അനിൽ ആന്റണി ബിജെപിയിൽ ചേക്കേറിയതിന് ഇനി എ കെ ആന്റണിയെ പഴിച്ചിട്ട് കാര്യമില്ലെന്ന വികാരമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇപ്പോൾ പുറത്ത് പ്രകടിപ്പിക്കുന്നത്. പലരുടെയും ഉള്ളിലിരിപ്പ് മറിച്ചാണെങ്കിലും മകന്റെപേരിൽ ആന്റണിയെ കുത്തിനോവിച്ചിട്ട് കാര്യമില്ലത്രേ. നിലനിൽപ്പുഭീഷണി ശക്തമായ സാഹചര്യംകൂടി പരിഗണിച്ചാണ് ‘പുകഞ്ഞകൊള്ളി പുറത്ത്’ എന്നുപറഞ്ഞ് വിട്ടുകളയാൻ തീരുമാനിച്ചത്. സ്വന്തം മകൻതന്നെ രാഷ്‌ട്രീയ എതിർചേരിയിൽ അഭയംതേടിയത് എ കെ ആന്റണിയെ ശരിക്കും ഉലച്ചോ എന്ന് സംശയിക്കുന്നവരുമുണ്ട്. മകനെ ഒരുഘട്ടത്തിലും തിരുത്താൻ തയ്യാറാകാതെ മൗനംദീക്ഷിച്ച അദ്ദേഹം ഒടുവിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തി വികാരാധീനനായത് തലയൂരാനുള്ള പഴുത് മാത്രമായിരുന്നില്ലേ എന്നാണ് ചോദ്യം. പക്ഷേ, ഇതൊന്നുമല്ല കോൺഗ്രസിനെയും യുഡിഎഫിനെയും വേട്ടയാടുന്നത്. അടുത്ത ഊഴം ആരുടേതെന്ന ചോദ്യമാണ് പിരിമുറുക്കം കൂട്ടിയിരിക്കുന്നത്. പല പേരും അന്തരീക്ഷത്തിൽ സജീവമായി നിൽക്കുന്നതിനാൽ സംശയദൃഷ്ടിയോടെയാണ് നേതാക്കൾ പരസ്‌പരം വീക്ഷിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻമുതൽ മുൻമന്ത്രി വി എസ് ശിവകുമാർവരെയുള്ളവരുടെ പേരുകൾ തള്ളാനും കൊള്ളാനും വയ്യാത്ത മട്ടിലാണ് അണികളും നേതാക്കളും. ബിജെപിയിലേക്ക് സാധ്യത തുറന്നിട്ട് നിൽക്കുന്നവർ വിരളമല്ല എന്നതാണ് യാഥാർഥ്യം. അരമനകളും ക്രിസ്‌ത്യൻ ഭവനങ്ങളും സന്ദർശിക്കുന്ന ബിജെപി നേതാക്കളാകട്ടെ കോൺഗ്രസിലെ പല നേതാക്കളെയും ഉന്നമിട്ട് കഴിഞ്ഞു. ഈ വട്ടംകൂടൽ അധികമാരും ശ്രദ്ധിക്കുന്നില്ലെന്നാണ് അവരുടെ ധാരണ.
പുതിയ സംഭവവികാസങ്ങൾ കെപിസിസി നേതൃത്വത്തെയാണ് കൂടുതൽ ദുർബലപ്പെടുത്തിയിരിക്കുന്നത്. അച്ചടക്കരാഹിത്യത്തിനെതിരെ സ്വരം കടുപ്പിക്കാനോ, പുനഃസംഘടനാ കാര്യത്തിൽ തീരുമാനമെടുക്കാനോ കഴിയാതെ ഗതികേടിലാണ് കെപിസിസി. നേതൃത്വത്തെ പൊതുവേദിയിൽ വിമർശിച്ചതിന് എംപിമാരായ കെ മുരളീധരനും എം കെ രാഘവനും എതിരെ അച്ചടക്കനടപടിക്ക് ഒരുങ്ങിയത് ഒരുമാസംമുമ്പാണ്. ഇരുവർക്കുമെതിരെ എഐസിസിക്ക് കത്തെഴുതിയെങ്കിലും ഒരുനടപടിയും ഉണ്ടായില്ല. നേതൃത്വത്തെ പുകഴ്‌ത്തുന്നവർക്കു മാത്രമേ സ്ഥാനമുള്ളൂവെന്നും ഉപയോഗിച്ച് വലിച്ചെറിയുന്നതാണ് രീതിയെന്നുമായിരുന്നു എം കെ രാഘവൻ തുറന്നടിച്ചത്. പാർടിയിൽ കൂടിയാലോചന ഇല്ലെന്നായിരുന്നു രാഘവനെ പിന്തുണച്ച് കെ മുരളീധരൻ ആക്രമണം അഴിച്ചുവിട്ടത്. ശശി തരൂരിനെ അനുകൂലിക്കുന്നവരാണ് ഇവർ ഇരുവരും. കർശന മുന്നറിയിപ്പുനൽകണമെന്നും ശാസിക്കണമെന്നുമെല്ലാം കെപിസിസി ആവശ്യപ്പെട്ടെങ്കിലും അതെല്ലാം വൃഥാവിലായി. അച്ചടക്കനടപടി വകവയ്‌ക്കില്ലെന്ന് എം കെ രാഘവനും കെ മുരളീധരനും അന്നുതന്നെ വ്യക്തമാക്കുകയും ചെയ്‌തു. അനിൽ ആന്റണി മറുകണ്ടം ചാടിയതോടെ അച്ചടക്കനടപടിയും നേതൃത്വം വിസ്‌മരിച്ച മട്ടാണ്. ഇതിനിടെ, കെ മുരളീധരൻ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചാരണം ശക്തമായത് കെപിസിസിക്ക് തിരിച്ചടിയായി. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ രാഹുലും പ്രിയങ്കയും കഴിഞ്ഞാൽ അണികളുടെ ആർപ്പുവിളിയും കൈയടിയും കൂടുതൽ കിട്ടിയത് കെ മുരളീധരനാണ്. കെ സുധാകരനും വി ഡി സതീശനും രമേശ് ചെന്നിത്തലയും വേദിയിൽ ഇരിക്കുമ്പോഴാണ് പ്രവർത്തകർ മുരളീധരനോട് ആവേശം കാട്ടിയത്.
അനിൽ ആന്റണി ഉയർത്തുന്ന ഭീഷണി എങ്ങനെ നേരിടുമെന്നതാണ് കെപിസിസി നേതൃത്വത്തെ കുഴയ്‌ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് അനിലിനെയുംകൂട്ടി കൊച്ചിയിൽ എത്താനിരിക്കുകയാണ്. അനിലിനെ അവഗണിച്ച് മുന്നോട്ടുപോകുന്നതിനുള്ള കോൺഗ്രസ് തന്ത്രത്തിന് മറുതന്ത്രമായാണ് ബിജെപി ഇതിനെ കാണുന്നത്. എന്നാൽ, എ കെ ആന്റണിയുടെ വികാരപ്രകടനംകൊണ്ടുമാത്രം പ്രതിസന്ധി മറികടക്കാനാകില്ലെന്ന തിരിച്ചറിവിലാണ് കെപിസിസി. മകന്റെ നീക്കത്തെക്കുറിച്ച് അറിഞ്ഞിട്ട് തടയാതിരുന്ന ആന്റണി എല്ലാംകഴിഞ്ഞശേഷം വിലപിക്കുന്നത് നിരർഥകമാണെന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. എല്ലാക്കാലത്തും സ്വന്തം കാര്യംമാത്രം ശ്രദ്ധിച്ച ആന്റണി ഇപ്പോൾ കണ്ണീർ പൊഴിക്കുന്നത് കാപട്യമാണെന്ന് കരുതുന്നവരുമുണ്ട്.
ഇതിനിടെ, കോൺഗ്രസിനെ കടന്നാക്രമിച്ച് അനിൽ ആന്റണി രംഗത്തുവന്നത് നേതൃത്വത്തെ വെട്ടിലാക്കി. കോൺഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവും മനംമടുപ്പിക്കുന്ന സമീപനവുമാണ് പാർടി വിടാൻ കാരണമെന്നാണ് അനിലിന്റെ വാദം. കോൺഗ്രസിനെ ഇന്നത്തെ ഗതിയിൽ എത്തിച്ചതിൽ നിസ്സാരമല്ലാത്ത പങ്കുവഹിച്ച ആന്റണിക്കുള്ള മറുപടികൂടിയാണ് ഇത്. അനിലിന്റെ നടപടി സംബന്ധിച്ച് ഒരു പ്രതികരണത്തിന് ഇനിയില്ലെന്നുപറഞ്ഞ് ആന്റണിക്ക് മൗനത്തിലൊളിക്കാൻ കഴിയുമോ. എ കെ ആന്റണിയുടെ മകന് ബിജെപിയിൽ പോകാമെങ്കിൽ തങ്ങൾക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറയേണ്ടിവരും.
അന്തമില്ലാത്ത പുനഃസംഘടന
അഞ്ചുമാസംമുമ്പ് പ്രഖ്യാപിച്ചതാണ് കോൺഗ്രസ് പുനഃസംഘടന. ഭാരവാഹിപ്പട്ടിക നൽകണമെന്ന് പലതവണ അന്ത്യശാസനം നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ല. ഒന്നുരണ്ട് ജില്ലയിൽനിന്ന് പട്ടിക കിട്ടിയെങ്കിലും അത് പുറത്തെടുക്കാനും കഴിയില്ലത്രേ. സംസ്ഥാന തലത്തിൽ പുനഃസംഘടനാ സമിതി രൂപീകരിച്ചെങ്കിലും അക്കാര്യം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുകയാണ്. കെപിസിസി പ്രസിഡന്റിന്റെ വിശ്വസ്‌തർക്കും എ ഗ്രൂപ്പുകാർക്കുമാണ് സമിതിയിൽ മുൻതൂക്കം. തങ്ങൾ പുനഃസംഘടനാ സമിതിയിൽ ഉൾപ്പെട്ട വിവരം അറിയാത്ത അംഗങ്ങളുമുണ്ടത്രേ. ജില്ലകളിൽനിന്ന് പട്ടിക നൽകാനുള്ള കാലാവധി കഴിഞ്ഞിട്ട് ഒരാഴ്‌ച പിന്നിട്ടെങ്കിലും തണുപ്പൻ പ്രതികരണമാണ് പല ജില്ലയിലും. കൊടിക്കുന്നിൽ സുരേഷ്, കെ സി ജോസഫ്, എ പി അനിൽകുമാർ, ടി സിദ്ദിഖ്, എം ലിജു, ജോസഫ് വാഴയ്‌ക്കൻ, കെ ജയന്ത് എന്നിവർ അടങ്ങിയതാണ് സമിതി.
സമിതിയിലുള്ളവർപോലും പുനഃസംഘടനയെ ഗൗരവമായി എടുത്തിട്ടില്ലെന്നാണ് വിവരം. ഗ്രൂപ്പ്, വ്യക്തിതാൽപ്പര്യം, മറ്റു പരിഗണനകൾ എന്നിവയുടെ പശ്ചാത്തലം പരിശോധിച്ചാൽ ജില്ലാതല പട്ടിക തയ്യാറാക്കൽ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്നാണ് സൂചന. ജില്ലകളിൽനിന്ന് കിട്ടുന്ന എല്ലാ പേരുമടങ്ങിയ പട്ടിക നേരേ കെപിസിസിക്ക് നൽകാനായിരുന്നു നിർദേശം. ഇതിൽനിന്ന് ഭാരവാഹികളെ കെപിസിസി സമിതി തീരുമാനിക്കും. കഴിഞ്ഞ നിർവാഹകസമിതി യോഗത്തിൽ പുനഃസംഘടനയെക്കുറിച്ച് കെ സുധാകരൻ സ്വരം കടുപ്പിച്ചെങ്കിലും മറ്റുള്ളവരിൽ ഒരു പ്രതികരണവുമുണ്ടായില്ല. പുനഃസംഘടന അനിശ്ചിതത്വത്തിലായതിനു പിന്നാലെയാണ് അനിൽ ആന്റണിയുടെ പാർടി മാറ്റം ഉയർത്തിയ വെല്ലുവിളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..