20 January Wednesday

അസ്വാതന്ത്ര്യത്തിൽ കശ്‌മീർ

എം പ്രശാന്ത്‌Updated: Thursday Aug 15, 2019

 
രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കശ്‌മീർ താഴ്‌വരയിലെ 80 ലക്ഷത്തോളം ജനങ്ങൾ കേന്ദ്ര സർക്കാർ തീർത്ത ഇരുമ്പുമറയ്‌ക്കുള്ളിൽ വീർപ്പുമുട്ടുകയാണ്‌. ജമ്മു കശ്‌മീരിന്‌ അനുവദിച്ചിരുന്ന പ്രത്യേക പദവി മോഡി സർക്കാർ എടുത്തുകളഞ്ഞ ആഗസ്‌ത്‌ അഞ്ചുമുതൽ ഏറെക്കുറെ വീടിനുള്ളിൽ തളയ്‌ക്കപ്പെട്ട നിലയിലാണ്‌ ഓരോ കശ്‌മീരിയും. വാർത്താവിനിമയ ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടതോടെ ലോകത്തുനിന്നുതന്നെ ഒറ്റപ്പെട്ട നിലയിലാണ്‌ താഴ്‌വര. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കുമെന്നാണ്‌ കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതെങ്കിലും അതിന്റെ സൂചനകളൊന്നുംതന്നെ താഴെത്തട്ടിൽ കാണാനില്ല. മാത്രമല്ല, കൂടുതൽ സൈനികരെ വിന്യസിച്ച്‌ കേന്ദ്രം നിലപാട്‌ കടുപ്പിക്കുകയുമാണ്‌.

ജമ്മു–-കശ്‌മീർ കേന്ദ്രീകരിച്ച്‌ മോഡി സർക്കാർ ചില നീക്കങ്ങൾക്ക്‌ തുടക്കമിടുന്നതായി ജൂലൈ പകുതിമുതൽ തന്നെ സൂചനകൾ ലഭിച്ചിരുന്നു. രണ്ടു ഘട്ടമായി അമ്പത്തയ്യായിരത്തോളം അർധസൈനികരെ താഴ്‌വരയിൽ അധികമായി വിന്യസിച്ചപ്പോൾ തന്നെ കേന്ദ്രനീക്കത്തെക്കുറിച്ച്‌ ചർച്ചകൾ ആരംഭിച്ചു. ജമ്മു കശ്‌മീർ നിവാസികളുടെ പൗരത്വനിർണയം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 35 എയും പ്രത്യേക പദവി അനുവദിക്കുന്ന 370–-ാം അനുച്ഛേദവും എടുത്തുകളയാനാണ്‌ മോഡി സർക്കാർ ഒരുങ്ങുന്നതെന്ന്‌ ചർച്ചകൾ പ്രചരിച്ചു. സംസ്ഥാനത്തെ മൂന്നായി വിഭജിച്ചേക്കുമെന്നും സൂചനകളുണ്ടായി.

താഴ്‌വരയിലെ മുഖ്യധാരാ രാഷ്‌ട്രീയ പാർടികളുടെ നേതാക്കൾ അടിയന്തരയോഗം ചേർന്ന്‌ കശ്‌മീർ പദ്ധതി വ്യക്തമാക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. എന്നാൽ, തൊട്ടടുത്ത ദിവസംതന്നെ നേതാക്കളെല്ലാം വീട്ടുതടങ്കലിലായി. അന്നേദിവസം ആഭ്യന്തര മന്ത്രി അമിത്‌ ഷാ ജമ്മു കശ്‌മീരിന്‌ അനുവദിച്ചിരുന്ന 370–-ാം വകുപ്പ്‌ എടുത്തുകളയുന്നതായി രാജ്യസഭയിൽ പ്രഖ്യാപിച്ചു. മാത്രമല്ല, സംസ്ഥാനത്തെ രണ്ടായി വിഭജിച്ച്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്‌തു.

ഈ പ്രഖ്യാപനത്തോടെ താഴ്‌വരയിൽ അനിഷ്ടസംഭവങ്ങളുണ്ടാകുമെന്ന്‌ മുൻകൂട്ടി കണ്ടായിരുന്നു നേതാക്കളെ തടങ്കലിലാക്കിയതും കൂടുതൽ സേനയെ വിന്യസിച്ചതുമെല്ലാം. സുരക്ഷാപ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ട്‌ ആവശ്യമായ നീക്കങ്ങൾ നടത്തിയ കേന്ദ്രം എന്നാൽ തങ്ങളുടെ നാടകീയ പ്രഖ്യാപനം താഴ്‌വരയിലെ ജനങ്ങളിൽ സൃഷ്ടിക്കാൻ പോകുന്ന മാനസികാഘാതത്തെക്കുറിച്ച്‌ തരിമ്പും ആലോചിച്ചില്ല. പ്രക്ഷോഭമോ പ്രതിഷേധമോ ഉയർന്നാൽ അതെങ്ങനെ അടിച്ചമർത്താമെന്നു മാത്രമേ സർക്കാർ ചിന്തിച്ചിട്ടുള്ളൂ. താഴ്‌വരയിൽ എവിടെയെങ്കിലും പ്രതിഷേധങ്ങൾ ഉയർന്നാൽ തന്നെ അത്‌ പുറംലോകത്ത്‌ എത്താതിരിക്കുന്നതിനാണ്‌ വാർത്താവിനിമയ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചത്‌.ജനങ്ങളുടെ പ്രതികരണം

കേന്ദ്ര നടപടിയെക്കുറിച്ച്‌ ശ്രീനഗറിൽ പലരോടും സംസാരിച്ചു. മാധ്യമപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും വ്യാപാരികളും തൊഴിലാളികളും വിദ്യാർഥികളും സ്‌ത്രീകളും ഓട്ടോ–-ടാക്‌സി ഡ്രൈവർമാരുമെല്ലാം ഇതിലുൾപ്പെടും. പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയെ ഒരാൾ പോലും പിന്തുണച്ചില്ല. സർക്കാർ തീരുമാനത്തിനെതിരായി ശക്തമായ ജനരോഷം ഉയരുമെന്നുതന്നെ എല്ലാവരും അഭിപ്രായപ്പെട്ടു. കശ്‌മീരിനെ ഇന്ത്യയുമായി ചേർത്തുനിർത്തിയ കണ്ണിയായിരുന്നു 370–-ാം അനുച്ഛേദം. അതാണ്‌ മോഡി സർക്കാർ പൊട്ടിച്ചെറിഞ്ഞത്‌. കേന്ദ്ര സർക്കാർ തങ്ങളെ ചതിച്ചു. ഈ തീരുമാനം പിൻവലിക്കാതെ കശ്‌മീർ ജനത അടങ്ങില്ല.

സേനാവിന്യാസം  പലമടങ്ങായി വർധിപ്പിച്ചതുകൊണ്ടുമാത്രമാണ്‌ വലിയ പ്രക്ഷോഭങ്ങൾ താഴ്‌വരയിൽ പെട്ടെന്നുയരാത്തത്‌. മാത്രമല്ല, നേതാക്കളെല്ലാംതന്നെ തടങ്കലിലാണ്‌. വാർത്താവിനിമയ ബന്ധങ്ങളുമില്ല. എന്നാൽ, ഈ നിലയിൽ സർക്കാരിന്‌ എത്രനാൾ മുന്നോട്ടുപോകാനാകുമെന്ന്‌ ജനങ്ങൾ ചോദിക്കുന്നു.
കശ്‌മീരികളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ്‌ ബലിപെരുന്നാൾ. പുതുവസ്‌ത്രം വാങ്ങിയും ബന്ധുവീടുകൾ സന്ദർശിച്ചും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും ആഹ്ലാദിക്കുന്ന ദിവസം. എന്നാൽ, കഴിഞ്ഞ ബലിപെരുന്നാൾ ദിനം ശ്രീനഗർ നഗരം ശോകമൂകമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങളില്ലാതെ ശൂന്യമായ നിരത്തുകൾ. പെരുന്നാൾ ദിവസങ്ങളിൽ ജനങ്ങളാൽ തിങ്ങിനിറയുന്ന ലാൽചൗക്ക്‌ മേഖലയിലും മറ്റും കാക്കിധാരികളെ മാത്രമാണ്‌ കാണാനുണ്ടായിരുന്നത്‌. പെരുന്നാൾ തലേന്ന്‌ വിൽക്കുന്നതിനായി ഉൾഗ്രാമങ്ങളിൽനിന്ന്‌ ആടുകളുമായി ശ്രീനഗറിലേക്ക്‌ എത്തിയവർ കാര്യമായ വിൽപ്പന നടക്കാതെ നിരാശരായി മടങ്ങി.

ഈദ്‌ ദിനത്തിൽ രാവിലെയുള്ള പ്രാർഥനയ്‌ക്കും കടുത്ത നിയന്ത്രണങ്ങളായിരുന്നു. ഈദ്‌ഗാഹ്‌, ജുമാ മസ്‌ജിദ്‌, ഹസ്രത്ത്‌ബാൽ പള്ളി തുടങ്ങിയ പ്രധാനപ്പെട്ട നിസ്‌കാരകേന്ദ്രങ്ങളെല്ലാം അധികൃതർ തലേന്നുതന്നെ താഴിട്ടുപൂട്ടി. പ്രധാന പാതകളോടു ചേർന്നുള്ള വലിയ പള്ളികളെല്ലാംതന്നെ നിർബന്ധപൂർവം അടപ്പിച്ചു. നഗരത്തിന്റെ ഉൾഭാഗങ്ങളിലായുള്ള ചെറിയ മൊഹള്ള പള്ളികളിൽ മാത്രമാണ്‌ ഈദ്‌ദിനം നിസ്‌കാരത്തിന്‌ അവസരമൊരുക്കിയത്‌. നമാസിനായി ജനങ്ങൾ വലിയതോതിൽ ഒത്തുകൂടുന്നത്‌ തടയുകയായിരുന്നു അധികൃതരുടെ ലക്ഷ്യം. ആഗസ്‌ത്‌ ഒമ്പത്‌ വെള്ളിയാഴ്‌ച ദിവസവും സമാനമായവിധം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഷൗരാ, ഡൗൺടൗൺ മേഖലകളിൽ ജനങ്ങൾ സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രകടനം നടത്തുകയും സുരക്ഷാസേനയ്‌ക്കുനേരെ കല്ലേറു നടത്തുകയുമുണ്ടായി. ഇവരെ നേരിടുന്നതിന്‌ പൊലീസ്‌ പെല്ലറ്റ്‌ തോക്കുകൾ പ്രയോഗിക്കുകയും നിരവധിപേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു.

പൂർണമായും സ്‌തംഭിച്ച്‌ ജനജീവിതം
കഴിഞ്ഞ പത്തുദിവസമായി ശ്രീനഗറിൽ ജനജീവിതം പൂർണമായും സ്‌തംഭിച്ച നിലയിലാണ്‌. സ്‌കൂളുകളും കോളേജുകളുമെല്ലാം അടഞ്ഞുകിടക്കുന്നു. ഓഫീസുകളൊന്നുംതന്നെ പ്രവർത്തിക്കുന്നില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്‌. പൊതുഗതാഗതവും പൂർണമായും സ്‌തംഭനാവസ്ഥയിലാണ്‌. സർക്കാർ ആശുപത്രികൾ തുറന്നുപ്രവർത്തിക്കുന്നുണ്ടെങ്കിലും മരുന്നുകളുടെയും മറ്റും ക്ഷാമം രൂക്ഷമാണ്‌. പാചകവാതകവും വാഹന ഇന്ധനവും ആവശ്യത്തിന്‌ ലഭ്യമാകാത്ത സാഹചര്യവുമുണ്ട്‌. പെട്രോൾ പമ്പുകൾക്കു മുന്നിൽ വാഹനങ്ങളുടെ വലിയനിര പലയിടത്തും ദൃശ്യമാണ്‌. കേന്ദ്രനീക്കത്തെക്കുറിച്ച്‌ മുൻകൂട്ടി സൂചന ലഭിച്ചിരുന്നതിനാൽ നഗരവാസികളെല്ലാംതന്നെ ഒന്നുരണ്ട്‌ മാസത്തേക്കുള്ള അവശ്യവസ്‌തുക്കൾ സംഭരിച്ചിരുന്നു. അടിയന്തരാവശ്യങ്ങൾക്കു മാത്രമാണ്‌ നിലവിൽ ജനങ്ങൾ വീടിനു പുറത്തേക്ക്‌ ഇറങ്ങുന്നത്‌. നഗരത്തിലൂടെ നീങ്ങുന്ന ഓരോ ഘട്ടത്തിലും സുരക്ഷാഭടന്മാരുടെ ഇടപെടലുണ്ടാകും. തിരിച്ചറിയൽ കാർഡും മറ്റും കാട്ടി ബോധ്യപ്പെടുത്തി വേണം ആളുകൾക്ക്‌ മുന്നോട്ടുനീങ്ങാൻ. ശ്രീനഗറിൽ ഇതിനുമുമ്പ്‌ പലപ്പോഴും കർഫ്യൂ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്‌. എന്നാൽ, ഇത്രയും കടുത്ത നിയന്ത്രണങ്ങളും സേനാവിന്യാസവും വാർത്താവിനിമയബന്ധം എടുത്തുകളയലുമെല്ലാം ഇതാദ്യമെന്ന്‌ ശ്രീനഗർ നിവാസികൾ പറയുന്നു.

ടൂറിസം മേഖല തളർന്നനിലയിൽ
പ്രത്യേക പദവി എടുത്തുകളഞ്ഞുള്ള പ്രഖ്യാപനം കേന്ദ്രം ആഗസ്‌തിൽ തന്നെ നടത്തിയത്‌ ബോധപൂർവമാണെന്ന്‌ പലരും അഭിപ്രായപ്പെട്ടു. കശ്‌മീരിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് വിനോദസഞ്ചാരമേഖലയാണ്‌. മാർച്ച്‌ മുതൽ ഒക്‌ടോബർ വരെ നീളുന്നതാണ്‌ ഇവിടത്തെ ടൂറിസം സീസൺ. ജൂലൈ–-ആഗസ്‌ത്‌ മാസങ്ങൾ വിനോദസഞ്ചാരികളുടെ തിരക്കേറുന്ന ഘട്ടമാണ്‌. ആഗസ്‌ത്‌ ആദ്യവാരം ശ്രീനഗർ നഗരം സഞ്ചാരികളുടെ തിരക്കിനാൽ വീർപ്പുമുട്ടിയ നിലയിലായിരുന്നു. ഹോട്ടൽ മുറി പോലും കിട്ടാത്ത അവസ്ഥ. എന്നാൽ, പ്രത്യേക പദവി എടുത്തുകളഞ്ഞുള്ള കേന്ദ്ര പ്രഖ്യാപനത്തോടെ വിനോദസഞ്ചാരികൾ അപ്രത്യക്ഷരായി. പ്രഖ്യാപനത്തിന്‌ രണ്ടു ദിവസം മുമ്പുതന്നെ നഗരം വിടാൻ സഞ്ചാരികൾക്ക്‌ നിർദേശം ലഭിച്ചിരുന്നു. നിലവിൽ ശ്രീനഗർ നഗരകേന്ദ്രത്തിൽ ഹോട്ടലുകളെല്ലാം അടച്ചിട്ടനിലയിലാണ്‌.

വിനോദസഞ്ചാരികളെ തൽക്കാലം നഗരത്തിലേക്ക്‌ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ്‌ അധികൃതരുടെ നിലപാട്‌. ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളെല്ലാംതന്നെ സ്‌തംഭനാവസ്ഥയിലാണ്‌. ദാൽ തടാകം ശിക്കാരകളും മറ്റുമില്ലാതെ ഒഴിഞ്ഞനിലയിലാണ്‌. ഹൗസ്‌ബോട്ടുകളെല്ലാം കാലി. കരകൗശല ഉൽപ്പന്നങ്ങളും കശ്‌മീരി പരവതാനികളും ഷാളുകളും അത്തറും കുങ്കുമവും മറ്റും വിറ്റഴിച്ചിരുന്ന കടകൾ ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്‌. കോടികളുടെ വരുമാന നഷ്ടമാണ്‌ ടൂറിസം മേഖലയ്‌ക്ക്‌ സംഭവിച്ചിട്ടുള്ളത്‌. കശ്‌മീർ അശാന്തമായി തുടരുന്നിടത്തോളം ടൂറിസം മേഖല തളർന്നനിലയിലാകും. ഇത്‌ കശ്‌മീരിനെ സാമ്പത്തികമായി തകർക്കുമെന്ന്‌ നിരീക്ഷകർ വിലയിരുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top