24 February Sunday

എൻ എസ് എന്ന പഠനപാത

കോടിയേരി ബാലകൃഷ്ണൻUpdated: Saturday Feb 17, 2018


കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ മായാത്ത സ്ഥാനം നേടിയ ധീരനേതാക്കളിൽ ഒരാളാണ് സ. എൻ ശ്രീധരൻ. അതുല്യസംഘാടകനായിരുന്ന ആ നേതാവിന്റെ സ്മരണ ഇത്തവണ പുതുക്കുന്നത് സിപിഐ എം 22‐ാം പാർടി കോൺഗ്രസിനുമുന്നോടിയായ സംസ്ഥാന സമ്മേളനം തൃശൂരിൽ ചരിത്രസംഭവമാകാൻ പോകുന്ന പശ്ചാത്തലത്തിലാണ്. സഖാവിനെ നേരിൽ കണ്ടിട്ടില്ലാത്തവരാണ് പാർടി അംഗങ്ങളിൽ നല്ലൊരു പങ്കും. അതിന് കാരണം, 33 വർഷംമുമ്പ് സമരസംഘടനാ പ്രവർത്തനത്തിനുമധ്യേ വാഹനാപകടത്തിൽ സഖാവ് മരിച്ചതിനുശേഷമാണ് നല്ലൊരു വിഭാഗം പാർടിയിലെത്തിയത് എന്നതാണ്.

സ്വന്തം വിശ്വാസത്തെ സ്വജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ വിപ്ലവകാരിയായിരുന്നു അദ്ദേഹം. വിപ്ലവകാരികൾ വീട്ടിൽകിടന്ന് മരിക്കാമെന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ലെന്ന് പറയാറുണ്ടായിരുന്ന സഖാവ്, 1985ൽ യുഡിഎഫ് സർക്കാർ ചിറ്റാറിൽ സൃഷ്ടിച്ച പൊലീസ് ഭീകരാവസ്ഥ മറികടക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകി മടങ്ങുമ്പോൾ വാഹനാപകടത്തിൽ മരിക്കുകയായിരുന്നു. 57‐ാംവയസ്സിലായിരുന്നു അന്ത്യം. അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു.
1940കളുടെ മധ്യത്തിൽ കമ്യൂണിസ്റ്റ് പാർടി സെൽ സെക്രട്ടറി, പിന്നീട് മധ്യതിരുവിതാംകൂറിൽ രൂപീകരിച്ച കായംകുളം ഡിസിയുടെ ആദ്യത്തെ നാല് അംഗങ്ങളിൽ ഒരാൾ. തുടർന്ന് ആ ഡിസിയുടെ സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറി, 1958ൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആക്ടിങ് സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. സിപിഐ എം രൂപീകരണത്തിനുശേഷം ആലപ്പുഴയിലും കൊല്ലത്തും പാർടിയുടെ ജില്ലാ സെക്രട്ടറിയായി. മധ്യതിരുവിതാംകൂറിലെ നാട്ടിൻപുറത്തെ കേവുവള്ളക്കാരനായ അച്ഛന്റെ സഹായിയായി പോയപ്പോഴാണ് ആലപ്പുഴയിലും ജന്മസ്ഥലമായ വള്ളിക്കാവിലും വിപ്ലവകാരികളുമായി ബന്ധം സ്ഥാപിച്ചത്. നാവികത്തൊഴിലാളി, ബീഡിത്തൊഴിലാളി എന്നീ നിലകളിലും ജോലിചെയ്തു. ബീഡിത്തൊഴിലാളികളെ കൂട്ടി ഒരു കടയിട്ടു. അതിനുമുന്നിൽ 'ദിവാൻഭരണം അറബിക്കടലിൽ' എന്ന മുദ്രാവാക്യം എഴുതിവച്ചു. അതിന്റെ ഫലം പൊലീസ് വേട്ടയായിരുന്നു. തുടർന്ന് ദീർഘകാലം ഒളിവിലായി. അതിനിടെ നാവികത്തൊഴിലാളി സംഘടനയെ കെഎസ്പിയുടെ പിടിയിൽനിന്ന് കമ്യൂണിസ്റ്റ് പാർടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് നിർണായക പങ്കുവഹിച്ചു.

സ്വാതന്ത്ര്യപൂർവകാലത്ത് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പ്രക്ഷോഭകാരിയെന്ന നിലയ്ക്ക് അനുഭവിക്കാത്ത യാതനകളും വേദനകളും ചെയ്യാത്ത സാഹസികതകളുമില്ല. നിരവധിതവണ ജയിൽജീവിതം, ഒളിവുജീവിതം, നിരാഹാരസമരങ്ങൾ‐ ഇങ്ങനെ സുഖദുഃഖങ്ങളും സൗകര്യങ്ങളും നോക്കാതെ ജനസേവനത്തിൽ ജീവിതം അർപ്പിച്ചു. അതിലൂടെയാണ് എൻ ശ്രീധരൻ നാട് അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്ത എൻ എസായി മാറിയത്. കമ്യൂണിസ്റ്റുകാർ കേരളത്തിന് എന്തുചെയ്തുവെന്ന ചോദ്യം നിഷേധാത്മകമായി പലരും ഉയർത്തുന്നു. പക്ഷേ, എൻ എസ് അടക്കമുള്ളവരുടെ ചരിത്രം മനസ്സിലാക്കിയാൽ, സാമൂഹ്യനീതിക്കും മാനവികതയ്ക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം നൽകിയ മഹത്തായ സംഭാവന ആർക്കും നിഷേധിക്കാൻ കഴിയാതെവരും. കമ്യൂണിസ്റ്റുകാർ നടത്തിയ സമരവും അവരുടെ നേതൃത്വത്തിലുള്ള സർക്കാരുകളുടെ നടപടികളും കേരളത്തിന്റെ സാമൂഹ്യമാറ്റത്തിൽ വഹിച്ച പങ്ക് വലുതാണ്. ഈ മാറ്റത്തിനുപിന്നിൽ കമ്യൂണിസ്റ്റുകാരുടെ ചോരയും ജീവനും ത്യാഗവുമുണ്ട്. 1948‐49ലെ കമ്യൂണിസ്റ്റ് പാർടിയുടെ നിരോധിത കാലഘട്ടത്തിൽ, എന്ത് ബുദ്ധിമുട്ട് നേരിട്ടാലും ഒളിവിൽ കഴിയുകയെന്നതായിരുന്നു പാർടിയുടെ നിർദേശം. അത് അക്ഷരംപ്രതി അനുസരിച്ച് ഒളിവിൽ കഴിഞ്ഞ സഖാവിന് സദാ പുകയുന്ന അടുപ്പുള്ള അടുക്കളയുടെ തട്ടിൻപുറത്ത് 18 മണിക്കൂർ ശ്വാസംമുട്ടി കഴിയേണ്ടിവന്നിട്ടുണ്ട്. അന്ന് പാർടിയുടെ കായംകുളം ഡിവിഷൻ കമ്മിറ്റിയുടെ ചുമതലക്കാരനായിരുന്നു. ഈ ഘട്ടത്തിലാണ് ശൂരനാട് കലാപം.

ശൂരനാട്ടെ തെന്നല ജന്മികുടുംബം കാളയ്ക്കുപകരം കർഷകത്തൊഴിലാളിയെ നുകത്തിൽകെട്ടി നിലമുഴുതിച്ച ക്രൂരതവരെ ചെയ്തു. പെൺകുട്ടികളെ മാനഭംഗപ്പെടുത്തുമായിരുന്നു. ഇതിനെല്ലാം പൊലീസിന്റെ കൂട്ടും. ഇതിനെല്ലാം എതിരായ സടകുടഞ്ഞെഴുന്നേൽക്കലായിരുന്നു ശൂരനാട് കലാപം. 1949 ഡിസംബറിൽ ഒരു ഇൻസ്പെക്ടറും നാല് പൊലീസുകാരും മരിക്കാനിടയായ ശൂരനാട് സംഭവം ഉണ്ടായി. തുടർന്ന് അനേകം സഖാക്കളെയും തൊഴിലാളികളെയും പൊലീസ് കശാപ്പുചെയ്തു. കമ്യൂണിസ്റ്റ് പാർടിയെയും അറുപതിലേറെ സംഘടനകളെയും നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. പക്ഷേ, ശൂരനാട് കലാപത്തിനുശേഷം ഒരു തൊഴിലാളിയെയും നുകത്തിൽകെട്ടാൻ ഒരു ജന്മിക്കും കേരളത്തിൽ ധൈര്യം വന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനം നാടിനെന്ത് നൽകിയെന്ന ചോദ്യത്തിനുള്ള വസ്തുനിഷ്ഠമായ ഉത്തരമാണിത്.

ഈ ലേഖകൻ വിദ്യാർഥിസംഘടനാ നേതാവായിരിക്കുമ്പോഴാണ് എൻ എസിനെ കണ്ടതും അടുത്ത് ഇടപെടുന്നതും. അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ നിരവധിയുണ്ട്. കൊല്ലത്തെത്തുമ്പോൾ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം, ഞാനടക്കമുള്ള വിദ്യാർഥിസംഘടനാ നേതാക്കളോട് കാണിച്ച അടുപ്പവും സ്നേഹവും തികച്ചും സവിശേഷതയുള്ളതായിരുന്നു. ഓരോ വിഷയത്തിലും ഇടപെടുന്നതിലെ സമചിത്തതയും സംഘടനാമികവും മാതൃകാപരമായിരുന്നു. പരിചയപ്പെടുന്നവരെയെല്ലാം വളരെ വേഗം ഒരു കുടുംബാംഗമാക്കി മാറ്റാനും അതുവഴി പരസ്പരമുള്ള ബന്ധത്തിൽ ഊഷ്മളത സൃഷ്ടിക്കാനും കഴിയുന്ന ഒരു അനന്യസാധാരണമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.

എസ്എഫ്ഐ കാലത്തിനുശേഷം ഞാൻ കണ്ണൂർ ജില്ലയിൽ പാർടിയുടെ മുഴുവൻസമയ പ്രവർത്തകനായി ഏരിയതലത്തിൽ പ്രവർത്തിക്കുന്ന ഘട്ടത്തിൽ, പാർടിയുടെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്ന നിലയിൽ എൻ എസ് അവിടെയെത്തി, പാർടി കമ്മിറ്റികളുടെയും പ്രവർത്തകരുടെയും യോഗങ്ങളിൽ പങ്കെടുത്ത് നടത്തിയ കർമോജ്വലമായ പ്രവർത്തനരീതി ഇന്നും ഓർമയിലുണ്ട്. 'ദേശാഭിമാനി'യുടെ സർക്കുലേഷൻ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയും അത് നേടിയെടുക്കേണ്ടതിന്റെ രീതിയെയും പറ്റിയുള്ള എൻ എസിന്റെ വിശദീകരണം വ്യത്യസ്തതയുള്ളതായിരുന്നു. അതേത്തുടർന്ന് സർവരും സ്വമേധയാ അതൊരു അടിയന്തരപ്രവർത്ത നമായി ഏറ്റെടുത്തു.

ഇപ്രകാരം പ്രവത്തകരെ ഊർജസ്വലമാക്കാനുള്ള ഒരു കാന്തികശക്തി എൻ എസിന്റെ സംഘടനാപ്രവർത്തനത്തിൽ ഉൾച്ചേർന്നിരുന്നുവെന്ന് എനിക്ക് നേരിട്ട് ബോധ്യമായിട്ടുണ്ട്. 'ദേശാഭിമാനി'യുടെ സർക്കുലേഷൻ നല്ലതോതിൽ ആദ്യമായി വർധിച്ചത് അന്നത്തെ ക്യാമ്പയിനിലൂടെയാണ്. ആ പാതയിലൂടെ മുന്നേറിയാണ് 'ദേശാഭിമാനി'യുടെ പ്രചാരം വലിയതോതിൽ വർധിപ്പിക്കാൻ നമ്മുടെ പ്രസ്ഥാനത്തിന് പിന്നീട് കഴിഞ്ഞത്. പ്രചാരത്തിൽ മൂന്നാംസ്ഥാനത്താണെങ്കിലും വരിക്കാരുടെ എണ്ണത്തിലും വായനക്കാരുടെ എണ്ണത്തിലും ലക്ഷങ്ങളുടെ വർധന ഇന്ന് സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. പ്രചാരത്തിൽ കേരളത്തിലെ ഒന്നാമത്തെ പത്രമാകുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള സന്ദേശമാണ് എൻ എസ് സ്മരണ നൽകുന്നത്.

പാർടിയിൽ അച്ചടക്കത്തിനുവേണ്ടിയും വിഭാഗീയതയ്ക്കെതിരായും കർശന നിലപാട് സ്വീകരിച്ച നേതാവായിരുന്നു എൻ എസ്. വിഭാഗീയതയുടെ വിപത്ത് പാർടിയിൽ പൊതുവിൽ ഇല്ലാതാക്കാൻ കഴിഞ്ഞതിന്റെ അഭിമാനം കേരള പാർടിക്ക് ഇന്നുണ്ട്. വിഭാഗീയതയുടെ കെടുതി പാർടിയെ ഒരു ഘട്ടത്തിൽ വല്ലാതെ ഉലയ്ക്കുകയും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തുവെന്നത് മറക്കാൻ കഴിയില്ല. അതിനെയെല്ലാം അതിജീവിച്ച് പാർടി കൂടുതൽ ശക്തിപ്പെടുകയും പാർടിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരികയും ചെയ്തു.

ഒരു വർഷവും ഒമ്പതുമാസവുമാകുന്ന പിണറായി വിജയൻ സർക്കാർ കേരളജനതയ്ക്കുമാത്രമല്ല, ഇന്ത്യക്കാകെ പ്രതീക്ഷ നൽകുന്ന ഭരണമായി. ഇത് നവലിബറൽ നയവും ഹിന്ദുത്വ വർഗീയതയും വളർത്തുന്ന ബിജെപിയുടെ കേന്ദ്രഭരണത്തിനെതിരായി പൊരുതുന്ന ജനവിഭാഗങ്ങളുടെ കൈയിലെ കരുത്തുറ്റ ആയുധമാണ്. രാഷ്ട്രീയമായി മുന്നേറാൻ ബദൽനയങ്ങളെ അടിസ്ഥാനമാക്കി ജനങ്ങളെ അണിനിരത്തുകയാണ് ആവശ്യം. നവലിബറൽ നയവും തരാതരംപോലെ മൃദുഹിന്ദുത്വവും സ്വീകരിച്ചിരിക്കുന്ന കോൺഗ്രസ് ജനങ്ങൾക്ക് വിശ്വസ്തതയോടെ സ്വീകരിക്കാനാകുന്ന രാഷ്ട്രീയപ്രസ്ഥാനമല്ല.

സിപിഐ എമ്മിനെ കേരളത്തിലെ ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമാക്കാനും എൽഡിഎഫിനെ ശക്തിപ്പെടുത്താനും സംസ്ഥാന സർക്കാരിനെ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്തോടെ ഇടപെടാൻ എൻ എസ് സ്മരണ നമുക്ക് പ്രചോദനമാകും

പ്രധാന വാർത്തകൾ
 Top