10 August Monday

കർമശുദ്ധിയുടെ പ്രകാശഗോപുരം

രാമചന്ദ്രൻ കടന്നപ്പള്ളിUpdated: Monday Oct 14, 2019


വരദരാജൻനായർ കഥാവശേഷനായിട്ട്‌ 30 വർഷം തികയുന്നു. സ്വാതന്ത്ര്യസമര സേനാനി, കരുത്തനായ തൊഴിലാളി നേതാവ്, സംശുദ്ധനായ ഭരണാധികാരി, കോൺഗ്രസ്- എസ് സംസ്ഥാന പ്രസിഡന്റ്‌ എന്നീ ബഹുമുഖതലങ്ങളിൽ പ്രകാശഗോപുരമായി നിലകൊണ്ട മഹിതമായ വ്യക്തിത്വം. ജനഹൃദയങ്ങളിൽ ജീവിച്ച വരദരാജൻനായർ ജീവിതവിശുദ്ധിയുടെ പ്രതീകമാണ്. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി രംഗത്തിറങ്ങി. ഗാന്ധിജിയുടെ ആഹ്വാനംകേട്ട് ആവേശഭരിതനായി. മദിരാശി ഹൈക്കോടതിയിൽ ഗാന്ധിത്തൊപ്പി ധരിച്ച് ഹാജരായ അഭിഭാഷകരെ ശിക്ഷിച്ചതിൽ പ്രതിഷേധിച്ച് ചില വിദ്യാലയങ്ങളിൽ പഠിപ്പുമുടക്കി. അതിന്റെപേരിൽ ചങ്ങനാശേരി കോളേജിൽനിന്ന് പുറത്താക്കി.

കോൺഗ്രസ് പ്രവർത്തനങ്ങളിൽ കർമനിരതനായ വരദരാജൻനായർ പി എസ് നടരാജ പിള്ള, കെ ആർ ഇലങ്കത്ത് എന്നിവരോടൊപ്പം ചേർന്ന് "ഭാരതകേസരി' എന്ന പ്രതിവാര പത്രം പ്രസിദ്ധപ്പെടുത്തി. സ്വതന്ത്ര തിരുവിതാംകൂർ പ്രസ്ഥാനത്തെ  എതിർക്കുന്നതിൽ മുൻനിരയിലായിരുന്നു അദ്ദേഹം.  വിജെടി ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ബാരിസ്റ്റർ എ കെ പിള്ളയുടെ പ്രസംഗം ചോദ്യശരങ്ങൾ കൊണ്ട് നേരിട്ട വരദരാജൻനായരും സഹപ്രവർത്തകരും എതിർപ്പുകൾ അവഗണിച്ച് വേദിയിൽ കയറി മൈക്ക് പിടിച്ചെടുത്തു. യോഗ സംഘാടകരും അനുയായികളും ഓടിരക്ഷപ്പെട്ടു. ദിവാൻ ഭരണകൂടത്തിനു സഹിക്കാൻ കഴിയാത്ത ആഘാതമായിരുന്നു അത്. പിറ്റേദിവസം പേട്ടയിൽ സംഘടിപ്പിച്ച കോൺഗ്രസ്‌ യോഗം  അലങ്കോലപ്പെടുത്താൻ ദിവാൻ ഭരണത്തിന്റെ കിങ്കരന്മാർ ശ്രമിച്ചു. അവർ പൊലീസിനുനേരെ കല്ലെറിഞ്ഞ്‌ പ്രകോപനം സൃഷ്ടിച്ചു. ഒരു  വിദ്യാർഥിയുൾപ്പെടെ അഞ്ചുപേരുടെ മരണത്തിനിടയാക്കി ആ ലാത്തിച്ചാർജ്‌. ഇതിനെതിരായ പ്രതിഷേധത്തിന്റെ മുൻനിരയിൽ വരദരാജൻനായർ ഉണ്ടായിരുന്നു. 

കെപിസിസി വൈസ് പ്രസിഡന്റ‌്, ഐഎൻടിയുസി പ്രസിഡന്റ്, ധനമന്ത്രി എന്നീ പദവികൾ അദ്ദേഹത്തെ തേടിയെത്തി. ദേശവ്യാപകമായി കോൺഗ്രസ് -എസ് നടത്തിയ ‘ജനജാഗരണ’ ജാഥ കേരളത്തിൽ നയിച്ചത‌് വരദരാജൻ നായരായിരുന്നു

സ്വാതന്ത്ര്യസമര പെൻഷൻ ബഹുമാനപൂർവം നിരാകരിച്ചു. 1947ൽ തിരുവനന്തപുരം മേയറായ വരദരാജൻനായർ പൊതുജീവിതത്തിലെ വിവിധതലങ്ങളിൽ തിളങ്ങി.  കെപിസിസി വൈസ് പ്രസിഡന്റ‌്, ഐഎൻടിയുസി പ്രസിഡന്റ്, ധനമന്ത്രി എന്നീ പദവികൾ അദ്ദേഹത്തെ തേടിയെത്തി. ദേശവ്യാപകമായി കോൺഗ്രസ് -എസ് നടത്തിയ ‘ജനജാഗരണ’ ജാഥ കേരളത്തിൽ നയിച്ചത‌് വരദരാജൻ നായരായിരുന്നു. അസുഖങ്ങളെ തുടർന്ന‌് തിരുവനന്തപുരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ച വരദരാജൻനായർ 1989 ഒക്ടോബർ 14ന‌് അന്തരിച്ചു.

നമ്മുടെ രാജ്യം ചരിത്രത്തിലെ ഏറ്റവും സങ്കീർണവും ഉൽക്കണ്ഠാകുലവുമായ കാലഘട്ടത്തിലൂടെ നീങ്ങുകയാണ്. രാജ്യത്തിന്റെ അനർഘമായ സ്വാതന്ത്ര്യവും ജനാധിപത്യവും അമൂല്യമായ മതനിരപേക്ഷതയും സംരക്ഷിക്കാൻ ഭരണഘടനാപരമായും ഭരണപരമായും ബാധ്യതയുള്ള കേന്ദ്ര ഭരണാധികാരി വർഗംതന്നെ അതിനെതിരായ യുദ്ധത്തിലാണ്. - ചരിത്രം തിരുത്തിയെഴുതാൻ ഒരുങ്ങുന്നവരുടെയും ചരിത്രപുരുഷൻമാരെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നവരുടെയും രൗദ്രഭാവങ്ങൾ ജനാധിപത്യ മതനിരപേക്ഷ പരമാധികാര ഭാരതത്തിന് ഭാരമായി തീർന്നിരിക്കുന്നു.വരദരാജൻനായരെപ്പോലെയുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമകളിലൂടെ ഈ രാജ്യത്തെ രക്ഷിക്കാനുള്ള മഹാശ്രമത്തിൽ പങ്കുചേരാനുള്ള പ്രതിജ്ഞയാണ് അദ്ദേഹത്തിന്‌ നൽകുന്ന സ്‌നേഹാഞ്ജലി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top