23 March Saturday

കേന്ദ്ര ബജറ്റ്: ദരിദ്ര ജനതയെ അവഗണിച്ചു

എളമരം കരീംUpdated: Saturday Feb 16, 2019

2019 ഫെബ്രുവരി ഒന്നിന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പാർലമെന്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് പൂർണ ബജറ്റിന് സമാനമായിരുന്നു. കാലാവധി തീരാൻ ദിവസങ്ങൾ മാത്രമുള്ള ഒരു സർക്കാർ അവതരിപ്പിക്കേണ്ട ഇടക്കാല ബജറ്റിന്റെ സ്വഭാവത്തിൽനിന്ന് മാറി ബിജെപി സർക്കാർ എല്ലാ കാര്യത്തിലും ചെയ്യുന്നതുപോലെ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് നിരക്കാത്തവിധത്തിലാണ് ഇക്കാര്യത്തിലും പെരുമാറിയത്. സുപ്രധാനമായ നയങ്ങളും ഭീമമായ ചെലവു വരുന്ന സാമ്പത്തിക നിർദേശങ്ങളും നികുതിഘടനയിൽ കാതലായ മാറ്റങ്ങളും ഇടക്കാല ബജറ്റിൽ പ്രഖ്യാപിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്കെതിരാണ്.

ഭരണഘടനയിലെ എഴുതപ്പെട്ട അധ്യായങ്ങളെപ്പോലെ തന്നെ പ്രബലമാണ് കീഴ്വഴക്കങ്ങളും ഭരണഘടനാ വകുപ്പുകൾക്കനുസൃതമായി നിലനിൽക്കുന്ന സങ്കൽപ്പങ്ങളും. അതനുസരിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനുള്ള പണം അനുവദിക്കുന്ന "വോട്ട് ഓൺ അക്കൗണ്ടാ' ണ് ഇടക്കാല ബജറ്റ്. 2019 മെയ് 26 വരെ മാത്രമാണ് മോഡി സർക്കാരിന് കാലാവധിയുള്ളത്. പുതിയ സാമ്പത്തിക വർഷം (2019 ‐20)  46 ദിവസം മാത്രമേ മോഡി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമുള്ളൂ. ഈ സാഹചര്യത്തിൽ 365 ദിവസത്തേക്ക് പ്രാബല്യമുള്ള പുതിയ ബജറ്റ് കാലയളവിൽ 319 ദിവസവും ഭരണം നടത്തേണ്ടത് മറ്റൊരു സർക്കാരായതിനാൽ, ഒരു പൂർണ ബജറ്റ് അവതരിപ്പിക്കുന്നത് തികച്ചും അനുചിതമാണ്. വരാൻ പോകുന്ന പുതിയ സർക്കാരിന്റെ കൈകൾക്ക് കൂച്ചുവിലങ്ങിടുന്ന രീതിയാണിത്. ബിജെപി സർക്കാർ പ്രഖ്യാപിച്ച ചില "ജനപ്രിയ' നിർദേശങ്ങൾ തുടരണമെങ്കിൽ അതിനുള്ള വിഭവം കണ്ടെത്തേണ്ടിവരും.

യഥാർഥ സാമ്പത്തികനില സർക്കാർ ജനങ്ങളിൽനിന്ന് മറച്ചുവച്ചു
പീയൂഷ് ഗോയൽ അവതരിപ്പിച്ച ബജറ്റിലെ പല പ്രസ്താവനകളും യാഥാർഥ്യത്തിന് നിരക്കാത്തതാണ്. ധനക്കമ്മി ജിഡിപിയുടെ മൂന്നു ശതമാനമായി കുറച്ചെന്ന അവകാശവാദം ശരിയല്ലാത്തതാണ്. 2018‐19 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ ജിഎസ്ടിയിൽനിന്നുള്ള വരുമാനം ഒരു ലക്ഷം കോടി രൂപ കുറഞ്ഞതിനെക്കുറിച്ച് വിശ്വസനീയമായ ഒരു മറുപടിയും ധനമന്ത്രി പറഞ്ഞില്ല. ഈ സാമ്പത്തിക വർഷം  2018 ‐19  ജിഎസ്ടി വരുമാനവളർച്ച ആറു ശതമാനമാണെന്നിരിക്കെ, 2019 ‐20ൽ അത് 20 ശതമാനം വളരുമെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? അടുത്ത സാമ്പത്തിക വർഷം നിർദേശിച്ച ജിഎസ്ടി വരുമാനവളർച്ച ഉണ്ടായില്ലെങ്കിൽ ബജറ്റ് മുന്നോട്ടുവയ്ക്കുന്ന പദ്ധതികളുടെ ഗതിയെന്താകും?

പൊതുമേഖലാ ഓഹരിവിൽപ്പനയിലൂടെ ലഭിക്കുന്ന പണം സർക്കാരിന്റെ ചെലവുകൾക്ക് ഉപയോഗിക്കുന്ന നയം അനാരോഗ്യകരമായ സാമ്പത്തിക നയമാണ്. പൊതുമേഖലയിലെ ധനം, ആ മേഖലയുടെ വികസനത്തിനായി പുനർനിക്ഷേപം നടത്തുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ, പൊതുമേഖലയുടെ വികസനവും പുതിയ തൊഴിൽ സൃഷ്ടിയും സാധ്യമാകൂ. സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് ഒട്ടും യോജിച്ചതല്ല ബിജെപി സർക്കാരിന്റെ ധന നയമെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് പുതിയ ബജറ്റിന്റെ ഉള്ളടക്കം.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ പുതിയ ബജറ്റ് ശരിയായ നിലയിൽ സമീപിക്കുന്നില്ല. ബജറ്റിനു മുമ്പ് തലേവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല. മോഡി സർക്കാർ അവകാശപ്പെടുന്നവിധത്തിലുള്ള സാമ്പത്തിക വളർച്ച ഉണ്ടായില്ല എന്നതുകൊണ്ടാണ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിക്കാതിരുന്നത്. യഥാർഥ സാമ്പത്തികനില സർക്കാർ ജനങ്ങളിൽനിന്ന് മറച്ചുവച്ചു. തൊഴിലില്ലായ്മ സംബന്ധിച്ച എൻഎസ്എസ്ഒ (നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ) റിപ്പോർട്ട്, സർക്കാർ പ്രസിദ്ധീകരിച്ചില്ല. രാജ്യത്ത് തൊഴിലില്ലായ്മ സർവകാല റെക്കോർഡാണ്. ഓരോ വർഷവും രണ്ടു കോടി വീതം പുതിയ തൊഴിൽ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 2014ൽ മോഡി വോട്ടു പിടിച്ചത്. ഭരണത്തിൽ അത് യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ലെന്ന വസ്തുത മറച്ചുവയ്ക്കാനാണ് സർക്കാർ എൻഎസ്എസ്ഒ റിപ്പോർട്ട് പൂഴ്ത്തിവച്ചത്.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്. ഇത് കഴിഞ്ഞ 45 വർഷക്കാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ 2011 ‐12ൽ 13.6 ശതമാനമായിരുന്നത് 2017 ‐ 18ൽ 27.2 ശതമാനമായി ഉയർന്നു. തൊഴിൽ സൃഷ്ടിക്കാനുതകുന്ന നയമായിരുന്നില്ല മോഡി സർക്കാരിന്റേത് എന്നാണ് എൻഎസ്എസ്ഒ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജിഡിപി വളർച്ച നിരക്കിൽ മാത്രമായിരുന്നു സർക്കാരിന്റെ ഊന്നൽ.

ഈ യാഥാർഥ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഒരു നിർദേശവും കേന്ദ്ര ബജറ്റിലില്ല. 2014 മുതലുള്ള ഭരണത്തിന്റെ പരാജയം മറച്ചുവയ്ക്കുകയെന്ന ലക്ഷ്യത്തോടെ ജനങ്ങളെ കബളിപ്പിക്കുന്ന ഏതാനും പുതിയ "പദ്ധതികൾ' പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്.

രാജ്യത്തിന്റെ സമ്പത്ത് വൻകോർപറേറ്റുകൾ കൊള്ളയടിച്ചു
മോഡി സർക്കാരിന്റെ ആറാമത്തെ ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത്. അഞ്ച് ബജറ്റിലും തൊഴിലാളികളെക്കുറിച്ച് ഒരു പരാമർശം പോലുമുണ്ടായിരുന്നില്ല. ആറാമത്തെ ബജറ്റിൽ തൊഴിലാളികളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നു. തെരഞ്ഞെടുപ്പിൽ അവരുടെ വോട്ട് പ്രധാനമാണല്ലോ? ജനുവരി എട്ടിനും ഒമ്പതിനും നടന്ന ഐതിഹാസികമായ ദേശീയ പണിമുടക്കമാണ്, തൊഴിലാളികളെക്കുറിച്ച് എന്തെങ്കിലും പറയാൻ ബിജെപി സർക്കാർ നിർബന്ധിതമായത്. കഴിഞ്ഞ നാലര വർഷവും കടുത്ത തൊഴിലാളിദ്രോഹ നടപടികളാണ് ഇവർ സ്വീകരിച്ചത്.

സ്ത്രീവികസനത്തിൽനിന്ന് "സ്ത്രീകൾ നയിക്കുന്ന വികസനം' എന്ന തലത്തിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ച സർക്കാർ പാർലമെന്റിലും നിയമസഭകളിലും സ്ത്രീസംവരണമെന്ന ആവശ്യം സംബന്ധിച്ച് ഒരക്ഷരം പറയുന്നില്ല. മഹാഭൂരിപക്ഷം സ്ത്രീകൾ ജോലി ചെയ്യുന്ന തൊഴിലുറപ്പു പദ്ധതിക്ക് തുക വർധിപ്പിച്ചില്ല, കൂലിയും വർധിപ്പിച്ചില്ല. കർഷകത്തൊഴിലാളികളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്താൻ ഒരു നിർദേശവും ബജറ്റിലില്ല. സ്ത്രീകൾ ഭൂരിപക്ഷം വരുന്ന സ്കീം വർക്കേഴ്സിനെ "തൊഴിലാളികൾ' എന്ന നിർവചനത്തിൽ ഉൾപ്പെടുത്തുകയോ, വേതനം ന്യായമായി വർധിപ്പിക്കുകയോ ചെയ്തില്ല.

നോട്ട് നിരോധനം കള്ളപ്പണത്തെ ഇല്ലാതാക്കിയെന്ന ബജറ്റ് പ്രഖ്യാപനം പരിഹാസ്യമാണ്. നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് പരസ്യപ്പെടുത്തിയതിലൂടെ മോഡിയുടെ എല്ലാ അവകാശവാദവും പൊളിഞ്ഞു. വിദേശ ബാങ്കുകളിൽ, ഇന്ത്യൻ സമ്പന്നർ നിക്ഷേപിച്ച കള്ളപ്പണം രാജ്യത്തെത്തിച്ച്, ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന മോഡി വാഗ്ദാനം വിഴുങ്ങി. അതെല്ലാം തെരഞ്ഞെടുപ്പുകാലത്തെ പ്രസംഗങ്ങളായി കണക്കാക്കിയാൽ മതിയെന്നായിരുന്നു ബിജെപി പ്രസിഡന്റ് അമിത്  ഷായുടെ പ്രസംഗം. കള്ളപ്പണക്കാരെ തൊടാൻ മോഡി ഭരണത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ജനങ്ങളിൽ ഭൂരിഭാഗവും ദാരിദ്ര്യത്തിന്റെ അടിത്തട്ടിലേക്ക് തള്ളപ്പെടുമ്പോഴും ശതകോടീശ്വരന്മാരുടെ എണ്ണം പെരുകി. രാജ്യത്തെ സമ്പത്ത് വൻ കോർപറേറ്റുകൾ കൊള്ളയടിച്ചു.

ചുരുക്കത്തിൽ മോഡി ഭരണത്തിൽ നേട്ടമുണ്ടാക്കിയവർ കോർപറേറ്റുകളാണ്. ഭൂരിപക്ഷം ജനങ്ങൾ ദാരിദ്ര്യവും തൊഴിലില്ലായ്മയുംകൊണ്ട് വലഞ്ഞു. പ്രസ്തുത നയത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ളതാണ് മോഡി സർക്കാരിന്റെ പുതിയ ബജറ്റ്.
 


പ്രധാന വാർത്തകൾ
 Top