18 January Monday

ആദർശ രാഷ്ട്രീയത്തിന്റെ ആത്മപ്രകാശം - രാമചന്ദ്രൻ കടന്നപ്പള്ളി എഴുതുന്നു

രാമചന്ദ്രൻ കടന്നപ്പള്ളിUpdated: Wednesday Oct 14, 2020


വരദരാജൻനായർ അന്തരിച്ചിട്ട്‌ മുപ്പത്തിയൊന്ന്‌ വർഷം പിന്നിടുന്നു. സ്വാതന്ത്ര്യസമരസേനാനി, അജയ്യനായ തൊഴിലാളി നേതാവ്‌, സംശുദ്ധനായ ഭരണാധികാരി, കോൺഗ്രസ്‌ എസ്‌ പ്രസ്ഥാനത്തിന്റെ പരമോന്നതനായ നേതാവ്‌ എന്നീ ബഹുമുഖ തലങ്ങളിൽ പ്രശോഭിതനായിരുന്നു വരദരാജൻനായർ. മഹാരഥന്മാരായ സ്വാതന്ത്ര്യസമരസേനാനികളെയും വികലമാക്കി പുതിയ ചരിത്രം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്‌  കേന്ദ്ര അധികാരികൾ. ഈ കാലഘട്ടത്തിലാണ്‌ വരദരാജൻനായരെപ്പോലുള്ള മഹാവ്യക്തിത്വങ്ങളുടെ അനർഘമായ സേവനത്തിന്റെയും ജീവിതസമർപ്പണത്തിന്റെയും മൂല്യം നാം മനസ്സിലാക്കുന്നത്‌.

വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ സ്വാതന്ത്ര്യസമരത്തിന്റെ കാഹളം കേട്ടുണർന്ന മഹാമനുഷ്യൻ. ഗാന്ധിജിയുടെ ആഹ്വാനംകേട്ട്‌ ആവേശഭരിതനായി. മദിരാശി ഹൈക്കോടതിയിൽ ഗാന്ധിത്തൊപ്പി ധരിച്ച്‌ ഹാജരായ അഭിഭാഷകരെ ശിക്ഷിച്ചതിൽ പ്രതിഷേധിച്ച്‌ നടത്തിയ വിദ്യാർഥി പഠിപ്പുമുടക്കിന്റെ പേരിൽ ചങ്ങനാശേരി കോളേജിൽനിന്ന്‌ പുറത്താക്കപ്പെട്ടതെല്ലാം ചരിത്രത്തിന്റെ ഭാഗം. സ്വതന്ത്ര തിരുവിതാംകൂർ പ്രസ്ഥാനത്തെ എതിർക്കുന്നതിൽ മുൻനിരയിലായിരുന്ന വരദരാജൻനായർ വിജെടി ഹാളിൽ ദിവാൻ ഭരണത്തെ വാഴ്‌ത്തുന്നവർ നടത്തിയ യോഗം ചോദ്യാക്ഷരങ്ങൾകൊണ്ടും മുദ്രാവാക്യങ്ങൾകൊണ്ടും നേരിട്ടു. ദിവാൻ ഭരണകൂടത്തിന്റെ കിങ്കരന്മാർ ബോധപൂർവം പൊലീസിനെ കല്ലെറിഞ്ഞ്‌ പ്രകോപിപ്പിച്ച്‌ ഉണ്ടാക്കിയ പൊലീസ്‌ വെടിവയ്‌പിൽ അഞ്ച്‌ വിദ്യാർഥികൾ രക്തസാക്ഷിയായതിൽ പ്രതിഷേധിച്ച്‌ വരദരാജൻനായർ രംഗത്തുവന്നതും ചരിത്രസൂക്ഷിപ്പുകളിലൊന്നാണ്‌.

സ്വാതന്ത്ര്യസമര പെൻഷൻ ബഹുമാനാദരങ്ങളോടെ നിരാകരിച്ച സമരസേനാനിയായിരുന്നു വരദരാജൻനായർ. 1974ൽ തിരുവനന്തപുരം മേയറായി സമാരംഭിച്ച യാത്ര അവിഭക്ത കോൺഗ്രസിന്റെ വൈസ്‌ പ്രസിഡന്റും ഐഎൻടിയുസി പ്രസിഡന്റ്‌, കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ എന്നീ പദവികളും ശ്രദ്ധേയമാക്കി.

ലോകം കോവിഡ്‌ മഹാമാരിക്കെതിരെ മഹായുദ്ധത്തിലാണ്‌. അനുദിനം മനുഷ്യജീവിതങ്ങളെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യം പ്രത്യേകിച്ച്‌, കേരളം അതിജീവനത്തിന്റെ കരുത്തുമായി ഇന്ത്യക്കും ലോകത്തിനും മാതൃകയാകുന്നു. ആ മഹായുദ്ധത്തിന്റെ പടനായകൻ കേരളത്തിന്റെ  മുഖ്യമന്ത്രി പിണറായി വിജയൻതന്നെ. മഹാമാരിക്കെതിരായ പോരാട്ടം നടത്തുമ്പോഴും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ പരിരക്ഷിക്കാനുള്ള മുന്നേറ്റത്തിന്റെ പാതയിലും കേരളം പ്രതീക്ഷാനിർഭരമായി പ്രവർത്തിക്കുന്നു.

രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും പരമാധികാരവും സംരക്ഷിച്ചേ പറ്റൂ. ഭരണപരമായും ഭരണഘടനാപരമായും രാജ്യത്തിന്റെ പ്രഖ്യാപിതമായ ഉന്നത മൂല്യങ്ങൾ സംരക്ഷിക്കേണ്ട കേന്ദ്ര അധികാരികൾതന്നെ അവയെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ കാണുമ്പോഴാണ്‌ പുതിയ സ്വാതന്ത്ര്യസമരം അനിവാര്യമാകുന്നതും. വരദരാജൻനായരുടെ ദീപ്‌തമായ ഓർമകളിലൂടെ നമുക്ക്‌ മുന്നേറാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top