04 June Thursday

വികസനത്തില്‍ പ്രവാസികള്‍ മുഖ്യപങ്കാളികളാകണം

വെബ് ഡെസ്‌ക്‌Updated: Monday Jan 15, 2018

ലോക കേരളസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗം  

പ്രവാസി സമൂഹത്തിന്റെ മൂലധനം അതിശക്തമായി വളര്‍ന്നുവെന്നത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സത്യമാണ്. അതിസമ്പന്നരായ ഇന്ത്യക്കാരെ ഫോര്‍ബ്സ് മാസിക കണ്ടെത്തിയപ്പോള്‍ അതില്‍ പ്രവാസി മലയാളി വ്യവസായപ്രമുഖരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായ തോതിലുള്ളതായി കാണാം. ലോകത്തിലെ സമ്പന്നര്‍ക്കിടയില്‍ ആദ്യത്തെ ആയിരത്തില്‍ത്തന്നെ രണ്ടുപേര്‍ മലയാളികളാണ്. ആദ്യ രണ്ടായിരത്തിനിടയില്‍ അഞ്ചുപേരും മലയാളികളായുണ്ട്. മലയാളിയുടെ മൂലധനത്തിന്റെ വളര്‍ച്ചയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ഇതിന്റെ ഒരുഭാഗം തീര്‍ച്ചയായും കേരളത്തിന്റെ പല മേഖലയുടെയും കൂടിയ വളര്‍ച്ചയ്ക്ക് ഉപയുക്തമാകും. ഇത് കൂടുതലായി എങ്ങനെ നാടിന്റെ പൊതുവികസനത്തിനും വളര്‍ച്ചയ്ക്കും ഉപയുക്തമാകുമെന്ന് ആരായുക എന്നതും സഭയ്ക്കു മുന്നിലുള്ള പ്രധാന വിഷയങ്ങളിലൊന്നാണ്. പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന്റെ മുഖ്യപങ്കാളികളും ചാലകശക്തികളുമാക്കി മാറ്റുന്നതിന് അനുരൂപമായ സാഹചര്യം എങ്ങനെ സൃഷ്ടിക്കാം, എന്തൊക്കെ മാറ്റംവരുത്താം തുടങ്ങിയവ സംബന്ധിച്ച് വ്യക്തത വരുത്താനും ലോക കേരളസഭയ്ക്ക് സാധിക്കും.

അന്താരാഷ്ട്രരംഗത്ത് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രവാസി മലയാളി പ്രമുഖര്‍ക്ക് തങ്ങളുടെ രംഗങ്ങളിലെ ഇതര പ്രമുഖരുടെ വിഭവവും നൈപുണ്യവും ഇവിടേക്കാകര്‍ഷിക്കാന്‍ കഴിയുമെങ്കിലതും വലിയ പ്രയോജനം ചെയ്യും.

വിജ്ഞാന വിസ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അനുനിമിഷം മാറിവരുന്ന ശാസ്ത്ര-സാങ്കേതിക അറിവുകള്‍ ലോക വൈജ്ഞാനികഘടനയുടെ സവിശേഷതയായിരിക്കുകയാണ്. ലോകരംഗത്ത് അറിവിന്റെ വിപ്ളവത്തിന് ചാലുകീറുന്നവരുടെ മുന്‍നിരയില്‍ത്തന്നെ മലയാളികളായ പ്രവാസി ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണന്മാരും മറ്റുമുണ്ട്. അവരുടെ കേരള സന്ദര്‍ശനവേളകളിലെ സേവനം നമ്മുടെ സര്‍വകലാശാലകളിലും കോളേജുകളിലുമൊക്കെ പ്രയോജനപ്പെടുത്താന്‍ കഴിയുകയെന്നതു പ്രധാനമാണ്. അവരുടെ മാര്‍ഗനിര്‍ദേശംകൂടി ഉള്‍ക്കൊണ്ട് അക്കാദമിക് നവീകരണം സാധ്യമാക്കാനാകണം.

ലോകത്ത് ഏറ്റവും വലിയ പ്രവാസിസമൂഹമുള്ള രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. ഏറ്റവും ഉയര്‍ന്നതോതില്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യവുമാണ് നമ്മുടേത്. 2015ല്‍ ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം അറുപത്തെണ്ണായിരത്തി തൊള്ളായിരത്തി പത്ത് മില്യന്‍ ഡോളറായിരുന്നു. അതായത് ആഗോള പ്രവാസി പണത്തിന്റെ പന്ത്രണ്ടേമുക്കാല്‍ ശതമാനം. ഇത്ര വലിയതോതില്‍ പണം വരുമ്പോഴും ഭാവനാപൂര്‍ണമായി, പ്രത്യുല്‍പ്പാദനപരമായി അത് നിക്ഷേപിക്കാനും ആ നിക്ഷേപത്തിന്മേല്‍ നാടിന്റെ വികസനം സാധ്യമാക്കാനുമുള്ള പദ്ധതികളില്ല എന്നതാണ് വലിയ ദൌര്‍ഭാഗ്യം. ഈ പോരായ്മ പരിഹരിക്കുക മാത്രമല്ല, തുകയുടെ വിനിയോഗത്തില്‍ അതിന്റെ നിക്ഷേപകരുടെ അഭിപ്രായത്തിന് വിലകല്‍പ്പിക്കുകകൂടി ചെയ്യുന്ന സംവിധാനം രൂപപ്പെടുത്തിയെടുക്കുകയാണ് കേരളം. വന്‍ പലിശയ്ക്കെടുക്കുന്ന വിദേശ കടത്തേക്കാള്‍ എത്രയോ അധികം പ്രയോജനം ചെയ്യുന്നതാണ് പ്രവാസിസമൂഹത്തിന്റെ നിക്ഷേപം. ഇതിലേക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധ ക്ഷണിക്കുക എന്നതും പ്രധാനമാണ്.

കേരള മൈഗ്രേഷന്‍ സര്‍വേ കാണിക്കുന്നത് 24 ലക്ഷം കേരളീയര്‍ പ്രവാസികളായുണ്ടെന്നാണ്. 12.52 ലക്ഷം പ്രവാസികള്‍ തിരിച്ചെത്തി. തിരിച്ചെത്തുന്നവരുടെ കണക്ക് ഉയരുകയാണ്. വിദേശത്തുള്ളവരുടെ അമ്പതു ശതമാനത്തോളം ആയിട്ടുണ്ട് അത് ഇപ്പോള്‍. ആഗോള തൊഴില്‍വിപണിയിലെ മാറ്റം കേരളത്തില്‍നിന്നുള്ള കുടിയേറ്റത്തില്‍ കൃത്യമായും പ്രതിഫലിക്കുന്നുണ്ട്. അവിദഗ്ധ തൊഴിലാളികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെയുള്ളവരുടെ സാന്നിധ്യംകൊണ്ട് വൈവിധ്യസമൃദ്ധമാണ് നമ്മുടെ പ്രവാസിസമൂഹം. കൂലി കുറഞ്ഞതും വൈദഗ്ധ്യം വേണ്ടതില്ലാത്തതുമായ മേഖലകളിലെ കേരള പ്രവാസി സാന്നിധ്യം കുറഞ്ഞുവരികയുമാണ്.

ഹ്രസ്വകാല കുടിയേറ്റത്തെ സേവനവ്യാപാരമായി ഗാട്ട് കരാര്‍ കണക്കാക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഒരു പ്രശ്നം. അന്തര്‍ദേശീയ തൊഴില്‍ സംഘടനയുടെ പ്രവാസസംബന്ധമായ തൊഴിലവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. ഇതിന്റെ രണ്ടിന്റെയും വിവിധ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇവിടെയുണ്ടാകണം. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിലടക്കം പ്രവാസിസമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇവിടെയുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കഴിയണം.

പ്രവാസവും കുടിയേറ്റവും സംബന്ധിച്ച നിരവധി തീരുമാനം അപ്പപ്പോള്‍ കേന്ദ്രം കൈക്കൊള്ളുന്നുണ്ട്. എന്നാല്‍, ഇവയെയാകെ നയിക്കാനുതകുന്ന ഒരു കുടിയേറ്റ പ്രവാസനയം പ്രഖ്യാപിച്ചിട്ടില്ല. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പോലുമല്ലാത്ത, സുതാര്യമല്ലാത്ത പല തീരുമാനവും ഈ പശ്ചാത്തലത്തില്‍ പ്രവാസിസമൂഹത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നുണ്ട്. പ്രവാസികളുടെ പൌരാവകാശം സംരക്ഷിക്കുന്നവിധത്തില്‍ കുടിയേറ്റനിയമങ്ങളില്‍ വരുത്തേണ്ട മാറ്റം നിര്‍ദേശിക്കാന്‍ കഴിയേണ്ടതുണ്ട്.
കേന്ദ്രത്തിന്റെ നയനിലപാടുകള്‍ ഉണ്ടാക്കുന്ന നിയന്ത്രണങ്ങള്‍മൂലം ആതിഥേയ രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍നിന്നുമുള്ള തൊഴിലാളികളെ തേടിപ്പോകുന്നതുകൊണ്ട് ഉണ്ടാകുന്ന വൈഷമ്യങ്ങളും പരിഗണനയ്ക്കു വരേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ എങ്ങനെ മുറിച്ചുകടക്കാമെന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉണ്ടാകണം.

നൈപുണ്യവും വൈദഗ്ധ്യവും കൂടിയതോതില്‍ ആവശ്യമുള്ള തൊഴില്‍മേഖലകളിലാകും ഇനി വരുന്ന ഘട്ടത്തില്‍ കൂടുതല്‍ അവസരം എന്നതിനാല്‍ നമ്മുടെ വിദ്യാഭ്യാസഘടനയില്‍ അതിനനുസരിച്ചുള്ള മാറ്റം നിര്‍ദേശിക്കേണ്ടതുണ്ട്. വിശ്വാസ്യതയും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള റിക്രൂട്ട്മെന്റ് ഏജന്‍സികളെ വളര്‍ത്തിയെടുക്കാന്‍ കഴിയേണ്ടതുണ്ട്.

നിയമസഹായം, സ്ത്രീപ്രവാസികള്‍ നേരിടുന്ന ചൂഷണത്തിന്റെ സാഹചര്യം ഒഴിവാക്കല്‍ എന്നിവയുടെ കാര്യത്തിലും കാര്യമായി ശ്രദ്ധിക്കാന്‍ കഴിയേണ്ടതുണ്ട്. മടങ്ങിയെത്തുന്നവരുടെ സമ്പാദ്യവും സാങ്കേതികവിജ്ഞാനവും തൊഴില്‍ നൈപുണ്യവും നാടിന്റെ വികസനത്തിന് ഉപകരിക്കുന്നവിധത്തില്‍ ഇവിടെ ഉപയോഗിക്കാന്‍ കഴിയുന്ന പുനരധിവാസത്തിന്റെ സാധ്യത ആരായേണ്ടതുണ്ട്.

സാമ്പത്തികമായി ദുര്‍ബലരായ പ്രവാസികള്‍ക്കുവേണ്ടി ക്ഷേമനിധി രൂപീകരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്. വിദേശനാണ്യത്തിലൂടെ പ്രവാസികള്‍ ദേശീയ ഖജനാവിനെ ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ വലിയതോതിലുള്ള ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്ത നിര്‍വഹണം ഏതുവിധത്തിലാകണമെന്നതു സംബന്ധിച്ച നിര്‍ദേശങ്ങളുണ്ടായാല്‍ എംപിമാര്‍ക്ക് അത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പറ്റും. വിദേശനാണ്യ നേട്ടം കേന്ദ്രത്തിനും പ്രവാസത്തിന്റെ സാമൂഹ്യച്ചെലവ് സംസ്ഥാനത്തിനും എന്ന നീതിയില്ലാത്ത നില നീതിയുക്തമായി മാറേണ്ടതുണ്ട്.

ഇന്നത്തെ കേരളത്തില്‍ കാര്‍ഷിക, വ്യാവസായികമേഖലകള്‍ താരതമ്യേന ദുര്‍ബലപ്പെട്ടു നില്‍ക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസമേഖലകളില്‍ രണ്ടാം തലമുറ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇതുപോലെയുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന് എങ്ങനെയൊക്കെ പ്രവാസ സംഭാവനകള്‍ ഉപയോഗിക്കാമെന്നതു സംബന്ധിച്ച നിര്‍ദേശം ഉണ്ടാകണം. പ്രവാസി സമൂഹങ്ങള്‍ തമ്മില്‍തമ്മിലും കേരള സമൂഹവും പ്രവാസി സമൂഹവും തമ്മിലും ആശയവിനിമയം, വികസനാത്മക സഹകരണം എന്നിവ ഫലപ്രദമാംവിധം ശക്തിപ്പെടുത്തുന്നതിനുള്ള പൊതുവേദിയായി ലോക കേരളസഭ മാറണം.

കേരളത്തിന്റെ വികസനപ്രക്രിയയില്‍ കാര്യമായ പങ്കുവഹിക്കാന്‍ പ്രവാസിസമൂഹത്തിന് സാധ്യമാകുന്ന അന്തരീക്ഷമുണ്ടാകണം. പ്രവാസികള്‍ക്ക് കേരളത്തില്‍ വ്യവസായ, ബിസിനസ് രംഗങ്ങളിലേക്ക് കടന്നുവരുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ ശ്രദ്ധേയമായ നടപടികളുമായി നീങ്ങുകയാണ് ഗവണ്‍മെന്റ് എന്നറിയിക്കാന്‍ എനിക്ക് സന്തോഷമുണ്ട്. ലൈസന്‍സുകളും അനുമതികളും ലഭിക്കുന്നതിന് ഇപ്പോള്‍ സര്‍ക്കാര്‍ ഒരു ഏകജാലക സംവിധാനം ഒരുക്കുകയാണ്. അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചിത തീയതിക്കുമുമ്പ് അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന പരിഷ്കാരമാണ് ഈ രംഗത്തുവരുന്നത്.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും ഗള്‍ഫിലെ സ്വദേശിവല്‍ക്കരണത്തിന്റെയും പശ്ചാത്തലത്തില്‍ മടങ്ങിവരുന്നവര്‍ക്ക് പലിശ കുറഞ്ഞ വായ്പ നല്‍കാന്‍ ഇപ്പോള്‍ കേരളത്തില്‍ സംവിധാനമുണ്ട്. പ്രവാസി പുനരധിവാസരംഗത്ത് സഹകരണപ്രസ്ഥാനത്തിനും പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കും കുറച്ചൊക്കെ ഇടപെടാന്‍ കഴിയും. പ്രവാസി സംഘടനകളുടെയും കേന്ദ്രത്തിന്റെയും സഹായത്തോടെ ഇതെങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാമെന്നത് സര്‍ക്കാര്‍ ആലോചിക്കും. പ്രവാസിക്ഷേമ ബോര്‍ഡിനുള്ള ധനസഹായം ഉയര്‍ത്താന്‍ ശ്രമിക്കും. സാമ്പത്തികശേഷിയുള്ള പ്രവാസികളില്‍നിന്ന് ഉദാരമായ സംഭാവനകള്‍ സ്വീകരിച്ച് ക്ഷേമനിധി രൂപീകരിക്കുന്ന കാര്യം ആലോചിക്കും.

കേരളത്തിലെ ഭൂബന്ധങ്ങളില്‍ വന്ന അടിസ്ഥാനപരമായ മാറ്റമാണ് പല സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമായത് എന്നത് മറന്നുകൂടാ. 1957ലെ ഇ എം എസ് ഗവണ്‍മെന്റ് കാര്‍ഷികബന്ധങ്ങളിലും ഭൂബന്ധങ്ങളിലും വരുത്തിയ ചരിത്രപരവും വിപ്ളവപരവുമായ മാറ്റങ്ങളാണ് അതുവരെ താഴ്ത്തപ്പെട്ട നിലയിലായിരുന്ന വലിയൊരു വിഭാഗത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാക്കിയത്. ആ മാറ്റമാണ് കര്‍ഷകത്തൊഴിലാളികളുടെയും കയര്‍ത്തൊഴിലാളികളുടെയുമൊക്കെ മക്കള്‍ക്ക് പത്താംക്ളാസ് വരെയെങ്കിലും പഠിക്കാമെന്ന നില കേരളത്തിലുണ്ടാക്കിയത്. ആ അവസ്ഥ ഉണ്ടായതുകൊണ്ടാണ് ആയിരക്കണക്കിന് ആളുകള്‍ക്ക് ഗള്‍ഫിലേക്ക് തൊഴില്‍തേടി പോകാമെന്ന അവസ്ഥയുണ്ടായത്. സാമൂഹ്യമാറ്റങ്ങളും കുടിയേറ്റത്തിലെ വര്‍ധനയും തമ്മിലുള്ള ബന്ധത്തിന്റെ ഈ ചരിത്രമൊന്നും മറന്നുകൂടാ. ഈ ചരിത്രത്തിലൂടെയാണ് കേരളം ഇന്നുകാണുന്ന അവസ്ഥയിലേക്ക് എത്തിയത് എന്നതും മറന്നുകൂടാ.

പ്രവാസികളുടെ പണം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചു. ബാങ്കിങ്, ഇന്‍ഷുറന്‍സ്, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു. എങ്കിലും നിക്ഷേപത്തിലെ വലിയൊരു ഭാഗം ഭൂമിയിലും കെട്ടിടനിര്‍മാണത്തിലുമായി ഒതുങ്ങിപ്പോയി. അതുകൊണ്ടുതന്നെ പ്രത്യുല്‍പ്പാദനപരം അല്ലാതെയായിപ്പോയി. ചിന്നിച്ചിതറി കിടക്കുന്ന നിക്ഷേപങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനും അതിനെ പ്രത്യുല്‍പ്പാദനപരമായ മേഖലകളില്‍ മൂലധനമാക്കി മാറ്റുന്നതിനും വേണ്ടത്ര ശ്രദ്ധ സര്‍ക്കാരില്‍നിന്നുണ്ടായില്ല. സേവനമേഖലകളെ അര്‍ഹമാംവിധം പരിഗണിച്ചുകൊണ്ടുതന്നെ ഈ പോരായ്മ പരിഹരിക്കേണ്ടതുണ്ട്. നിക്ഷേപങ്ങളുടെ ഏകോപനം സാധ്യമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ലോക കേരളസഭയ്ക്കും ചിന്തകള്‍ പങ്കുവച്ചുകൊണ്ട് മുന്നോട്ടുപോകാനാകും

(അവസാനിക്കുന്നില്ല)
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top