20 March Wednesday

എന്തുകൊണ്ട് സംവരണം അനിവാര്യം?

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

 കെ രാധാകൃഷ്ണന്‍

 സാ
മൂഹ്യപരിഷ്കർത്താവ് ജ്യോതിറാവു ഫൂലെയുടെ ജന്മദിനമാണ് ഏപ്രിൽ 11. ഇന്ത്യൻ ഭരണഘടനാശിൽപ്പിയായ ഡോ. ബി ആർ അംബേദ്കറിന്റെ 127‐ാം ജന്മദിനമാണ് ഏപ്രിൽ 14.  ത്യാഗനിർഭരവും അവിസ്മരണീയവുമായ ജീവിതത്തിന് ഉടമകളാണ് ഈ മഹദ്വ്യക്തികൾ. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ അടിച്ചമർത്തപ്പെട്ട  ജനതയെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് മഹാന്മാരായിരുന്നു. ഇവരുടെ ജയന്തി ദളിത് ശോഷൻ മുക്തിമഞ്ച് 'സാമൂഹ്യ നീതി സംരക്ഷണവാര'മായി ആചരിക്കുകയാണ്. 

നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും നമ്മുടെ ചിന്തയിൽ ഓടിയെത്തുന്ന  സാമൂഹ്യപരിഷ്കർത്താവാണ്  ഫൂലെ. 1827 ഏപ്രിൽ 11ന് മഹാരാഷ്ട്രയിൽ ജനിച്ച ജ്യോതിറാവു ഫൂലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലായ്മ ചെയ്യാനും ദരിദ്രരുടെയും കീഴ്ജാതിക്കാരുടെയും വിദ്യാഭ്യാസത്തിന് ഊന്നൽ നൽകാനും പ്രവർത്തിച്ചു. 1848ൽ ബുദ്ധുവാസ് പേട്ടിലെ താഴ്ന്ന ജാതിക്കാരായ കുട്ടികൾക്കുവേണ്ടി  പ്രത്യേകം സ്കൂൾ ആരംഭിച്ചു. അധ്യാപകരെ കിട്ടാൻ ബുദ്ധിമുട്ടിയപ്പോൾ ഭാര്യയായ സാവിത്രി ഭായിയെ പഠിപ്പിച്ച് അധ്യാപികയാക്കി. ജാതിമേലാളരുടെ എതിർപ്പ് അവഗണിച്ച്  തന്റെ ഉദ്യമവുമായി മുന്നേറി. ഒരുഘട്ടത്തിൽ ഗർഭിണിയായ വിധവയെ ആത്മഹത്യയിൽനിന്ന് പിന്തിരിപ്പിച്ച് അവരുടെ കുഞ്ഞിനെ രക്ഷിച്ച് സ്വജീവിതത്തിലേക്ക് അവനെ ദത്തെടുത്ത് യശ്വന്ത് റാവു എന്ന പേരും നൽകി വളർത്തി ഒരു ഡോക്ടറാക്കി. ജ്യോതിറാവുവും ഭാര്യ സാവിത്രി ഭായിയും ചൂഷണത്തിന് വിധേയരായി ഗർഭിണികളാകുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി കഴിയാനും അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമുള്ള സംരക്ഷണകേന്ദ്രം തുടങ്ങി. 'ബാൽഹത്യ പ്രതിബന്ധക് ഗൃഹ' എന്നു പേരിട്ട ഈ ആശ്രയകേന്ദ്രത്തിന് എല്ലാ സംരക്ഷണവും നൽകി അദ്ദേഹവും ഭാര്യയും തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരുഭാഗം അവർക്കായി നീക്കിവച്ചു. അടിച്ചമർത്തലുകളിലും അന്ധവിശ്വാസങ്ങളിലും  കൊടിയ ദാരിദ്ര്യത്തിലും അജ്ഞതയിലും ആണ്ടുകിടന്ന അധഃസ്ഥിതജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയെന്ന വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിച്ചതിൽ ഫൂലെ വഹിച്ച പങ്ക് നിസ്തുലമാണ്.
 അടിച്ചമർത്തപ്പെട്ടവർ ആത്മബോധം നൽകിയ മഹാനായിരുന്നു ഡോ. ബി ആർ അംബേദ്കർ. സംവരണം, അധികാരപങ്കാളിത്തം, നിയമനിർമാണസഭകളിലെ പ്രാതിനിധ്യം തുടങ്ങി ദളിതരുടെ സർവതോമുഖമായ പുരോഗതിക്ക് കാരണം ഭരണഘടനാനിർമാണഘട്ടത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകളാണ്.   പലഘട്ടങ്ങളിലായി ദളിതരുടെ സുരക്ഷ മുൻനിർത്തിയുള്ള ഒട്ടേറെ നിയമനിർമാണങ്ങളും ഇതിന് സഹായിച്ചു.  ദളിതരെ ശാക്തീകരിക്കുന്നതോടൊപ്പംതന്നെ അവരെ അരികുകളിൽനിന്ന് കേന്ദ്രത്തിലേക്ക് പ്രതിഷ്ഠിക്കുക എന്നതായിരുന്നു അംബേദ്കറുടെ ലക്ഷ്യം.   പ്രായോഗികവാദി, ആശയവാദി, സാമൂഹ്യവിപ്ലവകാരി,  ദാർശനികൻ, ഭരണവിശാരദൻ എന്ന നിലകളിൽ ശോഭിച്ചു. രാജ്യത്ത് അസുലഭമായിമാത്രം കിട്ടിയ ഈ ബഹുമുഖപ്രതിഭ  അംഗീകരിച്ചുകൊണ്ട് 1990ലെ വി പി സിങ് സർക്കാർ ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതിയായ ഭാരതരത്നം മരണാനന്തരബഹുമതിയായി നൽകി. 

ദളിതന് അറിവും അധികാരവും സമ്പത്തും നിഷേധിക്കുന്ന ചാതുർവർണ്യ വ്യവസ്ഥയുടെ അടിസ്ഥാനപ്രമാണമായ 'മനുസ്മൃതി' കത്തിച്ചുകൊണ്ട് അദ്ദേഹം തുടങ്ങിവച്ച നിലനിൽപ്പിനായുള്ള പോരാട്ടത്തിന് ഇന്ന് പ്രസക്തി ഏറെ. ഹിന്ദു കോഡ് ബിൽ പാസാക്കാൻ  ജവാഹർലാൽ നെഹ്രുവിനോടും ഡോ. രാജേന്ദ്രപ്രസാദിനോടും അദ്ദേഹം അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല.  ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് അദ്ദേഹം മന്ത്രിസഭയിൽനിന്ന് രാജിവച്ചു. തന്റെ വലിയ സ്വപ്നം നടക്കാതെപോയതിൽ വിഷണ്ണനായ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'മതജീർണതയുടെയും  ഉച്ചനീചത്വങ്ങളുടെയും പുറത്ത് നമ്മൾ കെട്ടിപ്പടുക്കു ന്നത് വെറും ചാണകക്കുന്നിലെ കൊട്ടാരമാകും'.  ഭാവി ഇന്ത്യയെ നയിക്കുക 'രണോത്സുകഹിന്ദുത്വം' ആകുമെന്നും മുന്നറിയിപ്പ് നൽകി ആ ക്രാന്തദർശി.
  
സ്വാതന്ത്ര്യത്തിന് 70 വർഷം കഴിഞ്ഞിട്ടും  ജാതിവിവേചനത്തിന്റെ ഭാഗമായുള്ള കൂട്ടക്കശാപ്പുകളും സ്ത്രീപീഡനങ്ങളും തുടരുകയാണ്.  ജനസംഖ്യയുടെ 25 ശതമാനത്തിലേറെവരുന്ന ദളിതർ മുമ്പത്തേക്കാൾ ഭീകരമായ  വിവേചനങ്ങൾക്ക് ഇരയാകുന്നു. ജാതിസ്പർധ വർധിപ്പിക്കുന്നതരത്തിലുള്ള പ്രസ്താവനകളാണ് ഭരണാധികാരികളിൽനിന്നുണ്ടാകുന്നത്.  രോഹിത് വെമുലയുടെ മരണംമുതൽ അംബേദ്കർ പ്രതിമ തകർത്തുവരെയുള്ള സംഭവങ്ങളും ദളിത് കാവലാളാകേണ്ടുന്ന നിയമങ്ങൾ ദുർബലമാക്കാൻ പരമോന്നത നീതിപീഠംതന്നെ മുതിരുമ്പോൾ അതിനുമുന്നിൽ മൗനം ഭജിക്കുന്ന സർക്കാർ നിലപാടും ഇതിൽ പ്രതിഷേധിച്ചവരെ വെടിവച്ച് കൊലപ്പെടുത്തുന്നതും രാജ്യം ഭീതിയോടെ നോക്കിക്കണ്ടു.  ഹരിയാനയിലെ ദളിത് വിഭാഗത്തിൽപ്പെട്ട രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ജാതി വെറിയന്മാർ ജീവനോടെ ചുട്ടുകൊന്ന സംഭവത്തെ സംബന്ധിച്ച് കേന്ദ്രമന്ത്രി വി കെ സിങ് അഭിപ്രായപ്പെട്ടത് 'പട്ടിയെ കല്ലെറിഞ്ഞാൽ ആരെങ്കിലും മറുപടി പറയാറുണ്ടോ' എന്നാണ്. 

ദളിതരുടെ ദുരവസ്ഥ മാറ്റാനാണ് ഡോ. അംബേദ്കർ  ഭരണഘടനയിൽ സംവരണം എന്ന പ്രത്യേക പരിരക്ഷ എഴുതിച്ചേർത്തത്. എന്നാൽ, സംവരണം ഇല്ലാതാക്കാനുള്ള ബോധപൂർവമായ  ശ്രമം നമ്മുടെ രാജ്യത്ത് നടന്നുവരികയാണ്.  നിർഭാഗ്യവശാൽ നമ്മുടെ ഉന്നത നീതിപീഠവും ഇത്തരക്കാർക്ക് കുടപിടിക്കുന്നു.  70 വർഷമായുള്ള സംവരണം ഒഴിവാക്കാറായില്ലേ എന്നാണ് സുപ്രീംകോടതി ചോദിച്ചത്.  സംവരണത്തിന്റെ ചരിത്രം പോലും സുപ്രീംകോടതി ജഡ്ജിമാർ മനസ്സിലാക്കിയിട്ടില്ലേ?

ദളിതർക്കെതിരെയുള്ള അതിക്രമം തടയാൻ ശക്തമായ നിയമം നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്.  ഇന്ത്യൻ ഭരണഘടനയിലെ  തൊട്ടുകൂടായ്മ നിർത്തലാക്കൽ (അയീഹശശീിേ ീള ൌിീൌരവമയശഹ്യ)എന്നതിനെ അടിസ്ഥാനമാക്കി ഇന്ത്യൻ പാർലമെന്റ് 11.09.1989ൽ പാസാക്കി 10.01.1990മുതൽ നിലവിൽവന്ന നിയമമാണ് പട്ടികജാതി / പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം 1989.

ശക്തമായ ഒരു നിയമം നിലനിൽക്കുമ്പോൾത്തന്നെ ആ നിയമത്തിന്റെ പ്രകടമായ ഒരു പ്രയോജനവും ആ വിഭാഗത്തിന് പൂർണമായതോതിൽ ഇനിയും ലഭിച്ചിട്ടില്ല എന്നത് യാഥാർഥ്യം. രാജ്യത്തുടനീളം നടക്കുന്ന ദളിത് പീഡനങ്ങൾ അതാണ് കാണിക്കുന്നത്. ഈ അവസരത്തിലാണ് എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ സുപ്രീംകോടതിയുടെ പുതിയ വിധി. പട്ടികജാതി  പട്ടികവർഗ (പീഡനം തടയൽ) നിയമത്തിന്റെ ദുരുപയോഗം തടയാനെന്നപേരിൽ സുപ്രീംകോടതി പുറത്തിറക്കിയ പുതിയ നിർദേശങ്ങൾ അടങ്ങിയ വിധി പീഡനങ്ങൾ ചെറുക്കുന്ന നിയമം ലഘൂകരിക്കും. നിയമം വ്യാഖ്യാനിക്കേണ്ട കോടതി നിയമനിർമാണം നടത്താനോ എങ്ങനെ നിയമനിർമാണം നടത്തണം എന്ന് നിർദേശിക്കാനോ ഒരുമ്പെടേണ്ടതില്ല. വിധിക്കെതിരെ ഇടതുപക്ഷത്തിന്റെയും ദളിത് സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധസമരക്കാരെ വെടിവച്ചും ക്രൂരമർദനങ്ങൾക്ക് ഇരയാക്കിയുമാണ് നേരിട്ടത്.  പൊലീസ് വെടിവയ്പിൽ 12 ജീവനുകൾ പൊലിഞ്ഞു. സുപ്രീംകോടതി  കേസ് പരിഗണിച്ചപ്പോൾ എതിർവാദമുന്നയിക്കാതെ കേന്ദ്ര സർക്കാർ മൗനം പാലിച്ചു. പുനഃപരിശോധനാ ഹർജി നൽകാനും ഈ നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കാനും കേന്ദ്രം തയ്യാറാകണം. സംവരണവും പരിരക്ഷയും ഉണ്ടായിട്ടും ദളിതരുടെ സ്ഥിതി ഇതാണെങ്കിൽ അതുകൂടി ഇല്ലായിരുന്നെങ്കിൽ എന്താകും അവസ്ഥ?

മോഡി സർക്കാർ അവതരിപ്പിച്ച ബജറ്റുകളിൽ പട്ടികജാതി പ്രത്യേക ഘടകപദ്ധതി പാടെ ഉപേക്ഷിച്ചു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2017ലെ വാർഷിക റിപ്പോർട്ട് പ്രകാരം  പട്ടികജാതി  വർഗ അതിക്രമനിരോധന നിയമ പ്രകാരമുള്ള കേസുകളിൽ 90.5 ശതമാനവും മുടങ്ങിക്കിടക്കുകയാണ്. വിചാരണ ചെയ്യപ്പെടുന്ന കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് 15.4 ശതമാനം മാത്രമാണ്.  കേന്ദ്ര സർക്കാരിന്റെ ഓരോ ബജറ്റിലും പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിഹിതം കുറയ്ക്കുകയാണ്. 2016‐17 സാമ്പത്തികവർഷത്തേക്കാൾ ഈ വർഷത്തെ ബജറ്റിൽ മൂന്ന് ശതമാനം വിഹിതം വീണ്ടും കുറച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദളിതർക്കെതിരെ ഏറ്റവുമധികം അക്രമം. യുപിയിൽമാത്രം വർഷം പതിനായിരത്തിലധികം സംഭവങ്ങളാണ് നടക്കുന്നത്.  ബിഹാറും രാജസ്ഥാനും രണ്ടും മൂന്നും സ്ഥാനത്ത്.  സ്ത്രീകളാണ് ഇരകളിൽ ഭൂരിഭാഗവും.  ആഴ്ചയിൽ ശരാശരി 13 ദളിതർ കൊല്ലപ്പെടുന്നു.  അഞ്ച് ദളിത് വീടുകളെങ്കിലും അഗ്നിക്കിരയാക്കുന്നു.  ആറ് ദളിതർ വീതം കാണാതാകുകയോ തട്ടിക്കൊണ്ടുപോകലിന് വിധേയമാകുകയോ ചെയ്യുന്നു.  21 ദളിത് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു. ഓരോ  18 മിനിറ്റിലും ഒരു ദളിതൻ അക്രമിക്കപ്പെടുന്നു എന്ന ഭീതിപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവരുന്നത്.  11 സംസ്ഥാനങ്ങളിൽ തൊട്ടുകൂടായ്മ നിലനിൽക്കുന്നു. 38 ശതമാനത്തോളം സ്കൂളുകളിൽ ജാതിവിവേചനമുണ്ട്.  27ശതമാനം ദളിതർക്ക് പൊലീസ് സ്റ്റേഷനിലും 25ശതമാനം പേർക്ക് റേഷൻകടകളിലും പ്രവേശനമില്ല.  ആരോഗ്യമേഖലയിലെ പ്രവർത്തകർ ദളിതരുടെ താമസസ്ഥലത്തേക്ക് പോകുന്നില്ല. ദളിതർക്കുള്ള എഴുത്തുകൾ അവരുടെ വീടുകളിൽ എത്തിക്കാൻ പലയിടത്തും ഒരുവിഭാഗം തപാൽ ജീവനക്കാർ തയ്യാറല്ല. പല പഞ്ചായത്ത് ഓഫീസുകളിലും ദളിതർക്ക് വിലക്കുണ്ട്. വിവാഹ ഘോഷയാത്ര പൊതുവഴിയിലൂടെ നീങ്ങിയാൽ ആക്രമിക്കപ്പെടും.  ശ്മശാനത്തിന് പോലും മണ്ണില്ലാത്ത ദളിതരുടെ മൃതദേഹം സ്വന്തം കൂരയ്ക്കുള്ളിൽ സംസ്കരിക്കേണ്ട ഗതികേടാണ് പലനാട്ടിലും. നിശ്ശബ്ദ അടിയന്തരാവസ്ഥയിലൂടെയാണ്  രാജ്യം കടന്നുപോകുന്നത്. മനുസ്മൃതിയിലെ ചാതുർവർണ്യവ്യവസ്ഥ പുനഃസ്ഥാപിക്കാൻ ആർഎസ്എസിന്റെ ആലയിൽ ആയുധങ്ങൾ മൂർച്ച കൂട്ടുകയാണ്. 

 ജാതിവ്യവസ്ഥിതിക്കെതിരെ നൂറ്റാണ്ടുകളായി പ്രചാരണം നടത്തിയിട്ടും അതിന്റെ ശക്തി കുറയുകയല്ല, മറിച്ച് കൂടുന്നതായാണ് കാണാൻ കഴിയുന്നത്. കാലഘട്ടത്തിനനുസൃതമായി സമൂഹത്തിന് പുതിയ തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു.  വർത്തമാനകാല സാമൂഹ്യനീതി പോരാട്ടങ്ങൾക്ക് ശക്തി പകരാൻ ഈ മഹദ്വ്യക്തിത്വങ്ങളെ അനുസ്മരിക്കുന്നത് എന്തുകൊണ്ടും കരണീയമാണ്.  ഇന്നല്ലെങ്കിൽ നാളെ ജാതിരഹിതവും ചൂഷണരഹിതവുമായ സമൂഹം കെട്ടിപ്പടുക്കാൻ ഈ മഹദ്വ്യക്തികളുടെ ഓർമകൾ പ്രചോദനമാകും. കശാപ്പുകാരനെ കെട്ടിപ്പുണരുകയും ഇരയ്ക്കുമുമ്പിൽ മുതലക്കണ്ണീർ ഒഴുക്കുകയും ചെയ്യുന്ന മോഡി സർക്കാരിന്റെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.  രാജ്യവ്യാപകമായി ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ദളിത് ശോഷൻ മുക്തിമഞ്ചിന്റെ നേതൃത്വത്തിൽ ഉയർന്നുവന്നിരിക്കുന്ന വലിയ പ്രക്ഷോഭങ്ങൾ ഇതിനുദാഹരണം. ദളിതന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടഭൂമികളിൽ ഇടതുപക്ഷം മാത്രമാണ് മുന്നിൽനിന്ന് പൊരുതുന്നത്. 

ഈ സാഹചര്യത്തിൽ ആ മഹദ്വ്യക്തിത്വങ്ങളെ സ്മരിക്കേണ്ടതും ആദരിക്കേണ്ടതും തീർച്ചയായും നമ്മുടെ കടമതന്നെയാണ്. പട്ടികജാതിക്ഷേമ സമിതി കേരളത്തിലും  ദളിത് ശോഷൻ മുക്തി മഞ്ച്   ഇതര സംസ്ഥാനങ്ങളിലും പ്രത്യേക  അനുസ്മരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. 
 
(ദളിത് ശോഷൻ മുക്തി മഞ്ച് പ്രസിഡന്റാണ് ലേഖകൻ)
 

പ്രധാന വാർത്തകൾ
 Top