20 June Sunday

പ്രളയമൊഴിവാക്കാൻ ജലസംരക്ഷണം - ഐ ബി സതീഷ്‌ എംഎൽഎ എഴുതുന്നു

ഐ ബി സതീഷ്‌ എംഎൽഎUpdated: Monday Jun 15, 2020

നാൽപ്പത്തിനാല്‌ നദികളും തീരങ്ങളും ജലസാന്നിധ്യമുള്ള അളങ്ങളും ചേർന്ന കേരളം ഇന്ന് ചോർന്നുപോയ കാർഷികസംസ്കാരത്തെ വീണ്ടെടുക്കാനുള്ള തീവ്രയത്നത്തിലാണ്. പിന്നിട്ട കാലത്തിലൂടെ നടന്നാൽ ജലപാതകൾക്കരികിലേക്ക് നടന്ന പലായനങ്ങളുടെ ചരിത്രമുണ്ട് നമ്മുടെ നാടിന്‌. അന്നത്തെ ഗ്രാമീണജീവിതങ്ങൾ സമ്പന്നതയുടെയും ധാരാളിത്തത്തിന്റേതുമായിരുന്നില്ല. പക്ഷേ, കാർഷികവൃത്തിയുടെ പരിരക്ഷയിൽ എവിടെയും പട്ടിണി മരണങ്ങളുണ്ടായിട്ടില്ല. ഇപ്പോൾ കോവിഡ് കാലം പഠിപ്പിച്ച പാഠങ്ങൾ ചില പുതിയ ചുവടുവയ്പുകൾക്ക് കാരണമാകുന്നു. ലോകത്തെല്ലായിടത്തുംപോലെ അടിസ്ഥാനഘടകമായി ജലം ഉയർന്നുവരുന്നു.

മഴക്കാലത്തെ ശാസ്‌ത്രീയമായി സമീപിക്കണം
കോവിഡ്- –-19 വെല്ലുവിളി കണക്കിലെടുത്ത് നമ്മുടെ സംസ്ഥാനം ദീർഘകാലത്തേക്ക് ഭക്ഷണവും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്നതിനുള്ള കർമപദ്ധതികളുമായി മുന്നോട്ടുപോകുകയാണല്ലോ. ഭക്ഷ്യധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉൽപ്പാദനം വർധിപ്പിക്കുക മാത്രമല്ല, അതിനു ഭാവിയിലും തുടർച്ചയുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ്‌ തുടക്കം. അതുപോലെ തന്നെ സുപ്രധാനമാണ്‌ ‌ജലസംരക്ഷണവും. സംസ്ഥാനത്ത്‌ മിക്കവാറും തരിശുഭൂമികളെല്ലാം കൃഷിയിടങ്ങളായി മാറിയിരിക്കുന്നു. വലിയ മനുഷ്യാധ്വാനമാണ്‌ ഇതിനായി വിനിയോഗിക്കപ്പെട്ടിട്ടുള്ളത്‌. വരാൻ പോകുന്ന മഴക്കാലത്തിൽനിന്നും അവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തംകൂടിയുണ്ട്‌. കഴിഞ്ഞ പ്രളയകാലത്ത്‌ കേരളത്തിൽ നശിച്ചുപോയത്‌ കോടിക്കണക്കിനു രൂപയുടെ ഭക്ഷ്യധാന്യവും കാർഷികവിളകളുമാണ്‌. കൃത്യമായ ആസൂത്രണത്തോടെ മഴക്കാല മുന്നൊരുക്കങ്ങൾ നടത്തണം.

തികച്ചും ശാസ്‌ത്രീയമായ രീതിയിൽ ദീർഘകാല ആസൂത്രണംകൊണ്ട്‌ നമുക്ക്‌ മഴക്കെടുതികളെ ഒരുപരിധിവരെ പ്രതിരോധിക്കാൻ കഴിയും. തിരുവനന്തപുരം, കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കിയ ജലസമൃദ്ധി പദ്ധതിയിലൂടെ ശാസ്‌ത്രീയരീതിയിലൂടെ മഴവെള്ളം മണ്ണിൽത്തന്നെ ഇറക്കി സംരക്ഷിക്കാനും അതുവഴി വേനൽക്കാലത്തേക്ക്‌ കരുതിവയ്‌ക്കാനും കഴിഞ്ഞു. മണ്ണിന്റെ ഫലഭൂയിഷ്‌ഠതയും ഉറപ്പിക്കാനും പ്രളയദുരന്തം ഒട്ടൊരു പരിധിവരെ തടയാനും കഴിഞ്ഞു. ഒഴുകിപ്പോകുന്ന മഴവെള്ളം അപ്പാടെ തടഞ്ഞുനിർത്തുകയല്ല വേണ്ടത്‌. അതിനു പകരം മണ്ണിന്റെയും ഭൂപ്രകൃതിയുടെയും ഘടനയനുസരിച്ച്‌ ജലം സംരക്ഷിക്കാനും ഒഴുകിപ്പോകേണ്ട സ്ഥലത്ത്‌ അരുവികളും നീർച്ചാലുകളും തടസ്സം നീക്കി ജലമൊഴുക്ക്‌ സുഗമമാക്കാനും കഴിയണം. മഴക്കാലത്തിന്റെ രൗദ്രഭാവം പരമാവധി കുറയ്‌ക്കാനും അപ്രതീക്ഷിതമായ ദുരന്തങ്ങൾ ഒഴിവാക്കാനും നമുക്ക്‌ സാധ്യമാകും. രണ്ടുവർഷത്തെ പ്രളയവും പേമാരിയും നമുക്ക്‌ വലിയ അനുഭവപാഠങ്ങളാണ്‌ സമ്മാനിച്ചത്‌.

മൺസൂൺ കാലം ഇത്തവണയും പ്രക്ഷുബ്ധമായേക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ വന്നുകഴിഞ്ഞു. വലിയ ആൾനാശവും വീടും ജീവനോപാധികൾ തകർത്തുമാണ്‌ കഴിഞ്ഞ പ്രളയജലമൊഴുകിപ്പോയത്‌. ഇനി അത്തരം അനുഭവങ്ങളുടെ കാഠിന്യം കുറയ്‌ക്കാനാകണം. ഭൂമി, പരിസ്ഥിതി, മനുഷ്യൻ ഇവ തമ്മിലുള്ള പൊരുത്തമാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനശില. ഈ വസ്തുത പഠനവിഷയമാക്കിയത് മാർക്സിയൻ ചിന്താപദ്ധതിയാണ്. കാൾ മാർക്സിന്റെയും ഏംഗൽസിന്റെയും നിഗമനങ്ങളും നിരീക്ഷണങ്ങളും എത്രമാത്രം ശാസ്ത്രീയവും യുക്തിസഹവുമാണെന്ന് വർത്തമാനകാലം ബോധ്യപ്പെടുത്തുന്നു. ഏതു തരത്തിലുള്ള അധിനിവേശങ്ങളും പ്രകൃതിയുടെ താളംതെറ്റിക്കും. സുസ്ഥിര വികസനമാതൃകകൾ രൂപംകൊള്ളുന്നതും നിലനിൽക്കുന്നതും ഈ കാഴ്ചപ്പാടിന്റെ  അടിസ്ഥാനത്തിലാണ്. ഈ രാഷ്ട്രീയം നിറം പകർന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റേത്‌. ഹരിതകേരളം എന്ന കാഴ്ചപ്പാട് രൂപപ്പെട്ടത് അങ്ങനെയാണ്. പരിസ്ഥിതിപ്രശ്നങ്ങൾ പൊതു രാഷ്ട്രീയത്തിന്റെയും വികസന കാഴ്ചപ്പാടിന്റെയും പ്രഥമ പരിഗണന അർഹിക്കുന്നുവെന്ന പൊതുബോധം കേരളത്തിലിന്ന് രൂപപ്പെട്ടുവരുന്നുണ്ട്‌. 


 

പുഴകളെ തിരിച്ചുപിടിക്കുക
നാടിന്റെ പച്ചപ്പും മണ്ണിന്റെ നന്മയും ജലത്തിന്റെ ശുദ്ധിയും വീണ്ടെടുക്കാനുള്ള അനവധി പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരികയാണ്. ഒരു പുഴയെ തിരിച്ചുപിടിക്കാനുള്ള നാടിന്റെ വലിയൊരു ശ്രമത്തിന്റെ തുടക്കമായിരുന്നു വരട്ടാർ പുനരുജ്ജീവനം. വരട്ടാറിന്റെ 10 കിലോമീറ്ററും ആദിപമ്പയുടെ ഭാഗമായിവരുന്ന എട്ട് കിലോമീറ്ററുമടക്കം18 കിലോമീറ്ററാണ് പുനരുജ്ജീവിപ്പിച്ചത്. കോട്ടയം ജില്ലയിലെ മീനച്ചിലാർ- മീനന്തറയാർ- കൊടൂരാർ നദീസംയോജന പദ്ധതിയിലൂടെ 1200  ഹെക്ടറിൽ നെൽക്കൃഷി പുനരാരംഭിക്കാൻ കഴിഞ്ഞത് മറ്റൊരു നാഴികക്കല്ലാണ്. കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി, ആലപ്പുഴയിലെ കനാലുകളുടെ നവീകരണം, തളിപ്പറമ്പിൽ നടപ്പാക്കുന്ന സമൃദ്ധിപദ്ധതി, തിരുവനന്തപുരം ജില്ലയിലെ കിള്ളിയാർ മിഷൻ, കുട്ടംപേരൂർ ആറ് പുനരുജ്ജീവനം, ഓപ്പറേഷൻ കനോലി കനൽ, പൂനൂർ പുഴ പുനരുജ്ജീവനം, കാനാമ്പുഴ, ചിറ്റാരിപ്പുഴ, എന്റെ മണിമലയാർ തുടങ്ങി നിരവധി ജനകീയ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ഈ രംഗത്ത് മികച്ച മാതൃകകൾ സൃഷ്ടിക്കാനായിട്ടുണ്ട്.


 

ജലസമൃദ്ധിയുടെ പാഠം
തോടുകളിൽ ജൈവ തടയണകളും കല്ല് തടയണകളും നിർമിച്ച് നീരൊഴുക്ക് നിയന്ത്രിക്കാനായാൽ മെയ് മാസത്തിലും ജലം സമൃദ്ധമാകും. കിണറുകൾക്കു ചുറ്റും ജലവലയം വിസ്തൃതമാക്കിയും ജല ഉറവകൾ സമ്പുഷ്ടമാക്കിയും ജലലഭ്യത വർധിപ്പിക്കാം. ഫലപ്രദമായ ആസൂത്രണം, സജീവമായ ജനപങ്കാളിത്തം, വകുപ്പുകളുടെയും സംഘടനകളുടെയും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ, വിദ്യാർഥികൾമുതൽ വയോധികർവരെയുള്ളവരുടെ ഇടപെടലുകൾ എന്നിവ വിജയകരമായി നടപ്പാക്കിയതാണ്‌ കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതി. മണ്ഡലത്തിലെ ആറ്‌ പഞ്ചായത്തിലെ 122 വാർഡിലായി നടപ്പാക്കിവരുന്ന ജലസമൃദ്ധി പദ്ധതി ഒരു സന്ദേശമാണ്. വിവിധ വകുപ്പുകളുടെ ഏകോപനം സൃഷ്ടിച്ചൊരു മാതൃക കൂടിയാണ് ജലസമൃദ്ധി. വൃക്ഷത്തൈകൾ  നട്ടുപിടിപ്പിക്കുക, മഴക്കുഴികൾ, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം, താൽക്കാലിക തടയണകളിലൂടെ നീരൊഴുക്ക് നിയന്ത്രിക്കൽ, വൃഷ്ടി പ്രദേശങ്ങളിലെ മണ്ണ്, ജല സംരക്ഷണപ്രവർത്തനങ്ങൾ,  പൊതുസ്ഥാപനങ്ങളിലെ കൃത്രിമ ഭൂജലപോഷണം, വീടുകളിലെ കിണർ റീചാർജിങ്‌ എന്നിങ്ങനെ വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ജലപോഷണ, ജലവിഭവ സംരക്ഷണപ്രവർത്തനങ്ങളാണ്‌ നടപ്പാക്കിയത്‌. 2019 ൽ ജനീവയിൽ നടന്ന ലോക പുനർനിർമാണ സമ്മേളനത്തിന്റെ  നാലാം പതിപ്പിൽ സംയോജിത ജലസംരക്ഷണത്തിന്റെ  മികച്ച മാതൃകയായി ജലസമൃദ്ധി അവതരിപ്പിക്കപ്പെട്ടു. 

സംസ്ഥാന രൂപീകരണത്തിൽ യഥാർഥ ഉദ്ദേശ്യങ്ങൾ പലതായിരുന്നെങ്കിലും പലരും ഉയർത്തിയ വാദമുഖങ്ങൾ ജലസമൃദ്ധമായ നാടിനെ നിലനിർത്തണമെന്നതായിരുന്നു. ഇടുക്കിയും കുട്ടനാടുമൊക്കെ തമിഴ്നാടിന്റെ വാദമുഖങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്ന് കേട്ടിട്ടുണ്ട്. വർഷകാലങ്ങളെ നിർണയിച്ച് കൃഷി മാത്രമല്ല ജീവിതത്തെയും ആസൂത്രണം ചെയ്യുന്നതായിരുന്നു മലയാളിയുടെ ജീവിതക്രമം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരിയിലും കൂടുതലാണ് നമുക്ക് ലഭ്യമാകുന്ന മഴ (3000 മി. മി.). പക്ഷേ, അതിന്റെ ഗുണം ലഭ്യമാകുന്നില്ല. അതിന് ഒട്ടേറെ ഘടകമുണ്ട്. മണ്ണിന്റെ ഭൗതിക രാസഘടന, ഉപരിതല പ്ലവനത, ഭൂമിയുടെ ഭൗതികസ്വഭാവം എന്നിവ. 


 

പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച്‌ പടിഞ്ഞാറോട്ടൊഴുകന്ന 41 നദിയിലും കിഴക്കോട്ടൊഴുകുന്ന മൂന്ന്‌ നദിയിലും കൂടെ 78 .041 മില്യൺ ക്യുബിക് മീറ്റർ (എംസിഎം) ജലം ഒഴുകുന്നു. അതിൽ 71.23 എംഎസിഎം ജലം കേരളത്തിലൂടെ ഒഴുകുന്നു. മഴവെള്ളമാണ് നമ്മുടെ ഏക പ്രകൃതിജന്യ ജലസ്രോതസ്സ്‌. മഴവെള്ളം മണ്ണിനടിയിൽ സംഭരിക്കപ്പെട്ടില്ലെങ്കിലോ? തണ്ണീർത്തടങ്ങളും നെൽവയലുകളും കടലിലേക്ക് ഒഴുകിപ്പോകുന്ന ജലത്തിന്റെ ഒരു നല്ലഭാഗം ഭൂമിയിൽ നിലനിർത്തുന്നൂ. നെൽവയലുകൾ മണ്ണിൽ ഈർപ്പം നിലനിർത്താനും ഒരുപരിധിവരെ ഭൂഗർഭത്തിലേക്കു മഴവെള്ളം എത്തിക്കാനും സഹായിക്കുന്നു. മഴ ശക്തമാകുമ്പോൾ അധിക ജലം നദികളുടെ ഇരുഭാഗത്തുമുള്ള തടങ്ങൾ ഉൾക്കൊണ്ട് വെള്ളപ്പൊക്കം തടയുന്നു. കേരളത്തിൽ പ്രതിവർഷം പെയ്യുന്ന മഴയുടെ 0.8 ശതമാനം മതി നമ്മുടെ ഒരു വർഷത്തെ മനുഷ്യാവശ്യങ്ങൾ നിറവേറ്റാൻ. പക്ഷേ, ഇന്ന് കേരളത്തിൽ വീഴുന്ന മഴവെള്ളത്തിൽ 92 ശതമാനവും 44 മണിക്കൂറിനുള്ളിൽ കടലിൽ എത്തുന്നു.

താഴെക്കാണുന്ന പട്ടികയിൽ ഭൂമിയിൽ വിവിധ ഘടകങ്ങളിലുള്ള ജലാംശം ഏത് അനുപാതത്തിലാണെന്നു കാണാം.

•മഹാസമുദ്രം 97.2 ശതമാനം
•മഞ്ഞുമലകളും ഹിമകണങ്ങളും  2.15 ശതമാനം
•ഭൂഗർഭജലം 0.61 ശതമാനം
•ശുദ്ധജല തടാകങ്ങൾ 0.009 ശതമാനം
•കരയാൽ ചുറ്റപ്പെട്ട വൻതടാകങ്ങൾ 0.008 ശതമാനം
•മണ്ണിലെ ജലാംശം 0.005 ശതമാനം
•അന്തരീക്ഷ ജലാംശം 0.001 ശതമാനം
•നദികൾ 0.0001 ശതമാനം.

നാം പ്രധാനമായും ആശ്രയിക്കുന്നതും ദുരന്തം വിതയ്‌ക്കുന്നതുമായ നദീജലം അനുപാതത്തിൽ തുലോം ചുരുക്കമാണ്‌.  മണ്ണിലും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ജലാംശം പോലും അതിൽ എത്രയോ മടങ്ങ്‌ കൂടുതലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top