21 February Thursday

സമ്മേളനം അലങ്കോലപ്പെടുത്തി പ്രതിപക്ഷം

എ കെ ബാലൻUpdated: Saturday Dec 15, 2018


പ്രതിപക്ഷം നിരന്തരം തടസ്സപ്പെടുത്തിയിട്ടും 14–ാം നിയമസഭയുടെ 13–ാമത് സമ്മേളനം എല്ലാ അജൻഡകളും പൂർത്തിയാക്കി വ്യാഴാഴ്ച സമാപിച്ചു. നിയമനിർമാണത്തിനു മാത്രമായി ചേർന്ന സഭയിൽ പ്രതിപക്ഷം നിയമനിർമാണവുമായി സഹകരിച്ചില്ലാ എന്ന് മാത്രമല്ല എല്ലാ ദിവസവും സഭാനടപടികൾ അലങ്കോലമാക്കി നിയമസഭയെ അപമാനിക്കുകയും ചെയ്തു.  കേരള നിയമസഭ ഇന്ന് രാജ്യത്തിനു തന്നെ മാതൃകയാണ്. ഏറ്റവും കൂടുതൽ സമയം സഭ ചേരുന്നതും ഓർഡിനൻസുകൾക്കു പകരം യഥാസമയം നിയമനിർമാണം നടത്തുന്നതും മാർച്ചിൽ തന്നെ ബജറ്റ് അടക്കമുള്ള ധനകാര്യ നടപടികൾ പൂർത്തിയാക്കുന്നതടക്കം പല മാതൃകാ നടപടികളും നമ്മുടെ നിയമസഭ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ മാതൃകാ പ്രവർത്തനങ്ങളെ അവഹേളിക്കുന്ന നടപടികളാണ് ഈ സമ്മേളനത്തിലുടനീളം പ്രതിപക്ഷം സ്വീകരിച്ചത്.

മുൻ സമ്മേളനങ്ങളിൽനിന്ന് വ്യത്യസ്തമായി സുപ്രധാന നിയമനിർമാണങ്ങൾക്ക് മാത്രമായാണ് ഈ സമ്മേളനം ചേർന്നത്. ഒരു ദിവസംപോലും സഭാനടപടികൾ മാന്യമായി അവസാനിപ്പിക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല. ചോദ്യോത്തരവേള സസ്പെൻഡ് ചെയ്ത് അടിയന്തരപ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് ആദ്യ ദിവസംമുതൽ പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ബഹളം. അടിയന്തരപ്രമേയം സീറോ അവറിലാണ് പരിഗണിക്കുന്നതെന്നും അപ്പോൾ പരിഗണിക്കാമെന്നും ചോദ്യോത്തരവേള ജനങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രിമാർ നേരിട്ട് മറുപടി നൽകുന്ന സമയമാണെന്നും അത് അലങ്കോലപ്പെടുത്തരുതെന്നും സ്പീക്കർ അഭ്യർഥിച്ചെങ്കിലും അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല.

ചോദ്യോത്തരവേള സസ്പെൻഡ് ചെയ്ത് അടിയന്തരപ്രമേയം പരിഗണിക്കുന്ന രീതി സഭയുടെ നടപടിക്രമങ്ങളിൽ ഇതുവരെയുണ്ടായിട്ടില്ല.  അത് അറിയാത്തവരല്ല പ്രതിപക്ഷം. ചോദ്യോത്തരവേള തടസ്സപ്പെടുത്തുക, വെല്ലിൽ ഇറങ്ങി ബഹളം വയ്ക്കുക, സ്പീക്കറുടെ ചേമ്പറിലേക്ക് തള്ളിക്കയറുക, സ്പീക്കറെ ബാനറുകൊണ്ട് മറച്ച് ആക്ഷേപിക്കുക, മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുക തുടങ്ങിയ നടപടികളാണ് പ്രതിപക്ഷം  മിക്ക ദിവസവും സ്വീകരിച്ചത്.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു എല്ലാ ദിവസത്തെയും ബഹളം. ഈ വിഷയത്തിൽ അർഥശങ്കയ്ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി സർക്കാരിന്റെ നയം സഭയിൽ വ്യക്തമാക്കി. ശബരിമലയിൽ ചോര വീഴാതെ സമാധാനാന്തരീക്ഷം നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസിയുടെ പേരിൽ ചിലർ നടത്തുന്ന ഗൂഢനീക്കങ്ങൾ വച്ചുപൊറുപ്പിക്കുകയില്ല. സംഘപരിവാർ ശക്തികൾ സന്നിധാനത്ത് അടക്കം അക്രമം അഴിച്ചുവിട്ടതുകൊണ്ടാണ് നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ നിയമസഭാ കവാടത്തിൽ സത്യഗ്രഹം ഇരുത്തി. സെക്രട്ടറിയറ്റ് പടിക്കൽ ബിജെപി നിരാഹാരസത്യഗ്രഹം ആരംഭിച്ച അതേദിവസം തന്നെയാണ് യുഡിഎഫും സഭാകവാടത്തിൽ സത്യഗ്രഹം ആരംഭിച്ചത്.  സത്യഗ്രഹം തുടങ്ങിയശേഷം സമരം ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ബഹളം. 13 ദിവസത്തെ സമ്മേളനത്തിൽ രണ്ടു ദിവസം മാത്രമാണ് നടപടികളുമായി പ്രതിപക്ഷം അൽപ്പമെങ്കിലും സഹകരിച്ചത്. ബാക്കി ദിവസം അരമണിക്കൂറിനുള്ളിൽ അജൻഡകൾ പൂർത്തിയാക്കി സഭ പിരിയേണ്ടിവന്നു. പതിനൊന്ന് അടിയന്തരപ്രമേയ നോട്ടീസുകളാണ് പ്രതിപക്ഷം നൽകിയത്. പലതും ശബരിമലയുമായി ബന്ധപ്പെട്ടതായിരുന്നു. അവയ്ക്ക് അവതരണാനുമതി തേടുന്നതിന് മുമ്പുതന്നെ ചോേദ്യാത്തരവേളമുതൽ ബഹളമുണ്ടാക്കി സഭ തടസ്സപ്പെടുത്തുകയായിരുന്നു.

നിയമനിർമാണമായിരുന്നു  ഈ സമ്മേളനത്തിന്റെ മുഖ്യ അജൻഡ. ഒരു ദിവസം ഉപധനാഭ്യർഥന ചർച്ചയ്ക്കും രണ്ടു ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കായും നീക്കിവച്ചെങ്കിലും പ്രതിപക്ഷ നിലപാടു മൂലം ചർച്ചകളൊന്നും നടന്നില്ല.  നിലവിൽ ഉണ്ടായിരുന്ന 13 ഓർഡിനൻസുകളിൽ ഒമ്പത് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ സഭ പാസാക്കി. ബില്ലുകളിൽ ഗൗരവമേറിയ ചർച്ചകളും ഭേദഗതികളും അവതരിപ്പിച്ച് നിയമനിർമാണത്തെ സമ്പുഷ്ടമാക്കാൻ ചുമതലപ്പെട്ട പ്രതിപക്ഷം അതു നിർവഹിച്ചില്ല. ചർച്ച  കൂടാതെ ബില്ലുകൾ പാസാക്കേണ്ടിവന്നു. പുതിയ രണ്ട് ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു

അവസാനദിവസം പ്രതിപക്ഷ ഉപനേതാവ് അവതരിപ്പിച്ച അടിയന്തരപ്രമേയം നവോത്ഥാന പാരമ്പര്യമുള്ള കേരളത്തെ  പൊതുവിലും സ്ത്രീകളെ പ്രത്യേകിച്ചും അപമാനിക്കുന്നതായിരുന്നു. കേരളത്തിലെ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനുവരി ഒന്നിനു നടക്കുന്ന വനിതാമതിലിനെ വർഗീയമതിൽ എന്ന് ചിത്രീകരിച്ച് അതിൽ പങ്കാളിയാകുന്ന സംഘടനകളെപ്പോലും അപമാനിക്കുന്നതായിരുന്നു പ്രമേയം.  എന്നാൽ, വർഗീയമതിലെന്ന പ്രയോഗം ഭരണഘടനാപരമായും സഭാ ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് ലേഖകൻ ചൂണ്ടിക്കാട്ടി. ഈ പ്രയോഗം പിൻവലിക്കണമെന്ന് ഭരണപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പ്രമേയാവതാരകനായ എം കെ മുനീർ വർഗീയപ്രചാരണത്തിനുവേണ്ടി അടിയന്തരപ്രമേയത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു. ഒരു അടിയന്തരപ്രമേയത്തിൽ വാക്കൗട്ട് പ്രസംഗത്തിനുശേഷം കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോകുന്നതിനും മുസ്ലിംലീഗ് അംഗങ്ങൾ വെല്ലിലിറങ്ങി ബഹളം വയ്ക്കുന്നതിനും സഭ സാക്ഷ്യംവഹിച്ചു.

നിയമനിർമാണമായിരുന്നു  ഈ സമ്മേളനത്തിന്റെ മുഖ്യ അജൻഡ. ഒരു ദിവസം ഉപധനാഭ്യർഥന ചർച്ചയ്ക്കും രണ്ടു ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കായും നീക്കിവച്ചെങ്കിലും പ്രതിപക്ഷ നിലപാടു മൂലം ചർച്ചകളൊന്നും നടന്നില്ല.  നിലവിൽ ഉണ്ടായിരുന്ന 13 ഓർഡിനൻസുകളിൽ ഒമ്പത് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ സഭ പാസാക്കി. ബില്ലുകളിൽ ഗൗരവമേറിയ ചർച്ചകളും ഭേദഗതികളും അവതരിപ്പിച്ച് നിയമനിർമാണത്തെ സമ്പുഷ്ടമാക്കാൻ ചുമതലപ്പെട്ട പ്രതിപക്ഷം അതു നിർവഹിച്ചില്ല. ചർച്ച  കൂടാതെ ബില്ലുകൾ പാസാക്കേണ്ടിവന്നു.

പുതിയ രണ്ട് ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു. നഗരാസൂത്രണം, വികസനം ഏകോപനം, നിയന്ത്രണം, അവയുടെ അനുബന്ധസേവനം എന്നിവയ്ക്കായി അതോറിറ്റി രൂപീകരിക്കുന്ന 2018ലെ കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബിൽ, കർഷകരുടെ ക്ഷേമത്തിന് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ ക്ഷേമനിധി രൂപീകരിക്കുന്ന 2018ലെ കേരള കർഷകക്ഷേമനിധി ബിൽ എന്നിവയാണ് സെലക്ട് കമ്മിറ്റിക്ക് വിട്ടത്.

രണ്ടോ അതിലധികമോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും സർക്കാർ നേരിട്ടോ ഏജൻസികൾ മുഖേനയോ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിന് നിയമപ്രാബല്യം നൽകുന്ന 2018ലെ കേരള മുനിസിപ്പാലിറ്റി മൂന്നാം ഭേദഗതി ബില്ലും 2018ലെ കേരള പഞ്ചായത്തിരാജ് മൂന്നാം ഭേദഗതി ബില്ലും സഭ പാസാക്കി.

രണ്ടോ അതിലധികമോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും സർക്കാർ നേരിട്ടോ ഏജൻസികൾ മുഖേനയോ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിന് നിയമപ്രാബല്യം നൽകുന്ന 2018ലെ കേരള മുനിസിപ്പാലിറ്റി മൂന്നാം ഭേദഗതി ബില്ലും 2018ലെ കേരള പഞ്ചായത്തിരാജ് മൂന്നാം ഭേദഗതി ബില്ലും സഭ പാസാക്കി. വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീകൾ അടക്കമുള്ള തൊഴിലാളികളുടെ ഇരിപ്പിട സ്വാതന്ത്ര്യം അടക്കമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്ന ചരിത്രപ്രാധാന്യമുള്ള 2018ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും ബിൽ, മിൽമ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലാ പ്രതിനിധികളെ അതത് ജില്ലയിലെ ക്ഷീരസംഘം പ്രതിനിധികൾ മാത്രം തെരഞ്ഞെടുക്കണമെന്ന് നിർദേശിക്കുന്ന കേരള സഹകരണസംഘം രണ്ടാം ഭേദഗതി ബിൽ എന്നിവയും സഭ പാസാക്കി.

സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെയോ ജില്ലാ അതോറിറ്റിയുടെയോ ചെയർപേഴ്സണോ അംഗങ്ങൾക്കോ ഒറ്റയ്ക്കോ കൂട്ടായോ തീരുമാനമെടുക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന 2018ലെ കേരള പൊലീസ്ഭേദഗതി ബിൽ, കായികരംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രവർത്തനം ഏകീകൃതവും സ്വതന്ത്രവും സുതാര്യവും ആക്കുന്നതിനും ഭാരവാഹികളായി കായികരംഗത്തുള്ളവരെത്തന്നെ കൊണ്ടുവരുന്നതിനും വ്യവസ്ഥ ചെയ്യുന്ന 2018ലെ കേരള സ്പോർട്സ് ഭേദഗതി ബിൽ, ജിഎസ്ടി രജിസ്ട്രേഷൻ ഒഴിവാക്കലിന്റെ പരിധി 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്തുന്നതിനും കോമ്പോസിഷൻ ലെവിയുടെ പരിധി ഒരു കോടി രൂപയിൽനിന്ന് ഒന്നരക്കോടി രൂപയായി ഉയർത്തുന്നതിനും വ്യവസ്ഥ ചെയ്യുന്ന 2018ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി ബിൽ, ധന  സ്ഥാപനങ്ങളിൽനിന്ന് കടമെടുത്ത മത്സ്യത്തൊഴിലാളികളുടെമേൽ റിക്കവറി നടപടികൾ സ്വീകരിച്ചാൽ അതിന്മേൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ ഇടപെടുന്നതിന് അധികാരം നൽകുന്ന 2018ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ ഭേദഗതി ബിൽ, കോഴിക്കോട് സർവകലാശാലയുടെ സെനറ്റും സിൻഡിക്കറ്റും പുനഃസംഘടിപ്പിക്കുന്ന 2018ലെ കോഴിക്കോട് സർവകലാശാല (സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും താൽക്കാലിക ബദൽ ക്രമീകരണം) ബിൽ എന്നിവയാണ് സഭ പാസാക്കിയത്.

പ്രതിപക്ഷ നിലപാടു മൂലം ഭൂരിപക്ഷം ശ്രദ്ധക്ഷണിക്കലിന്റെയും എല്ലാ സബ്മിഷനുകളുടെയും മറുപടി മേശപ്പുറത്ത് വയ്ക്കാനേ മന്ത്രിമാർക്ക് കഴിഞ്ഞുള്ളൂ. മന്ത്രിമാർ നേരിട്ട് മറുപടി നൽകുന്ന ചോദ്യോത്തര വേള 8 ദിവസവും തടസ്സപ്പെട്ടു. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിച്ച് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള അംഗങ്ങളുടെ അവകാശമാണ് ലംഘിക്കപ്പെട്ടത്.

പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിന്റെ പുനർനിർമാണത്തിന് സംസ്ഥാനം നടപ്പാക്കുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ചും കേരളത്തിലെ ആദ്യത്തെ വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും റൂൾ 300 പ്രകാരം മുഖ്യമന്ത്രി രണ്ട് പ്രസ്താവന  സഭയിൽ നടത്തി. സംസ്ഥാനത്തെ ടാക്സി, ഓട്ടോ ചാർജ് വർധന സംബന്ധിച്ച് ഗതാഗത  മന്ത്രിയും ഒരു പ്രസ്താവന നടത്തി.

ബങ്കുകളിൽനിന്ന് വായ്പ  എടുക്കുന്ന ആയിരക്കണക്കിന് ആളുകൾ കേന്ദ്ര നിയമമായ സർഫാസി ആക്ട് പ്രകാരം ജപ്തി നടപടികൾ നേരിടുന്ന സാഹചര്യത്തിൽ ഇക്കാര്യം പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ 11 അംഗ നിയമസമിതി രൂപീകരിച്ചു. ഈ നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് 21/8/2017നു നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് അയച്ചുകൊടുത്തിരുന്നെങ്കിലും കേന്ദ്ര സർക്കാർ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

കോടതിവിധി നടപ്പാക്കാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ പേരിൽ ഒരു നിയമസഭാ സമ്മേളനംതന്നെ അലങ്കോലപ്പെടുത്തിയ പ്രതിപക്ഷത്തിന് വിശ്വാസികളടക്കമുള്ള പൊതുസമൂഹത്തോട് ഇന്നല്ലെങ്കിൽ നാളെ മാപ്പുപറയേണ്ടിവരും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top