23 May Thursday

ഇടതുപക്ഷവേട്ടയ്ക്ക് പിന്നിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

ത്രിപുര തെരഞ്ഞെടുപ്പിനുശേഷം അവിടെ കമ്യൂണിസ്റ്റുകാരെ വേട്ടയാടൽ ആരംഭിച്ചിരിക്കുകയാണ്. ഫലപ്രഖ്യാപനത്തിനുശേഷം നടന്ന അക്രമങ്ങളിൽ നൂറുകണക്കിന് സിപിഐ എമ്മുകാർ ആക്രമിക്കപ്പെടുകയും അവരുടെ വീടുകളും പാർടി ഓഫീസുകളും തകർക്കപ്പെടുകയും ചെയ്തു. ലെനിന്റെ പ്രതിമ മറിച്ചിട്ടുതകർത്തു. കോൺഗ്രസുകാരും ആക്രമണത്തിനിരയാകുകയാണ്. തമിഴ്നാട്ടിൽ പെരിയാറിന്റെയും അംബേദ്കറുടെയും പ്രതിമകൾ വികലമാക്കിയതോടെ ബിജെപിയുടെ അക്രമങ്ങൾക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്.

കമ്യൂണിസ്റ്റുകാർക്കെതിരെ ത്രിപുരയിൽ നടക്കുന്ന അതിക്രമങ്ങൾ അഖിലേന്ത്യാതലത്തിൽ മാധ്യമങ്ങളിൽ ന്യായീകരിക്കപ്പെടുകയാണ്. ബിജെപി ജനറൽ സെക്രട്ടറി രാംമാധവ് കമ്യൂണിസ്റ്റുകാരെ ഇന്ത്യയിൽനിന്ന് തുടച്ചുനീക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ് ഏകാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ 'ചോരയ്ക്കുപകരം ചോര' എന്ന നയത്തിൽ തെറ്റില്ലെന്ന വാദം മാധ്യമങ്ങളിൽ വ്യാപകമാണ്. സമാനമായ വാദങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

ഈ കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരണത്തിൽ കേരളത്തിലെ കോൺഗ്രസുകാരും പങ്കാളികളാണ്. കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരായ പ്രചാരണം, ലെനിന്റെ പ്രതിമ മറിച്ചിട്ടതിനെ വിമർശിക്കുന്നതിനുപകരം കമ്യൂണിസ്റ്റുകാർ രാജീവ്ഗാന്ധിയുടെ പ്രതിമ മറിച്ചിട്ടുവെന്ന വാദം, കമ്യൂണിസ്റ്റ് പാർടി ത്രിപുരയിൽ പരാജയപ്പെട്ടതിനെ സംബന്ധിച്ച് മറച്ചുവയ്ക്കാൻ കഴിയാത്തവിധത്തിലുള്ള ആഹ്ലാദം തുടങ്ങിയവയെല്ലാം കോൺഗ്രസുകാരന്റെ രീതിയാണ്. അതായത് ത്രിപുരയിലെ കമ്യൂണിസ്റ്റ് പരാജയം ബൂർഷ്വാ പാർടികളെല്ലാം ചേർന്ന് ആഘോഷിക്കുകയാണ്.

ഇത്തരം വിജയാഹ്ലാദം ആദ്യമായിട്ടല്ല നടക്കുന്നത്. 1959ൽ കേരളത്തിൽ ഇ എം എസ് മന്ത്രിസഭ പിരിച്ചുവിട്ടപ്പോൾ ഇതുപോലുള്ള ആഹ്ലാദപ്രകടനങ്ങൾ നടന്നു. 2011ൽ ബംഗാളിൽ ഇടതുപക്ഷമുന്നണി പരാജയപ്പെട്ടപ്പോൾ വലതുപക്ഷ തൃണമൂൽ കോൺഗ്രസിന്റെ ആഹ്ലാദം സിപിഐ എം പ്രവർത്തകർക്കെതിരായ ഇടവിടാത്ത അക്രമമായി മാറുകയും നൂറുകണക്കിനു പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തു. അത് നിർബാധം തുടരുകയാണ്. ത്രിപുരയിൽ ഈ ആഹ്ലാദം അക്രമമായി മാറി.

ബൂർഷ്വാ ജനാധിപത്യസംവിധാനത്തിലെ തെരഞ്ഞെടുപ്പുകളിൽ തോൽവിയും ജയവും ആശ്ചര്യജനകമല്ല. 1947 മുതൽ 1977 വരെ ഇന്ത്യ ഭരിച്ച കോൺഗ്രസുപോലും തോൽവിയുടെ കയ്പുനീർ കുടിച്ചവരാണ്. ഇത്തരം ജയപരാജയങ്ങളെല്ലാം വിലയിരുത്തേണ്ടത് വളർന്നുവന്ന സാമൂഹ്യ രാഷ്ട്രീയ വൈരുധ്യങ്ങളുടെ പശ്ചാത്തലത്തിലാണ്. കമ്യൂണിസ്റ്റ് പാർടികൾ അധികാരത്തിൽ വരികയോ തുടർച്ചയായി ഭരിക്കുകയോ ചെയ്ത സംസ്ഥാനങ്ങൾക്ക് ഒരു സവിശേഷതയുണ്ട്. അവിടെയെല്ലാം ഇടതുപക്ഷത്തിന്റെ പതനത്തിന് കാരണമാകുന്നത് മാർക്സിസ്റ്റുവിരുദ്ധ മുന്നണികളാണെന്നതാണ്. അതായത്, ഭരണത്തിലുള്ള ഗവൺമെന്റിനെതിരായല്ല, ഭരിക്കുന്ന പാർടിക്കും അതിന്റെ ആശയസംഹിതകൾക്കുമെതിരായാണ് മുന്നണി രൂപപ്പെട്ടുവരുന്നത്. ഈ മുന്നണി രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകുന്നത് തീവ്രവലതുപക്ഷമാണ്. 1959ൽ കേരളത്തിലെ 'വിമോചനസമര'ത്തിന് നേതൃത്വം നൽകിയത് മതപുരോഹിതന്മാരും സാമുദായിക സംഘടനാനേതാക്കളും ജന്മിമാരുമായിരുന്നു. മുഖ്യ ബൂർഷ്വ‐ ഭൂപ്രഭു പാർടിയായ കോൺഗ്രസ് അവരുടെ നിലപാടുകളോടൊപ്പം നിൽക്കുകയും കേന്ദ്ര ഗവൺമെന്റിന്റെ ഇടപെടൽ സാധ്യമാക്കുകയും ചെയ്തു. അതിൽ സിഐഎയുടെ ഇടപെടലും മറ്റും ഇതിനകം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

കോൺഗ്രസ് നയിച്ച അർധഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പോരാടിയാണ് 1977ൽ സിപിഐ എം നേതൃത്വത്തിലുള്ള മുന്നണി പശ്ചിമ ബംഗാളിൽ അധികാരത്തിൽ വന്നത്. ഇടതുപക്ഷ ഗവൺമെന്റ് തുടർന്ന പുരോഗമനസ്വഭാവമുള്ള നയങ്ങൾ അവിടത്തെ കോൺഗ്രസിനെ അപ്രസക്തമാക്കി. അതേസമയം, സിപിഐ എമ്മിനെതിരെയുള്ള തീവ്രവലതുപക്ഷവികാരം വളർന്നുവന്നു. ഈ തീവ്രവലതുപക്ഷ മാർക്സിസ്റ്റ് വിരുദ്ധ വികാരത്തിന്റെ പ്രതിനിധിയായി മമതാബാനർജിക്ക് മാറാൻ കഴിഞ്ഞതാണ് അവരുടെ രാഷ്ട്രീയനേട്ടത്തിന്റെ അടിത്തറ. കോൺഗ്രസിലെ മാർക്സിസ്റ്റ് വിരുദ്ധരായ പുതിയ തലമുറയെ മുഴുവൻ അടർത്തിയെടുക്കാൻ കഴിഞ്ഞതും ബിജെപിയുമായി ഇടക്കാലത്തുണ്ടാക്കിയ തന്ത്രപരമായ സഖ്യംവഴി യാഥാസ്ഥിതിക ഹിന്ദുവിഭാഗത്തെ കൈയിലെടുത്തതും അതിനോടൊപ്പം ഇസ്ലാമിസ്റ്റ് ശക്തികളെയും കൂടെനിർത്താൻ കഴിഞ്ഞതും മമതയുടെ വിജയത്തിന് കാരണമായി. ബംഗാളിന്റെ വ്യവസായവൽക്കരണനയത്തിലും കാർഷികരംഗത്തും ഇടതുപക്ഷത്തിന് സംഭവിച്ച അടവുപരമായ പാളിച്ചകൾ മമതയുടെ തീവ്രവലതുപക്ഷക്കുതിപ്പിനുള്ള ന്യായീകരണമായി മാറി.
ഇതേ മാർക്സിസ്റ്റ് വിരുദ്ധ മുന്നണി രാഷ്ട്രീയത്തിന്റെ മറ്റൊരു രൂപമാണ് ത്രിപുരയിൽ കണ്ടത്്. ത്രിപുരാ ഗവൺമെന്റിന്റെ പ്രവർത്തനത്തെക്കുറിച്ച് കാര്യമായ പരാതിയൊന്നും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർടികളുടെ തകർച്ചയും വ്യക്തമായിരുന്നു. ത്രിപുരയെ വൻതോതിൽ പിടിച്ചുകുലുക്കിയ ഗോത്രവർഗ വിഘടനവാദത്തെ സമന്വയിപ്പിക്കാനും ഗോത്രവിഭാഗങ്ങശള സ്വയംഭരണസംവിധാനത്തിൻകീഴിൽ കൊണ്ടുവരാനും ത്രിപുര ഗവൺമെന്റിന് കഴിയുകയും ചെയ്തു. ജീവിതഗുണനിലവാരത്തിലും വൻതോതിലുള്ള വളർച്ചയുണ്ടായി. സാധാരണയായി തെരഞ്ഞെടുപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ഭരണകൂടവിരുദ്ധവികാരം ആരും ചർച്ച ചെയ്യുന്നില്ല. എന്നിട്ടും ഇടതുമുന്നണി ത്രിപുരയിൽ പരാജയപ്പെട്ടു. ഇവിടെയാണ് മാർക്സിസ്റ്റ് വിരുദ്ധ വലതുപക്ഷ ധ്രുവീകരണവും അതിന്റെ നെടുനായകത്വത്തിലേക്ക് ബിജെപി പെട്ടെന്ന് കടന്നുവന്നതും ചർച്ച ചെയ്യേണ്ടത്.

ഇന്ത്യയുടെ ആസൂത്രണ കമീഷൻ അടച്ചുപൂട്ടിയതും ഫിനാൻസിങ്ങിന്റെ ചുമതല വകുപ്പുകളെ ഏൽപ്പിച്ചതും അധികാരകേന്ദ്രീകരണത്തിലേക്ക് നയിച്ചുവെന്നത് മാത്രമല്ല, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിന്റെ കടയ്ക്കുകത്തിവയ്ക്കുകയും ചെയ്തു. ത്രിപുരയെപ്പോലെ സ്വതന്ത്രവരുമാനം സൃഷ്ടിക്കാനുള്ള സാധ്യതയില്ലാത്ത ചെറിയ സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായവും ആനുകൂല്യങ്ങളുമില്ലാതെ നിലനിൽക്കാൻ സാധ്യമല്ല. ത്രിപുരയിലെ ഗോത്രജനസംഖ്യക്ക് ആവശ്യമായ ധനസഹായത്തിന് കേന്ദ്രഫണ്ടിനെ ഒരുപരിധിവരെയെങ്കിലും ആശ്രയിക്കേണ്ടിവരും. കേന്ദ്രവിഹിതം കുറയുമ്പോൾ മറ്റ് രൂപങ്ങളിൽ ധനവിഹിതം സൃഷ്ടിക്കാനുള്ള സാധ്യതയും കുറവാണ്. അതായത് ഒരുവശത്ത് ശത്രുപക്ഷത്തുള്ള സംസ്ഥാനങ്ങളുടെ കഴുത്തുഞെരിക്കുന്നതിനോടൊപ്പം അതിന്റെ ഫലമായി ദുരിതത്തിലാഴുന്ന ജനങ്ങളുടെ ആപത്ബാന്ധവന്മാരായും ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്രഭരണം കൈയാളുന്നവർക്ക് മാറാൻ കഴിയും. ഇതിനോടൊപ്പം ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന, പ്രത്യേകിച്ച് മധ്യവർഗങ്ങളുടെ ഇടയിൽ വ്യാപകമായ മാർക്സിസ്റ്റ് വിരുദ്ധ മനോഭാവംകൂടി ഉപയോഗപ്പെടുത്തിയാൽ മാർക്സിസ്റ്റ് വിരുദ്ധരെ ഏകോപിപ്പിക്കാനും ഇടതുപക്ഷാനുകൂല വിഭാഗങ്ങളിൽതന്നെ വിള്ളലുണ്ടാക്കാനും കഴിയും. അതായത് ത്രിപുരയിൽ ബിജെപി നേടിയ വിജയം നവലിബറൽ കേന്ദ്രീകരണത്തിന്റെ ഭാഗമായി വളർന്നുവന്ന പുതിയ തന്ത്രങ്ങളുടെ വിജയംകൂടിയാണ്.

അതിനുശേഷം നടക്കുന്ന മാർക്സിസ്റ്റ് വേട്ടകളിലാണ് മാർക്സിസത്തോടുള്ള വലതുപക്ഷ സമീപനത്തിന്റെ പൊതുസ്വഭാവം കാണാൻ കഴിയുന്നത്. സിപിഐ എമ്മിനെതിരെ വിജയം നേടുന്നത് ആരായാലും അവരെ പിന്തുണയ്ക്കുന്നവരുടെ ലക്ഷ്യം കേവലമായ തെരഞ്ഞെടുപ്പുവിജയം മാത്രമല്ല. തെരഞ്ഞെടുപ്പു പരാജയം കൊണ്ടുമാത്രം ഉരുകിയൊലിച്ചു പോകുന്ന പാർടിയല്ല സിപിഐ എം എന്നവർക്ക് നല്ലവണ്ണം അറിയാം. കേരളത്തിൽ ഇതുവരെ സംഭവിച്ചതുപോലെ ബൂർഷ്വാ ജനാധിപത്യമര്യാദകൾക്കുള്ളിൽനിന്ന് മാർക്സിസത്തെ ഒതുക്കാൻ സാധ്യമല്ല. അതു സാധിക്കണമെങ്കിൽ അർധ ഫാസിസ്റ്റ് മുറകൾ ആവശ്യമായി വരും. ബംഗാളിൽ തൃണമൂലും കേരളത്തിൽ ആർഎസ്എസും കെ സുധാകരനെപ്പോലുള്ളവരും ഇത്തരം മുറകൾക്ക് മാതൃകയാണ്. ത്രിപുരയിൽ ആവർത്തിക്കുന്നത് ആർഎസ്എസിന്റെ സംഘടിതശക്തിയുടെ ആക്രമണം മാത്രമല്ല, വിജയലഹരിയിൽ എപ്പോഴും വഴി തിരിച്ചുവിടാൻ കഴിയുന്ന ആൾക്കൂട്ട അക്രമരൂപങ്ങളാണ്. ഇത്തരം അക്രമങ്ങളിലൂടെ മാർക്സിസ്റ്റ് സംഘടനയെ തകർക്കാൻ കഴിഞ്ഞാൽ കമ്യൂണിസ്റ്റുകാരുടെ വീണ്ടും വീണ്ടുമുള്ള വരവിനെ ഭയപ്പെടേണ്ടതില്ല. കേരളത്തിലെ വിമോചനസമരം ഇതിന്റെ ഡ്രസ് റിഹേഴ്സലായിരുന്നു എങ്കിൽ അതിന്റെ കേളികൊട്ട് ബംഗാളിൽ എഴുപതുകളിലെ അർധ ഫാസിസ്റ്റ് ഭീകരതയിൽ കണ്ടു, അത് പൂർണരൂപത്തിൽ തൃണമൂൽ ഭരണത്തിൽ അവതരിപ്പിക്കപ്പെട്ടു. ഇപ്പോൾ ഇത്തരം ആക്രമണങ്ങൾ മൂർത്തമായ രാഷ്ട്രീയപ്രവണതയായി മാറുകയാണ്. അതിനുള്ള ന്യായീകരണങ്ങളാണ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമെല്ലാം നാം കേട്ടുകൊണ്ടിരിക്കുന്നത്.

1922ൽ മുസോളിനി ഇറ്റലിയിൽ അധികാരം പിടിച്ചെടുത്തതിനുശേഷം അയാളുടെ സ്ക്വാഡ്രിസ്റ്റി എന്ന കൂലിപ്പട്ടാളം ആദ്യം ചെയ്തത് വടക്കൻ ഇറ്റലിയിലെ ട്രേഡ് യൂണിയൻ ഓഫീസുകളെയും കമ്യൂണിസ്റ്റ് പാർടി ഓഫീസുകളെയും അടിച്ചുതകർക്കുകയായിരുന്നു. മാസങ്ങൾകൊണ്ട് കമ്യൂണിസ്റ്റ് പാർടിയുടെ സംഘടനയെ ഭീകരതകൊണ്ട് തകർക്കാൻ മുസോളിനിക്ക് കഴിഞ്ഞു. 1933ൽ ഹിറ്റ്ലർ ഭരണത്തിൽ വന്നതിനുശേഷം ഇതുതന്നെ ആവർത്തിച്ചു. അടുത്തവർഷം ജർമൻ പാർലമെന്റിലുണ്ടായ തീപിടിത്തത്തിനുത്തരവാദികൾ കമ്യൂണിസ്റ്റുകാരാണെന്ന് ആരോപിച്ച് ജർമൻ കമ്യൂണിസ്റ്റ് പാർടി നിരോധിക്കുകയും കമ്യൂണിസ്റ്റ് പ്രവർത്തകരെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കുകയും ചെയ്തു. സമാനമായ കൂട്ടക്കൊലകൾ അയർലാൻഡിലും ഇന്തോനേഷ്യയിലും ഈയടുത്തകാലത്ത് സൈപ്രസിലും നടന്നു. 1950കളിൽ അമേരിക്കയിൽ പോലും സെനറ്റർ ജോസഫ് മക്കാർത്തിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരാണെന്ന് സംശയിക്കപ്പെട്ട എല്ലാവരെയും തൊഴിലിൽനിന്ന് പിരിച്ചുവിടുകയും സംഘടനകൾ നിരോധിക്കുകയും ചെയ്തു. മാർക്സിസ്റ്റ് ഏകാധിപത്യത്തെക്കുറിച്ച് മുറവിളികൂട്ടുന്നവർ മാർക്സിസ്റ്റുകാർക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് നിശ്ശബ്ദരാകുമ്പോൾ തന്നെ അവരുടെ യഥാർഥ നിലപാട് പുറത്തുവരികയാണ്. അത്തരം നിശ്ശബ്ദതകൾ ആർഎസ്എസ്‐വലതുപക്ഷത്തിന്റെ 'ചോരയ്ക്കു പകരം ചോര' എന്ന ആക്രോശത്തിന്റെ സ്ഥിരീകരണമായി മാറുന്നതിൽ അത്ഭുതപ്പെടാനില്ല.

ഇന്ത്യയിൽ മാർക്സിസ്റ്റുകാർക്കെതിരായി നടക്കുന്ന ആക്രോശങ്ങൾക്ക് മറ്റൊരർഥം കൂടിയുണ്ട്. ഇന്ത്യയിൽ ബിജെപി ഇതര ഗവൺമെന്റുകൾ വേറെയുമുണ്ട്. പഞ്ചാബിലും കർണാടകത്തിലും കോൺഗ്രസ്, ഡൽഹിയിൽ എഎപി, തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ എന്നിങ്ങനെ. നവീൻപട്നായക്കിനെയും ചന്ദ്രബാബു നായിഡുവിനെയും പോലുള്ള മുഖ്യമന്ത്രിമാർ കാലാകാലങ്ങളായി ഭരണത്തിൽ തുടരുന്നവരാണ്. അവരെയൊക്കെ തോൽപ്പിച്ചാൽ ബിജെപിക്കാരോ പൊതുവിൽ വലതുപക്ഷമോ ഇത്രയധികം ആഹ്ലാദത്തിമിർപ്പും അക്രമാസക്തിയും കാണിക്കുമെന്ന് തോന്നുന്നില്ല. ഒരേ തൂവൽപക്ഷികളുടെ സ്വഭാവം ഇവർക്കുള്ളതുതന്നെയാകാം കാരണം. ഇന്ത്യയിൽ പടർന്നുപിടിക്കുന്ന അസംതൃപ്തിയെയും അസ്വസ്ഥതകളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളാക്കി മാറ്റാനുള്ള കഴിവ് ഇപ്പോഴും മാർക്സിസ്റ്റ് ഇടതുപക്ഷത്തിനുണ്ടെന്ന് ആർഎസ്എസ് ബൗദ്ധികകേന്ദ്രങ്ങൾ തിരിച്ചറിയുന്നു. ഈ കഴിവാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 5‐6 ശതമാനം വോട്ടും പാർലമെന്റിൽ ഏതാനും സീറ്റും മാത്രം നേടിയ കക്ഷിയെ മുഖ്യശത്രുവായി കാണാൻ ഹിന്ദുത്വവാദികളെ പ്രേരിപ്പിക്കുന്നത്, അവർ ഭരിച്ചിരുന്ന ചെറിയ സ്റ്റേറ്റിൽ പരാജയപ്പെട്ടപ്പോൾ ഇത്രയധികം ആഹ്ലാദം ഇവർ പ്രകടിപ്പിക്കുന്നത്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവർത്തനത്തിന് ഇനി വരുന്ന നാളുകളിൽ വലിയ പ്രാധാന്യം കൈവരുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിന്റെ വലുപ്പമോ അത് പാർലമെന്റിലേക്കയക്കുന്ന ഏതാനും എംപിമാരോ അല്ല പ്രശ്നം, അത് മുറുകെപ്പിടിക്കുന്ന രാഷ്ട്രീയത്തിന് ഇന്ത്യയൊട്ടാകെ കിട്ടുന്ന സ്വീകാര്യതയാണ്. അതുകൊണ്ടുതന്നെ വലതുപക്ഷത്തിന്റെ ആക്രമണത്തിന്റെ കുന്തമുന ഇനി േകരളത്തിനുനേർക്കായിരിക്കും. അത്തരത്തിലുള്ള ഒരു പടക്കളത്തിൽ ആരോടൊപ്പം നിൽക്കണമെന്നത് ഓരോ മലയാളിക്കും ഓരോ ഇന്ത്യൻ പൗരനും തീരുമാനിക്കേണ്ടി വരും. ജനാധിപത്യരീതികളെ തകർക്കുന്ന വലതുപക്ഷ മത, ജാതി, രാഷ്ട്രീയത്തിനുവേണ്ടിയാണോ നിലകൊള്ളേണ്ടത്, അതോ സാമൂഹ്യനീതിക്കും മതനിരപേക്ഷതയ്ക്കും തുല്യതയ്ക്കും ജനാധിപത്യത്തിനും ജനങ്ങളുടെ ജീവിതാവകാശങ്ങൾക്കുംവേണ്ടി പോരാടുന്ന ശക്തികൾക്കൊപ്പമാണോ എന്നതും പ്രധാനമാകും. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ കേവലം മാർക്സിസ്റ്റുകാർക്കെതിരെ മാത്രമല്ല, ഇന്ത്യ ഇതുവരെ നിലനിർത്തിപ്പോരുന്ന ജനാധിപത്യ വ്യവസ്ഥയ്ക്കെതിരെയാണെന്ന  തിരിച്ചറിവും പ്രധാനമാകും. അവിടെ ജനാധിപത്യശക്തികളുടെ വക്താക്കളായാണ് കേരളം പ്രത്യക്ഷപ്പെടുക, പ്രത്യക്ഷപ്പെടേണ്ടതും. കേരളത്തിലെ ഇടതുപക്ഷം ഈ ജനാധിപത്യമുന്നേറ്റത്തിൽ നേതൃപരമായ പങ്കുവഹിക്കും

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top