17 February Sunday

ഫാസിസ്‌റ്റ്‌ ഭരണകൂടം രൂപപ്പെടുന്നു

ഡോ. കെ എൻ പണിക്കർUpdated: Wednesday Aug 15, 2018

ഒരു നൂറ്റാണ്ടിലേറെ നീണ്ട കൊളോണിയൽവിരുദ്ധ സമരങ്ങളിലൂടെ നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യം അപകടമേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണോ എന്ന ആശങ്ക പടർന്നുകൊണ്ടിരിക്കുന്ന കാലമാണിത‌്. സ്വാതന്ത്ര്യസമരം പ്രതിനിധാനം ചെയ്ത ജനാധിപത്യ ആശയങ്ങളെ ദുർബലപ്പെടുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ മണ്ഡലങ്ങളിൽ വളർന്നുവരുന്ന പ്രവണത.

സ്വാതന്ത്ര്യസമരം ഇന്ത്യൻ ജനതയെ ഒട്ടാകെ ഇളക്കിമറിച്ച മഹാപ്രസ്ഥാനമായിരുന്നു. അതിന്റെ ലക്ഷ്യം കൊളോണിയൽ ഭരണത്തെ അവസാനിപ്പിക്കുകമാത്രമായിരുന്നില്ല. സാധാരണക്കാരായ ജനങ്ങൾ അഭിമാനത്തോടെ ജീവൻ ബലിയർപ്പിക്കുകയും ജയിൽവാസം വരിക്കുകയും മർദനം ഏറ്റുവാങ്ങുകയും ചെയ്തത് ഉന്നതമായ മാനവികമൂല്യങ്ങൾക്ക് അവർ കൽപ്പിച്ചുകൊടുത്ത പ്രാധാന്യംകൊണ്ടായിരുന്നു. ബുദ്ധന്റെ അഹിംസയും ക്രിസ്തുവിന്റെ ദയാവായ്പും മുഹമ്മദിന്റെ സ്ഥൈര്യവും അവരുടെ വിശ്വാസസംഹിതയുടെ ഭാഗമായിരുന്നു. ഗാന്ധിജിയുടെ സർവമതസ്നേഹവും വിവേകാനന്ദന്റെ സാർവലൗകികത്വവും രബീന്ദ്രനാഥിന്റെ ദേശീയതയും അവർ ഉൾക്കൊണ്ടു. സവർക്കറുടെയും ഗോൾവാൾക്കറുടെയും മുഹമ്മദാലി ജിന്നയുടെയും സങ്കുചിത ദേശീയതയെ അവർ നിഷേധിക്കുകയും ചെയ്തു. ഇന്ത്യ എന്ന രാഷ്ട്രം സംജാതമായത് ആരോഗ്യകരമായ രാഷ്ട്രീയ ആശയങ്ങളുടെ പിൻബലത്തോടെയായിരുന്നു എന്നർഥം. സ്വാതന്ത്ര്യസമരം പ്രതിനിധാനം ചെയ്ത രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ആശയങ്ങൾക്ക് ഭരണപരമായ ഒരു ചട്ടക്കൂട് നിർമിക്കുകയാണ് അംബേദ്കർ ഭരണഘടനാനിർമാണത്തിലൂടെ സാധിച്ചെടുത്തത്. ഈ മൂല്യങ്ങളാകെ തകർച്ചയുടെ വക്കത്ത് എത്തിനിൽക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യം അപകടത്തിലാണോ എന്ന് സംശയിക്കേണ്ട സ്ഥിതിവിശേഷമാണിന്ന്.

ആധാരശിലകൾ സാർവലൗകികതയും മാനവികതയും
ആധുനിക ഇന്ത്യയുടെ ആരംഭമായിരുന്നു സ്വാതന്ത്ര്യലബ്ധി. കൊളോണിയൽ അടിമത്തത്തിൽനിന്ന‌് മുക്തിനേടാതെ ആധുനികത സാധ്യമായിരുന്നില്ല എന്ന തിരിച്ചറിവിന്റെ സൃഷ്ടിയാണ് സ്വാതന്ത്ര്യസമരം. കൊളോണിയൽ ആധുനികത അവശേഷിപ്പിക്കുന്ന പരിവേഷം വാസ്തവത്തിൽ ആധുനികതയായിരുന്നില്ല; അടിമത്തത്തിന്റെ നൂതന മുഖമായിരുന്നു. ഇന്ത്യക്കാർക്ക് മുതലാളിത്തത്തിന്റെ പുരോഗമനാത്മക മുഖം തുറന്നുകാട്ടിയെന്നതും അവർ അതിൽ ആകൃഷ്ടരാവുകയും ചെയ്തു എന്നതുമാണ് അതിന്റെ പുതുമ. ആ പുതുമയുടെ സ്വഭാവത്തിന് ദേശീയതയുടെ ഉള്ളടക്കം സിദ്ധിച്ചപ്പോൾ ഇന്ത്യൻ ആധുനികതയുടെ ചക്രവാളം വിശാലമായി.

18‐ാംനൂറ്റാണ്ടിന്റെ അന്ത്യത്തിലും 19‐ാംനൂറ്റാണ്ടിന്റെ ആരംഭത്തിലും ഇന്ത്യൻ ബുദ്ധിജീവികൾ ബ്രിട്ടീഷ് രാജാവിന് സ്തുതിഗീതം പാടിയപ്പോൾ 19‐ാംനൂറ്റാണ്ടിന്റെ അന്ത്യത്തിൽ സാമ്രാജ്വത്വ അടിമത്തത്തിൽനിന്നുള്ള വിമോചനം വിഭാവനം ചെയ്യുകയും സായുധസമരം അടക്കമുള്ള ചെറുത്തുനിൽപ്പുകൾ സംഘടിപ്പിക്കുകയുമുണ്ടായി. ഈ സമരങ്ങളിൽ എല്ലാ വിഭാഗങ്ങളിലെയും ജനങ്ങൾ പങ്കുചേർന്നു. വിവിധ മതവിഭാഗങ്ങൾമാത്രമല്ല, സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവരും ഭാഗഭാക്കായി. ആദിവാസികളും ദളിതരും കർഷകരും തൊഴിലാളികളും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരായി അണിനിരന്നു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ആധാരശിലകൾ സാർവലൗകികതയും മാനവികതയും സ്വയംപര്യാപ്തതയുമാണ്. സ്വയംഭരണത്തിനുള്ള സമരങ്ങളും മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള ചെറുത്തുനിൽപ്പും സാമ്പത്തികചൂഷണത്തിനെതിരായ മുന്നേറ്റങ്ങളുമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്രകൾ. സാമ്പത്തികഭദ്രതയും സാമൂഹ്യ സമഭാവനയുമുള്ള ഒരു സമൂഹം സൃഷ്ടിക്കുകയായിരുന്നു അത്തരമൊരു ദീർഘകാലവിപ്ലവത്തിന്റെ ലക്ഷ്യം.

അതിനുതകുന്ന ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതിൽ ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ആദ്യകാല ഭരണാധികാരികൾ ശ്രദ്ധവച്ചു. തൽഫലമായി സൃഷ്ടിക്കപ്പെട്ട സമ്മിശ്ര സാമ്പത്തിക, സാമൂഹ്യ വ്യവസ്ഥ മുതലാളിത്തത്തിന്റെ ഉയർച്ചയ്ക്ക് വഴിവച്ചത് ചരിത്രത്തിന്റെ വിരോധാഭാസം. മുതലാളിത്ത വികസന പരിപ്രേക്ഷ്യത്തിൽ ഊന്നിയുള്ള നയം സ്വാഭാവികമായും അത്തരമൊരു പാതയിലേക്കേ നീങ്ങുമായിരുന്നുള്ളൂ. സോഷ്യലിസമെന്നത് തെരഞ്ഞെടുപ്പുകാലത്ത് ആവർത്തിക്കാൻ സൗകര്യപ്രദമായ ഒരു മുദ്രാവാക്യമായി നിലനിൽക്കുകയും കുത്തകമുതലാളിത്തം വളർന്നുവരികയും ചെയ്തു.

കുത്തകമുതലാളിത്തം ആഗോളവൽക്കരണത്തിന്റെ പേരിൽ ഹിന്ദുത്വവുമായി സന്ധിചെയ്തതിന്റെ പരിണതഫലമാണ് കഴിഞ്ഞ നാലുകൊല്ലത്തെ പ്രതിലോമസ്വഭാവമുള്ള മോഡിഭരണം.

കടകവിരുദ്ധമായ സ്ഥിതിവിശേഷം
സ്വാതന്ത്ര്യം വിഭാവനം ചെയ്ത പരിപ്രേക്ഷ്യത്തിൽനിന്ന് കടകവിരുദ്ധമായ സ്ഥിതിവിശേഷത്തിലേക്കാണ് കഴിഞ്ഞ നാലുകൊല്ലങ്ങളായി ഇന്ത്യൻ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയജീവിതത്തിൽ മതേതരത്വവും ഉദാരശീലവും സാമ്പത്തിക മണ്ഡലങ്ങളിൽ സ്വയംപര്യാപ്തതയും ദാരിദ്ര്യനിർമാർജനവും സാമൂഹ്യ‐സാംസ്കാരിക ജീവിതത്തിൽ സഹിഷ്ണുതയും സമഭാവനയുമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യങ്ങൾ നിറവേറ്റുമെന്നായിരുന്നു മോഡിയുടെയും തെരഞ്ഞെടുപ്പുവാഗ്ദാനം. ഈ വാഗ്ദാനങ്ങൾ പൊള്ളയായിരുന്നുവെന്നും മോഡിസർക്കാരിന്റെ യഥാർഥ താൽപ്പര്യം തികച്ചും വ്യത്യസ‌്തമാണെന്നും വ്യക്തമായിക്കഴിഞ്ഞു. സാമ്പത്തികമേഖലയിൽ ബഹുരാഷ്ട്രകുത്തകകളുടെയും സാമൂഹ്യരാഷ്ട്രീയത്തിൽ ഹിന്ദുത്വവാദികളുടെയും ശക്തി സംഭരിക്കുകയെന്നതാണ് പ്രകടമായി കാണാവുന്ന നയം. ഈ നയത്തിന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് ഭരണനടപടികൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പല പ്രവണതകളുമുണ്ട്. മതസമുദായങ്ങൾ തമ്മിലുള്ള അകൽച്ചയും അധികാര കേന്ദ്രീകരണവും സാമൂഹ്യ അസഹിഷ്ണുതയുമാണ് ഏറ്റവും അപകടകരമായവ.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മൗലികസ്വഭാവം അടയാളപ്പെടുത്തുന്നത് മതേതരത്വവും ഫെഡറലിസവുമാണ്. നൂറ്റാണ്ടുകളിലെ ചരിത്രാനുഭവങ്ങളിൽനിന്ന‌് ഉരുത്തിരിഞ്ഞതാണ് ഈ രണ്ട് സ്വഭാവങ്ങളും. ഇന്ത്യയുടെ സങ്കരസംസ്കാരത്തിന്റെയും ബഹുസ്വരതയുടെയും വികേന്ദ്രീകൃത രാഷ്ട്രീയപ്രക്രിയയുമാണ് ഈ സ്വഭാവത്തെ കരുപ്പിടിപ്പിച്ചത്. ആധുനിക മധ്യവർഗത്തിന്റെ കണ്ടുപിടിത്തമായിരുന്നില്ല അത്. മധ്യവർഗം അതിന് ഒരു രാഷ്ട്രസങ്കൽപ്പം സൃഷ്ടിക്കുകയാണ് ചെയ്തത്. മോഡിസർക്കാർ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വശക്തികൾ ഈ ചരിത്ര യാഥാർഥ്യത്തെ നിഷേധിച്ചുകൊണ്ട് ഒരു ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. അതിനുവേണ്ടി ഭരണകൂടത്തെ ഉപയോഗിച്ച‌് വർഗീയതയുടെ വക്താക്കൾ ഭീകരമായ ഒരു സാമൂഹ്യ രാഷ്ട്രീയ പരിതസ്ഥിതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞകൊല്ലങ്ങളിൽ സംഭവിച്ചിട്ടുള്ള ഏറ്റവും അപകടകരമായ സംഭവവികാസം ഹിന്ദുത്വവാദികൾ ഭരണകൂടത്തിന്റെ ഉപകരണങ്ങളെ കീഴടക്കുന്നതിൽ ഒരതിർത്തിവരെ ജയിച്ചിരിക്കുന്നു എന്നതാണ്. തൽഫലമായി ഭരണസ്ഥാപനങ്ങൾ ഓരോന്നായി ഹിന്ദുവർഗീയവാദികളുടെ കൈകളിൽ അകപ്പെട്ടുപോകുന്നത് കാണാം. പ്രത്യയശാസ്ത്രങ്ങൾക്കുപരിയായി പ്രവർത്തിക്കുന്ന ഉദ്യോഗവൃന്ദം നിർവികാരമായി ഈ പ്രക്രിയയിൽ പങ്കുകൊള്ളുന്നതിൽ അത്ഭുതമില്ല. ഒരു ഫാസിസ്റ്റ് ഭരണകൂടം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന ദുഃഖസത്യം തിരിച്ചറിയാതിരിക്കുന്നത് ആത്മഹത്യാപരമായിരിക്കും.

അപകടം തിരിച്ചറിയും; ജനം ശബ്ദമുയർത്തും
ഇന്ത്യൻ സ്വാതന്ത്ര്യം ഒരു വിഷമവൃത്തത്തിൽ അകപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അടിത്തറയായ ജനാധിപത്യസ്വാതന്ത്ര്യത്തെത്തന്നെ വിഴുങ്ങിക്കളയാനുള്ള അപകടകരമായ അവസ്ഥ സംജാതമായിരിക്കുന്നു. ഈ അപകടം രാഷ്ട്രം തിരിച്ചറിയുമെന്ന് പ്രത്യാശിക്കാൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രം സാക്ഷ്യംവഹിക്കുന്നുണ്ട്. ജനാധിപത്യം അപകടത്തിലായ സന്ദർഭങ്ങളിൽ ജനങ്ങൾ അവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതാണ് ഇന്ത്യയുടെ ചരിത്രം.

കൊളോണിയൽ ഭരണാന്ത്യത്തിൽ ഇന്ത്യ വിഭജിക്കപ്പെട്ടത് മതഭിന്നതയുടെ അടിസ്ഥാനത്തിലല്ല; മതവർഗീയതയുടെയും മതേതരത്വത്തിന്റെയും കാഴ്ചപ്പാടുകൾ തമ്മിലുള്ള സംഘർഷത്തിന്റെയും അനന്തരഫലമായിരുന്നു. ഈ വൈരുധ്യം ഇന്ന് വീണ്ടും ഉരിത്തിരിഞ്ഞുവരികയാണെന്ന യാഥാർഥ്യം മറച്ചുപിടിക്കേണ്ടതില്ല. മോഡിസർക്കാർ രാഷ്ട്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മതാധിഷ്ഠിതമായ അർഥം സങ്കൽപ്പിച്ചുകൊടുക്കുകയും തൽഫലമായി ജനതയെ മതവിശ്വാസത്തിന്റെ പേരിൽ വിഭജിക്കുകയുമാണ്. പക്ഷേ, ഇന്ത്യൻ രാഷ്ട്രത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴികൾ തികച്ചും വ്യത്യസ‌്തമാണെന്ന് അനുഭവത്തിൽനിന്ന് ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും. ആ തിരിച്ചറിവ് സൃഷ്ടിക്കാൻ ജനസാമാന്യത്തെ സഹായിക്കുകയാണ് ജനാധിപത്യശക്തികൾ ഏറ്റെടുക്കേണ്ട ദൗത്യം.

പ്രധാന വാർത്തകൾ
 Top