16 February Saturday

പശു വിശുദ്ധമൃഗമല്ല

പ്രൊഫ. ഡി എന്‍ ഝാUpdated: Saturday Jul 15, 2017

പശു വിശുദ്ധമൃഗമാണെന്ന പ്രചാരണം ചരിത്രപരമായി നിലനില്‍ക്കുന്നതല്ല. നമ്മുടെ പൂര്‍വികര്‍ പശുമാംസം ഉള്‍പ്പെടെ കഴിച്ചിരുന്നു. ഇതിന് ചരിത്രപരവും ശാസ്ത്രീയവുമായ തെളിവുകളുണ്ട്. എന്നാല്‍, മാംസാഹാരം കഴിക്കാത്തവര്‍ ഹിന്ദുക്കളും കഴിക്കുന്നവര്‍ മുസ്ളിം, ക്രിസ്ത്യന്‍ ഇതര വിഭാഗങ്ങളുമാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷുകാലത്തേതുപോലെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് കേന്ദ്ര സര്‍ക്കാരും സംഘപരിവാറും ഇതിലൂടെ ഇപ്പോള്‍ നടപ്പാക്കുന്നത്.

മൃഗബലി സര്‍വസാധാരണമായിരുന്നു. അശ്വമേധം, രാജസൂയം തുടങ്ങിയ രാജകീയ ചടങ്ങുകളില്‍ പശുവിനെ ഉള്‍പ്പെടെ ബലി നല്‍കിയിരുന്നു. അശ്വമേധത്തിന്റെ ഭാഗമായി 600ഓളം മൃഗങ്ങളെയും പക്ഷികളെയുമാണ് ബലി നല്‍കിയിരുന്നത്. രാജകീയ ചടങ്ങുകളില്‍ മാത്രമല്ല കുടുംബങ്ങളിലും കൃഷിയുമായി ബന്ധപ്പെട്ടും മൃഗബലി നടന്നിരുന്നു. ഗുരുക്കന്മാര്‍, മരുമക്കള്‍, ബ്രാഹ്മണര്‍ തുടങ്ങിയ അതിഥികളെ സ്വീകരിക്കാന്‍ കുടുംബങ്ങളില്‍ മൃഗബലി നടത്തിയിരുന്നുവെന്ന് യജുര്‍വേദം വിശദീകരിക്കുന്നു. വിവാഹം, പ്രസവം, മരണാനന്തരചടങ്ങ് എന്നിവയിലും മൃഗബലി ഒഴിച്ചുകൂടാനാകാത്ത ചടങ്ങായിരുന്നു. ദൈവത്തിന് ബലിനല്‍കുന്ന മൃഗങ്ങളുടെ മാംസം മനുഷ്യര്‍ ഭക്ഷിക്കുമെന്ന് അഥര്‍വവേദം പറയുന്നു. 

സംസ്കൃത പണ്ഡിതനും ഭാരതരത്ന ജേതാവുമായ പാണ്ടുരംഗ് വാമന്‍ കാണെ 1940ല്‍ എഴുതിയ ലേഖനങ്ങളില്‍ (ഹിസ്റ്ററി ഓഫ് ധര്‍മശാസ്ത്രയാണ് പ്രസിദ്ധമായ കൃതി) ഹിന്ദുക്കള്‍ മാട്ടിറച്ചി കഴിച്ചിരുന്നുവെന്ന് തെളിവുകള്‍ നിരത്തുന്നു. പുരാവസ്തു രേഖകളും ഇത് ശരിവയ്ക്കുന്നു. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ മൃഗങ്ങളുടെ അവശിഷ്ടങ്ങളില്‍ മൃഗബലി നടത്തിയതിന്റെയും മാംസത്തിനായി മുറിച്ചതിന്റെയും പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ തെളിവുകള്‍ അവതരിപ്പിച്ച പി വി കാണെയെ പോലുള്ള പണ്ഡിതരെ ഖണ്ഡിക്കാന്‍ സംഘപരിവാര്‍ മുതിരാറില്ല. നമുക്കുനേരെയാണ് അവര്‍ ആയുധം ചൂണ്ടുന്നത്.

ആര്യന്മാരുടെ കടന്നുവരവോടെയാണ് മൃഗബലി ഇവിടെ വ്യാപിക്കുന്നത്. കൃഷി പരിമിതമായിരുന്നതിനാല്‍ ലഭ്യമായിരുന്ന മൃഗങ്ങളെ ഇവിടെ ആഹാരത്തിന് ഉപയോഗിച്ചിരുന്നു.  ഇന്ദ്രന്‍, അഗ്നി, സോമ തുടങ്ങിയ ദേവന്മാര്‍ക്കെല്ലാം മൃഗബലി നടത്തിയിരുന്നു. പാല്‍, വെണ്ണ, ഗോതമ്പ്, കാള, ആട്, ചെമ്മരിയാട് തുടങ്ങിയവയാണ് അര്‍പ്പിച്ചിരുന്നത്. ആര്യന്മാരുടെ പ്രധാന ദേവനായ ഇന്ദ്രന് കാളയുടെ മാംസത്തോടാണ് പ്രത്യേക താല്‍പര്യം. അഗ്നി കാളയുടെയും പശുവിന്റെയും മാംസം ഇഷ്ടപ്പെടുന്നു.
മനുസ്മൃതിയില്‍ കൊല്ലാന്‍ പാടില്ലാത്ത മൃഗങ്ങളുടെ പട്ടികയില്‍ പശുവില്ല. എന്നാല്‍, ഒട്ടകത്തെ കൊല്ലാന്‍ പാടില്ലെന്ന് പറയുന്നു. വേദങ്ങള്‍ അനുസരിച്ച് മൃഗങ്ങളെ കൊല്ലുന്നത് പാതകമല്ല. എന്നാല്‍, പശുമാംസം കഴിക്കരുതെന്നും മനുസ്മൃതിയില്‍ പറയുന്നു. ഇത്തരത്തില്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് മനുസ്മൃതി.

ബുദ്ധമതവും ജൈനമതവും കടന്നുവന്നത് ബ്രാഹ്മണര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയെന്നത് പശു വിശുദ്ധപദവി നേടിയതിന് ഒരു കാരണമാണ്. മധ്യകാലഘട്ടത്തിലെ മുസ്ളിം വിഭാഗത്തിന്റെ കടന്നുവരവും അവര്‍ മാട്ടിറച്ചി ധാരാളമായി കഴിക്കുമെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. കൃഷിക്ക് കന്നുകാലികളെ ഉപയോഗിക്കുന്നതിനാല്‍ അവയെ കൊല്ലാന്‍ പാടില്ലെന്ന വ്യവസ്ഥ ഭൂവുടമകളായ ബ്രാഹ്മണര്‍ ഉണ്ടാക്കി. ബ്രാഹ്മണരുടെ പശുക്കളെ കൊല്ലാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ബ്രാഹ്മണര്‍ കാലാകാലങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യവസ്ഥകളുണ്ടാക്കി. ബ്രാഹ്മണരെയും പശുക്കളെയും സംരക്ഷിക്കുന്നതിന് ദൈവത്തിന്റെ പ്രതിപുരുഷനായി അവതരിച്ചതെന്ന് (ബ്രാഹ്മണരാല്‍)വിശേഷിപ്പിക്കപ്പെട്ട ഛത്രപതി ശിവജിയുടെ നിലപാടുകളും സ്വാധീനം ചെലുത്തി. ഇതോടെ പശു എന്നത് ബ്രാഹ്മണരുടെ ഇടയില്‍ സാംസ്കാരിക ചിഹ്നമായി ഉയര്‍ത്തപ്പെട്ടു. ഒപ്പം അധികാര ചിഹ്നമായും അത് മാറി.

പശു ഒരു രാഷ്ട്രീയ ചിഹ്നമാകുന്നതിന് ദയാനന്ദ സരസ്വതിയുടെ സ്വാധീനവും ചെറുതല്ല. 1875ല്‍ ആര്യസമാജത്തിന്റെ സ്ഥാപനം, തുടര്‍ന്ന് 1880ല്‍ പശു സംരക്ഷണസമിതിക്കും ദയാനന്ദ സരസ്വതി രൂപംനല്‍കി. ഇതോടെയാണ് പശുവും പശുസംരക്ഷണവും രാഷ്ട്രീയ ചിഹ്നമായി ഉയര്‍ന്നുവരുന്നത്. ക്രമേണ പശു ഹിന്ദുത്വത്തിന്റെ പ്രതീകമായും മാറി.

ഗോമാത, ഭാരത്മാത എന്നീ മുദ്രാവാക്യങ്ങള്‍ക്കൊന്നും വലിയ കാലപ്പഴക്കം അവകാശപ്പെടാനില്ല. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടവര്‍ ഹിന്ദുക്കളെന്ന് അറിയപ്പെട്ടതിനും വലിയ പഴക്കമില്ല. അത്തരത്തിലുള്ള ഹിന്ദു വിഭാഗത്തെ പശുവിന്റെ പേരിലുള്ള വികാരവുമായി കൂട്ടിക്കെട്ടാനാണ് ഇപ്പോള്‍ ഭരണാധികാരികള്‍ ഉള്‍പ്പെടെ ശ്രമിക്കുന്നത്. ചരിത്രത്തിലും വര്‍ത്തമാനത്തിലും വൈരുധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന മൃഗമാണ് പശു. എന്നാല്‍, ചരിത്രത്തില്‍ ഒരുകാലത്തും പശുവിന്റെ പേരില്‍ ഇന്നു നടക്കുന്നപോലെ ആള്‍ക്കൂട്ടം കൊലപാതകങ്ങള്‍ നടത്തിയിട്ടില്ല

(പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ ഭൂമി അധികാര്‍ ആന്ദോളന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പ്രമുഖ ചരിത്രകാരനും ഡല്‍ഹി സര്‍വകലാശാലാ അധ്യാപകനുമായിരുന്ന പ്രൊഫ. ഡി എന്‍ ഝാ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ നിന്ന്. 'ദ മിഥ് ഓഫ് ദ ഹോളി കൌ' എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ കര്‍ത്താവുകൂടിയാണ്.)

പ്രധാന വാർത്തകൾ
 Top