16 February Saturday

ആ മഹാനൊപ്പം അൽപ്പനേരം

ഡോ. എ രാജഗോപാൽ കമ്മത്ത്Updated: Thursday Mar 15, 2018

വളരെക്കാലത്തെ ശ്രമത്തിനുശേഷമാണ് മഹാശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിനെ കാണാനുള്ള അനുമതി ലഭിച്ചത്. പ്രപഞ്ചത്തിനൊരു തുടക്കമുണ്ടായിരുന്നോ? ഒരു തുടക്കമുണ്ടായിരുന്നെങ്കിൽ അതിനുമുെമ്പന്തായിരുന്നു? കാലത്തിന്റെ പ്രകൃതമെന്താണ്? പ്രപഞ്ചത്തിനൊരു ഒടുക്കമുണ്ടാകുമോ എന്നെങ്കിലും? അതിസാന്ദ്രവും അത്യുഗ്രവുമായ അവസ്ഥയിൽനിന്ന് ഒരു മഹാസ്ഫോടനത്തിന്റെഫലമായി സ്ഥലവും കാലവും നിലവിൽവന്നു എന്നും 1382കോടി വർഷം മുമ്പാണ്  പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനുകാരണമായ മഹാസംഭവമുണ്ടായതെന്നും അനുമാനിക്കുന്നു. എന്നാൽ, പ്രപഞ്ചമുണ്ടായതെങ്ങനെ എന്നും എന്തുകൊണ്ട് പ്രപഞ്ചം ഇപ്രകാരം പ്രവർത്തിക്കുന്നു എന്നും എന്തുകൊണ്ടത് മറ്റൊരു രീതിയിലല്ല എന്നതും പ്രസക്തമായ ചോദ്യങ്ങളാണ്. പ്രൊഫസർ സ്റ്റീഫൻ ഹോക്കിങ് മേൽപറഞ്ഞ തരത്തിലുള്ള ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഞാൻ കാണുന്ന സമയത്ത് അദ്ദേഹം വളരെ ഊർജസ്വലനായിരുന്നു. സെന്റർ ഫോർ മാത്തമാറ്റിക്കൽ സയൻസിലാണ് ഹോക്കിങ്ങിന്റെ ഓഫീസുള്ളത്. 

ഐൻസ്റ്റീനുശേഷം ലോകംകണ്ട ഏറ്റവുംവലിയ ശാസ്ത്രജ്ഞനെയാണ് കാണാൻപോകുന്നത്. എന്തൊക്കെയാണ് ഹോക്കിങ്ങുമായി സംസാരിക്കുക എന്ന് കാലേകൂട്ടി അവിടെയുള്ളവർ ചോദിച്ചറിഞ്ഞിരുന്നു. കഫറ്റേരിയയുടെ വശത്തുള്ള വലിയ ചില്ലുവാതിലിലൂടെ അകത്തുകടന്നു. ഹോക്കിങ്ങിന്റെ പ്രത്യേക ലിഫ്റ്റിനെച്ചുറ്റിയുള്ള കോവണിയിലൂടെ  മുകളിലത്തെ നിലയിലെത്തി. മുറിയുടെ ഒരുവശത്ത് പ്രൊഫസർ ഹോക്കിങ് വീൽചെയറിലിരിക്കുന്നു. മുന്നിൽ വലിയൊരു സ്ക്രീൻ. അദ്ദേഹത്തെ വണങ്ങിയതിനു ശേഷം തൊട്ടടുത്തിട്ടിരുന്ന കസേരയിൽ ഇരുന്നു. ഹോക്കിങ് പരിചയഭാവത്തിൽ ഹലോ എന്ന് സ്പീക്കറിലൂടെ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ 'ഗുഡ് മോണിങ്' എന്ന് ഹോക്കിങ്.

സ്റ്റീഫൻ ഹോക്കിങ്ങിനൊപ്പം ലേഖകൻ

സ്റ്റീഫൻ ഹോക്കിങ്ങിനൊപ്പം ലേഖകൻ

വശത്തുള്ള ബ്ലാക്ക്ബോർഡിൽ കണക്കുകൂട്ടലുകൾ നടത്തിയിരിക്കുന്നു. മേശയിലും  ഷെൽഫിലും ഹോക്കിങ്ങിന്റെ പൂർവകാലചിത്രങ്ങൾ, ആദ്യഭാര്യയുടെയും കുട്ടികളുടെയും ചിത്രങ്ങൾ എന്നിവ കണ്ടു. ന്യൂട്ടനും ഐൻസ്റ്റീനുമൊപ്പമുള്ള സ്റ്റാർസൈക്കിലെ ചിത്രവും ചുമരിലുണ്ട്. ഷെൽഫിൽ കുറെ പുസ്തകങ്ങളുമുണ്ട്. ഇടയ്ക്ക് വിവിധയിടങ്ങളിൽനിന്നുള്ള ഗവേഷകർ ഇവിടെയെത്തി ഹോക്കിങ്ങുമായി ചർച്ചചെയ്ത് മടങ്ങാറുണ്ട്. സിങ് സിദ്ധാന്തം, എം സിദ്ധാന്തം, ഇൻഫ്ളേഷൻ തുടങ്ങിയവയാണ് പ്രധാനം. ജനീവയിലെ സേണിൽനിന്ന് സങ്കീർണപ്രശ്നങ്ങൾക്കുള്ള പോംവഴി തിരഞ്ഞ് ഇവിടെയെത്താറുണ്ട്. ചിലരുമൊത്ത് ഹോക്കിങ് പ്രബന്ധവും അവതരിപ്പിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റിലായി നേഴ്സുമാർ ഹോക്കിങ്ങിനോടൊപ്പമുണ്ടാകും. ജനീവയിലെ സേൺ സന്ദർശനവേളയിൽ ന്യുമോണിയ ബാധിച്ച് കുറെ ദിവസം ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ജീവൻ  രക്ഷപ്പെടുത്താനായി നടത്തിയ ട്രക്കിയൊട്ടമി ശസ്ത്രക്രിയമൂലം അദ്ദേഹത്തിന്റെ സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടു. പിന്നീട് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയും തന്റെ സന്തതസഹചാരിയായ സ്പീച്ച് സിന്തസൈസറിലൂടെ ആശയവിനിമയം സാധ്യമാക്കുകയുംചെയ്തു. ആദ്യമൊക്കെ കൈകൾ ഉപയോഗിച്ച് വലിയ സ്വിച്ച് പോലെയൊന്ന് ഉപയോഗിച്ച് കംപ്യൂട്ടറിലെ കഴ്സർ നീക്കാനാകുമായിരുന്നു. അപ്രകാരം വാക്കുകൾ തെരഞ്ഞെടുത്ത് വാക്യങ്ങളാക്കി സ്പീക്കറിലൂടെ ആശയവിനിമയം നടത്തുമായിരുന്നു. ആദ്യമായി  സ്പീച്ച് സിന്തസൈസർ ഘടിപ്പിച്ചപ്പോൾ 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമി'ന്റെ മാനുസ്ക്രിപ്റ്റ് വേഗം തയ്യാറാക്കാൻ സഹായിക്കുമോ എന്ന് ടെക്നീഷ്യനോടു ചോദിച്ചു. പിന്നീട് കൈവിരലുകളുടെ ചലനശേഷിയും പൂർണമായും നഷ്ടപ്പെട്ടു. ഇപ്പോൾ വലതുകവിളിലെ പേശികൾ ഉപയോഗിച്ചാണ് കഴ്സർ നീക്കുന്നത്. കവിളിന്റെ ചലനം ഒരു സെൻസർ പിടിച്ചെടുക്കുകയും അതുവഴി കഴ്സർ അനങ്ങുകയും ചെയ്യും. മിനിറ്റിൽ ഒരു വാക്ക് ഇപ്രകാരം ഉച്ചരിക്കാനാകും. ഐടി രംഗത്തെ പ്രമുഖ കമ്പനിയായ ഇന്റെലാണ് ഈ സംവിധാനം ഹോക്കിങ്ങിനുനൽകിയത്. അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽനിന്നുള്ള തരംഗങ്ങൾ വേർതിരിച്ച് മനസ്സിലാക്കി ഉദ്ദേശിച്ചത് എന്തെന്നറിയാനുള്ള ശ്രമം നടക്കുന്നു. കാരണം താമസിയാതെ അദ്ദേഹത്തിന്റെ കവിളുകളുടെയും പ്രവർത്തനശേഷി പൂർണമായും നിലയ്ക്കും. ഹോക്കിങ്ങിന്റെ അപാരമായ നിശ്ചയദാർഢ്യംകൊണ്ടാണ് ഇതുവരെ എത്തിച്ചേർന്നത്. നേരത്തെ കേംബ്രിഡ്ജിന്റെ വീഥികളിലൂടെ നല്ല വേഗത്തിൽ തന്റെ വീൽചെയർ ഓടിച്ചുപോകുമായിരുന്നു. ഒരിക്കൽ റോഡ് കുറുകെ കടന്നപ്പോൾ ഒരപകടമുണ്ടായി. ശിരസ്സിൽ അനേകം തയ്യലുകൾ വേണ്ടിവന്നു.

ആദ്യമായി കേരളത്തെക്കുറിച്ചാണ് ഹോക്കിങ്ങിനോട് സംസാരിച്ചത്. ഇവിടത്തെ ഭൂപ്രകൃതി, കാലാവസ്ഥ, ജനങ്ങളുടെ രീതികൾ, പശ്ചിമഘട്ടം, ശാസ്ത്രാഭിമുഖ്യം തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു. കൈയിൽ കരുതിയിരുന്ന കേരളത്തെക്കുറിച്ചുള്ള സചിത്രപുസ്തകം അദ്ദേഹത്തിനുനൽകി. സംഗമഗ്രാമമാധവനെക്കുറിച്ചു പറഞ്ഞപ്പോൾ ശ്രദ്ധിച്ചു കേൾക്കുന്നതു കണ്ടു. ആൻതിയയാണ് ഹോക്കിങ്ങിനുവേണ്ടി സംസാരിക്കുന്നത്. പിന്നീടൊരു ആറന്മുളക്കണ്ണാടി നൽകി അതേക്കുറിച്ചു വിശദീകരിച്ചു. പിന്നെ ഒരു പൊന്നാടയും കസവുമുണ്ടും നേര്യതും. കൈയിൽ ഒരു കണ്ണാടിയും പിടിച്ച് പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ തന്റെ മുഖം ആ കണ്ണാടിയിൽ തെളിയുമോ എന്ന ചോദ്യമാണ് ആൽബർട്ട് ഐൻസ്റ്റീനെ തന്റെ ആപേക്ഷികതാസിദ്ധാന്തത്തിലേക്കു നയിച്ചത്. ഇതോർത്തിട്ടാകണം അദ്ദേഹം താൽപ്പര്യത്തോടെ ആറന്മുളക്കണ്ണാടിയിൽ നോക്കിയത്. ഹോക്കിങ് ആറന്മുളക്കണ്ണാടിയിൽ നോക്കുന്നതിന്റെ ചിത്രവുമെടുത്തു. ഇതിനുശേഷം 'പ്രപഞ്ചത്തിന്റെ രീതികൾ' എന്ന ഏറ്റവും പുതിയ ലേഖനത്തിന്റെ  സംഗ്രഹം അദ്ദേഹത്തെ കേൾപ്പിച്ചു.

പ്രപഞ്ചത്തിന് ഒരു തുടക്കവും ഒടുക്കവും എന്ന ശാഠ്യത്തിനുപകരം പ്രപഞ്ചത്തിന്റെ ആരംഭം ഒരു അവസ്ഥാമാറ്റമല്ലേ എന്ന ചോദ്യം അതിൽ ചർച്ചചെയ്തിരുന്നു. വളരെ താൽപ്പര്യത്തോടെ അദ്ദേഹം അതു കേട്ടിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഒരു പ്രസ്താവവും ലോകമറിഞ്ഞു. സ്ഥലവും കാലവും തുടങ്ങിയത് പ്രപഞ്ചത്തിന്റെ തുടക്കത്തിലാണ്. അതിനുമുമ്പ് എന്ന ചോദ്യത്തിനർഥമില്ല. കാരണം സമയം തുടങ്ങിയതുതന്നെ പ്രപഞ്ചത്തോടൊപ്പമാണ്. സമയത്തിന് പ്രപഞ്ചത്തിൽനിന്ന് വേറിട്ടൊരു നിലനിൽപ്പില്ല. പ്രപഞ്ചം പരിണമിക്കുന്നത് സമയത്തിലല്ല. ഈ രീതിയിൽ അദ്ദേഹത്തോട് സംവദിക്കാനും അദ്ദേഹത്തിന്റെ മറുപടി  ഒരു പ്രസ്താവമായി ലോകമറിഞ്ഞതും ഈ അവസരത്തിൽ അഭിമാനത്തോടെ പങ്കുവയ്ക്കുന്നു.

പ്രപഞ്ചത്തിന്റെ ആദ്യാവസ്ഥകളെ കുറിച്ചുള്ള ഹോക്കിങ്ങിന്റെ നിരീക്ഷണം ഏറ്റവും ശ്രദ്ധേയമാണ്. മാനവചിന്തയെ വളരെയധികം സ്വാധീനിച്ച പ്രപഞ്ചാരംഭത്തിലെ സിൻഗുലാരിറ്റി എന്ന ആശയത്തിന്റെ പിറവി അങ്ങനെയാണുണ്ടായത്. ഈയിടെ ഹോക്കിങ്ങിന്റെ പിഎച്ച്ഡി തീസീസ് ഓൺലൈനിൽ ലഭ്യമാക്കിയപ്പോൾ ലക്ഷക്കണക്കിനുള്ള ഡൗൺലോഡുകൾ കാരണം കേംബ്രിഡ്ജിന്റെ വെബ്സൈറ്റ് നിശ്ചലമായി. ഇതുവരെ പ്രസിദ്ധീകരിക്കാത്ത ആശയങ്ങൾ പുതുതലമുറയിലെ ഗവേഷകർക്കായി ലഭ്യമാക്കണം എന്നദ്ദേഹത്തോട് അഭ്യർഥിച്ചിരുന്നു. എന്റെ സന്ദർശനത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആദ്യത്തെ ഗവേഷണപ്രബന്ധം സൗജന്യമായി കേംബ്രിഡ്ജിന്റെ വെബ്സൈറ്റിൽ ലഭ്യമായി. ഇതിന് നന്ദി അറിയിച്ചുകൊണ്ടയച്ച ഇ മെയിൽ സന്ദേശത്തിൽ തീസിസിലെ പ്രപഞ്ചത്തിന്റെ ആദ്യാവസ്ഥകളെക്കുറിച്ചുള്ള ആശയമാണ് ഇതിന്റെ കാതൽ എന്ന എന്റെ പ്രസ്താവം അതേദിവസംതന്നെ ഹോക്കിങ്ങിന്റെ ഓഫീസ് പ്രാധാന്യത്തോടെ ബിബിസിക്ക് നൽകുകയും അങ്ങനെ ലോകമറിയുകയുംചെയ്തു. ഉച്ച കഴിഞ്ഞതോടെ വിട പറയാനുള്ള നേരമായി. ഇതിനിടെ ആൻതിയയുടെ സഹായത്തോടെ കുറെ ചിത്രങ്ങൾ എടുത്തിരുന്നു. ഇനി അദ്ദേഹത്തിന്റെ എൺപതാം പിറന്നാളിനെത്താം എന്നാശംസിച്ച് കൈകൂപ്പി മഹാശാസ്ത്രജ്ഞനോട് താൽക്കാലികമായി വിടപറഞ്ഞു.

പ്രപഞ്ചം എങ്ങനെ പെരുമാറുന്നു എന്ന് ശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾ വിവരിക്കുന്നു. എന്നാൽ, പ്രപഞ്ചത്തെ ആഴത്തിൽ മനസ്സിലാക്കണമെങ്കിൽ എന്തുകൊണ്ട് എന്നതും നാം  മനസ്സിലാക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഒന്നുമില്ലായ്മയ്ക്കുപകരം ഇതെല്ലാം നിലനിൽക്കുന്നത്? എന്തുകൊണ്ട് ഈയൊരുകൂട്ടം നിയമങ്ങൾ? എന്തുകൊണ്ട് ഈ  പ്രപഞ്ചം? എന്തുകൊണ്ട് മറ്റൊന്നല്ല? പ്രപഞ്ചത്തിന്റെ പ്രവർത്തനത്തെ നമുക്കു മനസ്സിലാക്കാനാകുന്നത് എന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാണ് ഹോക്കിങ് ശ്രമിച്ചിരുന്നത്. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയെക്കുറിച്ചു മനസ്സിലാക്കാനായി കുറച്ചുനാൾ മുമ്പ് ഹോക്കിങ്ങൊരു വിമാനയാത്ര നടത്തി ആരാധകരെ ഞെട്ടിച്ചു. വളരെ ഉയരത്തിൽനിന്ന് വേഗത്തിൽ താഴേക്കുപതിക്കുമ്പോൾ വിമാനത്തിനുള്ളിൽ ഗുരുത്വാകർഷണം ഒട്ടുമില്ലാത്തതുപോലെയുള്ള അവസ്ഥ സംജാതമാകും. ആ പ്രത്യേക  അനുഭവത്തിനായാണ് ആ സാഹസത്തിനു ശ്രമിച്ചത്. പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചും അതിന്റെ പരിണാമത്തെക്കുറിച്ചുമുള്ള ആശയങ്ങൾ പുതിയ നിരീക്ഷണത്തെളിവുകളുടെ  അടിസ്ഥാനത്തിൽ സ്ഥാപിക്കാനാണ്  ഹോക്കിങ് ശ്രമിച്ചിരുന്നത്.

സാമാന്യ ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവുമാണ് പ്രപഞ്ചത്തെ വിവരിക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ, ഇവ രണ്ടും ചേർത്ത് പ്രപഞ്ചത്തിലെ സർവതിനെയും വിവരിക്കാനുതകുന്ന ഏകീകൃതസിദ്ധാന്തം ഇതുവരെ സാധ്യമായിട്ടില്ല. 'സൈദ്ധാന്തിക ഭൗതികത്തിന്റെ അന്ത്യമടുത്തുവോ' എന്ന പ്രഭാഷണമാണ് ലൂക്കേസിയൻ ചെയർ സ്ഥാനാരോഹണവേളയിൽ ഹോക്കിങ് നടത്തിയത്. വെറും കുറച്ചു ദശകങ്ങൾക്കുള്ളിൽത്തന്നെ ഒരു സംയോജിതവിവരണം സാധ്യമാകുമെന്നും  ഇനിയും ഭൗതികശാസ്ത്രത്തിൽ അനേകം കാര്യങ്ങൾ കണ്ടെത്താനുണ്ടെന്നും അതിന് സാങ്കേതികത സഹായത്തിനെത്തുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള സമ്പൂർണ വിവരണമായിരുന്നു ലക്ഷ്യം. പ്രപഞ്ചത്തിലെ അടിസ്ഥാനകണങ്ങളെ വ്യത്യസ്ത കമ്പനങ്ങളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്ന സ്റ്റിങ് സിദ്ധാന്തത്തിലെ ആഴമേറിയ പഠനങ്ങളും പ്രകൃതിനിർധാരണം വഴി ആർജിച്ച കഴിവുകളും ഈ  ലക്ഷ്യത്തിലേക്ക് നമ്മെ അടുപ്പിക്കുമെന്ന് ഹോക്കിങ് പ്രത്യാശിച്ചു. അവസാന നിമിഷംവരെ അതിനുള്ള അന്വേഷണവും തുടർന്നു.
ആ മഹാശാസ്ത്രജ്ഞനെ നേരിൽ കാണാനും അടുത്തറിയാനും സംവദിക്കാനും കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കരുതുന്നു

പ്രധാന വാർത്തകൾ
 Top