22 October Tuesday

കാവിസഖ്യത്തെ പ്രതിരോധിക്കാതെ

സാജൻ എവുജിൻUpdated: Tuesday May 14, 2019


ഈ തെരഞ്ഞെടുപ്പ‌ുകാലത്ത‌് ഏറ്റവും കൂടുതൽ ആശയക്കുഴപ്പങ്ങളിൽ ഉഴറിയ രാഷ്ട്രീയപാർടി ഏതെന്ന ചോദ്യത്തിന‌് സംശയങ്ങളില്ലാതെ നൽകാവുന്ന മറുപടി കോൺഗ്രസ‌് എന്നതാണ‌്. മോഡിഭരണത്തിലെ നാലരവർഷവും കോൺഗ്രസ‌് നിഷ‌്ക്രിയമായിരുന്നു. ജീവിതം ദുരിതക്കയത്തിൽ കഴുത്തറ്റം മുങ്ങിയപ്പോൾ കാർഷികമേഖലയിലെ വോട്ടർമാർ മറ്റു വഴിയില്ലാതെ മധ്യപ്രദേശ‌്, രാജസ്ഥാൻ, ഛത്തീസ‌്ഗഢ‌് സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ വിധിയെഴുതി. കോൺഗ്രസ‌് ഇതിന്റെ സ്വാഭാവിക ഗുണഭോക്താക്കളായി മാറുകയും ചെയ‌്തു. ലോക‌്സഭാ തെരഞ്ഞെടുപ്പിലും ഈ പ്രവണത ആവർത്തിക്കുമെന്ന ധാരണയിൽ കോൺഗ്രസ‌് ചുരുണ്ടുകൂടിയപ്പോൾ ഇതര രാഷ്ട്രീയകക്ഷികൾ ചടുലമായ നീക്കങ്ങൾ നടത്തി.

ഉത്തർപ്രദേശ‌ിൽ സമാജ‌്‌വാദി പാർടിയും ബിഎസ‌്പിയും ഐക്യം ശക്തിപ്പെടുത്തുകയും അജിത‌്സിങ്ങിന്റെ രാഷ്ട്രീയ ലോക‌്ദളിനെകൂടി സഖ്യത്തിൽ പങ്കാളിയാക്കുകയും ചെയ‌്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണി 80ൽ 73 സീറ്റ‌് നേടിയ ഉത്തർപ്രദേശിൽ ഇത്തവണ കാവിസഖ്യത്തെ പ്രതിരോധിക്കാൻ പേരിനുപോലും കോൺഗ്രസ‌് നീക്കങ്ങളൊന്നും നടത്തിയില്ല. എസ‌്പി–-ബിഎസ‌്പി മുന്നണി മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ച‌് ധാരണയിൽ എത്തിയശേഷമാണ‌് കോൺഗ്രസ‌് ഉണർന്നത‌്. റായ‌്ബറേലിയും അമേഠിയും ഒഴികെയുള്ള മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന‌് എസ‌്പി–-ബിഎസ‌്പി നേതാക്കൾ വ്യക്തമാക്കിയപ്പോൾ പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചാണ‌് കോൺഗ്രസ‌് അതിനോട‌് പ്രതികരിച്ചത‌്. ആരോടാണ‌് കോൺഗ്രസ‌് മത്സരിക്കുന്നതെന്ന‌് രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്ന‌് ചോദ്യമുയരുകയും ചെയ‌്തു.

പുൽവാമാ ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി മോഡി ദേശസുരക്ഷ വിഷയമാക്കാൻ മുതിർന്നപ്പോൾ കോൺഗ്രസ‌് മൗനത്തിലമർന്നു. ഇടതുപക്ഷം അടക്കമുള്ള ഇതര പ്രതിപക്ഷകക്ഷികൾ ബിജെപി അജൻഡ തുറന്നുകാട്ടിയശേഷമാണ‌് കോൺഗ്രസ‌് രാഷ്ട്രീയചലനശേഷി വീണ്ടെടുത്തത‌്. സർക്കാരിനെതിരെ പ്രയോഗിക്കാൻ ഒട്ടേറെ ആയുധങ്ങൾ മോഡിസർക്കാർതന്നെ പ്രതിപക്ഷത്തിനു സമ്മാനിച്ചിരുന്നു. ദുരന്തങ്ങളായി മാറിയ നോട്ടുനിരോധനവും ജിഎസ‌്ടിയും കാർഷികപ്രതിസന്ധി, പെരുകിവരുന്ന തൊഴിലില്ലായ‌്മ, ഇന്ധനവിലവർധന, വർഗീയ ആക്രമണങ്ങൾ, ദളിതർക്കെതിരായ അതിക്രമങ്ങൾ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ തലതിരിഞ്ഞ പരിഷ‌്കാരങ്ങൾ, പൊതുമേഖലയെ നശിപ്പിക്കൽ, ബാങ്ക‌് കുംഭകോണങ്ങൾ, വ്യാപം പോലുള്ള ക്രമക്കേടുകൾ, റഫേൽ അഴിമതി, ഭരണഘടനാസ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന സർക്കാർനയം, മതനിരപേക്ഷതയ‌്ക്ക‌് എതിരായ സംഘപരിവാർ അജൻഡയുടെ പ്രയോഗം, പാർലമെന്റിനോട‌് പ്രധാനമന്ത്രി കാട്ടിയ അനാദരവ‌്, രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുനേരെയുള്ള കടന്നാക്രമണം, രാഷ്ട്രീയകുതിരക്കച്ചവടം വഴി സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുന്ന ബിജെപി ശൈലി എന്നിങ്ങനെ വിഷയങ്ങൾ നിരവധിയായിരുന്നു.

റഫേലിൽ തട്ടി കോൺഗ്രസ‌്
എന്നാൽ കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി റഫേൽ അഴിമതി വിഷയത്തിൽമാത്രം കേന്ദ്രീകരിച്ച‌് തെരഞ്ഞെടുപ്പ‌് പ്രചാരണം നടത്താനാണ‌് ശ്രമിച്ചത‌്. സമാനമായ ഒട്ടേറെ അഴിമതികളുടെയും ശിങ്കിടി മുതലാളിത്തനയങ്ങളുടെയും പേരിൽ ജനരോഷത്തിനു പാത്രമായ കോൺഗ്രസ‌് റഫേൽ അഴിമതിയുടെ പേരിൽ ബിജെപിയെ കടന്നാക്രമിക്കുന്നത‌് ഉചിതമായ തന്ത്രമായില്ല. കോൺഗ്രസിന്റെ മുൻകാല ചെയ‌്തികൾ ഉയർത്തി ഇതിനെ പ്രതിരോധിക്കാനാണ‌് ബിജെപി ശ്രമിച്ചത‌്. ‘ചൗക്കിദാർ ചോർ ഹൈ’ എന്ന മുദ്രാവാക്യം ഉത്തരേന്ത്യയിൽ കർഷകസമരവേദികളിലും ഇടതുപക്ഷത്തിന്റെ പ്രക്ഷേ‌ാഭങ്ങളിലും നേരത്തെതന്നെ ഉയർന്നിരുന്നു. ഗ്രാമീണരുടെയും ഇടതുപക്ഷത്തിന്റെയും ഈ സമരമുദ്രാവാക്യം ബിജെപിയെ കാര്യമായി ഉലയ‌്ക്കുകയും ചെയ‌്തു. റഫേൽ അഴിമതി ബിജെപിയെ വിറപ്പിക്കുന്നുവെന്ന‌് കണ്ടതോടെയാണ‌് കോൺഗ്രസ‌് വൈകിയ ഘട്ടത്തിൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ തുടങ്ങിയത‌്. ഫ്രാൻസിലെയും ഇന്ത്യയിലെയും മാധ്യമങ്ങളിൽ വന്ന വാർത്തകളും പ്രശാന്ത‌് ഭൂഷൺ അടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചതും ഉയർത്തിക്കാട്ടിയാണ‌് കോൺഗ്രസ‌് റഫേൽവിഷയത്തിൽ മോഡിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത‌്. എന്നാൽ, റഫേൽ കേസിൽ സുപ്രീംകോടതി പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രതികരണം പുലിവാൽ പിടിച്ചതുപോലെയായി.

അധികാരം ലഭിച്ചാൽ ദാരിദ്ര്യരേഖയ‌്ക്ക‌് താഴെയുള്ള കുടുംബങ്ങൾക്ക‌് അടിസ്ഥാന വരുമാനം ഉറപ്പാക്കുമെന്ന പേരിൽ കോൺഗ്രസ‌് പ്രഖ്യാപിച്ച ‘ന്യായ‌്’ പദ്ധതിയോട‌് കോൺഗ്രസ‌് തന്നെ നീതി കാട്ടിയില്ല. ഇതിന്റെ സന്ദേശം പ്രചരിപ്പിക്കാൻ കോൺഗ്രസ‌് പ്രചാരണസംവിധാനം ഉത്സാഹം കാട്ടിയില്ല. പ്രചാരണസാമഗ്രികൾ എഐസിസി ആസ്ഥാനത്ത‌് കെട്ടിക്കിടന്നു.

സഖ്യകക്ഷികളെ കണ്ടെത്താൻ നിയോഗിക്കപ്പെട്ട എ കെ ആന്റണി സമിതി പൂർണമായും നിഷ‌്ക്രിയമായിരുന്നു. തമിഴ‌്നാട്ടിൽ ഡിഎംകെയും ബിഹാറിൽ ആർജെഡിയും മുൻകൈയെടുത്ത‌് മുന്നണിക്ക‌് രൂപംനൽകിയെന്ന‌ുമാത്രം. ബിഹാറിൽ ജെഎൻയു വിദ്യാർഥിയൂണിയൻ മുൻ അധ്യക്ഷൻ കനയ്യകുമാർ മത്സരിച്ച ബെഗുസരായിൽ ആർജെഡിയുടെ സ്ഥാനാർഥിയെ ഒഴിവാക്കണമെന്ന‌് ആവശ്യപ്പെടാൻപോലും കോൺഗ്രസ‌് തയ്യാറായില്ല. സംഘപരിവാറിന്റെ കടന്നാക്രമണത്തിനെതിരെ രാജ്യത്ത‌് ഉയർന്ന പ്രതിരോധങ്ങളിൽ ജെഎൻയു വിദ്യാർഥികൾ വഹിച്ച പങ്ക‌് കോൺഗ്രസ‌് പരിഗണിച്ചില്ല.

മണിശങ്കര അയ്യരും പിട്രോഡയും
രാഹുൽ ഗാന്ധിയുടെ വയനാട‌് സ്ഥാനാർഥിത്വമാണ‌് ദേശീയതലത്തിൽ കോൺഗ്രസിനു ക്ഷീണം സമ്മാനിച്ച മറ്റൊരു സംഭവവികാസം. കോൺഗ്രസിനെതിരെ പ്രയോഗിക്കാൻ ബിജെപിക്ക‌് ആയുധം തളികയിൽവച്ച‌് നൽകുകയായിരുന്നു. പ്രിയങ്ക ഗാന്ധി വാരാണസിയിൽ മോഡിക്കെതിരെ മത്സരിക്കുമെന്ന‌് പ്രചാരണം ഉണ്ടായെങ്കിലും അത‌് യാഥാർഥ്യമായില്ല. മോഡിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻപോലും കോൺഗ്രസ‌് മുൻകൈ എടുത്തില്ല. ദേശീയ തലത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പ്രചാരണത്തിൽ നിർജീവമായിരുന്നു. മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, പഞ്ചാബ‌്, രാജസ്ഥാൻ, പശ‌്ചിമ ബംഗാൾ ‌എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്ന സമീപനമാണ‌് കോൺഗ്രസ‌് സ്വീകരിച്ചത‌്. കോൺഗ്രസ‌് ഹൈക്കമാൻഡിന്റെയോ അധ്യക്ഷന്റെയോ നിലപാട‌ുകൾ വിവിധ സംസ്ഥാനഘടകങ്ങൾ അംഗീകരിക്കുന്നില്ല.

ഡൽഹിയിൽ എഎപിയുമായി സീറ്റ‌് ധാരണയിലെത്താൻ രാഹുൽ ഗാന്ധി നിർദേശിച്ചിട്ടും പിസിസി നേതൃത്വം തയ്യാറായില്ല. ബംഗാളിലും ഹൈക്കമാൻഡിന്റെ നിർദേശം സംസ്ഥാനനേതാക്കൾ അട്ടിമറിച്ചു. കോൺഗ്രസ‌് നേതാവ‌് മണിശങ്കർ അയ്യരുടെ പരാമർശമാണ‌് 2014ൽ മോഡിക്ക‌് മുതലെടുപ്പിനുള്ള വഴിയൊരുക്കിയത‌്. വീണ്ടും കോൺഗ്രസ‌് വരുമെന്നും എഐസിസി സമ്മേളനവേദിയിൽ ചായ വിൽക്കാൻ മോഡിയെ ക്ഷണിക്കാമെന്നും അയ്യർ പരിഹസിച്ചത‌് ബിജെപി ശരിക്കും പ്രയോജനപ്പെടുത്തി. ചായക്കച്ചവടക്കാരന്റെ മകനെ കോൺഗ്രസ‌് അപമാനിക്കുകയാണെന്ന പ്രചാരണം കെട്ടഴിച്ചുവിട്ട‌് മോഡി വലിയൊരുവിഭാഗം ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി. കഴിഞ്ഞ ഗുജറാത്ത‌് നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും കോൺഗ്രസ‌് നേതാക്കളുടെ പരാമർശങ്ങൾ ബിജെപിക്ക‌് ഗുണകരമായി.

ഇന്ദിര ഗാന്ധി വധത്തെത്തുടർന്ന‌് അരങ്ങേറിയ സിഖ‌് കൂട്ടക്കൊലയെക്കുറിച്ച‌് രാഹുൽ ഗാന്ധിയുടെ ഉപദേഷ്ടാവ‌് സാം പിട്രോഡ നടത്തിയ പരാമർശം തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ അന്ത്യഘട്ടത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ‌്. ഡൽഹി, പഞ്ചാബ‌്, ഹരിയാന മേഖലയിൽ വോട്ടെടുപ്പ‌് നടക്കാനിരിക്കെയാണ‌് പിട്രോഡയുടെ ഭാഗത്തുനിന്ന‌് രാഷ്ട്രീയഅബദ്ധം ഉണ്ടായത‌്. ഓരോ സീറ്റും നിർണായകമായ 17–-ാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഈ പിഴവുകൾക്ക‌് എത്രമാത്രം പിഴ നൽകേണ്ടിവരുമെന്ന‌് 23ന‌് അറിയാം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top