24 February Monday

കേരള ബാങ്ക്‌ സാധാരണക്കാരന്‌ ആശ്വാസം

പന്ന്യന്നൂർ ഭാസിUpdated: Saturday Feb 15, 2020


കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളിൽ പ്രഥമഗണനീയമാണ്‌ കേരള ബാങ്കിന്റെ സംസ്ഥാപനം. സഹകരണപ്രസ്ഥാനത്തിന്‌ ഏറെ അഭിമാനകരവും സാധാരണ ജനങ്ങളുടെ ആശാസങ്കേതവുമായ ഒരു സാമ്പത്തിക സ്ഥാപനമാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌.കേരളത്തിലെ സഹകാരികൾ നാലു പതിറ്റാണ്ടായി കാത്തിരുന്ന സഹകരണപ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വായ്‌പാരംഗത്ത്‌ നിലവിലുള്ള ത്രിതല സംവിധാനം ദ്വിതല സംവിധാനമാക്കുകയെന്നത്‌. അത്‌ പ്രാബല്യത്തിൽ വന്നതോടെ ജില്ലാ സഹകരണബാങ്കുകൾ ഇല്ലാതായി.

1979ലാണ്‌ ഈ വിഷയത്തിൽ റിസർവ്‌ ബാങ്ക്‌ ചില ക്രിയാത്മക നീക്കങ്ങൾ നടത്തിയത്‌. സഹകരണമേഖലയിലെ കാർഷിക–-ഗ്രാമവികസന വായ്‌പകൾ വിതരണം ചെയ്യുന്ന സമ്പ്രദായം അവലോകനം ചെയ്യാൻ റിസർവ്‌ ബാങ്ക്‌ പ്ലാനിങ്‌ കമീഷൻ അംഗമായിരുന്ന ബി ശിവരാമന്റെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. ആ കമ്മിറ്റി അപ്പോൾ സഹകരണമേഖലയിലെ ദ്വിതല–-ത്രിതല തട്ടുകളെ വിശകലനം ചെയ്‌ത്‌ മാറ്റം വരുത്തേണ്ടതുണ്ടോ എന്നകാര്യം പരിശോധിക്കുകയുണ്ടായി. എന്തുകൊണ്ടോ ആ കമ്മിറ്റിയുടെ ശുപാർശകൾ വെളിച്ചം കാണാതെ പോയി.

സംസ്ഥാന സഹകരണസംഘങ്ങളുടെ മേലധികാര സ്ഥാപനമായ കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് യൂണിയൻ മൂന്നുവർഷത്തിലൊരിക്കൽ ആഘോഷപൂർവം നടത്തുന്ന സഹകരണ കോൺഗ്രസ് നിരവധി തവണ പ്രമേയങ്ങളിൽ സർവസമ്മതമായി ആവശ്യപ്പെട്ടതാണ് വായ്പാസംവിധാനത്തിൽ മൂന്നിനു പകരം രണ്ടു തട്ട്‌ മാത്രം മതിയെന്ന്. മുമ്പ് ദേശീയ സഹകരണബാങ്കായ നബാർഡ് വായ്പാസംഖ്യ സംസ്ഥാന സഹകരണ ബാങ്കിനു നൽകി. അതിനുശേഷം അവർ ജില്ലാ ബാങ്കിലെത്തിച്ച് പിന്നീട് ജില്ലാബാങ്ക് താഴെ തട്ടിലെ പ്രാഥമിക സഹകരണബാങ്കുകൾക്ക് നൽകുകയായിരുന്നു. അങ്ങനെ മൂന്നു തട്ട്‌ കടന്ന്‌ വായ്പക്കാരനായ കർഷകന്റെ കൈയിലെത്തുമ്പോൾ ഓരോ തട്ടിലും പലിശയും മറ്റു ചെലവുകൾക്കായുള്ള സംഖ്യയും ഈടാക്കിവന്നു. ഇതിന്റെ ഭാരം പാവപ്പെട്ട വായ്പക്കാരൻ സഹിക്കേണ്ടിവരുന്നു. ഇനി ജില്ലാ ബാങ്ക് ഇല്ലാതായ സ്ഥിതിയിൽ അവരുടെ ഭീമമായ നടത്തിപ്പുചെലവ് ഒഴിവാകും.


 

ജില്ലാ ബാങ്കുകളെ നിലനിർത്തി വായ്പാവിതരണരംഗത്ത് ത്രിതല സമ്പ്രദായം വേണമെന്നു ശഠിക്കുന്നവർ കഥയറിയാതെ ആട്ടം കാണുകയാണെന്നേ പറയേണ്ടൂ. സഹകരണബാങ്കുകളിൽനിന്നും ഇപ്പോൾ വിതരണം ചെയ്‌തുവരുന്ന വായ്‌പകളിന്മേൽ ചുമത്തുന്ന പലിശ കുറഞ്ഞുകിട്ടുന്നതിൽ വിമർശകർക്ക്‌ അഭിപ്രായവ്യത്യാസമുണ്ടാകുകയില്ല. നിർധനനായ ആൾ ബാങ്കിൽനിന്ന്‌ കടം വാങ്ങി തിരിച്ചടയ്‌ക്കുമ്പോൾ പലിശ വകയിൽ അൽപ്പമൊരാശ്വാസം കിട്ടുന്നതിൽ അനുകൂലിക്കുകയല്ലേ വേണ്ടത്‌.

വൻതോതിൽ വായ്‌പ നൽകിവരുന്ന രണ്ടു പ്രമുഖ സംസ്ഥാനതല സഹകരണസ്ഥാപനങ്ങളുണ്ട്‌ കേരളത്തിൽ. ഗൃഹനിർമാണ വായ്‌പകൾ വിതരണം ചെയ്യുന്ന ഹൗസിങ്‌ ഫെഡറേഷനും കാർഷിക വികസന വായ്പകൾ നൽകുന്ന സംസ്ഥാന കാർഷിക വികസനബാങ്കും ആണത്. ഇവ രണ്ടും അതിലെ അംഗസംഘങ്ങൾക്ക് മെച്ചപ്പെട്ട രീതിയിൽ വായ്പാവിതരണം നടത്തുന്നത് ദ്വിതല സമ്പ്രദായത്തിലൂടെയാണ്‌. ഹെഡ്‌ഓഫീസിൽനിന്ന്‌ നേരിട്ട്‌ പ്രാഥമിക ബാങ്കുകൾക്ക്‌ നൽകിയാൽ അവരത്‌ വായ്‌പക്കാരന്‌ കൊടുക്കും. ഈ അപ്പക്‌സ്‌ സ്ഥാപനങ്ങൾക്ക്‌ ജില്ലാടിസ്ഥാനത്തിൽ ബാങ്കുകളില്ല; റീജ്യണൽ ഓഫീസുകൾ മാത്രമേയുള്ളൂ.

ജില്ലാ സഹകരണബാങ്കുകളിലെ ജീവനക്കാരുടെ നിയമനങ്ങളിൽ ഭരണസമിതിയംഗങ്ങൾ കോഴ വാങ്ങി കോടീശ്വരന്മാരാകുന്ന സ്ഥിതിക്ക്‌ അറുതിവരുത്തിയത്‌ മുമ്പത്തെ എൽഡിഎഫ്‌ സർക്കാരാണ്‌. ജില്ലാ ബാങ്കുകളിലേക്കും മറ്റു സഹകരണസ്ഥാപനങ്ങളിലേക്കും ക്ലർക്ക് തസ്തിക മുതലുള്ള ജീവനക്കാരുടെ ആവശ്യത്തിനായി എഴുത്തുപരീക്ഷ നടത്തി ആവശ്യമായ ഉദ്യോഗാർഥികളെ അതത്‌ സംഘങ്ങളിലേക്ക്‌ അയക്കാൻ കോ–-ഓപ്പറേറ്റീവ്‌ എക്‌സാമിനേഷൻ ബോർഡിനെ സർക്കാർ നിയമിക്കുകയുണ്ടായി. ഉത്തര കേരളത്തിലെ ചില ജില്ലാ ബാങ്കുകളിലെ കോഴനിയമനത്തിലെ പരാതികൾ നീതിന്യായക്കോടതികളുടെ മുമ്പാകെ വരികയുണ്ടായി. സംസ്ഥാന സർക്കാർ ജന നന്മ ലക്ഷ്യംവച്ചുള്ള കേരളാ ബാങ്ക്‌ എന്ന സംരംഭത്തെ എതിർക്കാനും സർക്കാരിന്റെ വിശാല താൽപ്പര്യങ്ങളെ കരിവാരിത്തേക്കാനുമുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽനിന്ന്‌ ഉയർന്നുവരികയുണ്ടായി. ഇത്തരമൊരു പുത്തൻ സഹകരണബാങ്കിന്റെ ആശയം പ്രാവർത്തികമാകുമ്പോൾ അതിന്റെ ഗുണഫലങ്ങൾ അനുഭവവേദ്യമാകുന്നത്‌ സംസ്ഥാനത്തെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ആയിരിക്കുമെന്ന്‌ ഇക്കൂട്ടർ വിസ്‌മരിക്കുകയാണ്‌.

ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു സവിശേഷതയുണ്ട് –സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരുകൾ അധികാരത്തിലേറിയ ഘട്ടങ്ങളിലെല്ലാം ഇവയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി.

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തെ ഒരു ജനകീയപ്രസ്ഥാനമായി വളർത്തിയെടുക്കാൻ കേരളത്തിലെ സഹകരണമേഖലയ്ക്ക് അനൽപ്പമായ പങ്കുണ്ടെന്ന്‌ ഇതിന്റെ വളർച്ചയുടെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ കാണാം. ഇവിടെ ജനജീവിതത്തിന്റെ സർവരംഗങ്ങളിലും ഈ പ്രസ്ഥാനം സ്വാധീനമുറപ്പിക്കുകയും മെച്ചപ്പെട്ട സേവനങ്ങൾ പ്രദാനം ചെയ്യാൻ പര്യാപ്തമായ നില കെെവരിക്കുകയും ചെയ്‌തിട്ടുണ്ട്. ഭൂരിഭാഗം സഹകരണബാങ്കുകളും ലാഭകരമായ പ്രവർത്തനത്തിലൂടെ സാമ്പത്തികഭദ്രതയുള്ള സ്ഥാപനങ്ങളായി വളർന്നു. ഇക്കൂട്ടത്തിൽ വൻകിട സഹകരണബാങ്കുകളുംപെടും. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു സവിശേഷതയുണ്ട് –സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരുകൾ അധികാരത്തിലേറിയ ഘട്ടങ്ങളിലെല്ലാം ഇവയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി.

സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക കാർഷിക വായ്പാ സഹകരണബാങ്കുകളും കേരളാ ബാങ്കിന്റെ കീഴിൽ വരുന്നു. അങ്ങനെയൊരു കൂറ്റൻ സഹകരണശൃംഖല രൂപപ്പെടുകയാണ്. ആധുനികരീതിയിലുള്ള എല്ലാ ബാങ്കിങ് സൗകര്യവും ലഭ്യമാകുന്നതോടെ സാധാരണക്കാരൻ കഴുത്തറുപ്പൻ പലിശ കൊടുക്കുന്ന ദുഃസ്ഥിതിയിൽനിന്നു മോചിതനാകും. സാമാന്യജനങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ പലിശഭാരം കുറഞ്ഞും കാലതാമസം കൂടാതെയും കരഗതമാകുമെന്ന പ്രതീക്ഷയിലാണ് കേരളജനത. സാധാരണക്കാരനിൽനിന്ന്‌ എത്രയോ അകലെയാണ് ഇവിടത്തെ ദേശസാൽക്കൃത ബാങ്കുകൾ. അതിനൊരു മാറ്റം വന്നേ തീരൂ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top