20 March Wednesday

ജനം ഇടതുമുന്നണിയോടൊപ്പം

മണിക് സർക്കാർ / ഗോപിUpdated: Thursday Feb 15, 2018

അഭിമുഖം

ത്രിപുരയിൽ വീണ്ടും ഇടതുമുന്നണി സർക്കാർ അധികാരത്തിൽവരണമെന്നത് സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യവും അഭിലാഷവുമാണ്. ജനങ്ങളുടെ വിശ്വാസം ആർജിച്ചെടുക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞകാല പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പുപ്രചാരണ രംഗത്ത് ഞങ്ങളുടെ ആത്മവിശ്വാസവും കരുത്തും ജനങ്ങളുടെ ഈ പിന്തുണതന്നെയാണ് 20 വർഷം തുടർച്ചയായി ത്രിപുരയെ നയിക്കുന്ന മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞു.

നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനാലാണ് ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്. വിവിധ ജനവിഭാഗങ്ങളുടെ ഐക്യം സംരക്ഷിച്ച് സമഗ്ര വികസനം എന്നതാണ് ഓരോ തെരഞ്ഞെടുപ്പിലും ഞങ്ങളുടെ പ്രധാന അജൻഡ. ഇത്തവണയും അതുതന്നെയാണ് ഇടതുമുന്നണി ജനങ്ങളുടെ മുന്നിൽ മുഖ്യമായും അവതരിപ്പിച്ചത്.   

ഓരോ തവണയും കടുത്ത വെല്ലുവിളി തരണംചെയ്താണ് ഇടതുമുന്നണി തെരഞ്ഞെടുപ്പുവിജയം നേടിയിട്ടുള്ളത്. എക്കാലവുംഇടതുവിരുദ്ധ ശക്തികളുടെ യോജിച്ചുള്ള എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. ജനകീയ പിന്തുണയോടെ ഇവ മറികടന്ന് മുന്നേറാൻ കഴിഞ്ഞു. ഇത്തവണയും അതാണ് സ്ഥിതി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതോടെ ഇവിടെയും രാഷ്ട്രീയചേരിതിരിവിൽ മാറ്റംവന്നു. മുമ്പ് കോൺഗ്രസും അവർ പിന്തുണച്ച തീവ്രവാദ വിഘടനവാദ സംഘടനകളുമായിരുന്നു മുഖ്യ എതിരാളി. എന്നാൽ, ഇത്തവണ കോൺഗ്രസുകാരെല്ലാം കൂട്ടത്തോടെ ബിജെപിയിലേക്ക് കൂറുമാറി. മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസിനെ ഒന്നടങ്കം ബിജെപി വിലയ്ക്ക് വാങ്ങി എന്നു വേണമെങ്കിൽ പറയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാൻ കഴിയാത്ത ബിജെപി കോൺഗ്രസുകാരുടെ കൂട്ടക്കാലുമാറ്റത്തിലൂടെ നിയമസഭയിൽ മുഖ്യ പ്രതിപക്ഷകക്ഷിയായി. കോടികളാണ് അതിനുവേണ്ടി ചെലവഴിച്ചത്. കാലങ്ങളായി കോൺഗ്രസിനൊപ്പം നിലയുറപ്പിച്ചിരുന്ന വലിയൊരു വിഭാഗം ആളുകൾ ബിജെപി പാളയത്തിലെത്തി. ആർഎസ്എസും വിവിധ വർഗീയസംഘടനകളും എല്ലാ സ്ഥാപിതതാൽപ്പര്യക്കാരും അതിന് മുഖ്യ പങ്കുവഹിച്ചു. യഥാർഥത്തിൽ ഇടതുമുന്നണിയെ കാലങ്ങളായി എതിർത്തുവന്നിരുന്ന വിഭാഗത്തിന്റെ കൊടിയുടെ നിറം മാറിയെന്നതല്ലാതെ വർഗസ്വഭാവത്തിൽ മാറ്റമൊന്നുമുണ്ടായില്ല. വർഗീയതകൂടി ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പിനുള്ള തീവ്രശ്രമമാണ് ബിജെപി നടത്തുന്നത്.

വർഷങ്ങളായി ഐക്യത്തോടെ കഴിയുന്ന ആദിവാസികളും അല്ലാത്തവരുമായ ജനവിഭാഗങ്ങളെ തമ്മിലകറ്റാനുള്ള എല്ലാ ശ്രമവും നടത്തുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പുവരെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു തീവ്രവാദ വിഘടന വാദ പ്രവർത്തനങ്ങൾ. വിവിധ  വിഘടനവാദ പ്രസ്ഥാനങ്ങളുടെ  ആക്രമണം ത്രിപുരയിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു.  വികസനപ്രവർത്തനം ഇവർ തടസ്സപ്പെടുത്തി. നിരപരാധികളായ നൂറുകണക്കിനാളുകളെ കൊന്നൊടുക്കി. എന്നാൽ, ഏതാനും വർഷങ്ങളായി അവരുടെ പ്രവർത്തനം ഇല്ലാതാക്കാൻ സാധിച്ചു.  തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്ന ജനങ്ങളെ വികസനപ്രവർത്തനങ്ങളിലൂടെ തീവ്രവാദചിന്തകളിൽനിന്ന്് അകറ്റാൻ കഴിഞ്ഞതാണ് ഇതിന് പ്രധാന കാരണം. എല്ലാം വീണ്ടും  കുത്തിപ്പൊക്കി ജനങ്ങളെ ഭിന്നിപ്പിച്ച് കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള തന്ത്രമാണ്  ബിജെപി മെനയുന്നത്. ക്ഷയിച്ചുപോയ തീവ്രവാദഗ്രൂപ്പുകൾക്ക് ഊർജം നൽകി കുത്തിപ്പൊക്കാനും ഇവർ ശ്രമിക്കുന്നുണ്ട്. അതിനുവേണ്ടി വൻതോതിൽ പണം ഒഴുക്കുന്നു. പ്രത്യേക ആദിവാസി ത്രിപുര രാജ്യത്തിനുവേണ്ടി വാദിക്കുന്ന വിഘടന തീവ്രവാദ ഗ്രൂപ്പായ ഇൻഡിജിനീസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) എൻസി വിഭാഗവുമായി തെരഞ്ഞെടുപ്പ് ഐക്യവും ഉണ്ടാക്കി. തീവ്രവാദികളെ കൂട്ടുപിടിച്ച് കരകയറാൻ കോൺഗ്രസ് നടത്തിയ ശ്രമം തികച്ചും പരാജയപ്പെട്ടിടത്താണ് വൻതോതിൽ അർഥവും അധികാരവും ഉപയോഗിച്ച് ബിജെപിയും പയറ്റുന്നത്. പ്രബുദ്ധരായ ത്രിപുരജനത അവർക്കും തക്കമറുപടി നൽകുമെന്നതിൽ സംശയമില്ല.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയപ്പെടുമെന്ന് സംഘടിതവും ബോധപൂർവവുമായ ഒരു പ്രചാരണമാണ് രാജ്യവ്യാപകമായി നടത്തുന്നത്. ഇത് കരുതിക്കൂട്ടിയാണ്. ബിജെപിയും സംഘപരിവാറും അവർക്ക് സ്തുതിപാടുന്ന മാധ്യമങ്ങളുമാണ് ഇതിനുപിന്നിൽ. ത്രിപുരയിലെ സ്ഥിതിഗതിയും വസ്തുതയും തിരിച്ചറിയാൻ കഴിയാത്തവർ സ്ഥാപിത രാഷ്ട്രീയതാൽപ്പര്യത്തോടെയാണ് ഈ പ്രചാരണം നടത്തുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ജനവിരുദ്ധകാര്യങ്ങൾ ചെയ്യുമ്പോഴാണ് ഭരണവിരുദ്ധവികാരം പൊതുവായി ഉണ്ടാകുക. ഇവിടെ അങ്ങനെയൊന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും ഞങ്ങൾ നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കുന്നു. ചെയ്യാൻ കഴിയുന്നതുമാത്രമേ പറയൂ. വ്യക്തമായ പരിപാടിയുടെ അടിസ്ഥാനത്തിൽ ആത്മാർഥമായി അവ നടപ്പാക്കുന്നു. ജനങ്ങൾക്ക് ദോഷമുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല; ചെയ്യുകയുമില്ല. ജനങ്ങളിൽ ഞങ്ങൾക്കും ജനങ്ങൾക്ക് ഞങ്ങളിലും പൂർണവിശ്വാസമാണുള്ളത്. അതിനാൽ പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നപോലെ ഇവിടെ ഭരണവിരുദ്ധവികാരമൊന്നുമില്ല. പുതുതലമുറക്കാരുടെ വൻ പ്രവാഹമാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിൽ കാണുന്നത്.

എല്ലാ വിഭാഗം ജനങ്ങൾക്കും നേട്ടമുണ്ടാകുന്ന വികസനപ്രവർത്തനമാണ് കഴിഞ്ഞ കാലങ്ങളിൽ ഇടതുമുന്നണി സർക്കാർ നടപ്പാക്കിയത്. തുടർച്ചയായ വികസനപരിപാടികളിലൂടെ ജനങ്ങളുടെ വിഭവശേഷി വർധിപ്പിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാൻ കഴിയണം. അതിനുള്ള പരിപാടികളാണ് തയ്യാറാക്കുന്നത്. വിഭവശേഖരണത്തിലും സാങ്കേതികരംഗത്തും വളരെ പരിമിതിയുള്ള സംസ്ഥാനമാണ് ത്രിപുര. കേന്ദ്ര സർക്കാരിന്റെ സഹായമാണ് പ്രധാനമായും ആശ്രയിക്കുന്നത്. കേന്ദ്രം നൽകുന്ന ഗ്രാന്റ് പൂർണമായും ജനങ്ങൾക്ക് പ്രയോജനകരമായി വിനിയോഗിക്കുന്നു. ഇതുകൂടാതെ സംസ്ഥാനത്തിന്റെ ഫണ്ട് ഉപയോഗിച്ചും പരമാവധി വികസനം നടപ്പാക്കുന്നു. തുടർച്ചയായി അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാരിന്റെ പ്രവർത്തനഫലമായി ജനങ്ങളുടെ ജീവിതനിലവാരവും ശരാശരി ആളോഹരിവരുമാനവും ക്രമമായി വർധിച്ചു. അത് കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയെന്നതാണ് തുടർന്നും മുഖ്യപരിപാടി.

ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതൽ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള നടപടിയാണ് കൈക്കൊള്ളുന്നത്. ഇവിടെ കേന്ദ്രഫണ്ടുമൂലമാണ് പല പദ്ധതികളും നടപ്പാക്കുന്നത്. വർഷം 1500 കോടി രൂപയുടെ സഹായമാണ് വെട്ടിക്കുറച്ചത്. റേഷൻ, തൊഴിലുറപ്പുപദ്ധതി എന്നിവയുൾപ്പെടെ പ്രധാനമായ പല  സഹായപദ്ധതികളുടെയും തുക വെട്ടിക്കുറച്ചതുമൂലം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സാമ്പത്തികമായി ഞെരുക്കം സൃഷ്ടിച്ച് ജനങ്ങളെ ഇടതുമുന്നണി സർക്കാരിനെതിരെ തിരിക്കാനുള്ള അടവാണ് ഇതിനുപിന്നിൽ. എന്നാൽ,പ്രബുദ്ധരായ ജനത ഇത് മസ്സിലാക്കുകതന്നെ ചെയ്യും. ബുദ്ധിമുട്ടുണ്ടെങ്കിലും ക്ഷേമപദ്ധതികൾക്ക് മുടക്കംവരാതെ സംസ്ഥാന സർക്കാർ ശ്രദ്ധിക്കുന്നുണ്ട്.

ആദിവാസി ഗിരിവർഗക്കാരുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി നടപ്പാക്കിയ പദ്ധതികളുടെ പൂർണഗുണം അവർക്ക് ലഭിച്ചു. ഒരുകാലത്ത് സാമ്പത്തികവും സാമൂഹ്യവുമായി ഏറ്റവും പിന്നോക്കംനിന്ന ആദിവാസി ജനവിഭാഗം ഇപ്പോൾ മുഖ്യധാരയിലേക്ക് കടന്നുവന്നു. ഇപ്പോൾ അവരുടെയിടയിൽ ഡോക്ടർമാരും എൻജിനിയർമാരും സാങ്കേതികവിദഗ്ധരും ധാരാളമുണ്ട്. വിദ്യാഭ്യാസപരമായി  അവർ വളരെ മുന്നിലായി.

ആദിവാസി സ്വയംഭരണ കൗൺസിൽ നല്ല പ്രവർത്തനമാണ് നടത്തുന്നത്. ആരെല്ലാം, എന്തെല്ലാം പ്രചരിപ്പിച്ചാലും വർധിച്ച ജനപിന്തുണയോടെ ഇടതുമുന്നണി എട്ടാമതും അധികാരത്തിൽ വരുമെന്നതിൽ തർക്കമില്ല. ജനം അതാണ് ആഗ്രഹിക്കുന്നത്. ജനങ്ങളിൽതനിക്ക് പൂർണവിശ്വാസമാണുള്ളത് മണിക് സർക്കാർ പറഞ്ഞു

പ്രധാന വാർത്തകൾ
 Top