04 July Saturday

വരൂ ഈ തെരുവുകളിലെ രക്തം കാണൂ

ഡോ. ഉണ്ണിക്കൃഷ്ണൻ ഇ പിUpdated: Wednesday Jan 15, 2020

199 രാജ്യങ്ങളിലായി 2018ൽ സംഭവിച്ച റോഡപകടങ്ങൾ സംബന്ധിച്ച ആധികാരികസൂചിക (World Road Statistics 2018) നൽകുന്ന കണക്കുകൾ പ്രകാരം ഒട്ടും അഭിമാനാർഹമല്ലാത്ത ഒരു ഒന്നാംസ്ഥാനം കൂടി ഇന്ത്യക്ക് കൈവന്നിരിക്കുന്നു. അപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിലുള്ള ഒന്നാംസ്ഥാനം. ചൈന, യുഎസ് ആണ് തൊട്ടുപിറകിൽ. ഇന്ത്യയിൽ 2018 ൽ 4,67 ,044 റോഡപകടങ്ങൾ നടന്നു. 1,51,417 ജീവനുകൾ പൊലിഞ്ഞു. അതിൽ 85 ശതമാനം ആളുകളും അവരുടെ ആരോഗ്യത്തിന്റെ യൗവനദശയിൽ ഉള്ളവരാണ്‌.

പ്രകൃതിക്ഷോഭങ്ങൾ, പ്രതിരോധം സാധ്യമല്ലാത്ത പകർച്ചവ്യാധികൾ ഇവയൊക്കെയാണ് മനുഷ്യരാശിയെ നിസ്സഹായരും നിരാലംബരുമാക്കി, തുടച്ചുനീക്കുന്നത്. നമുക്ക് മുൻകൂട്ടി കാണാനോ പ്രതിരോധിക്കാനോ ആകില്ല. എന്നാൽ, അത്രതന്നെ ആളുകളെ കൊന്നൊടുക്കുന്ന വാഹനാപകടങ്ങൾ അതിൽനിന്ന് വ്യത്യസ്തമാകുന്നത് അവയിൽ മിക്കതും പ്രതിരോധിക്കാൻ സാധിക്കുമെന്നതിനാലാണ്‌.

ഉണരുന്ന ലോകം
റോഡ് സുരക്ഷയെ സംബന്ധിച്ച് ആഗോളതലത്തിൽ ഒരു വിചിന്തനം നടക്കുന്നത് 2009ൽ മോസ്കോയിൽ വച്ചുനടന്ന ആഗോള മന്ത്രിതല സമ്മേളനത്തിലാണ്. 2015ൽ ബ്രസീലിലെ ബ്രസീലിയായിൽ വച്ചാണ് തുടർസമ്മേളനം ചേരുന്നത്‌. അങ്ങനെയൊരു സമ്മേളനം നടക്കാൻ സർവഥാ യോഗ്യമായ ഇടമാണ് ബ്രസീൽ. ഇന്ത്യയേക്കാൾ ഏറെ ഭൂവിസ്തൃതിയും റോഡ് വിസ്തൃതിയും ഉണ്ടായിട്ടും റോഡപകടവും മരണവും ഏറ്റവും കുറവുള്ള രാജ്യമാണ് ബ്രസീൽ. 2015 നവംബർ 18-,19 തീയതികളിൽ നടന്ന ഈ സമ്മേളനത്തിലാണ് 2020 ഓടെ റോഡപകടങ്ങളിലെ മരണം പകുതിയായി കുറയ്‌ക്കണം എന്ന ബ്രസീലിയ പ്രഖ്യാപനം വരുന്നത്.

എന്നാൽ, ആ ലക്ഷ്യം ഇനിയും അകലെയാണ്. 2018ൽ 13.5 ലക്ഷം പേരാണ് ലോകത്ത്‌ മരണപ്പെട്ടത്. 90 ശതമാനം വികസ്വരരാജ്യങ്ങളിൽ. അതിൽ 11 ശതമാനം ഇന്ത്യയിലാണ്. മരണനിരക്ക് 2017ലേതിനെക്കാൾ 2.3 ശതമാനം വർധിച്ചിരിക്കുന്നു. നിരന്തരമായ അപകടങ്ങൾ പതിവാകുന്നതുകൊണ്ടാണ് ദേശീയ റോഡ് ഗതാഗത മന്ത്രാലയം 1988ലെ മോട്ടോർ വാഹന നിയമം പരിഷ്കരിച്ച് 2019ൽ ഭേദഗതികളോടെ അവതരിപ്പിക്കുകയുംചെയ്തത്.

2019ലെ നിയമഭേദഗതി നിർദേശങ്ങൾ
നിയമലംഘനത്തിന് പിഴ നിസ്സാര തുകകൾ ആയിരുന്നത് ഗണ്യമായി വർധിപ്പിച്ചു.

1. ഹെൽമെറ്റ് , സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരുന്നാൽ പിഴ 100 രൂപ ആയിരുന്നത് 1000 രൂപയായി വർധിപ്പിച്ചു. കൂടാതെ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് അയോഗ്യമാക്കാനും വകുപ്പുണ്ട്.

2. പ്രായപൂർത്തി ആകാത്തവർ വണ്ടി ഓടിച്ചാൽ രക്ഷിതാവ് മൂന്നു വർഷം ജയിലിലാകും. പിഴ വേറെയുമുണ്ട്. കൂടാതെ ഓടിച്ചയാളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണചെയ്യും.

3. നല്ല ശമര്യാക്കാരൻ നിയമം(134 A(1) ): അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നു. അപകടത്തിൽ പെടുന്ന ഒരാളെ സ്വമേധയാ ആശുപത്രിയിൽ എത്തിക്കുന്ന ഒരാളെയാണ് നല്ല ശമരിയാക്കാരൻ എന്ന് ഉദ്ദേശിക്കുന്നത്. പലപ്പോഴും നിയമനടപടികൾ തങ്ങളിലേക്കും നീളുമോ എന്ന പേടി കൊണ്ടാണ് ആളുകൾ സഹായിക്കാൻ മടിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരു പൊതുതാൽപ്പര്യ ഹർജിയാണ് ഈ നിയമം കൊണ്ടുവരാൻ സഹായകമായത്. ഈ നിയമമനുസരിച്ച് നല്ല ശമരിയാക്കാരന് സിവിലായോ ക്രിമിനലായോ ഒരു നടപടിക്രമവും നേരിടേണ്ടിവരില്ല എന്ന് ഉറപ്പുവരുത്തുന്നു.

4. മോട്ടോർ വെഹിക്കിൾ ആക്സിഡന്റ്‌ ഫണ്ട് (164 B) : അപകടത്തിൽ പെടുന്നവരുടെ ചികിത്സ, നഷ്ടപരിഹാരം, ആശ്രിതപരിപാലനം ഉദ്ദേശിച്ചുള്ളത്. ഇതനുസരിച്ച് അപകടം നടന്നതിന് ശേഷം സുവർണമണിക്കൂറിലെ (Golden hour) ചികിത്സ സൗജന്യമായിരിക്കും. അതായത് അപകടത്തിനുശേഷമുള്ള ആദ്യ മണിക്കൂർ. വാഹനമിടിച്ച് ഓടി മറയുന്ന കേസുകളിൽ പോലും (hit and run) നഷ്ടപരിഹാരം നൽകാൻ ഇതുകൊണ്ട് സാധിക്കും

5. ഡ്രൈവിങ്‌ ലൈസൻസിൽ തുടങ്ങി റോഡ് ട്രാഫിക് സംബന്ധിച്ച സമസ്ത വിവരങ്ങളും ഡിജിറ്റൽ ആക്കും. ഇ ഗവേണൻസ് വഴി.

6. വാഹനങ്ങളുടെ ഫിറ്റ്നസ് , ഡ്രൈവിങ്‌ ടെസ്റ്റ് എന്നിവയെല്ലാം കംപ്യൂട്ടറൈസേഷൻ/ഓട്ടോമേഷൻ വഴി സുതാര്യവും കാര്യക്ഷമവും ആക്കും.

സുരക്ഷിതമായ റോഡുകൾ എങ്ങനെ സാധ്യമാക്കാം?
ഗതാഗതമന്ത്രാലയത്തിന്റെ എൻജിനിയറിങ്‌ വിഭാഗം വിഭാവനംചെയ്യുന്ന പദ്ധതികൾ നാലാണ്.
1. മെച്ചപ്പെട്ട എൻജിനിയറിങ്‌ ( റോഡുകൾ വാഹനങ്ങൾ സംബന്ധിച്ച )
2. കർശനമായും നിയമം നടപ്പാക്കൽ
3. റോഡ് സുരക്ഷ സംബന്ധിച്ച വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികൾ
4. അപകടങ്ങളിലെയും അടിയന്തരഘട്ടങ്ങളിലെയും ചികിത്സ.

പ്രതിരോധം മാത്രല്ല, പരിരക്ഷയും ഉറപ്പാക്കണം
എത്രതന്നെ സുരക്ഷാമാർഗ നിർദേശങ്ങൾ പാലിച്ചാലും അപകടങ്ങൾ സംഭവിക്കാം. അപകടങ്ങൾ നടന്നാൽ ഉടനെ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും ചികിത്സ ലഭ്യമാക്കാനും ഉള്ള സുസജ്ജവും കൃത്യമായ ഏകോപനം ഉള്ളതുമായ ഒരു സംവിധാനവും ഇന്ത്യയിൽ ഇല്ല. കേരളത്തിൽ 108 ആംബുലൻസുകൾ പോലെയുള്ള സേവനങ്ങളെ മറന്നുകൊണ്ടല്ല ഇത് എഴുതുന്നത്. അതതിടങ്ങളിൽ ജില്ല കേന്ദ്രീകരിച്ച് ഭരണതലത്തിൽ ഒരു സംവിധാനം, അതിന്റെ കരങ്ങളായി പ്രവർത്തിക്കാൻ പൊലീസ്, സന്നദ്ധപ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ എന്നിങ്ങനെ രൂപപ്പെടുത്തണം. സർക്കാർ മേഖലയിൽ ആവട്ടെ സ്വകാര്യമേഖലയിൽ ആവട്ടെ ചികിത്സിക്കാൻ സജ്ജമായ ആശുപത്രികളുടെ കൃത്യമായ ഡാറ്റാബേസ് വേണം. ആദ്യത്തെ 48 മണിക്കൂർ എങ്കിലും ചികിത്സയ്ക്ക് ധനസഹായം ഉറപ്പ് വരുത്തണം. കണ്ണി മുറിയാതെ പ്രവർത്തിക്കുന്ന ഒരു ശൃംഖല ഉണ്ടാവണം. ഏത് സ്പോട്ടിൽ നിന്നും പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ആവണം. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ഇപ്പോഴും ഒരാൾ അപകടത്തിൽ പെട്ടാൽ വഴിയിൽത്തന്നെ കിടക്കുകയേ ഉള്ളൂ എന്ന അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. 2019ലെ നിയമത്തിലെ ചില ഭേദഗതികൾ ആയ നല്ല ശമരിയാക്കാരൻ നിയമം, മോട്ടോർ വെഹിക്കിൾ ആക്സിഡൻ്റ് ഫണ്ട് എന്നിവ ശ്രദ്ധേയമാവുന്നത് ഇവിടെയാണ്.

പ്രതിരോധം സംബന്ധിച്ച സംഗതികളിൽ ഗതാഗത മന്ത്രാലയം കർക്കശമായി രംഗത്തുണ്ട്. ചികിത്സ സംബന്ധമായി മോട്ടോർ വെഹിക്കിൾ ആക്സിഡൻ്റ് ഫണ്ട് നിലവിൽ വരാൻ പോകുന്നു. എങ്കിലും ചികിത്സാ സംവിധാനങ്ങളുടെ സജ്ജീകരണം, അവയുടെ ഏകോപനം എന്നിവ ഒരു വെല്ലുവിളി തന്നെയാണ്. നിലവിലെ നിയമമനുസരിച്ച്‌ ആദ്യമണിക്കൂറിലെ ചികിത്സ ആണ് സൗജന്യമാക്കാൻ ഉദ്ദേശിക്കുന്നത്. പക്ഷേ ഇത് തീരെ അപര്യാപ്തമാണ്. സർക്കാർ ആയാലും സ്വകാര്യമായാലും ആശുപത്രിയിലെ ചികിത്സയുടെ ആദ്യ 48 മണിക്കൂറുകളിലെ ചെലവുകൾ എങ്കിലും ഈ ഫണ്ടിൽനിന്ന്‌ ഉടനടി ലഭ്യമാക്കാൻ സാധിക്കുമെങ്കിൽ നിരവധി ജീവനുകൾ നമുക്ക് രക്ഷിക്കാം. ഒരാൾ മരിക്കുമ്പോൾ ഒരു കുടുംബത്തിന്റെ അന്നമാണ് മുടങ്ങുന്നത്. അതുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക ആഘാതങ്ങൾ പതിന്മടങ്ങാണ്. ഓർക്കുക, വാഹനാപകടങ്ങൾ ആർക്കും എപ്പോഴും സംഭവിക്കാം. ഇപ്പോഴല്ലെങ്കിൽ ഇനി എന്നാണ് നമ്മൾ ഉണർന്ന് പ്രവർത്തിക്കുക ?

(കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ കൺസൾട്ടന്റ്‌ ന്യൂറോസർജനാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top