24 April Wednesday

ചോരയും കണ്ണീരും ഒഴുകുന്ന ജറുസലേം

കെ ജെ തോമസ്‌Updated: Tuesday Jan 16, 2018


ജറുസലേം ഇസ്രയേൽ തലസ്ഥാനമാക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഒരു യുദ്ധം അടിച്ചേൽപ്പിക്കാനുള്ള ത്വരയാണ് വ്യക്തമാക്കുന്നത്. ചിരപുരാതന സംസ്‌കാരങ്ങളുടെ കേന്ദ്രമായിരുന്ന ഇറാഖ്, അഫ്ഗാൻ, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ ഏകപക്ഷീയ ആക്രമണം നടത്തി അവിടെയുള്ള സംസ്‌കാരങ്ങളെ തകർത്ത അമേരിക്ക മറ്റൊരു യുദ്ധത്തിലൂടെ ലോകശ്രദ്ധ വാഷിങ്ടണിലേക്ക് തിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്.

ജോർദാൻ നദിയുടെ ഇരുകരയിലുമുള്ള അതിവിശാല ഭൂപ്രദേശങ്ങളാകെ ഉൾപ്പെടുന്നതായിരുന്നു പലസ്തീൻമേഖല. അതിന്റെ കേന്ദ്രസ്ഥാനമാണ് ലോകത്തിലെ ഏറ്റവും പുരാതന നഗരമായ ജെറുസലേം. ദാവീദാണ് ജറുസലേം പട്ടണം പണികഴിപ്പിച്ചതെന്നാണ് ചരിത്രം. 7000 വർഷത്തെ ചരിത്രമുള്ള മധ്യപൂർവദേശത്തിന്റെ കേന്ദ്രസ്ഥാനമാണിത്. ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങൾക്ക് ഒരുപോലെ വിശുദ്ധമായ നാട്. ബൈബിളിൽ പരാമർശിക്കപ്പെടുന്ന ഇസ്രയേൽ രാജ്യവും ജൂദിയയും ഉൾക്കൊള്ളുന്നതായിരുന്നു പൗരാണിക പലസ്തീൻ.

ആദ്യകാലത്ത് യഹൂദന്മാരും മറ്റു ചില മതവിഭാഗങ്ങളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ക്രിസ്തുവിനുമുമ്പേ ഈ പ്രദേശം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. എഡി ആറാം നൂറ്റാണ്ടിനുശേഷം (മുഹമ്മദ് നബിക്കുശേഷം) മധ്യപൂർവ ദേശമാകെ ഇസ്ലാം മതം പ്രചരിച്ചു. രണ്ടാമത്തെ ഖലീഫയും പരാക്രമശാലിയുമായ ഒമറിന്റെ കാലത്ത് ഈ പ്രദേശമാകെ ഖലീഫ ഭരണത്തിനു കീഴിലായി. ('ഒമർ ദ ജസ്റ്റ്' അഥവാ നീതിമാനായ ഒമർ എന്നാണ് അദ്ദേഹത്തെ ചരിത്രം വിശേഷിപ്പിക്കുന്നത്. നശിപ്പിക്കപ്പെട്ട ദേവാലയങ്ങളിൽ പ്രാർഥിക്കാനുള്ള അവകാശം അതതു മതസ്ഥർക്കു നൽകിയതാണ് അദ്ദേഹത്തെ അപ്രകാരം വിശേഷിപ്പിക്കാൻ കാരണം.) പിന്നീട് 400 വർഷം പഴക്കമുള്ള ഓട്ടോമൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായി ഇവിടം. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ മധ്യപൂർവദേശമാകെ ഇസ്ലാംമതത്തിന്റെ ഭൂരിപക്ഷമേഖലയായി. പലസ്തീനിലും സിറിയയിലും മറ്റും താമസിച്ചിരുന്ന ഒരു ചെറിയ വിഭാഗമൊഴികെയുള്ള യഹൂദന്മാർ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറി. പിന്നീട് അമേരിക്കയിലേക്കും.

ലോകമാകെ ആധിപത്യമുറപ്പിച്ച കാലത്ത് ഓട്ടോമൻ സാമ്രാജ്യത്തെ തകർത്ത് തരിപ്പണമാക്കി മധ്യപൂർവദേശവും ബ്രിട്ടീഷുകാർ കോളനിയാക്കി. ചില ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ഓസ്ട്രിയൻ പത്രപ്രവർത്തകനും വംശീയവാദിയുമായ തിയോഡോർ ഹെർസൽ 1896ൽ സ്വിറ്റ്‌സർലൻഡിലെ ബാസലിൽ ജൂതമതസമ്മേളനം വിളിച്ചുകൂട്ടി. അവിടെ വംശീയതയുടെ ആശയം കുത്തിനിറച്ച ‘ജൂതരാഷ്ട്രം' എന്ന പുസ്തകം പ്രകാശനം ചെയ്തു. ലോകത്തിന്റെ പലഭാഗത്ത് ഛിന്നഭിന്നമായിക്കഴിഞ്ഞിരുന്ന ജൂതന്മാർക്ക് താമസിക്കാനൊരു രാജ്യം വേണമെന്ന പ്രമേയം സമ്മേളനം പാസാക്കി. ധനികന്മാരായ ജൂതബാങ്കർമാർ ഒന്നാം  ലോകയുദ്ധകാലത്ത് അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് എന്നിവരുടെ സഖ്യമായ സഖ്യശക്തികളെ സാമ്പത്തികമായി സഹായിച്ചിരുന്നു.

ഇതിന് പ്രത്യുപകാരമായി ഒന്നാം ലോകയുദ്ധം അവസാനിച്ചപ്പോൾ 1918ൽതന്നെ ജൂതരാഷ്ട്രം എന്ന പരസ്യപ്രഖ്യാപനം നടത്താൻ ബ്രിട്ടനോട് അന്നത്തെ യഹൂദ സംഘടനയുടെ നേതാവായ ഫ്രെഡറിക് വിസ്മാൻ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് വിദേശമന്ത്രിയായ സർ ആർതർ ബാൽഫോഡ് യഹൂദന്മാർക്കുവേണ്ടി പലസ്തീൻ പ്രദേശത്ത് ജൂതരാഷ്ട്രം നൽകുന്നതാണെന്നു പ്രഖ്യാപിച്ചു. ഇതാണ് ബാൽഫോഡ് പ്രഖ്യാപനമായി ചരിത്രരേഖകളിൽ സ്ഥാനം പിടിച്ചത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനു യഹൂദകുടുംബങ്ങളെ സഖ്യശക്തികൾ പലസ്തീനിൽകൊണ്ടുവന്ന് താമസിപ്പിച്ചു. അറബ് വംശജർ ഇതിനെതിരെ രംഗത്ത്വന്നെങ്കിലും അവരെ ബ്രിട്ടീഷ് പട്ടാളം അടിച്ചമർത്തി.

ജൂതന്മാരുടെ മുറവിളിയെത്തുടർന്ന് സഖ്യശക്തികൾ ഐക്യരാഷ്ട്രസഭയിൽ പ്രമേയം കൊണ്ടുവരികയും 1948 മെയ് 14ന് ഇസ്രയേൽ രാഷ്ട്രം രൂപീകരിക്കുകയും ചെയ്തു. ഇതിനുശേഷം പലസ്തീൻ പൗരന്മാർ ഒരു ദിവസംപോലും സമാധാനമായി ഉറങ്ങിയിട്ടില്ല. നെരിപ്പോടിനേക്കാൾ ചൂടാണ് ഓരോ അമ്മമാരുടെയും നെഞ്ചിൽ. സ്വന്തം മണ്ണിൽ നിലനിൽപ്പിനായി സ്വാതന്ത്ര്യപ്പോരാട്ടം നടത്തുന്നവരുടെ നാടാണ് പലസ്തീൻ.

ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ തീരുമാനമാണ് ആ പ്രദേത്തെ വീണ്ടും സംഘർഷത്തിലേക്കും ലോകശ്രദ്ധയിലേക്കും എത്തിച്ചത്. അമേരിക്കയുടെ ഈ പ്രഖ്യാപനത്തിനൊപ്പമല്ല ലോകരാജ്യങ്ങൾ എന്ന വിളംബരമാണ് കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭാ വേദികളിൽനിന്ന് ഉയർന്നുകേട്ടത്. ജറുസലേമിന്റെ പദവി, സ്വഭാവം, ജനസംഖ്യ തുടങ്ങിയ കാര്യങ്ങളിൽ മാറ്റംവരുത്താനുള്ള ശ്രമത്തിനോ നടപടികൾക്കോ നിയമപരമായ അംഗീകാരം ഉണ്ടാകില്ലെന്നായിരുന്നു ഈജിപ്ത് അവതരിപ്പിച്ച പ്രമേയം. എംബസികളും നയതന്ത്ര ഓഫീസുകളും ജറുസലേമിലേക്ക് മാറ്റുന്നതിൽനിന്ന് പിൻവാങ്ങണമെന്നും പ്രമേയം ലോകരാജ്യങ്ങളോട് അഭ്യർഥിച്ചു. അമേരിക്കയുടെ വീറ്റോയെത്തുടർന്ന് പരാജയപ്പെട്ടെങ്കിലും ഈ പ്രമേയത്തിനെതിരായി വോട്ട്ചെയ്യാൻ ആരെയും കിട്ടിയില്ല എന്നത് അമേരിക്കയ്ക്ക് വലിയ അപമാനമാണ് സൃഷ്ടിച്ചത്.

അമേരിക്ക ഒഴികെയുള്ള 14 രാജ്യവും യുഎൻ രക്ഷാസമിതിയിൽ പ്രമേയത്തെ പിന്തുണയ്ക്കുകവഴി ലോകരാജ്യങ്ങൾ ജറുസലേം വിഷയത്തിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമൊപ്പമല്ല എന്ന് വ്യക്തമാക്കുകയായിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ തുടങ്ങി യുഎസുമായി ഉറ്റബന്ധമുള്ള രാജ്യങ്ങൾവരെ അമേരിക്കയ്ക്ക് എതിരെ ഈജിപ്ത് കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചു. പലസ്തീൻ ജനതയെ സ്വന്തം മണ്ണിൽ അന്യരാക്കുന്ന പ്രവർത്തനങ്ങളോട് യോജിക്കാൻ പ്രയാസമാണെന്ന് അമേരിക്കയെ അംഗീകരിക്കുന്ന അറബ് രാജ്യങ്ങളടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ നടപടിയിൽ പ്രതിഷേധിച്ച ശാരീരിക വൈകല്യമുള്ള ഇരുപത്തൊമ്പതുകാരനായ പലസ്തീൻ പൗരനെ വെടിവച്ചുകൊല്ലാൻ സയണിസ്റ്റ് ഭീകരതയ്ക്ക് മടിയുണ്ടായില്ല.

ഗാസാ മുനമ്പിൽ അടുത്തിടെ നാലുവയസ്സുള്ള പലസ്തീൻ പെൺകുട്ടി നെഞ്ചുപിടഞ്ഞ് മരിച്ച സംഭവം ഇസ്രയേൽ പട്ടാളത്തിന്റെ ക്രൂരമുഖം ഒരിക്കൽക്കൂടി വ്യക്തമാക്കുന്നു. ഹൃദയവൈകല്യം ബാധിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കിഴക്കൻ ജറുസലേമിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഇസ്രയേൽ നിലപാട് ആ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു.
സ്വന്തം മണ്ണിൽ പലസ്തീൻ ജനത അനുഭവിക്കുന്ന പ്രയാസങ്ങൾ ലോകം ഇനിയും കൃത്യമായി മനസ്സിലാക്കിയിട്ടില്ല. അതിർത്തിക്ക് അടുത്തുള്ള ജനങ്ങൾക്ക് സ്വന്തം വീടിന്റെയോ സ്ഥലത്തിന്റെയോമേൽ ഒരധികാരവുമില്ല. വിൽക്കാനോ ഓടി രക്ഷപ്പെടാൻപോലുമോ സാധിക്കില്ല.

കുഞ്ഞുങ്ങളെ സ്‌കൂളിൽ അയക്കുന്ന അമ്മമാർക്ക് അവർ തിരിച്ചുവരുമെന്ന് ഒരുറപ്പുമില്ല. എങ്ങനെയാണ് അവർ പ്രതിരോധത്തിനായി നിരത്തിൽ ഇറങ്ങാതിരിക്കുക. പലസ്തീനിയൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്തെപ്പോലും ചികിത്സയ്ക്കായി അതിർത്തി കടക്കാൻ ഇസ്രയേൽ സൈന്യം അനുവദിച്ചില്ല. രാജ്യസുരക്ഷയെ ബാധിക്കുമെന്ന പേരിലാണ് എല്ലാ അവകാശങ്ങളും പലസ്തീൻകാർക്ക് ഇസ്രയേൽ നിഷേധിക്കുന്നത്. ഗർഭിണികളെയും കുഞ്ഞുങ്ങളെയും ഇതേ രീതിയിൽ ചികിത്സയും പരിചരണവും നിഷേധിച്ച് ക്രൂരമായി മരണത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രയേൽ ഭരണകൂടം. കൊച്ചുകുട്ടിയടക്കം ഒരു പലസ്തീൻ പൗരൻപോലും പുറത്തുപോകാതിരിക്കാൻ ഗാസാ മുനമ്പിനുചുറ്റും തോക്കേന്തിയ ഇസ്രയേൽ പട്ടാളം സദാ റോന്തുചുറ്റുന്നു.

അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന പലസ്തീൻ ആക്രമണം മനുഷ്യത്വത്തിനുമേലുള്ള കടന്നാക്രമണവും ആഗോള ഭീഷണിയുമാണ്. ഇന്ത്യയിലെ മുഴുവൻ ദേശാഭിമാനികളും പലസ്തീൻ ജനതയുടെ കൂടെയാണ് എന്ന് ബോധ്യപ്പെടുത്തേണ്ട സമയമാണ് ഇത്.

പലസ്തീൻ ജനത തങ്ങളുടെ അസ്തിത്വത്തിനായി നടത്തുന്ന പോരാട്ടം ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യപ്രേമികളുടെയും ദേശാഭിമാനികളുടെയും പോരാട്ടത്തിന്റെ ഭാഗമാണ്. അതിനെ പിന്തുണയ്ക്കുകയാണ് മനഃസാക്ഷിയുള്ളവരുടെ കടമ.

പ്രധാന വാർത്തകൾ
 Top