10 August Monday

ജനവിരുദ്ധതയുടെ ആവർത്തനം

ജോർജ്‌ ജോസഫ്‌Updated: Tuesday Jun 16, 2020

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധതയ്‌ക്കും ചൂഷണത്തിനും കോവിഡ് കാലത്തും തെല്ല് ഇളവില്ല. എന്നാൽ, കോവിഡ് പാക്കേജിന്റെ ഭാഗമായി ജനങ്ങൾക്ക് എന്തൊക്കയോ വാരിക്കോരി നൽകുന്നു എന്ന് മേനിനടിക്കുന്നതിൽമാത്രം ഒരു കുറവുമില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ഒന്നര ദശാബ്ധത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തിയിട്ടും പെട്രോൾ, ഡീസൽ വില നിത്യേന ഉയർത്തുകയാണ് എണ്ണവിതരണ കമ്പനികൾ. ജനജീവിതം അത്യന്തം ദുഷ്കരമായിരിക്കുന്ന ഒരു സാഹചര്യത്തിൽ വില ഉയർത്താതിരിക്കാനുള്ള വകതിരിവ് കാണിക്കണമെന്ന് കമ്പനികളോട് നിർദേശിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ജനങ്ങൾക്ക് നേരിട്ട് പണം എത്തിക്കുന്നതിന് മനസ്സില്ലാമനസ്സോടെയാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് കേന്ദ്രത്തിന്റെ നാട്യം.

ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് ഒരു ട്വീറ്റിൽ വ്യക്തമാക്കിയ കണക്കുകൾ ഇങ്ങനെയാണ്: കോവിഡ് പാക്കേജിന്റെ ഭാഗമായി ജൻധൻ, ആധാർ, മൊബൈൽ (ജാം) അധിഷ്ഠിതമായ നേരിട്ടുള്ള പണം കൈമാറ്റംവഴി 31 .77 കോടി ആളുകൾക്ക് 28,256 കോടി രൂപ നൽകിയെന്നാണ്. എന്നാൽ, മാർച്ചിൽ പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് തീരുവ മൂന്നുരൂപ ഉയർത്തിയതുവഴിമാത്രം സമാഹരിച്ചത് 39,000 കോടി രൂപയാണ്. ഇന്ധനങ്ങളുടെ വില 35–-40 ശതമാനംവരെ താഴ്‌ത്താവുന്ന ഒരു സാഹചര്യത്തിൽ അത് നിഷേധിച്ചുകൊണ്ട് "നക്കാപ്പിച്ച കാശ്' നൽകിയതിന്റെ പേരിൽ ഊറ്റംകൊള്ളുന്ന മോഡി സർക്കാർ ഈ കെട്ടകാലത്തിലും  ജനവിരുദ്ധത കൃത്യമായി പ്രകടമാക്കുന്നുണ്ട്.


 

2014ൽ മോഡി  അധികാരത്തിൽ വരുമ്പോൾ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 9.48 രൂപയും ഡീസലിന്റേത് 3.56 രൂപയുമായിരുന്നു. ഇന്നത് യഥാക്രമം 22.98 രൂപയും 18.83 രൂപയുമാണ്. ഡോളർ കണക്കിൽ പരിശോധിക്കുമ്പോൾ രാജ്യാന്തര മാർക്കറ്റിൽ നിലവിൽ ക്രൂഡോയിലിന്റെ വില 2004 ജൂലൈയിലേതിന് തുല്യമാണ്. അന്ന് ഇന്ത്യൻ മാർക്കറ്റിൽ ഒരു ലിറ്റർ പെട്രോളിന് 35.71 രൂപയും ഡീസലിന് 22.74 രൂപയുമായിരുന്നു വില. എൽപിജി സിലിണ്ടറിന്റെ വില 281.60 രൂപയുമായിരുന്നു. അതേ നിലവാരത്തിലേക്ക് ക്രൂഡ് വില താഴ്‌ന്നപ്പോഴും കേന്ദ്രം ജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ്‌ എന്നതിന് വേറെ എന്തെങ്കിലും തെളിവ് നിരത്തണോ ? എന്ത് വിഡ്ഢിത്തവും വിളമ്പാൻ കഴിയുന്ന കേന്ദ്ര മന്ത്രിമാർക്ക് മാത്രമാണ് പുതിയ പെട്രോൾ, ഡീസൽ വിലനിർണയ സിദ്ധാന്തം വഴങ്ങുകയുള്ളു. പത്ത് തവണയായി എക്‌സൈസ് തീരുവ ഇനത്തിൽമാത്രം രണ്ടുലക്ഷം കോടിയോളം പിഴിഞ്ഞെടുത്ത ഒരു സർക്കാരാണ് കർഷകർക്കടക്കം നേരിട്ടുള്ള മണി ട്രാൻസ്ഫർവഴി നൽകിയ 56,000 കോടി രൂപയെക്കുറിച്ച് ഊറ്റംകൊള്ളുന്നത്. 20 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജിന്റെ മറവിൽ തീവ്രമായ സ്വകാര്യവൽക്കരണത്തിന്റെ എല്ലാ സാധ്യതകളും സമർഥമായി നടപ്പാക്കിയ സർക്കാർ പാക്കേജിന്റെ ഭാഗമായി രണ്ടുലക്ഷം കോടി രൂപപോലും കൈയിൽനിന്ന് ചെലവാക്കുന്നില്ല എന്നോർക്കണം.

കർഷകർക്ക് പുല്ലുവില, വ്യവസായികൾക്ക് പൊന്നുംവില
കോവിഡ് വ്യാപനത്തിന് ഏറെ മുമ്പേതന്നെ രാജ്യത്തെ കാർഷികമേഖല വൻ തകർച്ചയിലേക്ക് വീണിരുന്നു. എന്നാൽ, അത് ശ്രദ്ധേയമായ ഒരു വാർത്തപോലും അല്ലാതായി മാറിയിരിക്കുന്നു ഇന്ന്. കോവിഡിന്റെ പശ്ചാത്തലത്തിലും കാർഷികമേഖലയ്‌ക്ക് ഉത്തേജനം നൽകുന്ന ഒരു പ്രഖ്യാപനവും നടത്താതിരുന്ന സർക്കാർ പക്ഷേ വൻകിട വ്യവസായമേഖലയുടെ പ്രശ്നങ്ങൾക്ക് ഞൊടിയിടയിലാണ് പരിഹാരം കാണുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് വൻകിട ടയർ വ്യവസായമേഖലയെ പ്രതിസന്ധിയിൽനിന്ന് കരകയറ്റുന്നതിന് ടയർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഫ്രീ ഇമ്പോർട്ട് ലിസ്റ്റിൽ ആയിരുന്ന ടയറിനെ ഇപ്പോൾ നിയന്ത്രിത ഇറക്കുമതി ഉൽപ്പന്നങ്ങളുടെ പട്ടികയിൽപെടുത്തിയിരിക്കുന്നു. റേഡിയൽ, ട്യൂബ്‍ലെസ് ടയറുകളെയും അവശ്യസാധനങ്ങൾ എന്ന പരിഗണന നൽകി നിയന്ത്രിത ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിലകുറഞ്ഞ ടയർ ഇന്ത്യൻ വിപണി കൈയടക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇറക്കുമതി തീരുവ ഉയർത്തി ഫർണിച്ചർ വ്യവസായത്തെ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാർ തയ്യാറായിട്ടുണ്ട്.


 

ഈ നടപടികൾ വേണ്ടത് തന്നെയെന്നതിൽ അഭിപ്രായഭേദമില്ല. പക്ഷേ, ഇതേ ആവശ്യം വലിയ തകർച്ചയെ നേരിടുന്ന കാർഷികമേഖല ഉന്നയിക്കുമ്പോൾ ചെറുവിരൽപോലും അനക്കാതിരിക്കുകയും വ്യവസായ ലോബിയുടെ കാര്യത്തിൽ തീരുമാനം ശരവേഗത്തിൽ ഉണ്ടാകുന്നതുമാണ് വിമർശനത്തിനിടയാക്കുന്നത്. ടയർതന്നെ ഉദാഹരണമായി എടുക്കാം. ടയർ വ്യവസായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവാണ് റബർ. എന്നാൽ, വർഷങ്ങളായി ഇന്ത്യയിലെ റബർ മാർക്കറ്റ് വൻ തകർച്ചയെ നേരിട്ടുവരികയാണ്. തുടർച്ചയായ വിലയിടിവ്മൂലം റബർകൃഷി ഇന്ത്യയിൽ അന്യംനിന്നുപോകുന്ന അവസ്ഥയിലുമാണ്. ടയർ വ്യവസായത്തിന്റെ കാര്യത്തിൽ എന്നപോലെ അനിയന്ത്രിതമായ ഇറക്കുമതിയാണ് റബറിനും വില്ലനായത്. കഴിഞ്ഞ 14 വർഷത്തിനിടയിൽ ഇന്ത്യയിലെ റബർകൃഷി മേഖലയിൽ സംഭവിച്ചത് എന്താണെന്ന് ചെറുതായി പരിശോധിക്കാം. റബർ ബോർഡിന്റെ കണക്കുകൾ പ്രകാരം 2005–-06 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ റബർ ഉൽപ്പാദനം 8,02,625 ടണ്ണാണ്. എന്നാൽ, 2018–-19 വർഷത്തിൽ അത് 6,51,000 ( പ്രൊവിഷണൽ) ടണ്ണിലേക്ക് താഴ്‌ന്നിരിക്കുന്നു. പ്രതിശീർഷ ശരാശരി ഉൽപ്പാദനം ഒരു ഹെക്ടറിന് 1796 കിലോഗ്രാമായിരുന്നത് 1453 കിലോഗ്രാമായും കുറഞ്ഞു. വലിയതോതിൽ വിലയിടിഞ്ഞതുമൂലം കർഷകർ ഈ രംഗത്തുനിന്ന്‌ പിൻവാങ്ങുന്നതാണ് ഇതിന്‌ ഒരു മുഖ്യകാരണം. അപ്പോൾ ടയറിന്റെ കാര്യത്തിലും റബറിന്റെ കാര്യത്തിലും ഇറക്കുമതിതന്നെയാണ് പ്രധാന വില്ലൻ. അതുകൊണ്ട് റബർ ഇറക്കുമതി നിയന്ത്രിക്കണമെന്ന് ചെറുകിട - ഇടത്തരം കർഷകരും വൻകിട പ്ലാന്റർമാരുടെ സംഘടനയായ യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യയും (ഉപാസി) ഒരുപോലെ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. ഈ കോവിഡ് കാലത്തും ഇവർ ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നു. പക്ഷേ, ടയർ വ്യവസായികളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ (ആത്മ) ഉന്നയിച്ച ആവശ്യം അംഗീകരിക്കുമ്പോൾ പത്ത് ലക്ഷത്തിൽപ്പരം വരുന്ന റബർ കർഷകരുടെ ആവശ്യത്തിന് പുല്ലുവിലമാത്രം.

2005--‐06 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്തത് 45,285 ടൺ റബറാണ്. എന്നാൽ, 2018–-19 ആയപ്പോൾ അത് 5,82,381 ടണ്ണായി ഉയർന്നു. അതായത് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 90 ശതമാനത്തോളം ഇറക്കുമതിയായി എത്തുന്നുവെന്ന് ചുരുക്കം. ഇത്തരത്തിൽ ഇറക്കുമതി വൻതോതിൽ കൂടാൻ തുടങ്ങിയതോടെയാണ് ഇന്ത്യൻ റബർവിപണി തകരാൻ തുടങ്ങിയത്. എന്നാൽ, കോവിഡ് കാലത്ത് ഉപാസി ഉൾപ്പെടെയുള്ള സംഘടനകൾ റബർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുമ്പോൾ ചെറുവിരൽപോലും അനക്കാത്ത കേന്ദ്ര സർക്കാർ, വ്യവസായമേഖലയുടെ കാര്യം വരുമ്പോൾ മിന്നൽ വേഗത്തിൽ തീരുമാനം എടുക്കുന്നു. കർഷകവിരുദ്ധമായ ഈ ഇരട്ടത്താപ്പാണ് വിമർശിക്കപ്പെടേണ്ടത്. പെട്രോൾ, ഡീസൽ വിലയുടെ കാര്യത്തിലായാലും കർഷകരുടെ പ്രശ്നങ്ങളായാലും ജനവിരുദ്ധതയുടെ, ചൂഷണത്തിന്റെ പാരമ്യമാണ് മോഡി സർക്കാർ. പക്ഷേ, ഇവരുടെ പേരിൽ എന്നും കണ്ണീർ യഥേഷ്ടം പൊഴിക്കുന്നുമുണ്ട്. പ്രവാസികളുടെ കാര്യത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനെപ്പോലെ. കണ്ണീരിൽ ഉൾച്ചേർന്നിരിക്കുന്നത് കാപട്യത്തിന്റെ കൊടിയ വിഷമാണെന്നുമാത്രം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top