17 June Monday

എൻ എസ്: എന്നും പുതുസ്മരണ

കോടിയേരി ബാലകൃഷ്ണൻUpdated: Sunday Feb 17, 2019


കേരള ജനതയുടെ ജീവിതം പുതുക്കിനിർമിച്ച കമ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ് സ. എൻ എസ്. അതുകൊണ്ടാണ് കാലപ്രവാഹത്തിൽ വിസ്മൃതമാകാതെ സഖാവിന്റെ ഓർമ എന്നും പുതുസ്മരണയായി നിലനിൽക്കുന്നത്. ഇന്ത്യയുടെ അസ്ഥിത്വത്തിനുനേരെ ഗൗരവമായ ചോദ്യമുയർത്തുന്ന അതിപ്രധാനമായ ലോക‌്സഭാ തെരഞ്ഞെടുപ്പിന് നാട് തയ്യാറാകുന്ന ഘട്ടത്തിലാണ് ഇത്തവണ സഖാവിന്റെ സ്മരണ പുതുക്കുന്നത്. സിപിഐ എം സംസ്ഥാന അംഗമായിരിക്കെ 1985 ഫെബ്രുവരി 17 നുണ്ടായ ഒരു വാഹനാപകടമാണ‌് അദ്ദേഹത്തിന്റെ ജീവൻ കവർന്നത്.

ഒരു സാധാരണ മനുഷ്യൻ ഒരു അസാധാരണ നേതാവായി വളർന്നതിന്റെ ജീവിതകഥയാണ് എൻ എസ്. സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ഒരു പ്രക്ഷോഭകാരിയെന്ന നിലയ്ക്ക് അനുഭവിയ്ക്കാത്ത യാതനകളും വേദനകളും ചെയ്യാത്ത സാഹസികതകളുമില്ല. നിരവധിതവണ ജയിൽ ജീവിതം, ഒളിവ് ജീവിതം, നിരാഹാരസമരം–- ഇങ്ങനെ സുഖദുഃഖങ്ങളും സുഖസൗകര്യങ്ങളും നോക്കാതെ ജനസേവനത്തിൽ സ്വജീവിതം അർപ്പിച്ചു.
ഒരുതവണ കായംകുളത്തെ പൊലീസ് ലോക്കപ്പിൽ ക്രൂരമർദനത്തിന് വിധേയനായപ്പോൾ, അതിന് നേതൃത്വം നൽകിയ സബ് ഇൻസ്പെക്ടർ മർദനോപകരണത്തിന് നൽകിയ പേര് “ശങ്കരൻ കുഴവി’ എന്നായിരുന്നു. ചുവപ്പ് തുണിയിൽ പൊതിഞ്ഞ പാറകൊണ്ട് മുതുകിൽ ഇടിച്ച് ആളെ വീഴ്ത്തും. അത്തരം പൊലീസ് ക്രൂരതകൾക്ക് സഖാവിന്റെ മനോവീര്യം തകർക്കാൻ കഴിഞ്ഞില്ല. എന്നും ജനങ്ങളോടൊപ്പം നിൽക്കുകയും അവർക്കായി പോരാടുകയും ചെയ്തു. അതിലൂടെയാണ് എൻ ശ്രീധരൻ, നാട് അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്ത എൻ എസായി മാറിയത്.

കമ്യൂണിസ്റ്റുകാർ നടത്തിയ പോരാട്ടങ്ങളും അവരുടെ നേതൃത്വത്തിലുള്ള ഭരണങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളും പരിഷ്കാരങ്ങളും കേരള സമൂഹത്തെ വലിയ തോതിലാണ് മുന്നോട്ടുകൊണ്ടുപോയത്. എൻ എസിനുകൂടി നേതൃപങ്കാളിത്തമുണ്ടായിരുന്ന ശൂരനാട് കലാപത്തിന്റെ ഫലമെന്തെന്ന് ഓർക്കുക. കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് കമ്യൂണിസ്റ്റ് പാർടി അംഗമായും പിന്നീട് സെക്രട്ടറിയായും എൻ എസ് പ്രവർത്തിച്ച പാർടിയുടെ കായംകുളം ഡിവിഷൻ കമ്മിറ്റിയുടെ പരിധിയിലുള്ള പ്രദേശമാണ് ശൂരനാട്. അവിടെ 1949 ഡിസംബറിൽ ഒരു സബ് ഇൻസ്പെക്ടറും നാല് പൊലീസുകാരും മരിക്കാനിടയായ കലാപമുണ്ടായി. അനേകം സഖാക്കളേയും തൊഴിലാളികളേയും പൊലീസ് കശാപ്പ് ചെയ്തു. കമ്യൂണിസ്റ്റ് പാർടിയേയും അറുപതിലേറെ സംഘടനകളേയും നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. കൊലപാതകവും ഗൂഢാലോചന കുറ്റവും ആരോപിച്ച് പാർടി നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു.
തെന്നല ജന്മികുടുംബത്തിനും ജന്മിത്വത്തിന്റെ തിന്മകൾക്കുമെതിരെയുള്ള കർഷകത്തൊഴിലാളികളുടെയും ജനങ്ങളുടെയും ഉയിർത്തെഴുന്നേൽപ്പിനെ തടയാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണകൂട അടിച്ചമർത്തലിനും കൂലിപ്പടയുടെ റൗഡിസത്തിനും കഴിഞ്ഞില്ല.

ശൂരനാട് സംഭവത്തിനുമുമ്പ് തെന്നലയിലെ തൊഴിലിടത്തെ ദൃശ്യം ഇങ്ങനെയായിരുന്നു. പാടത്ത് നിലംപൂട്ടിയ പൂത്തൻകാളയ്ക്ക് വേഗംകൂടിയപ്പോൾ വടിക്കടിച്ചു. അപ്പോൾ ജന്മി, അടികൊണ്ട കാളയെ നുകത്തിൽനിന്ന് അഴിച്ചുമാറ്റിച്ചു. എന്നിട്ട് കാളയെ അടിച്ച കർഷകത്തൊഴിലാളിയെ, കാളയ്ക്ക് പകരം നുകത്തിൽ കെട്ടി നിലം ഉഴുവിച്ചു. ഇത്തരം കാട്ടാളത്തത്തിന് അറുതിവരുത്താനുള്ള കുതറിത്തെറിയ്ക്കലായിരുന്നു ശൂരനാട് കലാപം. ശൂരനാട് ചുവന്നശേഷം ഒരു തൊഴിലാളിയേയും നുകത്തിൽ കെട്ടാൻ ഒരു ജന്മിയ്ക്കും കേരളത്തിൽ ധൈര്യം വന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേതാക്കളും നാടിന് എന്ത് ചെയ്തൂവെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എൻ എസിനെ പോലുള്ളവർ താണ്ടിയ സമരജീവിതപാത.

1940 കളുടെ മധ്യത്തിൽ കമ്യൂണിസ്റ്റ് പാർടി സെൽ സെക്രട്ടറിയായ സഖാവ് മധ്യ തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിൽ പ്രമുഖ പങ്ക് വഹിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി, 1958 ൽ ആലപ്പുഴ ഡിസിയുടെ ആക്ടിങ‌് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം രൂപീകരണത്തിനുശേഷം ആലപ്പുഴയിലും കൊല്ലത്തും ജില്ലാ സെക്രട്ടറിയായി. മധ്യ തിരുവിതാംകൂറിലെ നാട്ടിൻപുറത്തെ കേവുവള്ളക്കാരനായ അച്ഛന്റെ സഹായിയായി പോയപ്പോഴാണ് ആലപ്പുഴയിലും സ്വന്തം നാടായ വള്ളിക്കാവിലും വിപ്ലവകാരികളുമായി ബന്ധം സ്ഥാപിച്ചത്.

നാവിക തൊഴിലാളി, ബീഡി തൊഴിലാളി എന്നിങ്ങനെ പ്രവർത്തിക്കുന്നതിനിടെ ‘ദിവാൻ ഭരണം അറബിക്കടലിൽ’ എന്നെഴുതിയ ബോർഡ് വള്ളിക്കാവിൽ ബീഡി കടയ്ക്ക് മുന്നിൽ വച്ചു. പൊലീസിനേയും രാജഭരണത്തേയും വെല്ലുവിളിച്ചാണ് പൊതുരംഗത്ത് സജീവമായത്. തുടർന്ന്, ദീർഘകാലം ഒളിവിൽ കഴിഞ്ഞു. ഈ ഘട്ടത്തിൽ നാവികത്തൊഴിലാളി സംഘടനയെ കെഎസ്‌പിയുടെ പിടിയിൽനിന്ന‌് കമ്യൂണിസ്റ്റ് പാർടിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതിന് എൻ എസ് ചുക്കാൻ പിടിച്ചു. ഈ വേളയിൽ സാമൂഹ്യ പരിഷ്കർത്താവും ധീവരസഭാ നേതാവുമായിരുന്ന വേലുക്കുട്ടി അരയൻ എൻ എസിനോട് സഹകരിച്ചു. സ്വാതന്ത്ര്യസമരകാലത്തും തുടർന്നും പ്രക്ഷോഭങ്ങൾക്കും ഒളിവ് ജീവിതത്തിനും, അതിസമർഥമായ സംഘടനാ പ്രവർത്തനത്തിനും നേതൃത്വം നൽകിയ എൻ എസിന്റെ ഉറ്റ സഖാക്കളായിരുന്നു ശങ്കരനാരായണൻ തമ്പി, തോപ്പിൽ ഭാസി, ജി കാർത്തികേയൻ തുടങ്ങിയവരെല്ലാം. സദാ പുകയുന്ന അടുപ്പുള്ള അടുക്കളയുടെ തട്ടിൽ ഇരുപത്തിനാല് മണിക്കൂർ പുക തിന്ന് ഒളിവിൽ കഴിഞ്ഞതടക്കമുള്ള അനുഭവങ്ങൾ എൻ എസിനും തോപ്പിൽ ഭാസിയ്ക്കുമുണ്ട്. ഇത്തരം സഹനങ്ങളിലൂടെ ഊട്ടിയുറപ്പിച്ചതായിരുന്നു അവരുടെയെല്ലാം ബന്ധം.

പാർടിയുടെ നേതൃപദവിയിൽ ദീർഘകാലം പ്രവർത്തിച്ചെങ്കിലും പാർലമെന്ററി പ്രവർത്തനത്തിൽനിന്ന് മാറിനിന്നു. എംഎൽഎയോ എംപിയോ ആകുന്നതാണ് രാഷ്ട്രീയപ്രവർത്തനത്തിലെ പരമപ്രധാനമായ കാര്യമെന്ന തെറ്റായ ചിന്തയുണ്ടായില്ല. എന്നാൽ, തന്റെ പാർടിയ്ക്കും പാർടി നേതൃത്വംനൽകുന്ന മുന്നണിയ്ക്കും നിയമസഭയിലും ലോക‌്സഭയിലും നല്ല പ്രാതിനിധ്യം കിട്ടുന്നതിനുവേണ്ടി തെരഞ്ഞെടുപ്പിനെ ജീവൻമരണ പോരാട്ടമാക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. സിപിഐ എം കൊല്ലം ജില്ലയിൽ സംഘടനാപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തിലാണ് എൻ എസിനെ ജില്ലാ സെക്രട്ടറിയായി നിയോഗിച്ചത്. പാർടിയെ സംഘടനാപരമായി മാത്രമല്ല, ബഹുജന സ്വാധീനം വർധിപ്പിക്കുന്നതിലും കരുത്തുറ്റ ശക്തിയാക്കാനും എൻ എസിന്റെ നേതൃത്വം ഉപകരിച്ചു. ഇതിന്റെയെല്ലാം ഫലമായിട്ടുകൂടിയാണ് 1980 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കൊല്ലം ജില്ലയിൽ വൻവിജയം നേടാനായത്.

പാർടി സംസ്ഥാന സെക്രട്ടറിയറ്റംഗമെന്ന നിലയിൽ 1984 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതലയാണ് സഖാവ് നിർവഹിച്ചത്. എസ്എഫ്ഐ നേതാവായിരുന്ന കെ സുരേഷ് കുറുപ്പിനെ സ്ഥാനാർഥിയായി മത്സരിപ്പിച്ച അന്ന് സിപിഐ എമ്മിന്‌ വിജയം ആരും പ്രവചിച്ചിരുന്നില്ല.

എന്നാൽ, സംഘടനാമികവും മികച്ച പ്രചാരണതന്ത്രങ്ങളും വീട് കയറിയുള്ള ആശയ വിനിമയവുമൊക്കെ വിജയത്തിന് ഘടകങ്ങളായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് യുവാക്കളേയും വിദ്യാർഥികളേയും അണിനിരത്തി ചിട്ടയായ സംഘടനാ പ്രവർത്തനം നടത്തി. വർഗീയതയെ തോൽപ്പിക്കാൻ നടത്തിയ ക്യാമ്പയിനും പ്രധാനമായിരുന്നു.

1982–-83 ലെ നിലയ്ക്കൽപ്രശ്നത്തെ ഹിന്ദുത്വ വർഗ്ഗീയ ശക്തികൾ വലിയതോതിൽ വർഗീയ തീക്കാറ്റ് ആക്കിയിരുന്നു. അത് ചേരിതിരിഞ്ഞുള്ള വർഗീയ കുഴപ്പത്തിലേക്ക് കേരളത്തെ ആഴ്ത്താനുള്ള വിപൽക്കരമായ അവസ്ഥയിലെത്തിച്ചിരുന്നു. എന്നാൽ, ഉറച്ച മതനിരപേക്ഷ നിലപാട് എൽഡിഎഫ് സ്വീകരിച്ചു. അത് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കപ്പെട്ടു. അതിന്റെകൂടി ഫലമായാണ് 1984 ൽ കോട്ടയം ലോക‌്സഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ കൊടി പാറിയത്.

ഇത്തരം വിജയം കേരളത്തിൽ പൊതുവിൽ ആവർത്തിക്കുന്നതാകും ഇത്തവണത്തെ ലോക‌്സഭാ തെരഞ്ഞെടുപ്പ്. ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത് സ്ത്രീ–-പുരുഷ സമത്വത്തിന്റെയും മതനിരപേക്ഷതയുടെയും അചഞ്ചലമായ നിലപാടാണ്. അതിനുള്ള അംഗീകാരം പ്രബുദ്ധ കേരളജനത എൽഡിഎഫിന് നൽകും. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കി മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിനുള്ള പ്രധാന ഉപാധി കേരളത്തിൽനിന്ന‌് ലോക‌്സഭയിലേക്ക് എൽഡിഎഫിന് പൂർണവിജയം നൽകുകയെന്നതാണ്.

ഇത്തരം രാഷ്ട്രീയത്തെ തന്മയത്തമായി ജനങ്ങളിലെത്തിക്കാൻ എൻ എസ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രായോഗിക പ്രവർത്തനങ്ങളിൽ കാട്ടിയ കർമകുശലതയും ആശയപരമായ കാര്യങ്ങളിൽ കാട്ടിയ പ്രത്യയശാസ്ത്ര ധീരതയും മാതൃകയാണ്. ആശയപ്രചാരണത്തിൽ കമ്യൂണിസ്റ്റുകാർ കാട്ടേണ്ട ജാഗ്രതയെപ്പറ്റി പരിഗണിക്കുമ്പോൾ, ദേശാഭിമാനി പത്രത്തിന്റെ സർക്കുലേഷൻ വർധിപ്പിക്കുന്നതിനുവേണ്ടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെ എൻ എസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും പാർടിയുടെ കേരളഘടകം ഓർക്കും.

ലോക‌്സഭാ തെരഞ്ഞെടുപ്പ് വിജയത്തിനൊപ്പം എൽഡിഎഫ് സർക്കാരിനെ ശക്തിപ്പെടുത്താനുള്ള കരുതൽ പ്രവർത്തനങ്ങളും ആവശ്യമാണ്. അതിന് എൻ എസ് സ്മരണ കരുത്തുപകരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top