06 June Saturday

കേരളവികസനത്തിന് കെഎസ്എഫ്ഇയുടെ കൈയൊപ്പ്

ജി തോമസ് പണിക്കർUpdated: Saturday Jun 15, 2019


1969 നവംബർ 6നാണ് കെഎസ്എഫ്ഇ ആരംഭിച്ചത്. 1967 ലെ ഇ എംഎസ് മന്ത്രിസഭയുടെ തീരുമാനപ്രകാരമാണിത്.  ധനകാര്യമേഖലയിൽ നടക്കുന്ന അരാജക പ്രവണതയ്ക്കും ചൂതാട്ടങ്ങൾക്കും ചൂഷണങ്ങൾക്കും അറുതിവരുത്തി കേരളജനതയെ രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ അടിസ്ഥാനത്തിൽ ലോട്ടറിയും ചിട്ടിയും സർക്കാർ മേഖലയിൽ ആരംഭിക്കുന്നതിന് തീരുമാനമെടുത്തു. ആരംഭവർഷംമുതൽ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷംവരെ  ജനങ്ങൾക്കും സർക്കാരിനും വലിയ തോതിലുള്ള സഹായമാണ് കെഎസ്എഫ്ഇ നൽകിയത്.

ആരംഭകാലംമുതൽ ലാഭത്തിലാണ് കെഎസ്എഫ്ഇ പ്രവർത്തിച്ചുവരുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയത് കെഎസ്എഫ്ഇയാണ്. വിവിധ ഘട്ടങ്ങളിലായി സാരഥ്യം വഹിച്ചവർ ഈ വിജയത്തിനുവേണ്ടി കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടത്തിയത്. നാളിതുവരെ ഉദ്യോഗസ്ഥരടക്കം 24 ചെയർമാന്മാരാണ് കമ്പനിക്ക് ഉണ്ടായിട്ടുള്ളത്.

1987നു ശേഷമാണ് കമ്പനിയുടെ വൈവിധ്യവൽക്കരണം നടന്നത്. 1987 ൽ കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലും കാതലായ മാറ്റം വരുത്തി. കേരളത്തിലെ സാമൂഹ്യസുരക്ഷയ്ക്കായി രൂപംകൊടുത്ത "ഭദ്രത’ പദ്ധതി നടപ്പാക്കിയതും കെഎസ്എഫ്ഇ വഴിയായിരുന്നു. 1000 കോടിരൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടത്, 883 കോടിരൂപ ശേഖരിച്ചു. പണം തിരികെ നൽകില്ലെന്ന് മാധ്യമങ്ങളാകെ പ്രചാരണം നടത്തിയിട്ടും അഞ്ചു വർഷത്തിനുശേഷം ഇരട്ടിയായി മുഴുവൻ പേർക്കും തിരിച്ചുനൽകി. സംസ്ഥാന സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയതും സ്ഥാപനമാണ്.  സ്വകാര്യ മേഖലയിലെ ചൂഷണത്തിൽനിന്ന് സാധാരണക്കാരായ ജനങ്ങളെ രക്ഷിക്കുന്നതിന് സ്പെഷ്യൽ ഗോൾഡ് ലോൺ കൗണ്ടർ ആരംഭിച്ച് മിതമായ പലിശയിൽ വായ്പ നൽകി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകാലത്തെ പ്രവർത്തനംകൊണ്ട് കേരള ജനതയുടെ വിശ്വാസമാർജിച്ച് സംസ്ഥാനത്തെ ധനകാര്യമേഖലയിലെ ശക്തമായ സാന്നിധ്യമായി മാറി. സ്ഥാപനത്തിന് ഇപ്പോൾ 3526690 ഇടപാടുകാരും 40000 കോടിയിലധികം വിറ്റുവരവുമുണ്ട്. കമ്പനിയുടെ വളർച്ചയ്ക്ക് ഇടതുപക്ഷജനാധിപത്യ മുന്നണി സർക്കാരിന്റെ  പങ്ക് എടുത്തുപറയേണ്ടതുണ്ട്. ഭാവി കേരളവികസനത്തിന് വലിയ സംഭാവന നൽകുന്നതിന് സർക്കാരും മാനേജ്മെന്റും ശക്തമായ പ്രവർത്തനമാണ് നടത്തിവരുന്നത്.

പ്രവാസി ചിട്ടി
പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ കേരള വികസനത്തിന് ഒരു ബദൽ മാർഗമായി കണ്ടെത്തിയതാണ്  ബജറ്റിനു പുറമെ വിഭവസമാഹരണം നടത്തുക എന്നത്. കേരള ഇൻഫ്രാസ്ട്രക്ച്വർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) കേരളത്തിന്റെ ഭാവിവികസനത്തിന് 50,000 കോടിരൂപയുടെ വിവിധ പദ്ധതികളാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കിഫ്ബിയുടെ ഫണ്ട് സമാഹരണത്തിന് തെരഞ്ഞെടുത്ത മുഖ്യപദ്ധതിയാണ് പ്രവാസി ചിട്ടി.  5 വർഷംകൊണ്ട് 10000 കോടിരൂപ പ്രവാസി ചിട്ടിയിലൂടെ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ള പ്രവാസി മലയാളികൾക്കും ചിട്ടിയിൽ ചേരാൻ അവസരം നൽകിയിട്ടുണ്ട്. അവർ തെരഞ്ഞെടുക്കപ്പെടുന്ന വികസന പദ്ധതിയിലേക്ക് ചിട്ടിയിൽ വരുന്ന മിച്ചമൂല്യം നിക്ഷേപിക്കാവുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രവാസി ചിട്ടിയിൽ ചേരുന്ന മലയാളികൾക്ക് പ്രത്യേക പെൻഷൻ പദ്ധതി, ഇൻഷുറൻസ് പരിരക്ഷ, പൂർണമായും ഓൺലൈൻ പ്രവർത്തനത്തിലൂടെയുള്ള ഇടപാടുകൾ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പൽ കോർപറേഷൻ കേന്ദ്രങ്ങളിലും  തെരഞ്ഞെടുക്കപ്പെട്ട ശാഖകളിൽ പ്രവാസി ചിട്ടി സഹായകേന്ദ്രങ്ങൾ ആരംഭിക്കും. ഈ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ  സെപ്തംബറിനുള്ളിൽ പ്രവാസി കുടുംബങ്ങളുടെ വിവരശേഖരണം നടത്തും. ഈ കുടുംബങ്ങളിലെ വിദ്യാഭ്യാസപരമായി ഉന്നതനിലവാരം പുലർത്തുന്ന കുട്ടികളെ ആദരിക്കുകയും ഈ കുടുംബങ്ങളിൽ നടക്കുന്ന വിശേഷ അവസരങ്ങളിൽ പ്രവാസി ചിട്ടിയുടെ പേരിൽ പ്രത്യേക ഉപഹാരങ്ങൾ നൽകുകയും ചെയ്യും. ഏറ്റവും കൂടുതൽ ചിട്ടിവരിക്കാരെ ചേർക്കുന്ന ജീവനക്കാർക്കും ശാഖകൾക്കും മേഖലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും ആകർഷകങ്ങളായ സമ്മാനങ്ങളോ വിദേശത്തേയ്ക്കുള്ള ടിക്കറ്റോ നൽകും. അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായുള്ള പ്രവാസികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് അവരുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് വികസന സെമിനാർ സംഘടിപ്പിക്കും. 2020 മാർച്ച് ആകുമ്പോൾ 50000 വരിക്കാരും 200 കോടി ചിട്ടിസലയും ലക്ഷ്യമിടുന്നു. 2021 ആകുമ്പോൾ 1 ലക്ഷം ചിട്ടിവരിക്കാരും 500 കോടി ചിട്ടിസലയും ലക്ഷ്യമിടണം. ഇപ്പോഴത്തെ ചിട്ടിവരിക്കാരുടെ നിക്ഷേപത്തോത് കണക്കാക്കിയാൽ ചിട്ടി കാലാവധിക്കുള്ളിൽ 10000 കോടി രൂപയുടെ ഫ്ളോട്ട് ഫണ്ട് എന്നത് യാഥാർഥ്യമാകും.

 

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കെഎസ്എഫ്ഇയുടെ എന്തെങ്കിലും ഒരു ഉൽപ്പന്നം എന്ന നിലയിൽ സുവർണ ജൂബിലി പ്രചാരണം സംഘടിപ്പിക്കും. കുടുംബശ്രീ യൂണിറ്റുകളിലെ സമ്പാദ്യശീലം വർധിപ്പിക്കുന്നതിനും അവർക്ക് ഒരു സാമൂഹ്യസുരക്ഷാ പദ്ധതി എന്ന നിലയിലും കുടുംബശ്രീ ചിട്ടികൾ ആരംഭിക്കേണ്ടതുണ്ട്. ചിട്ടിയുടെ ഗുണഫലങ്ങൾ വിശദീകരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ യൂണിറ്റുകളിലും കെഎസ്എഫ്ഇ  ചുമതലപ്പെടുത്തിയ റിസോഴ്സ് പേഴ്സൺ പങ്കെടുക്കും. സമൂഹത്തിലെ വനിതാ കൂട്ടായ്മയിൽ സ്ഥാപനത്തിന് ഇതുവഴി നിർണായകമായ ഇടപെടൽ നടത്താൻ കഴിയും. ചിട്ടി പദ്ധതികൾ ഇനിയും വൈവിധ്യവൽക്കരിച്ച് വലിയ വളർച്ച നേടാനാകും. സ്വർണപ്പണയ വായ്പാ പദ്ധതി പരിഷ്കരിച്ച് അക്ഷയ ഗോൾഡ് ഓവർ ഡ്രാഫ്റ്റ് പദ്ധതി നടപ്പാക്കണം. ഭവനവായ്പ, വ്യക്തിഗതവായ്പ, ചിട്ടിവായ്പ എന്നിവ ആകർഷകമാക്കി നിക്ഷേപ‐വായ്പ അനുപാതം വർധിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കണം.

സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക് സ്ഥാപനം വലിയ തോതിൽ പിന്തുണ നൽകുന്നതോടൊപ്പം പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർസൃഷ്ടിക്കായി  സ്ഥാപനവും ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. 36 കോടിരൂപയാണ് സർക്കാരിന് നൽകിയത്. കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ നിന്നുള്ള ഏറ്റവും വലിയ സംഭാവനയാണിത്. ഇതിൽ പങ്കെടുത്ത മുഴുവൻ ജീവനക്കാർക്കും  നന്ദി രേഖപ്പെടുത്തുന്നു. സംസ്ഥാനസമ്മേളനത്തിൽ കേരള വികസനവും കെഎസ്എഫ്ഇയുടെ വികസനവും ചർച്ച ചെയ്യും.

(കെഎസ്എഫ്ഇഒയു ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
 


പ്രധാന വാർത്തകൾ
 Top