25 July Sunday

എൻ എസ്‌ എന്ന നിത്യസ്‌മരണ

കോടിയേരി ബാലകൃഷ്ണൻUpdated: Monday Feb 17, 2020

പുതുകേരളം നിർമിക്കുന്നതിനുള്ള സമരപോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ അതുല്യ കമ്യൂണിസ്‌റ്റ്‌ നേതാക്കളിൽ ഒരാളാണ്‌ സ. എൻ ശ്രീധരൻ. അദ്ദേഹത്തിന്റെ ജീവിതം പഠിക്കുകയും മനസ്സിലാക്കുകയുംചെയ്യുക എന്നത്‌ ഏതുകാലത്തും പ്രതിസന്ധികളെ മറികടക്കാനും മുന്നോട്ടുപോകാനുമുള്ള ഊർജമാണ്‌. സഖാവിനെ നേരിൽ കണ്ടിട്ടില്ലാത്തവരാണ്‌ പാർടി അംഗങ്ങളിൽ നല്ലൊരു പങ്കും. അതിനുകാരണം 35 വർഷംമുമ്പ്‌ സമരസംഘടനാ പ്രവർത്തനത്തിനുമധ്യേ വാഹനാപകടത്തിൽ സഖാവ്‌ മരിച്ചതിനുശേഷമാണ്‌ ഇവർ പാർടിയിൽ എത്തിയത്‌ എന്നതാണ്‌.

സ്വന്തം വിശ്വാസത്തെ സ്വജീവിതം കൊണ്ട്‌ സാക്ഷ്യപ്പെടുത്തിയ വിപ്ലവകാരിയായിരുന്നു അദ്ദേഹം. വിപ്ലവകാരികൾ വീട്ടിൽ കിടന്ന്‌ മരിക്കാമെന്ന്‌ ആർക്കും വാക്കുകൊടുത്തിട്ടില്ലെന്ന്‌ പറയാറുണ്ടായിരുന്നു സഖാവ്‌.  1985ൽ യുഡിഎഫ്‌ സർക്കാർ ചിറ്റാറിൽ സൃഷ്ടിച്ച പൊലീസ്‌ ഭീകരാവസ്ഥ മറികടക്കാനുള്ള പോരാട്ടത്തിന്‌ നേതൃത്വം നൽകി മടങ്ങുമ്പോഴായിരുന്നു 57–-ാം വയസ്സിൽ അന്ത്യം. അന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായിരുന്നു. എൻ ശ്രീധരൻ നാട്‌ സ്‌നേഹിച്ച എൻ എസ്‌ ആയത്‌ നീണ്ട ത്യാഗങ്ങളുടെയും സമരങ്ങളുടെയും ഫലമായിട്ടാണ്‌.

ഒരു സാധാരണ മനുഷ്യൻ ഒരു അസാധാരണ നേതാവായി വളർന്നതിന്റെ ജീവിതകഥയാണ്‌ എൻ എസ്‌. മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനെ ചോദ്യംചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള മോഡി സർക്കാരിന്റെ ദേശവിരുദ്ധനടപടികൾക്കെതിരെ രാജ്യം ഉണർന്നിരിക്കുന്ന ഘട്ടത്തിലാണ്‌ ഇത്തവണത്തെ എൻ എസ്‌ സ്‌മരണ പുതുക്കുന്നത്‌. മാനവികതയ്‌ക്കും മതനിരപേക്ഷതയ്‌ക്കുംവേണ്ടി യുദ്ധഭ്രാന്തിനെ എതിർത്ത്‌ നിലകൊള്ളുന്ന കമ്യൂണിസ്‌റ്റുകാരെ ദേശദ്രോഹികളായി ചാപ്പകുത്തി ജയിലിൽ അടയ്‌ക്കുകയും പൊലീസ്‌ വേട്ടയാടുകയും ചെയ്യുന്ന ഭരണകൂടരീതി ഇന്ത്യയിൽ മുമ്പേ ഉണ്ട്‌. 1962ലും 1963ലും ചൈനീസ്‌ ചാരനെന്ന്‌ മുദ്രകുത്തി എൻ എസിനെ അറസ്‌റ്റ്‌ ചെയ്യുകയും ജയിലിൽ അടയ്‌ക്കുകയുംചെയ്‌തു. 16 മാസത്തോളം തടവറയിലായിരുന്നു. സ്‌കൂൾ അധ്യാപികയായിരുന്ന സഹധർമിണി ടി വി പത്മാവതി പൂർണ ഗർഭിണി ആയിരിക്കെയാണ്‌ വീട്ടിൽ അർധരാത്രി എത്തിയ പൊലീസ്‌ ഭാര്യയുടെ കൺമുന്നിൽനിന്ന്‌ എൻ എസിനെ അറസ്‌റ്റ്‌ ചെയ്‌തുകൊണ്ടുപോയി ജയിലിൽ അടച്ചത്‌. കമ്യൂണിസ്‌റ്റുകാർ അന്നും ഇന്നും നാടിന്റെ ഒരുമയ്‌ക്കുവേണ്ടി നിലകൊള്ളുന്നവരാണ്‌. പൗരത്വത്തിന്റെ പേരിൽ ഇന്ത്യൻ ജനതയിൽ ഒരു പങ്കിനെ പുറന്തള്ളാനുള്ള മോഡി സർക്കാരിന്റെയും സംഘപരിവാറിന്റെയും ഹിന്ദുത്വ അജൻഡയെ കമ്യൂണിസ്‌റ്റുകാരും വിവിധ മതങ്ങളിലുള്ള ജനാധിപത്യവാദികളും ശക്തിയുക്തം എതിർക്കുകയാണ്‌. ഇതിനെയെല്ലാം ദേശവിരുദ്ധമെന്ന്‌ ഭരണകൂടവും അതിന്റെ കൈയാളുകളും മുദ്രയടിക്കുമ്പോൾ അതിനെതിരായ പോരാട്ടങ്ങൾക്ക്‌ ഊർജം പകരാൻ എൻ എസ്‌ സ്‌മരണ കരുത്തേകും.

ഇ എം എസിനൊപ്പം എൻ എസ്‌

ഇ എം എസിനൊപ്പം എൻ എസ്‌

സ്വാതന്ത്ര്യസമരകാലത്ത്‌ രാഷ്ട്രീയത്തിൽ എത്തിയ അദ്ദേഹം ഒരു പ്രക്ഷോഭകാരിയെന്ന നിലയ്‌ക്ക്‌ അനുഭവിക്കാത്ത യാതനകളും വേദനകളും ചെയ്യാത്ത സാഹസികതകളും ഇല്ല. നിരവധിതവണ ജയിൽജീവിതം, ഒളിവുജീവിതം, നിരാഹാരസമരം–- ഇങ്ങനെ സുഖദുഃഖങ്ങളും സുഖസൗകര്യങ്ങളും നോക്കാതെ ജനസേവനത്തിന്‌ സ്വജീവിതം അർപ്പിച്ചു. അതുകൊണ്ടുതന്നെ ജനങ്ങൾ എൻ എസിനെ സ്വന്തം ജീവനേക്കാൾ സ്‌നേഹിച്ചു. അത്‌ സാക്ഷ്യപ്പെടുത്തുന്ന അനേകം സന്ദർഭങ്ങളുണ്ട്‌. കായംകുളത്ത്‌ അന്നത്തെ മർദകവീരനായ സബ്‌ ഇൻസ്‌പെക്ടർ ഒ എം ഖാദർ എൻ എസിനെ ലോക്കപ്പിലിട്ട്‌ ക്രൂരമായി മർദിച്ചു. ചുവപ്പുതുണിയിൽ പൊതിഞ്ഞ പാറയ്‌ക്ക്‌ ശങ്കരൻ കുഴവി എന്ന്‌ പേരിട്ട്‌ അത്‌ ഉപയോഗിച്ച്‌ എൻ എസിന്റെ മുതുകിൽ ഇടിച്ചുവീഴ്‌ത്തി. എന്നിട്ടും ആശുപത്രിയിൽ ആക്കുകയോ മോചിപ്പിക്കുകയോ ചെയ്‌തില്ല. സംഭവമറിഞ്ഞ്‌ എ കെ ജി പാർലമെന്റിൽ വിഷയം അവതരിപ്പിച്ചു. അതേസമയത്ത്‌ നൂറുകണക്കിനാളുകൾ പുളിവടിയിൽ കെട്ടിയ ചെങ്കൊടിയുമേന്തി കായംകുളം പൊലീസ്‌ സ്‌റ്റേഷൻ വളഞ്ഞു. അവസാനം എൻ എസിനെ ജാമ്യത്തിൽ വിടാൻ പൊലീസ്‌ നിർബന്ധിതമായി.

കേരളസംസ്ഥാന രൂപീകരണത്തിനുമുമ്പ്‌ എൻ എസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി അംഗമായി. പിന്നീട്‌ ഡിവിഷൻ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചത്‌ കായംകുളത്താണ്‌. ഇതിന്റെ പരിധിയിലുള്ള ശൂരനാട്ടാണ്‌ 1949 ഡിസംബറിൽ ഒരു സബ്‌ ഇൻസ്‌പെക്ടറും നാല്‌ പൊലീസുകാരും മരിക്കാനിടയായ കലാപം ഉണ്ടായത്‌. തെന്നല ജന്മിയുടെ പാടത്ത്‌ നിലംപൂട്ടിയ പുത്തൻകാളയ്‌ക്ക്‌ വേഗം കൂടിപ്പോയപ്പോൾ വടിക്ക്‌ അടിച്ചു. അപ്പോൾ ജന്മി കാളയ്‌ക്ക്‌ പകരം കർഷകത്തൊഴിലാളിയെ നുകത്തിൽ കെട്ടി നിലം ഉഴുവിച്ചു. ഇത്തരം കാട്ടാളങ്ങൾക്ക്‌ എതിരെയുള്ള കർഷകത്തൊഴിലാളികളുടെയും ജനങ്ങളുടെയും ഉയിർത്തെഴുന്നേൽപ്പായിരുന്നു ശൂരനാട്‌ കലാപം. ശൂരനാട്‌ ചുവന്നശേഷം ഒരു തൊഴിലാളിയെയും നുകത്തിൽ കെട്ടാൻ ഒരു ജന്മിക്കും കേരളത്തിൽ ധൈര്യം വന്നില്ല. ശൂരനാട്‌ ഉൾപ്പെടെയുള്ള സമരങ്ങളിൽ പങ്കുവഹിച്ച നേതാവാണ്‌ എൻ എസ്‌. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനവും നേതാക്കളും നാടിന്‌ എന്തുചെയ്‌തു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്‌ എൻ എസ്‌ ഉൾപ്പെടെയുള്ളവർ താണ്ടിയ സമരജീവിതവും അതിന്റെ ഫലമായി ജനജീവിതത്തിലും സാമൂഹ്യപുരോഗതിയിലും ഉണ്ടായ മാറ്റങ്ങളും.

നാവികത്തൊഴിലാളി, ബീഡിത്തൊഴിലാളി എന്നിങ്ങനെയുള്ള ജോലികളിൽ ഏർപ്പെടുന്നതിനിടെ ‘ദിവാൻ ഭരണം അറബിക്കടലിൽ’ എന്നെഴുതിയ ബോർഡ്‌ ബീഡിക്കടയുടെ മുന്നിൽവച്ചു

1940കളുടെ മധ്യത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടി സെൽ സെക്രട്ടറിയായ സഖാവ്‌ മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം വളർത്തുന്നതിൽ പ്രമുഖ പങ്ക്‌ വഹിച്ചു. അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആലപ്പുഴ ജില്ലാ അസിസ്‌റ്റന്റ്‌ സെക്രട്ടറി, 1958ൽ ആലപ്പുഴ ഡിസിയുടെ ആക്ടിങ്‌ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം രൂപീകരണത്തിനുശേഷം ആലപ്പുഴയിലും കൊല്ലത്തും ജില്ലാസെക്രട്ടറിയായിരുന്നു. മധ്യതിരുവിതാംകൂറിലെ നാട്ടിൻപുറത്തെ കേവുവള്ളക്കാരനായ അച്ഛന്റെ സഹായിയായി പോയപ്പോഴായിരുന്നു ആലപ്പുഴയിലും സ്വന്തം നാടായ വള്ളിക്കാവിലും വിപ്ലവകാരികളുമായുള്ള ബന്ധം സ്ഥാപിച്ചത്‌. നാവികത്തൊഴിലാളി, ബീഡിത്തൊഴിലാളി എന്നിങ്ങനെയുള്ള ജോലികളിൽ ഏർപ്പെടുന്നതിനിടെ ‘ദിവാൻ ഭരണം അറബിക്കടലിൽ’ എന്നെഴുതിയ ബോർഡ്‌ ബീഡിക്കടയുടെ മുന്നിൽവച്ചു. സർ സി പിയുടെ പൊലീസിന്റെ വേട്ടയായി. തുടർന്ന്‌ ദീർഘകാലം ഒളിവിൽ. ഈ ഘട്ടത്തിൽ നാവികത്തൊഴിലാളി സംഘടനയെ കെഎസ്‌പിയുടെ പിടിയിൽനിന്ന്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നിയന്ത്രണത്തിലേക്ക്‌ എത്തിക്കാൻ എൻ എസ്‌ ചുക്കാൻ പിടിച്ചു. ഈ വേളയിൽ സാമൂഹ്യപരിഷ്‌കർത്താവും ധീവരസഭാ നേതാവുമായ വേലുക്കുട്ടി അരയൻ എൻ എസിനോട്‌ സഹകരിച്ചു.

പാർടിയുടെ നേതൃപദവിയിൽ ദീർഘകാലം പ്രവർത്തിച്ചെങ്കിലും പാർലമെന്ററി പ്രവർത്തനത്തിൽനിന്ന്‌ മാറിനിന്നു. എംഎൽഎയോ എംപിയോ ആകുന്നതാണ്‌ രാഷ്‌ട്രീയപ്രവർത്തനത്തിലെ പരമപ്രധാനമായ കാര്യമെന്ന തെറ്റായ ചിന്ത ഉണ്ടായില്ല. എന്നാൽ, തന്റെ പാർടിക്കും പാർടി നേതൃത്വം നൽകുന്ന മുന്നണിക്കും നിയമസഭയിലും ലോക്‌സഭയിലും മറ്റ്‌ വേദികളിലും നല്ല പ്രാമുഖ്യം കിട്ടാനും ഭരണനേതൃത്വത്തിൽ എത്തുന്നതിനുംവേണ്ടിയുള്ള തെരഞ്ഞെടുപ്പിനെ ജീവൻമരണ പോരാട്ടമാക്കുന്നതിൽ ശ്രദ്ധിച്ചു. സിപിഐ എം കൊല്ലം ജില്ലയിൽ സംഘടനാപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തിൽ എൻ എസിനെ ആലപ്പുഴ ജില്ലയിൽനിന്ന്‌ കൊല്ലത്ത്‌ ജില്ലാസെക്രട്ടറിയായി നിയോഗിക്കുകയായിരുന്നു പാർടി സംസ്ഥാനനേതൃത്വം. പാർടിയെ സംഘടനാപരമായി മാത്രമല്ല, ബഹുജനസ്വാധീനം വർധിപ്പിക്കുന്നതിനും ജില്ലയിലെ  ഒന്നാമത്തെ പാർടിയാക്കി മാറ്റുന്നതിനും എൻ എസിന്റെ നേതൃത്വം സഹായിച്ചു.

ഈ ലേഖകൻ വിദ്യാർഥിസംഘടനാ നേതാവായിരിക്കുമ്പോഴായിരുന്നു എൻ എസിനെ കണ്ടതും അടുത്ത്‌ ഇടപഴകുന്നതും. അതുമായി ബന്ധപ്പെട്ട്‌ മായാത്ത ഓർമകൾ നിരവധിയുണ്ട്‌. കൊല്ലത്ത്‌ എത്തുമ്പോൾ ജില്ലാസെക്രട്ടറിയായിരുന്ന എൻ എസ്‌ ഞാനടക്കമുള്ള വിദ്യാർഥിസംഘടനാ നേതാക്കളോട്‌ കാണിച്ച അടുപ്പവും സ്‌നേഹവും തികച്ചും സവിശേഷതയുള്ളതായിരുന്നു. ഓരോ വിഷയത്തിലും ഇടപെടുന്നതിലെ സമചിത്തതയും സംഘടനാമികവും മാതൃകാപരമായിരുന്നു. പരിചയപ്പെടുന്നവരെയെല്ലാം വളരെവേഗം കുടുംബാംഗമാക്കി മാറ്റാനും അതുവഴി പരസ്‌പരബന്ധത്തിൽ ഊഷ്‌മളത സൃഷ്ടിക്കാനും കഴിയുന്ന അനന്യസാധാരണമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്‌.

എൻ എസിന്റെ നേതൃത്വത്തിൽ അന്ന്‌ നടത്തിയ ദേശാഭിമാനി ക്യാമ്പയിൻ പത്ര സർക്കുലേഷൻ വർധിപ്പിക്കാൻ ഉപകരിച്ചു. ആ പാതയിലൂടെ പാർടി മുന്നേറിയാണ്‌ ഇന്ന്‌ വായനക്കാരുടെയും വരിക്കാരുടെയും എണ്ണത്തിൽ ലക്ഷങ്ങളുടെ വർധനയുമായി ദേശാഭിമാനി അഭിമാനകരമായ വളർച്ചയിൽ എത്തിയിരിക്കുന്നത്‌.

എസ്‌എഫ്‌ഐ സംഘടനാപ്രവർത്തനത്തിനുശേഷം ഞാൻ കണ്ണൂർ ജില്ലയിൽ പാർടിയുടെ മുഴുവൻ സമയപ്രവർത്തകനായിരിക്കുമ്പോൾ, ഏരിയാതലത്തിൽ പ്രവർത്തിക്കുന്ന ഘട്ടത്തിൽ, പാർടിയുടെ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമെന്ന നിലയിൽ എൻ എസ്‌ അവിടെയെത്തി പാർടി കമ്മിറ്റികളിലും പ്രവർത്തക യോഗങ്ങളിലും പങ്കെടുത്ത്‌ നടത്തിയ കർമോജ്വലമായ പ്രവർത്തനരീതി സ്‌മരണീയമാണ്‌. ദേശാഭിമാനിയുടെയും പാർടി പ്രസിദ്ധീകരണങ്ങളുടെയും സർക്കുലേഷൻ വർധിപ്പിക്കേണ്ടതിന്റെയും അവ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും എൻ എസ്‌ വിശദീകരിച്ചത്‌ ഉള്ളിൽ തട്ടുംവിധമായിരുന്നു. ആ ഘട്ടത്തിൽ എൻ എസിന്റെ നേതൃത്വത്തിൽ നടന്ന ദേശാഭിമാനി ക്യാമ്പയിൻ സുപ്രധാനമായ ഒരു മാതൃകയായി പാർടി സംസ്ഥാനഘടകം പിന്നീട്‌ വിലയിരുത്തി.
എൻ എസിന്റെ നേതൃത്വത്തിൽ അന്ന്‌ നടത്തിയ ദേശാഭിമാനി ക്യാമ്പയിൻ പത്ര സർക്കുലേഷൻ വർധിപ്പിക്കാൻ ഉപകരിച്ചു. ആ പാതയിലൂടെ പാർടി മുന്നേറിയാണ്‌ ഇന്ന്‌ വായനക്കാരുടെയും വരിക്കാരുടെയും എണ്ണത്തിൽ ലക്ഷങ്ങളുടെ വർധനയുമായി ദേശാഭിമാനി അഭിമാനകരമായ വളർച്ചയിൽ എത്തിയിരിക്കുന്നത്‌. പക്ഷേ, പ്രചാരത്തിൽ ഒന്നാംസ്ഥാനത്തുള്ള പത്രമാക്കുക എന്ന ലക്ഷ്യം സഫലമാക്കേണ്ടതുണ്ട്‌. അതിനുള്ള പ്രവർത്തനങ്ങൾ സമർപ്പിതമായി നടത്തുന്നതിന്‌  കരുത്ത്‌ പകരുന്നതാണ്‌  എൻ എസ്‌ സ്‌മരണ.

കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ നേതൃത്വത്തിലുള്ള സർക്കാരുകളുടെ തുടർഭരണം ഉണ്ടാകണമെന്നായിരുന്നു എൻ എസ്‌ ഉൾപ്പെടെയുള്ള നേതാക്കൾ കണ്ട സ്വപ്‌നം. സ. പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ്‌ സർക്കാർ പ്രവർത്തനംകൊണ്ടും ആശയപരമായ നിലപാട്‌ കൊണ്ടും ഇന്ത്യയിലെ ജനകോടികൾക്ക്‌ ആവേശവും പ്രതീക്ഷയും നൽകുന്നു. ഇത്‌ തുടർഭരണത്തിനുള്ള കരുത്തുറ്റ അടിത്തറയാണ്‌. എൽഡിഎഫ്‌ സർക്കാരിനെ ദുർബലപ്പെടുത്താൻ ഒരു ഭാഗത്ത്‌ യുഡിഎഫും മറുഭാഗത്ത്‌ സംഘപരിവാറും ആവനാഴിയിലെ ആയുധങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ട്‌. ഇതിനെയെല്ലാം പരാജയപ്പെടുത്തി എൽഡിഎഫിന്റെയും സിപിഐ എമ്മിന്റെയും എൽഡിഎഫ്‌ സർക്കാരിന്റെയും ജനപിന്തുണ വർധിപ്പിക്കുന്നതിന്‌ എൻ എസിന്റെ  സമരനിരതമായ  ജീവിതപാത കരുത്തേകുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top