17 October Thursday

മോഡി പരാജയം സമ്മതിക്കുമോ?

സയ്യദ‌് നഖ‌്‌വിUpdated: Wednesday May 15, 2019

കണക്കുകൾ തനിക്ക‌് എതിരാകുകയാണെങ്കിൽ, മോഡി പരാജയം സമ്മതിക്കുമോ? ഒരസംബന്ധ ചോദ്യമാണെന്നു തോന്നാം. പക്ഷേ, അതെന്നെ  വേവലാതിപ്പെടുത്താൻ തുടങ്ങിയത് മെയ് എട്ടിന്റെ ന്യൂയോർക്ക് ടൈംസിന്റെ ഓപ്പൺ -എഡിറ്റ‌് പേജ് വായിച്ചതിനുശേഷമാണ്."അതെ, 2020ൽ നേരിയ വോട്ടിന് തോറ്റാൽ, പ്രസിഡന്റ‌് ട്രംപ‌് പരാജയം സമ്മതിക്കില്ല എന്നുകരുതാൻ ഏറെ ന്യായമുണ്ട്’. ന്യൂയോർക്ക് ടൈംസ് നൽകിയ അത്തരമൊരു അനുമാനം, അപായമണികൾ അടിക്കാൻ തുടങ്ങുന്നതിന്റെ സൂചനയാണ്. ട്രംപിനെ ഇങ്ങനെ ഒറ്റതിരിച്ച് അനുമാനത്തിലെത്തുന്നത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജന്മവാസന മറ്റു ചിലരുടേതിനോട് സാമ്യമുള്ളതുകൊണ്ടാണ്. ഉദാഹരണത്തിന് തുർക്കിയിലെ ഉരുക്കു മനുഷ്യൻ എർദോഗൻ തന്നെ.

ഒരു അഭിമുഖത്തിൽ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി അവരുടെ ആശങ്കകൾ വെട്ടിത്തുറന്ന് പ്രകടിപ്പിച്ചു. "2020ലെ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടിന് തോറ്റാൽ അദ്ദേഹം (ട്രംപ‌്) തെരഞ്ഞെടുപ്പിന്റെ നിയമസാധുതയെത്തന്നെ തള്ളിപ്പറയും.’ പെലോസിയുടെ ഈയൊരു അമ്പരപ്പിക്കുന്ന പ്രവചനത്തിന്റെ അടിസ്ഥാനമെന്താണ്? എർദോഗൻ ഉദാഹരണമാകുന്നത്, താൻ തോൽപ്പിക്കപ്പെടാമെന്ന കാര്യം അംഗീകരിക്കാനുള്ള അദ്ദേഹത്തിന്റെ വൈമുഖ്യം കൊണ്ടുതന്നെ. രണ്ട് മേയർ തെരഞ്ഞെടുപ്പുകളിൽ തന്റെ സ്ഥാനാർഥികൾ തോറ്റ ഫലപ്രഖ്യാപനത്തെ അംഗീകരിക്കാനാകാതെ, എർദോഗൻ പതിവില്ലാത്ത രീതിയിൽ ഒച്ചവച്ചലറുകയാണ്. ഫലമോ, രാജ്യത്തിന്റെ നാഷണൽ ഇലക‌്ഷൻ ബോഡിനെക്കൊണ്ട് ഇസ്താംബൂളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിക്കാൻ അദ്ദേഹത്തിന്റെ കൂലിപ്പട്ടാളം സമ്മർദം ചെലുത്തി.

അമേരിക്കൻ അപൂർവത
ലോക പൊതുജനാഭിപ്രായത്തോട് നേതാക്കൾ, വിശേഷിച്ചും അമേരിക്കക്കാർ, പ്രതിസ്പന്ദിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ട്രംപിന്റെ അമേരിക്കയിൽ, കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ആർജിക്കുന്നത് ഇപ്പോൾ ഒരു സൽഗുണമായിരിക്കുന്നു. തങ്ങളെപ്പറ്റി മറ്റുള്ളവർ എന്തുകരുതുന്നു എന്നത് ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു ഇപ്പോൾ. അതാണ് അമേരിക്കൻ അപൂർവത. വൈറ്റ് ഹൗസിലെ തൊലിക്കട്ടി അതിന് ഒപ്പം ചേർന്നു എന്നുമാത്രം. ഫലം, അമേരിക്കയ‌്ക്ക് തങ്ങൾക്കിഷ്ടപ്പെട്ട തരത്തിലുള്ള ഒരു ലോകക്രമം നടത്തിക്കൊണ്ടുപോകാം. അതിന് എർദോഗൻ നീച ജാതിയാണെന്ന് പ്രഖ്യാപിക്കാം. അതേയവസരം കോംഗോവിൽ തെരഞ്ഞെടുപ്പു തട്ടിപ്പിലൂടെ അധികാരത്തിലേറിയ ഫെലിക്സ്ഷി സെക്കേദിയുടെ "വിജയത്തിന്' മേലൊപ്പ് വയ‌്ക്കാം. എയ്ഡ്സിന് പ്രാർഥന വഴി രോഗശമനം വരുത്താമെന്ന് അവകാശപ്പെടുന്ന ഗാംബിയയിലെ യഹ്യാജെമ്മെ പരാജയം സമ്മതിക്കാൻ തയ്യാറായില്ല. ലോകം അതിനെ അവഗണിക്കുകയാണ്. പറഞ്ഞുവന്നത്, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ തിളക്കം കുറഞ്ഞുവരുന്നതിനോടുള്ള സഹിഷ്ണുതയുടെ നിരപ്പ് കൂടി വരികയാണ് എന്നാണ്!

മുകളിൽ കൊടുത്ത നേതാക്കളുടെ പട്ടികയിൽ, മോഡിയോട് ഏറെ സാമ്യമുള്ള ഒരാൾ എർദോഗനാണ്. രണ്ടു പേരുടെയും രാഷ്ട്രീയം കടുത്ത മതപരമായ വിശ്വാസങ്ങളാൽ നയിക്കപ്പെടുന്നതാണ്. മോഡി 2014 മേയിൽ പാർലമെന്റിൽ നടത്തിയ കന്നിപ്രസംഗത്തിന് എത്ര കുറഞ്ഞ ശ്രദ്ധയാണ് കിട്ടിയത് എന്നത് അതിശയകരമാണ്. തന്റെ ചുമതലയായി അദ്ദേഹം പറഞ്ഞത്, 1200 വർഷത്തെ ഗുലാമിയിൽനിന്ന് ഹിന്ദു മനസ്സുകളെ മോചിപ്പിക്കുകയാണ് എന്നാണ്. ഏതാണ്ടൊരു പരിഭാഷ നടത്തിയാൽ ഗുലാമി എന്നുപറഞ്ഞാൽ, അടിയായ്മയാണ്. കോൺഗ്രസിന്റെ വിവേകത്തിന്റെയോ കാപട്യത്തിന്റെയോ ഭാഷയിൽ പറഞ്ഞാൽ, മുസ്ലിം ഭരണം ഒരിക്കലും "വിദേശി"യായി പരിഗണിക്കപ്പെട്ടിട്ടേയില്ല. മുസ്ലിം ഭരണാധികാരികൾ ഇന്ത്യയെ തങ്ങളുടെ നാടായി, വീടായി കരുതി. എന്നാൽ, ബ്രിട്ടീഷുകാരാകട്ടെ, ലണ്ടനിലിരുന്നു ഭരിച്ചു.

മോഡിക്ക് കിട്ടിയ ആർഎസ്എസ് ശിക്ഷണം, അദ്ദേഹത്തെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽനിന്ന് അകറ്റാനിടയാക്കി എന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്. സാമൂഹിക നീതിയുടെയും മുന്നോട്ടുള്ള ചലനക്ഷമതയുടെയും ലിബറൽ ജനാധിപത്യത്തിന്റെയും ആശയങ്ങൾ, ജാതിയുടെ കർശനമായ ശ്രേണീക്രമത്തിന്റെ വക്താക്കൾക്ക് ഗർഹണീയമായിത്തന്നെയേ തോന്നൂ. മഹാനായ സാമൂഹിക ശാസ്ത്രജ്ഞൻ, എം എൻ ശ്രീനിവാസ‌് പറഞ്ഞതുപോലെ, ജാതിയില്ലെങ്കിൽ പിന്നെന്ത് ഹിന്ദുയിസം? ഈ പരമ യാഥാർഥ്യം നിലനിൽക്കെ, ഹിന്ദുത്വത്തിന്റെ ഒരു ആരാധകന്–-അതുതന്നെയാണല്ലോ മോഡിയും–-ജനാധിപത്യവ്യവസ്ഥയെ അത് തങ്ങൾക്ക‌് ഇണങ്ങുന്നേടത്തോളം മാത്രമേ ഉപയോഗിക്കാനാകൂ. ചരിത്രത്തിൽ ഇങ്ങനെ പലരെയും കണ്ടിട്ടുണ്ടല്ലോ.

മുസ്ലിം ആചാരമനുസരിച്ച്, തഖ്‌വ സ്വയം പരിപാലനത്തിനുള്ള ഒന്നാണ്. വേറൊരു രീതിയിൽ പറഞ്ഞാൽ, ഒരു ഗ്രൂപ്പിന്, തങ്ങളുടെ അടിസ്ഥാന വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്ത പ്രതിച്ഛായ പോലും ബഹുജനങ്ങളുടെ മനസ്സിൽ പതിപ്പിക്കാൻ കഴിഞ്ഞേക്കാം. ഈ വ്യവസ്ഥയുടെയും തന്റെ നിയന്ത്രണത്തിലുള്ള  ഭരണഘടനാ സ്ഥാപനങ്ങളുടെയും    എല്ലാ പരിമിതികളും ഉപയോഗിച്ചുകഴിയുകയും ചെയ്താൽ പിന്നെ ഒരാൾക്ക് തന്റെ പരമലക്ഷ്യം പുറത്തെടുക്കാം, ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിന് ഭരണഘടന ഉയർത്തുന്ന തടസ്സങ്ങൾ തട്ടിമാറ്റുന്ന നടപടികൾ ആരംഭിക്കാം.

ഇത്തരമൊരു ലക്ഷ്യത്തിലെത്തുക എന്നത്, ഇങ്ങനെയൊരു സംഭ്രമിപ്പിക്കുന്ന വൈജാത്യം വച്ചുപുലർത്തുന്ന രാജ്യത്ത് –-കറൻസിയിൽ 17 വ്യത്യസ്ത ഭാഷകൾ ആലേഖനം ചെയ്യുന്ന, അവയിൽ പലതും ക്രിസ്തുവിനു മുമ്പുതന്നെ ശ്രേഷ്ഠ സാഹിത്യകൃതികളാൽ സമ്പന്നമായവയുമായ, ഒരു രാജ്യത്ത് - തീർത്തും അസാധ്യമാണ്.

എർദോഗനും മോഡിയും
ഏർദോഗന്റെ തഖ്‌വക്ക് വ്യക്തവും കൃത്യവുമായ ഒരു തിരക്കഥയുണ്ടായിരുന്നു. ബോസ്നിയൻ മുസ്ലിങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങൾക്ക്, (അതിനെ യൂറോപ്പ‌് തീർത്തും അവഗണിക്കുകയായിരുന്നു) 1995ൽ തുർക്കിയിൽ നടന്ന തെരഞ്ഞെടുപ്പിൽ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനായി. ബോസ്നിയ എന്തൊക്കെയായാലും ഒരിക്കൽ ഒട്ടൊമാൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നല്ലോ. എർദോഗന്റെ ഗുരുവായിരുന്ന നെക്മെറ്റിൻ എർബഖാന്റെ കീഴിലുള്ള ഇസ്ലാമിസ്റ്റ് റെഫാഹ് പാർടിക്ക് അത്താത്തുർക്കിന്റെ വിട്ടുവീഴ്ചയില്ലാത്ത സെക്യുലർ ഭരണഘടനയുമായി ഒത്തുപോകാൻ ആകുമായിരുന്നില്ല. എർബഖാനെ മാറ്റി, അയാളുടെ പാർടി പിരിച്ചുവിട്ടു. അബ്ദുള്ള ഗുലും എർദോഗനും എകെപി (ജസ്റ്റിസ് ആൻഡ‌് ഡെവലപ്മെന്റ‌് പാർടി) എന്ന  കക്ഷിക്ക് രൂപംകൊടുത്തത് അപ്പോഴാണ്. ഇതായിരുന്നു അവരുടെ  തഖ്‌വ.

അടിസ്ഥാനപരമായി, ഉള്ളിന്റെയുള്ളിൽ, എർദോഗൻ മുസ്ലിം ബ്രദർഹുഡ് കാരനാണ്. ഈജിപ്തിലും തുർക്കിയിലും ബ്രദേഴ്സ് ഒരു മലവെള്ളപ്പാച്ചിലായേനെ. പക്ഷേ, അമേരിക്കയും ഇസ്രയേലി പിന്തുണയുള്ള ഈജിപ്ഷ്യൻ പട്ടാളവും അത്താത്തുർക്കിന്റെ മതനിരപേക്ഷ ഭരണഘടനയും അങ്കാറയിലും ഇസ്താംബുളിലുമുള്ള പാശ്ചാത്യ വരേണ്യവർഗവും അതിനെ നിലയ‌്ക്കുനിർത്തിയതാണ്. രണ്ടു രാജ്യങ്ങളിലും നിതാന്തമായി ബ്രദേഴ്സിനെ തടഞ്ഞുനിർത്താനാകില്ല. അതിനർഥം, എർദോഗന്റെ ലക്ഷ്യം വിദൂരമാണെങ്കിലും  അത് ഞെട്ടിപ്പിക്കുന്ന ഒരു തേരുരുൾ പായിച്ച് നേടാവുന്നതേയുള്ളൂ എന്നാണ്. തുർക്കി നാമറിയുന്ന തുർക്കിയായി നിലനിൽക്കില്ല. എർദോഗന് പകരം ഒരു മിതവാദി ഉയർന്നുവന്നില്ലെങ്കിൽ, അയാളുടെ ജനാധിപത്യവിരുദ്ധ വ്യഗ്രത കാരണം യൂറോപ്പ്  ആ ജനഗണനയന്ത്രത്തെ തകർക്കാൻ  മുന്നിട്ടിറങ്ങും.

മോഡിയുടെ ഹിന്ദു രാഷ്ട്രാഭിലാഷം അസാധ്യമെന്നു മാത്രമല്ല, ലക്ഷ്യത്തിൽ എത്താനായുള്ള അതിന്റെ പരിശ്രമത്തിൽ അപകടകരമാംവിധം വിയോജിപ്പുണ്ടാക്കുന്നതുമാണ്. ഇപ്പോൾ തന്നെ ഭീതിജനകമായിത്തീർന്ന ജാതീയ വർഗീയ ധ്രുവീകരണത്തിനു പുറമെ, അപകടകരമായ ഒരു ഉത്തര - ദക്ഷിണ വേർതിരിവിലേക്കും ഇത് നയിക്കും. തുടക്കത്തിൽ ഞാൻ പറഞ്ഞതുപോലെ, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ലോകത്താകെ ഒരു ജനാധിപത്യവിരുദ്ധ തരംഗം ആഞ്ഞുവീശുന്നുണ്ട്. 2019ന്റെ ഫലം ഈ തരത്തിലുള്ള അഹങ്കാരോന്മാദത്തിലേക്ക് നയിച്ചാൽ, രാജ്യത്തെ അത് അത്യന്തം പ്രക്ഷുബ്ധമാക്കും. ഹിന്ദുത്വ എന്നു വിളിക്കപ്പെടുന്ന ആശയത്തിന്ന് ഒരു തരിമ്പും മുന്നോട്ടുപോകാനാകില്ല.

വർഷങ്ങൾക്കു മുമ്പ്, സാരി, സംഗീത്, സംസ്കൃതം എന്നീ മൂന്നു‘സ'കൾ, നമ്മെയെല്ലാം ഒരു വലിയ നാഗരിക ഹിന്ദുയിസത്തിൽ ഒന്നിപ്പിക്കുന്ന  പ്രതീകങ്ങളാണെന്ന് ഞാൻ പറഞ്ഞിരുന്നു. ആ ഹിന്ദുയിസം അമിത് ഷാ "പരിണാമപരം’എന്നു വിശേഷിപ്പിക്കുന്ന സങ്കുചിതവും വിഭാഗീയവുമായ ദുഷ്ടതയിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒന്നുതന്നെയാണ്.

(കടപ്പാട‌്: ദി സിറ്റിസൺ)


പ്രധാന വാർത്തകൾ
 Top