26 March Tuesday

ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?

എ എം ഷിനാസ്‌Updated: Thursday May 17, 2018


കാലണ സമരത്തിൽനിന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രിസ്ഥാനം വരെയെത്തിയ ‘രാഷ്ട്രീയവല്ലഭ’നാണ്‌ എ കെ ആന്റണി എന്ന്‌ ധരിച്ചുവശായവരെല്ലാം രാഷ്ട്രീയബൂമറാങ്ങിലും അദ്ദേഹം വല്ലഭൻ ആണെന്ന കാര്യം ഗ്രഹിച്ചു കാണാനിടയില്ല. കഴിഞ്ഞ ഡിസംബറിലെ  ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌  പ്രചാരണവേളയിൽ രാഹുൽ ഗാന്ധിയെക്കൊണ്ട്‌ താൻ ശിവഭക്തനാണെന്ന്‌ പറയിപ്പിച്ചതാരാണ്‌?  സോമനാഥക്ഷേത്രം മുതൽ ശൃംഗേരിമഠംവരെയുള്ള ഹൈന്ദവാരാധനാലയങ്ങളിൽ തിലകക്കുറിയും രുദ്രാക്ഷമാലയുമിട്ട്‌ രാഹുൽ ഗാന്ധിയെ സന്ദർശിക്കാൻ പ്രേരിപ്പിച്ചതാരാണ്‌? താൻ പൂണൂൽ ധാരിയാണെന്നും ശ്രേഷ്‌ഠ ബ്രാഹ്മണ പാരമ്പര്യമാണ‌് തനിക്കുള്ളതെന്നും രാഹുൽ ഗാന്ധിയെക്കൊണ്ട‌് പ്രസ‌്താവിപ്പിച്ചതാരാണ‌്? കർണാടക തെരഞ്ഞെടുപ്പ‌് കഴിഞ്ഞാൽ കേദാർനാഥിലേക്ക‌് തീർഥയാത്രയ‌്ക്ക‌് പോകുമെന്ന‌് രാഹുൽജി പറഞ്ഞതിനു പിന്നിലാരാണ‌്?

ഇതെല്ലാം രാഹുൽ ഗാന്ധിയെക്കൊണ്ട‌് ചെയ്യിച്ചത‌് ഒരു ഗമണ്ടൻ റിപ്പോർട്ടാണ‌്; എ കെ ആന്റണി സമിതി റിപ്പോർട്ട‌്. 2014 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന‌് സംഭവിച്ച കനത്ത തോൽവിയുടെ കാരണങ്ങൾ അന്വേഷിക്കാനാണ‌് ആന്റണിസമിതി രൂപീകരിച്ചത‌്. ബിജെപിയുടെ ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തെ നേരിടാൻ മതനിരപേക്ഷത പോരെന്നും മൃദുഹിന്ദുത്വമാണ‌് തീവ്രഹിന്ദുത്വത്തിനുള്ള നല്ല പ്രതിമരുന്നെന്നും കുറിപ്പടി നൽകിയത‌് ഈ ആന്റണിസമിതിയാണ‌്. ഉപ്പിനെ വെല്ലും ഉപ്പിലിട്ടത‌് എന്നർഥം. ‘56 ഇഞ്ച‌് നെഞ്ചി’ൽ മുഷ്ടിയമർത്തി കൂസലില്ലാതെ ഹിന്ദുത്വ പ്രഘോഷണം നടത്തുന്നവരെ നേരിടാൻ കരാട്ടെ ബ്ലാക്ക‌് ബെൽറ്റുകാരന്റെ ഒരു മൃദുഹിന്ദുത്വകിക്ക‌് മാത്രം മതിയാകില്ലെന്നാണ‌് ഗുജറാത്തും ഇപ്പോൾ കർണാടകവുമൊക്കെ വിളിച്ചോതുന്നത‌് (താൻ കരാട്ടെ ബ്ലാക്ക‌്ബെൽറ്റ‌് നേടിയിട്ടുണ്ടെന്ന‌് രാഹുൽ ഈയിടെ വെളിപ്പെടുത്തിയിരുന്നു). രാഹുലിന്റെ പിതാവ‌് പയറ്റിയ ദ്വിമുഖ പ്രീണനതന്ത്രത്തെപ്പറ്റി വിസ‌്തരഭയം കാരണം പറയുന്നില്ല.

1986ൽ ഷാബാനുകേസിലും തൊട്ടുപിന്നീട‌് ബാബ‌്റിമസ‌്ജിദിന്റെ പൂട്ട‌് തുറക്കാൻ അനുവദിച്ച‌് ശിലാന്യാസത്തിന‌് അനുമതി നൽകിയതുമാണ‌് വിവക്ഷ. രാഹുൽ മൃദുഹിന്ദുത്വ രാഷ്ട്രീയം ആദ്യം പ്രയോഗവൽക്കരിക്കുന്നത‌് 2017 ഡിസംബറിൽ ഗുജറാത്തിലാണ‌്. അന്ന‌് സോമനാഥക്ഷേത്രം ഉൾപ്പെടെ 27 ക്ഷേത്രങ്ങളിലാണ‌് ആന്റണിയുടെ ‘മൃദുമന്ത്രണ’ത്തിൽ പ്രചോദിതനായി രാഹുൽ കയറിയിറങ്ങി പുരോഹിതവൃന്ദത്തെ സാഷ്ടാംഗം വണങ്ങിയത‌്. അങ്ങനെയൊരു ക്ഷേത്രസന്ദർശനത്തിന‌് ഇടയ‌്ക്കായിരിക്കാം താൻ പരമശിവന്റെ തീവ്രഭക്തനാണെന്നും മുത്തച്ഛനെപ്പോലെ വിഭക്തനല്ലെന്നുമുള്ള ബോധോദയം രാഹുലിനുണ്ടാകുന്നത‌്. രാഹുലിന്റെ ഭക്തിപ്രദർശനത്തിന്റെ അനുരണനങ്ങൾ ഇപ്പോൾ ഗുജറാത്തിൽ കാണാം. ഗുജറാത്തിലെ കോൺഗ്രസ‌് എംഎൽഎ ആയ പരേശ‌് ദനാനി തന്റെ മണ്ഡലത്തിലെ 100 രാമക്ഷേത്രം പുനരുദ്ധരിക്കാൻ തീരുമാനിച്ചതായി കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചു. മാത്രമോ, ഗുജറാത്തിലെ സൗരാഷ്ട്രമേഖലയിൽ 150 ഗ്രാമത്തിൽ കോൺഗ്രസ‌് ശ്രീറാം കമ്മിറ്റിയും ഉണ്ടാക്കിക്കഴിഞ്ഞു. (ആൌശിെല ഹശില, ഖമി 10, 2018) നോക്കണേ എ കെ ആന്റണി സമർപ്പിച്ച റിപ്പോർട്ടിന്റെ പ്രഭാവം.

കർണാടകത്തിലും രാഹുലിന്റെ പ്രധാന കാര്യപരിപാടി ക്ഷേത്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ലിംഗായത്ത‌് വിഭാഗക്കാരുടെ സിദ്ദേശ്വരമഠം, വീരശൈവരുടെ അനുഭവമണ്ഡപം, കൊപ്പലിലെ ഹുലിഗമ്മ ക്ഷേത്രം, ശൃംഗേരി മഠം തുടങ്ങി പല ക്ഷേത്രങ്ങളും സന്ദർശിച്ച രാഹുൽ, തൂക്കമൊപ്പിക്കാനെന്നോണം റൊസാരിയോ ചർച്ച‌്, സൂഫി ദർഗയായ ക്വാജ ബൻഡെ എന്നിവയും തന്റെ ആരാധനാപ്രദർശനത്തിന്റെ പഥത്തിലുൾപ്പെടുത്തി. ഗുജറാത്തിൽ പക്ഷേ, രാഹുൽ ഒരു ദർഗയും ഒരു മുസ്ലിം പള്ളിയും സന്ദർശിച്ചിരുന്നില്ല എന്നുമോർക്കണം. മുസ്ലിങ്ങൾ ഇന്ത്യയിൽ ഏറ്റവും അരക്ഷിതരും അരികുവൽക്കരിക്കപ്പെട്ടവരുമായ സംസ്ഥാനമാണ‌് ഗുജറാത്ത‌് എന്ന വസ‌്തുത ഇതോടൊപ്പം ചേർത്തുവായിക്കണം.

കർണാടകത്തിൽ രാഹുലിന്റെ ചുവടുപിടിച്ച‌് സിദ്ദരാമയ്യയും താൻ ഒരു ഹിന്ദുവാണെന്ന‌് നാഴികയ‌്ക്ക‌് നൽപ്പതുവട്ടം പറയുന്നുണ്ടായിരുന്നു. കോൺഗ്രസ‌് സർക്കാരിലെ വ്യവസായമന്ത്രി ആർ വി ദേശ‌്പാണ‌്ഡെ പേർത്തും പേർത്തും പറഞ്ഞത‌് ‘താൻ ഹിന്ദുവാണ‌്, മറ്റെല്ലാവരും തന്റെ ബന്ധു’വാണെന്നാണ‌്. ഇത്തരുണത്തിൽ ‘ഫസ‌്റ്റ‌്പോസ‌്റ്റി’ൽ ശ്രീനിവാസപ്രസാദ‌് എഴുതിയ ഒരു ലേഖനത്തിന്റെ തുടക്കം ഓർമവരുന്നു. കോൺഗ്രസിന്റെ പുതിയ പൊളിറ്റിക്കൽ പോപ‌്സോങ‌് ഇതാണെന്ന‌് അദ്ദേഹം എഴുതുന്നു:

I am a Hindu
Ha ha ha
Me too, me too
Ho ho ho (Dec, 2-017)

ലിംഗായത്തുകൾക്ക‌് പ്രത്യേക മതപദവി ശുപാർശ ചെയ‌്ത‌് കർണാടകത്തിൽ ജനസംഖ്യയുടെ 17 ശതമാനവും നൂറോളം നിയമസഭാമണ്ഡലങ്ങളിൽ സ്വാധീനവുമുള്ള ഈ സമുദായത്തെ പാട്ടിലാക്കാൻ സിദ്ധരാമയ്യ നടത്തിയ പതിനൊന്നാം മണിക്കൂർ കുതന്ത്രം തിരിച്ചടിച്ചു എന്നാണ‌് തെരഞ്ഞെടുപ്പിന്റെ ഒരുവശം. ഇതിൽ അസ്വസ്ഥരും ക്ഷുഭിതരുമായ മറ്റു സമുദായവിഭാഗക്കാർ ഏകീകരിക്കുകയും ഉല്ലാസത്തോടെ ബിജെപിക്ക‌് വോട്ട‌് ചെയ‌്തിട്ടുണ്ടാകുമെന്നുംവേണം കരുതാൻ.

‘മഹത്തായ പഴയ പാർടി’ (grand old party) എന്നാണ‌് കോൺഗ്രസുകാർ തങ്ങളുടെ പാർടിയെ വിശേഷിപ്പിക്കാറുള്ളത‌്. എന്നാൽ, ഒട്ടും മഹത്തരമല്ലാത്ത പഴയ തെറ്റുകൾ അവർ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.തീവ്രഹിന്ദുത്വത്തിന‌് മാത്രമല്ല മറ്റുള്ള വർഗീയ രാഷ്ട്രീയ ആവിഷ‌്കാരങ്ങൾക്കുമുള്ള പ്രതിമരുന്ന‌് മതനിരപേക്ഷതയാണെന്ന വസ‌്തുത കോൺഗ്രസ‌് മനസ്സിലാക്കാത്തിടത്തോളം ആ പാർടി ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തിൽനിന്ന‌് നിഷ‌്ക്രമിക്കാൻ അധികകാലമൊന്നും വേണ്ടിവരില്ല.മതനിരപേക്ഷ ജനപക്ഷരാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ടല്ലാതെ, ഇന്ത്യയുടെ ബഹുസ്വരതയ‌്ക്കും സമന്വയ സംസ‌്കാരത്തിനും അടിവരയിട്ടുകൊണ്ടല്ലാതെ, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വിധ്വംസകവൃത്തികളെയും രണോത്സുകപദ്ധതികളെയും പ്രതിരോധിച്ചും തുറന്നുകാണിച്ചും കൊണ്ടല്ലാതെ, ചരിത്രത്തിൽ വിഷം ചേർത്ത‌് ഹിന്ദുത്വ പ്രഭ‌ൃതികൾ പടുത്തുയർത്തുന്ന പെരുങ്കള്ളങ്ങളുടെ അണക്കെട്ടുകൾ പൊളിച്ചുകൊണ്ടല്ലാതെ ഇവിടെ ബിജെപിയെയും അതിന്റെ ആരൂഢമായ സംഘപരിവാറിനെയും പരാജയപ്പെടുത്താൻ പറ്റില്ല എന്ന‌് കോൺഗ്രസ‌് പാർടി എത്ര പെട്ടെന്ന‌് മനസ്സിലാക്കുന്നുവോ അത്രയും നന്ന‌്. മൃദുഹിന്ദുത്വ രാഷ്ട്രീയവുമായി ആടിയുലഞ്ഞ‌് പോകുന്ന, മുങ്ങുന്ന കപ്പലാകുന്ന ഒരു പാർടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ജനാധിപത്യ മതനിരപേക്ഷ ജനപക്ഷരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന പാർടികൾ ആയിരംവട്ടം പരിചിന്തനം ചെയ്യുമെന്നും ആ പാർടി ഓർക്കേണ്ടതുണ്ട‌്.

കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെകെടിഎം ഗവ. കോളേജിൽ ചരിത്ര വിഭാഗം മേധാവിയാണ് ലേഖകൻ

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top