29 May Friday

ജനാധിപത്യം ആശങ്കയിൽ

സെബാസ്റ്റ്യൻ പോൾUpdated: Saturday Sep 14, 2019


ഏതൻസിലൂടെ നടക്കുമ്പോൾ ഇവിടെയാണ് ജനാധിപത്യം ജനിച്ചതെന്ന ഓർമപ്പെടുത്തൽ കൂടെക്കൂടെയുണ്ടാകും. ക്രിസ്തുവിന് 500 വർഷംമുമ്പ് ഗ്രീക്കുകാർ കണ്ടെത്തി പ്രതിഷ്ഠാപിതമാക്കിയതാണ് പ്രത്യക്ഷ ജനാധിപത്യം. ഇന്നത്തെ ജനാധിപത്യത്തിന്റെ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ആഗോള ഇൻഡെക്സിൽ ജനാധിപത്യത്തിന്റെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രീസിന്റെ സ്ഥാനം മുപ്പത്തൊമ്പതാണ്‌. പാർലമെന്റുകളുടെ മാതാവെന്ന്‌ അറിയപ്പെടുന്ന ബ്രിട്ടൻ 167 രാജ്യത്തിന്റെ പട്ടികയിൽ  14–-ാം സ്ഥാനത്തും മികച്ച ജനാധിപത്യമെന്ന് അവകാശവാദമുള്ള യുഎസ് 25–-ാം  സ്ഥാനത്തും നിൽക്കുന്നു. പല കാര്യത്തിലുമെന്നപോലെ ഇക്കാര്യത്തിലും ഒന്നാംസ്ഥാനത്ത് നോർവെ നിൽക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ സ്ഥാനം 42 ആണെന്നത് ആശങ്കയ്ക്ക് കാരണമാകാത്തത് പാകിസ്ഥാന്റെ സ്ഥാനം 110 ആണെന്നതുകൊണ്ടുമാത്രമാകും.

സെപ്തംബർ 15 ജനാധിപത്യത്തിനുവേണ്ടിയുള്ള അന്താരാഷ്ട്രദിനമാണ്. 2007ലാണ് ഐക്യരാഷ്ട്രസംഘടന ഈ പ്രഖ്യാപനം നടത്തിയത്. ജനാധിപത്യത്തിന്റെ അനിവാര്യതയെക്കുറിച്ച് രാഷ്ട്രങ്ങളിലും ജനതകളിലും അവബോധം സൃഷ്ടിക്കുകയും ജനാധിപത്യത്തിന്റെ തത്ത്വങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം. യുഎൻ ചാർട്ടറിൽ ജനാധിപത്യത്തെക്കുറിച്ച് പരാമർശമില്ലാത്തതിനാൽ ജനാധിപത്യം യുഎന്നിന്റെ സ്ഥാപകലക്ഷ്യം ആയിരുന്നില്ലെന്ന് കരുതരുത്. ‘വി ദ പീപ്പിൾ’ എന്ന്‌ ആരംഭിക്കുന്ന ചാർട്ടറിൽ ആകെ നിറഞ്ഞുനിൽക്കുന്ന ചൈതന്യം ജനാധിപത്യമാണ്. അതേ വാക്കുകൾ കൊണ്ടാരംഭിക്കുന്ന നമ്മുടെ ഭരണഘടനയിൽ നമ്മുടെ റിപ്പബ്ലിക്കിനെ ജനാധിപത്യ റിപ്പബ്ലിക്കെന്ന്‌ സംശയരഹിതമായി വിശേഷിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തെ സുസ്ഥിരവും ഗോചരവുമാക്കുന്ന അടിസ്ഥാനമൂല്യങ്ങളാണ് നമ്മുടെ ഭരണഘടനയുടെ പീഠികയിലെ ഭാവദീപ്തമായ ഭാഗങ്ങൾ.

ജനാധിപത്യത്തെ സംബന്ധിക്കുന്ന പല അനിവാര്യതകളിൽ ഒന്നുമാത്രമാണ് തെരഞ്ഞെടുപ്പ്. സ്വതന്ത്രവും നീതിപൂർവകവുമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന രീതിയിൽ തെരഞ്ഞെടുപ്പുകൾ യഥാസമയം നടക്കുന്നതിനാലാണ് ഇൻഡെക്സിൽ 42–ാം സ്ഥാനത്ത് പിടിച്ചുനിൽക്കാൻ ഇന്ത്യക്കായത്. ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകുമോ എന്ന വർത്തമാനം ഭരണപക്ഷത്തുനിന്നുതന്നെ ഉണ്ടായ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സ്കോർ ഇനിയും താഴേക്കുപോകാനാണ് സാധ്യത. തെരഞ്ഞെടുപ്പിൽ അനഭിലഷണീയമായ ബാഹ്യഇടപെടലുകൾ ഉണ്ടാകുകയും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമീഷന്റെ സ്വതന്ത്രതയിലും നിഷ്പക്ഷതയിലും പ്രതിപക്ഷകക്ഷികൾ സംശയം പ്രകടിപ്പിക്കുന്ന സാഹചര്യമുണ്ട്.

സംഹാരദൂതർ പിൻവഴിയിലൂടെയല്ല, ജനാധിപത്യം ഒരുക്കിയിട്ടിരിക്കുന്ന മുൻവഴിയിലൂടെ തന്നെയാണ് കടന്നുവരുന്നത്. ട്രംപും മോഡിയും മാത്രമല്ല ഹിറ്റ്‌ലറും മുസോളിനിയും ജനാധിപത്യപരമായ സംവിധാനത്തിലൂടെയാണ് അധികാരത്തിലെത്തിയത്.

ജനഹിതം ശരിയായരീതിയിൽ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നില്ലെന്നത് ജനാധിപത്യത്തിന്റെ ന്യൂനതയാകും. ന്യൂനതയുള്ള ജനാധിപത്യങ്ങളുടെ കൂട്ടത്തിലാണ് ആഗോള ഇൻഡെക്സ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ അഭിമാനത്തിനേറ്റിരിക്കുന്ന വലിയ ക്ഷതമാണിത്. ജനാധിപത്യത്തിലെ ന്യൂനതകൾ ജനാധിപത്യത്തിനു പരിഹരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അവഗണിക്കാവുന്ന രീതിയിൽ ഏൽപ്പിക്കപ്പെടുന്ന ക്ഷതങ്ങളുടെ സമാഹൃതശക്തിയിൽ ജനാധിപത്യസൗധം ന്യൂയോർക്കിലെ ഇരട്ടഗോപുരംപോലെ തകർന്നുവീഴും. പട്ടാള അട്ടിമറിയോ മറ്റേതെങ്കിലും തരത്തിലുള്ള ആക്രമണമോ അതിനാവശ്യമില്ല. അട്ടിമറി ഇന്ന് വിരളമായ വാർത്തയായിരിക്കുന്നു. സംഹാരദൂതർ പിൻവഴിയിലൂടെയല്ല, ജനാധിപത്യം ഒരുക്കിയിട്ടിരിക്കുന്ന മുൻവഴിയിലൂടെ തന്നെയാണ് കടന്നുവരുന്നത്. ട്രംപും മോഡിയും മാത്രമല്ല ഹിറ്റ്‌ലറും മുസോളിനിയും ജനാധിപത്യപരമായ സംവിധാനത്തിലൂടെയാണ് അധികാരത്തിലെത്തിയത്.

ഭരണഘടനയെയും ഭരണഘടനാപരമായ സംവിധാനങ്ങളെയും അഭംഗുരമായി നിലനിർത്തിക്കൊണ്ട് ആന്തരികമായി എപ്രകാരം ക്ഷതമേൽപ്പിക്കാമെന്നതിന്റെ ടെക്സ്റ്റ് ബുക്ക്‌ ഉദാഹരണമായി ഇന്ത്യ മാറിയിരിക്കുന്നു. അനുച്ഛേദം 370 പ്രയോജനരഹിതമായി നിലനിർത്തിക്കൊണ്ടാണ് ജമ്മു കശ്മീരിൽ അവർക്കു വേണ്ടതൊക്കെ ചെയ്തത്. ദേശസുരക്ഷയുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും പേരിലാണ് എല്ലാം ചെയ്യുന്നത്. അഭിപ്രായ വോട്ടെടുപ്പിൽ ഭൂരിപക്ഷം ജനങ്ങളും പത്തിൽ എട്ടോ അതിലധികമോ മാർക്ക് നൽകുന്ന രീതിയിലായിരിക്കും അത്തരം രാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ പ്രകടമായ പ്രവർത്തനം. റോമൻ ജനാധിപത്യത്തിന്റെ അപചയത്തെക്കുറിച്ച് സിസെറോ നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു.

നരേന്ദ്ര മോഡിയുടെ അടിയന്തരാവസ്ഥ അപ്രഖ്യാപിതവും അഗോചരവുമാണ്. പ്രതിപക്ഷത്തിന്റെ പ്രതിരോധമാണ് ഭരണപക്ഷത്തിന്റെ വിവേകത്തേക്കാൾ ജനാധിപത്യത്തിന്റെ സുരക്ഷയ്ക്ക് കാരണമാകുന്നത്

റിപ്പബ്ലിക്കിന്റെ വീഴ്ചയും സാമ്രാജ്യത്തിന്റെ ഉയർച്ചയുമാണ് പിന്നീട് കണ്ടത്. സമാനമായ അവസ്ഥയിലൂടെയാണ് ഇന്ത്യൻ ജനാധിപത്യവും റിപ്പബ്ലിക്കും കടന്നുപോകുന്നത്. ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ ഗോചരമായിരുന്നു. നരേന്ദ്ര മോഡിയുടെ അടിയന്തരാവസ്ഥ അപ്രഖ്യാപിതവും അഗോചരവുമാണ്. പ്രതിപക്ഷത്തിന്റെ പ്രതിരോധമാണ് ഭരണപക്ഷത്തിന്റെ വിവേകത്തേക്കാൾ ജനാധിപത്യത്തിന്റെ സുരക്ഷയ്ക്ക് കാരണമാകുന്നത്. അങ്ങനെയൊരു പ്രതിരോധം ഇന്നത്തെ ഇന്ത്യയിലില്ല. പാർലമെന്റിനെ നിലനിർത്തിക്കൊണ്ട് പ്രസിഡൻഷ്യൽ രീതിയിലേക്ക് ഭരണം മാറിയിരിക്കുന്നു. ഭരണഘടനയുടെ ഭേദഗതിയോളം പോന്ന കശ്മീർ നിയമനിർമാണം പാർലമെന്റിനെ ഇരുട്ടത്തു നിർത്തിക്കൊണ്ട് അവർ എപ്രകാരമാണ് നിർവഹിച്ചതെന്നു നോക്കുക. ഭരണഘടന നിർദേശിക്കുന്ന രോധ പ്രതിരോധങ്ങൾ അപ്പാടെ തകരുമ്പോൾ ഭരണഘടന വിഭാവന ചെയ്യുന്ന സന്തുലിതാവസ്ഥ നഷ്ടമാകുന്നു. മാധ്യമങ്ങൾ നിശ്ശബ്ദമാകുകയും നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്നു. സംവിധാനങ്ങളാൽ നിയന്ത്രിതരാകേണ്ടവർ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാകുന്നു.

ഭയം മൗനത്തിനു കാരണമാകുമ്പോൾ മൗനം അപകടകരവും കുറ്റകരവുമാകുന്നു. മതവർഗീയത ശക്തിപ്പെടുമ്പോൾ മാനവികത നഷ്ടമാകുന്നു. മാനവികതയിൽനിന്നാണ് സാഹോദര്യമുണ്ടാകുന്നത്. സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാപരമായ മൂല്യങ്ങൾക്ക് അർഥമുണ്ടാകുന്നത്. ആ മൂല്യങ്ങളാണ് നവോത്ഥാനത്തിന്റെ തെളിച്ചം. ശബരിമല വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാണിച്ച ഭരണഘടനാപരമായ ധാർമികത ഈ അടിസ്ഥാനത്തിലാണുണ്ടാകുന്നത്. ധാർമികതയെ പരിഹസിച്ചുകൊണ്ട് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കുന്നു. അതിതീവ്ര ധ്രുവീകരണം ജനാധിപത്യത്തിന് ആപൽക്കരമാണ്. അത് മതാടിസ്ഥാനത്തിലാകുമ്പോൾ അപകടത്തിന്റെ തീവ്രത വർധിക്കുന്നു. ജനാധിപത്യത്തിന്റെ മാർഗം സമന്വയമാണ്. നാളത്തെ ഭരണാധികാരിക്ക് വഴിയൊരുക്കുകയെന്നതാണ് ഇന്നത്തെ ഭരണാധികാരിയുടെ ചുമതല. അധികാരം ജനങ്ങളുടേതാണ്. വിമതശബ്ദങ്ങളെയും എതിർപ്രവർത്തനങ്ങളെയും അടിച്ചമർത്തിക്കൊണ്ടല്ല ജനാധിപത്യം പ്രവർത്തിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ വില നിതാന്തമായ ജാഗ്രതയാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പിനു ജനങ്ങളുടെ ജാഗ്രത ആവശ്യമുണ്ട്. അറിവിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതയുണ്ടാകുന്നത്. അറിവിലൂടെയുള്ള ശാക്തീകരണത്തിനുവേണ്ടിയാണ് വിവരാവകാശനിയമം ഉണ്ടായത്. ഭരണകൂടം അനുവദിക്കുന്നതുമാത്രം അറിയുകയെന്ന അവസ്ഥയിലേക്ക് നിയമം ലഘൂകരിക്കപ്പെട്ടപ്പോൾ ഉലച്ചിൽ തട്ടിയത് ജനാധിപത്യത്തിനാണ്.

പ്രബുദ്ധമായ ജനതയ്ക്ക് ഏറ്റവും അനുയോജ്യമായ ഭരണവ്യവസ്ഥയാണ് ജനാധിപത്യം. സ്വാതന്ത്ര്യത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ജനാധിപത്യം എന്ന പരിസരം ആവശ്യമുണ്ട്. ജനാധിപത്യത്തിനു പല വകഭേദങ്ങളുണ്ട്. ഓരോ ജനതയും ഓരോന്ന് സ്വീകരിക്കുന്നു. അമേരിക്കയിലും ബ്രിട്ടനിലും നിലനിൽക്കുന്ന സമ്പ്രദായങ്ങളുടെ മിശ്രിതമാണ് നമ്മൾ സ്വീകരിച്ചത്. കൂട്ടിച്ചേർക്കലുകളും പാകപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. ലോകത്തിനു മാതൃകയാകാവുന്ന ഇന്ത്യൻ ജനാധിപത്യത്തിനുവേണ്ടിയായിരുന്നു നമ്മുടെ പരിശ്രമം. എഴുതപ്പെട്ട ഭരണഘടനയാൽ പരിമിതമാക്കപ്പെടുന്ന അധികാരങ്ങളും വികസ്വരമാകുന്ന അവകാശങ്ങളും ചേർന്നതാണ് നമ്മുടെ സംവിധാനം. ഈ സംവിധാനമാണ് നമ്മുടെ ജനാധിപത്യത്തെ സമ്പുഷ്ടവും അനുകരണീയവുമാക്കിയത്. അത് നിലനിർത്തുകയെന്ന ഉത്തരവാദിത്തം നമുക്കുണ്ട്. യുദ്ധമില്ലാത്ത അവസ്ഥയല്ല സമാധാനം എന്നതുപോലെ ഏകാധിപത്യത്തിന്റെ വിപരീതം മാത്രമല്ല ജനാധിപത്യം.


പ്രധാന വാർത്തകൾ
 Top