20 March Wednesday
കെ മോഹനന്‍

കര്‍മയോഗി

വെബ് ഡെസ്‌ക്‌Updated: Saturday Jul 15, 2017

ഇടതുപക്ഷരാഷ്ട്രീയത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് അടിസ്ഥാനശില ഉറപ്പിക്കാനാവശ്യമായ രീതിയില്‍ പാര്‍ടി അണികളെ ആശയപരമായി ആയുധമണിയിക്കാന്‍ പുരുഷായുസ്സുമുഴുവന്‍ ഉഴിഞ്ഞുവച്ച കര്‍മയോഗി എന്ന നിലയിലാണ് സ. സി ഉണ്ണിരാജയുടെ പ്രസക്തി. നാലുവര്‍ഷം നീണ്ട അടുത്ത സഹവാസത്തില്‍നിന്ന് ഒരു യോഗിവര്യന്റെ ചിത്രമാണ് എന്റെ മനസ്സിലെത്തുന്നത്. മാര്‍ക്സിസം ലെനിനിസത്തിന്റെ അന്തര്‍ധാരകളിലേക്ക് ആഴത്തിലിറങ്ങിച്ചെന്ന് പഠിക്കുകയും അതില്‍നിന്നാര്‍ജിക്കുന്ന വിജ്ഞാനമാകെ സമകാലികപ്രശ്നങ്ങളുമായി ഇഴചേര്‍ത്ത് ജനങ്ങളിലേക്കും പാര്‍ടി അണികളിലേക്കും എത്തിക്കുക എന്ന കര്‍ത്തവ്യം ഒരു തപസ്വിയെപ്പോലെ ചെയ്തുതീര്‍ക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

വായനയിലേക്കും എഴുത്തിലേക്കും മുഴുകിക്കഴിഞ്ഞാല്‍പ്പിന്നെ ചുറ്റും നടക്കുന്നതൊന്നും അദ്ദേഹം അറിയുമായിരുന്നില്ല. വീട്ടില്‍ കുട്ടികളുടെ ബഹളമോ കുടുംബത്തിലെ മറ്റു കാര്യങ്ങളോ അദ്ദേഹത്തിന് ബാധകമായിരുന്നില്ല. ഒരു പരുക്കനാണോ ഈ മനുഷ്യനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പരുക്കനായിരുന്നില്ലെന്നുമാത്രമല്ല, സ്നേഹസമ്പന്നനുമായിരുന്ന അദ്ദേഹം, എനിക്ക് പിതൃതുല്യനായിരുന്നു. ദീര്‍ഘകാല സഹവാസത്തിനിടയില്‍ ഒരിക്കല്‍മാത്രമാണ് അല്‍പ്പം ദീര്‍ഘമായ രാഷ്ട്രീയചര്‍ച്ച ഞങ്ങള്‍ തമ്മില്‍ നടന്നത്. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദപഠനത്തിനായെത്തിയപ്പോഴാണ് ഞാന്‍ അമ്മയുടെ സഹോദരിയായ രാധമ്മയുടെ കുടുംബത്തോടൊപ്പം കഴിഞ്ഞത്. അവരുടെ ഭര്‍ത്താവ് സി ഉണ്ണിരാജയാണ് ഈ നിര്‍ദേശംവച്ചത്. ബിരുദപഠനത്തിനുശേഷം ബിരുദാനന്തരബിരുദത്തിനു പോകുന്നതിന്റെ ഇടവേളയില്‍ തിരുവനന്തപുരത്ത് പ്രഭാത് ബുക്ഹൌസിന്റെ മാനേജരായി പ്രവര്‍ത്തിക്കാന്‍ എനിക്ക് ധൈര്യംപകര്‍ന്നതും ഉണ്ണിരാജയാണ്. അവിടെത്തന്നെയായിരുന്നു പാര്‍ടി ഓഫീസും. ഏതാണ്ട് ആ കാലഘട്ടത്തിലാണ് ഒന്നായിരുന്ന കമ്യൂണിസ്റ്റ് പാര്‍ടി രണ്ടായി പിളരുന്നതും ഞാന്‍ അതിലെ ഇടതുചിന്താഗതിക്കൊപ്പം നിലയുറപ്പിക്കുന്നതും. കെ ദാമോദരന്‍, എന്‍ ഇ ബലറാം, എസ് കുമാരന്‍ ഇവരൊക്കെ സ്ഥിരസന്ദര്‍ശകരായിരുന്നു ആ വീട്ടില്‍. ആ കാലഘട്ടം എന്റെ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ പുഷ്കലകാലമായാണ് കരുതുന്നത്. ഉണ്ണിരാജയുടെ കൈവശം വിലപ്പെട്ട ഒരു പുസ്തകശേഖരംതന്നെയുണ്ടായിരുന്നു. അതൊക്കെ വായിച്ചുനോക്കാന്‍ അവസരം കിട്ടി. രാഷ്ട്രീയവിദ്യാഭ്യാസത്തിലേക്കുള്ള എന്റെ ഹരിശ്രീ കുറിക്കലായിരുന്നു അത്. എനിക്ക് 15 വയസ്സുള്ളപ്പോഴാണ് സ.  ഉണ്ണിരാജയുടെ പാര്‍ടിക്ളാസില്‍ ആദ്യമായി പങ്കെടുക്കുന്നത്. സ്റ്റുഡന്‍സ് സെല്‍ കണ്‍വീനറെന്ന നിലയിലാണ് ക്ളാസില്‍ പങ്കെടുക്കാനവസരം കിട്ടിയത്. വേണ്ടസമയത്ത് അത്യാവശ്യത്തിനുമാത്രം പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന മിതഭാഷിയായ ഉണ്ണിരാജയെയല്ല പാര്‍ടിക്ളാസില്‍ കണ്ടത്. അങ്ങേയറ്റം ആവേശത്തോടെ, നാം മുമ്പ് കണ്ടയാള്‍തന്നെയാണോ ഇതെന്ന് തോന്നിപ്പോകും.

അദ്ദേഹം ഒരു ബഹുജനനേതാവായിരുന്നില്ല. പാര്‍ടിയുടെ ബഹുജനവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നുമില്ല. പ്രഭാഷണം അദ്ദേഹത്തിന്റെ മേഖലയായിരുന്നില്ല. പൊതുരംഗത്ത്  ഉന്നതസ്ഥാനം ആഗ്രഹിച്ചിരുന്നെങ്കില്‍ അത് കരസ്ഥമാക്കാന്‍ ഒരു തടസ്സവും അദ്ദേഹത്തിനുണ്ടാകുമായിരുന്നില്ല. അത്രയേറെ അംഗീകാരമുണ്ടായിരുന്നു. പക്ഷേ, സ്ഥാനമാനങ്ങളെ തികഞ്ഞ നിസ്സംഗതയോടെ നോക്കി, എന്റെ രംഗം ജനങ്ങളെയും പാര്‍ടി അണികളെയും രാഷ്ട്രീയവിദ്യാഭ്യാസം ചെയ്യിക്കലാണ് എന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കാനാണ് അദ്ദേഹമിഷ്ടപ്പെട്ടത്.  മാര്‍ക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു പ്രശ്നത്തെയും അദ്ദേഹം വിശകലനംചെയ്തിരുന്നില്ല. ഏത് സമകാലികപ്രശ്നം വിശകലനം ചെയ്യുമ്പോഴും മാര്‍ക്സിസം ലെനിനിസത്തിന്റെ ആശയാടിത്തറയുടെ ആഴവും പരപ്പും ആ ലേഖനങ്ങളില്‍ കാണാമായിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരന് ഒറ്റ വായനയില്‍ വഴങ്ങുന്നതായിരുന്നില്ല ലേഖനങ്ങള്‍. അത്ര ഗഹനവും കഠിനവുമായ വിഷയങ്ങളാണ് അദ്ദേഹം കൈകാര്യംചെയ്തിരുന്നത്. രാഷ്ട്രമീമാംസാവിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമാക്കാന്‍ കഴിയുന്നതാണ് ഓരോ രചനയും. പാര്‍ടിക്ളാസെടുക്കുന്ന അധ്യാപകര്‍ക്കാകട്ടെ അവ കൈപ്പുസ്തകങ്ങളും.

നവയുഗം വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിക്കവേ സാര്‍വദേശീയപ്രശ്നങ്ങള്‍ അവലോകനംചെയ്ത് അദ്ദേഹം കൈകാര്യംചെയ്ത ഒരു സ്ഥിരംകോളമുണ്ടായിരുന്നു. ലോകരാഷ്ട്രീയത്തെയും വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു അത്. അതിലേക്ക് രാഷ്ട്രങ്ങളുടെ ഭൂപടം വരച്ചുകൊടുക്കുന്ന ജോലി ഞാന്‍ ചെയ്തിരുന്നു. ഉണ്ണിരാജയെ സഹായിച്ചും പുസ്തകങ്ങള്‍ വായിച്ചും കഴിച്ചുകൂട്ടിയ കാലം പില്‍ക്കാല രാഷ്ട്രീയജീവിതത്തിലും പത്രപ്രവര്‍ത്തനരംഗത്തും എനിക്ക് മുതല്‍ക്കൂട്ടായി. അതായിരുന്നു എന്റെ പാഠശാലയെന്ന് ഇപ്പോള്‍ തോന്നുന്നു. ഒരിക്കല്‍മാത്രമാണ് സാമാന്യം സുദീര്‍ഘമായ ഒരു രാഷ്ട്രീയ വാദപ്രതിവാദം ഞങ്ങള്‍ക്കിടയില്‍ നടന്നത്. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രത്യയശാസ്ത്രപരമായ അഭിപ്രായഭിന്നതകള്‍ ശക്തിയാര്‍ജിച്ച കാലമായിരുന്നു അത്.

അഭിപ്രായഭിന്നതകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലും അലയൊലികളുണ്ടാക്കി. ഇതേക്കുറിച്ച് എനിക്ക് വ്യക്തമായ രൂപമില്ലായിരുന്നു. ചൈനീസ്, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മിലുണ്ടായിരുന്ന പ്രത്യയശാസ്ത്രഭിന്നതകളില്‍ ഞാന്‍ ചൈനീസ് പാര്‍ടിയുടെ ഭാഗത്തായിരുന്നു മനസ്സുകൊണ്ട് നിലയുറപ്പിച്ചത്. അങ്ങനെയിരിക്കെയാണ് ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ ചരിത്രത്തില്‍ വലിയ വഴിത്തിരിവായിമാറിയ, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 20-ാം പാര്‍ടി കോണ്‍ഗ്രസ് നടന്നത്. ആ പാര്‍ടി കോണ്‍ഗ്രസില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് പങ്കെടുത്ത പ്രതിനിധിസംഘത്തില്‍ അംഗമായിരുന്നു സി ഉണ്ണിരാജ. അന്നവിടെ പാര്‍ടി കോണ്‍ഗ്രസിനെ അഭിസംബോധനചെയ്ത് ഇന്ത്യയില്‍നിന്ന് സംസാരിച്ച ഏക പ്രതിനിധിയും അദ്ദേഹംതന്നെ.

സമ്മേളനം കഴിഞ്ഞ് അദ്ദേഹം മടങ്ങിവന്നത് കുറെയേറെ പുസ്തകങ്ങളുമായാണ്. ഞാനതില്‍നിന്ന് നൂറോ നൂറ്റമ്പതോ പേജു വരുന്ന ഒരു പുസ്തകമെടുത്തു. എന്നോട് അതൊന്നു വായിച്ചുനോക്കൂ എന്നദ്ദേഹം പറഞ്ഞു. 'ദ ഗ്രേറ്റ് ഡിബേറ്റ്' എന്ന പുസ്തകമായിരുന്നു അത്. ചൈനീസ്, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടികള്‍തമ്മില്‍ ആശയപരമായി നടന്ന ചര്‍ച്ചകളുടെ രേഖയായിരുന്നു ആ പുസ്തകം. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ആ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഞങ്ങളിരുവരും സംസാരിച്ചു. മണിക്കൂറുകള്‍നീണ്ട സംസാരം. ഇത്ര ആവേശത്തോടെ സംസാരിച്ച് ചിറ്റപ്പനെ പാര്‍ടിക്ളാസുകളിലേ ഞാന്‍ കണ്ടിട്ടുള്ളൂ. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ വലതുപക്ഷ അഭിപ്രായത്തിന്റെ ഇന്ത്യന്‍ വക്താവായ എസ് എ ഡാങ്കേയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികവിഭാഗത്തിന്റെ ശക്തനായ വക്താവെന്ന നിലയിലാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തിന്റെ വാദഗതികളെ ഖണ്ഡിക്കാനുള്ള അറിവൊന്നും എനിക്കന്നുണ്ടായിരുന്നില്ല. അത്ര വ്യക്തവും കൃത്യവും ആയിരുന്നു വാദങ്ങള്‍. അന്നത്തെ വാദപ്രതിവാദം പില്‍ക്കാലത്താണ് എനിക്കുപകരിച്ചത്. പത്രപ്രവര്‍ത്തനജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും ഞാനേറെക്കാലവും ചെലവഴിച്ചതും പടപൊരുതിയതും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ വലതുപക്ഷ വ്യതിയാനത്തിനെതിരെയാണ്. അതിനുള്ള ആശയാടിത്തറ രൂപപ്പെട്ടത് ആ വാദപ്രതിവാദത്തോടെയാണ്. എന്താണ് വലതുപക്ഷനിലപാട് എന്ന് ഇത്ര ഭംഗിയായി ചിറ്റപ്പനെപ്പോലെ മറ്റാര്‍ക്കും പറഞ്ഞുതരാന്‍ കഴിയുമായിരുന്നില്ല. 

നിശ്ശബ്ദനായ വിപ്ളവകാരി- അതായിരുന്നു സി ഉണ്ണിരാജ. അദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ പാര്‍ടിയുടെ ചരിത്രം പഠിക്കുന്ന ഒരാള്‍ക്കും വിസ്മരിക്കാനാകില്ല. എതിരാളിയെ ചെളിവാരിയെറിയാതെ, സൌമ്യമായും എന്നാല്‍ വിഷയത്തില്‍ അത്ര കാര്‍ക്കശ്യത്തോടെയും തന്റെ ലേഖനങ്ങളിലൂടെ എതിര്‍ത്തു. രാഷ്ട്രീയതന്ത്രങ്ങള്‍ മെനയാനും സമകാലിക രാഷ്ട്രീയപ്രശ്നങ്ങളില്‍ പാര്‍ടി എങ്ങനെ ചലിക്കണമെന്ന് തീരുമാനിക്കാനും അതിന് അണിയറയിലിരുന്ന് ആശയാടിത്തറ രൂപപ്പെടുത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. താര്‍ക്കികവിഷയങ്ങളില്‍ ഇ എം എസിന്റെ പാടവം അദ്ദേഹം 'രാജന്‍' എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന പ്രിയശിഷ്യനായ ഉണ്ണിരാജയുടെ എഴുത്തുകളില്‍ കണ്ടത് സ്വാഭാവികമാണ്.

ഇ എം എസാണ് മദിരാശിയില്‍ പഠിച്ചുകൊണ്ടിരുന്ന ഉണ്ണിരാജയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കും തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും ആകര്‍ഷിച്ചത്. എണ്ണയ്ക്കാട് കൊട്ടാരത്തിലെ രാമവര്‍മ വലിയരാജയുടെ മകള്‍ രാധമ്മ തങ്കച്ചിയെ പാര്‍ടി താല്‍പ്പര്യമനുസരിച്ച് വിവാഹം കഴിച്ച് മറ്റൊരു വീട്ടില്‍ താമസിക്കുന്നതുവരെ ഇ എം എസിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു ഉണ്ണിരാജ. പാര്‍ടി രണ്ടാകുന്നതുവരെ അവരെപ്പോഴും ഒരുമിച്ചായിരുന്നു. മദിരാശിയില്‍ കോളേജില്‍ പഠിക്കുന്ന കാലത്തേ ജീവാനന്ദം, പി രാമമൂര്‍ത്തി തുടങ്ങിയ കമ്യൂണിസ്റ്റ് സഖാക്കളുമായി പുലര്‍ത്തിയിരുന്ന ബന്ധം കുറെക്കൂടി ദൃഢമായത് ഇ എം എസിന്റെ സൌഹൃദത്തോടെയാണ്. പഠനം കഴിഞ്ഞെത്തിയയുടന്‍ മുഴുവന്‍സമയ പാര്‍ടി പ്രവര്‍ത്തകനാകാന്‍ ഉണ്ണിരാജ തീരുമാനിച്ചതിനുപിന്നിലും ഇ എം എസാണ്. ഒരു കമ്യൂണിസ്റ്റുകാരന്‍ തന്റെ വ്യക്തിജീവിതത്തില്‍ എങ്ങനെയായിരിക്കണമെന്നതിന് ഉണ്ണിരാജയുടെ ജീവിതം ഒരു മാതൃകയാണ്. സ്ഥാനമാനങ്ങളോടും വ്യക്തിതാല്‍പ്പര്യങ്ങളോടും പുറംതിരിഞ്ഞുനിന്ന അദ്ദേഹത്തെ മാതൃകയാക്കാന്‍ കൂടെയുണ്ടായിരുന്ന എത്ര സഖാക്കള്‍ക്ക് കഴിഞ്ഞുവെന്നുകൂടി അന്വേഷിക്കുമ്പോഴാണ് ആ വ്യക്തിത്വത്തിന് മാറ്റ് കൂടുന്നത്

പ്രധാന വാർത്തകൾ
 Top