യം തിരിഞ്ഞ് മത്സരിക്കുമ്പോഴും കളിയിലൂടെ മനുഷ്യർ രാജ്യാതിർത്തികൾ താണ്ടി ഒന്നാവുകയാണ്. ചട്ടങ്ങൾക്കുള്ളിൽനിന്നുകൊണ്ട് മികവിന്റെ മാറ്റുരയ്ക്കുന്ന കായികമത്സരങ്ങൾ ഇന്ന് വൻ വ്യവസായമായി ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ടെന്നതും മറക്കാനാകില്ല. എന്തിനെയും മൂലധനനിക്ഷേപത്തിനും ലാഭപ്പെരുക്കലിനും കൗശലപൂർവം ഉപയോഗപ്പെടുത്താനുള്ള തന്ത്രങ്ങൾ ഫുട്ബോൾ മേഖലയെയും വരിഞ്ഞുമുറുക്കുന്നു. എന്നാൽ, ഇന്നത്തെ ലോകത്ത് ലോകകപ്പ് ഫുട്ബോൾ മനുഷ്യസർഗാത്മകതയുടെ വിസ്മയകരമായ ഒരാവിഷ്കാരംകൂടിയാണ്; മറ്റെന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും. മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലുംനിന്നുള്ള ടീമിലും ആഫ്രിക്കൻ പാരമ്പര്യമുള്ള  യുവതയുടെ കരുത്തും ഊർജവും കേളീമികവിന്റെ മുഖ്യ ഊർജസ്രോതസ്സാണെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യം ഫ്രാൻസിന്റെ വിജയശിൽപ്പിയായ കോച്ച് ഡിഡിയ ദെഷംസ് തന്നെ സൂചിപ്പിക്കുകയുണ്ടായി. കുടിയേറ്റ വിരുദ്ധ‐തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനുള്ള ചുട്ടമറുപടിയാണ് ലോകകപ്പ് ഫുട്ബോൾ നൽകുന്നതെന്നർഥം. നേരത്തെ സിനദിൻ സിദാനും സച്ചിദാനന്ദന്റെ  'അവസാനത്തെ ഗോൾ' എന്ന കവിതയും ഈ പ്രമേയം നമ്മുടെ മുന്നിൽ കൊണ്ടുവന്നു. കളിക്കാരനെന്നും കോച്ചെന്നുമുള്ള നിലകളിൽ കപ്പുയർത്തിയ ബ്രസീലിന്റെ മരിയ സഗാലോ, മിഡ്ഫീൽഡ് ജനറൽ എന്നറിയപ്പെട്ടിരുന്ന ജർമനിയുടെ ഫ്രാൻസ് ബെക്കൻ ബോവർ എന്നിവർക്കൊപ്പം ഫ്രാൻസിന്റെ ഡിഡിയ ദെഷംസും ചരിത്രത്തിൽ അനശ്വരനാകുന്നു.

അടുത്ത ലോകകപ്പുവരെ നാം അയവിറക്കുന്ന മനോഹര ഗോളുകൾ നേടിയ നോച്ചോ, ക്രിസ്റ്റ്യനോ റൊണാൾഡോ, കവാനി, സുവാരസ്, നെയ്മർ, ഡിമരിയ, മെസ്സി, അഗ്വീറോ, മോഡ്രിച്ച്, പോഗ്സെ, എംബാപ്പ, ലുക്കാക്കു, എദൻ ഹസാർഡ്, ഹാരി കെയ്ൻ, ഗ്രിസ്മാൻ, ചെറിഷേവ്, ഡിസ്യൂബ, റെയിമിന, ഡീഗോ കോസ്റ്റാ, മാൻസുകിച്ച്, മൊഹമ്മദ് സല, കിംയങ്ഗ്വൺ, ജെങ്കി ഹരാഗുച്ചി തുടങ്ങിയവർക്കെല്ലാം അനുമോദനങ്ങൾ. യൂറോപ്യൻ ലീഗിലെ ഗോളടിവീരനാണെങ്കിലും റഷ്യയിൽ അക്കൗണ്ട് തുറക്കാനാകാതെ പോയ ലെവൻ ഡോവിസ്കിയുടെ വീഴ്ചയിൽ വേദനിക്കുന്നു. ഏറ്റവും രോമാഞ്ചജനകമായ പ്രകടനങ്ങൾ നടത്തിയ ഗോളിമാർ‐ തിബോ കോർടി, പിക്ഫോർഡ്, ഹ്യൂഗോ ലോറിസ്, കെയ്ലർ നവാസ്, സുബാസിച്ച്‌, ഒച്ചാവോ എന്നിവർക്കൊപ്പം കൊറിയയുടെയും ജപ്പാന്റെയും ഗോളിമാരുടെ മികച്ച പ്രകടനവും മറക്കാനാകില്ല.

പ്രധാന വാർത്തകൾ
 Top