13 December Friday

മതനിരപേക്ഷതയും നിയമവാഴ്‌ചയും പ്രധാനം

അഡ്വ. കാളീശ്വരം രാജ‌്Updated: Wednesday Nov 13, 2019

അയോധ്യാ കേസിലെ സുപ്രീംകോടതി വിധി ഒട്ടേറെ വൈരുധ്യം നിറഞ്ഞതാണ്‌. ഒരേസമയം സിവിൽ വ്യവഹാരത്തിന്റെയും തെളിവുനിയമത്തിന്റെയും കൃത്യതകളിൽ ഊന്നുവാനും, അതേസമയം ക്ഷേത്രനിർമാണം, ഭൂമിനൽകൽ തുടങ്ങിയ കാര്യങ്ങളിൽ ഭരണഘടനാപരമായ വിപുലമായ അധികാരം പ്രയോഗിക്കുകയും ചെയ്‌ത വിധിയാണിത്‌.

നിയമവാഴ്‌ചയും മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമാണെന്ന്‌ സുപ്രീംകോടതിതന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്‌. സർക്കാരുകൾ–-കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും –-മതനിരപേക്ഷമായിരിക്കണം. മറിച്ചുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകർക്കാനായി പുറപ്പെട്ട കർസേവകരെ സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങൾ ഉപയോഗിച്ച്‌ സഹായിച്ച ഉത്തരേന്ത്യയിലെ മൂന്ന്‌ ബിജെപി ഗവൺമെന്റുകളുടെ നടപടിയെ അതിരൂക്ഷമായാണ്‌ സുപ്രീകോടതി എസ്‌ ആർ ബൊമ്മെ കേസിൽ (1994) വിമർശിച്ചത്‌. ‘ഭരണഘടനയ്‌ക്കനുസരിച്ചുള്ള ഭരണമല്ല’ആ സംസ്ഥാന സർക്കാരുകൾ നടത്തിയതെന്നും സുപ്രീംകോടതി പറഞ്ഞുവച്ചു. ആൾക്കൂട്ടങ്ങളുടെ അത്യാചാരങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല, തടയുകയാണ്‌ സർക്കാരുകൾ ചെയ്യേണ്ടതെന്ന്‌ ബൊമ്മെ കേസിൽ സുപ്രീംകോടതി പറഞ്ഞത്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്ത സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്നെയായിരുന്നു.

എന്നാൽ, ബൊമ്മെ കേസിലെ ഈ തത്വം ആവർത്തിച്ചപ്പോഴും, അയോധ്യവിധിയിലെ നിഗമനങ്ങൾ തികച്ചും വിചിത്രവും ബൊമ്മെ കേസിലെ മതനിരപേക്ഷ ചിന്തകൾക്ക്‌ കടകവിരുദ്ധവും ആയിപ്പോയി. മതനിരപേക്ഷമെന്ന്‌ ഭരണഘടന വിശേഷിപ്പിക്കുന്ന സർക്കാരിനോട്‌ ക്ഷേത്രനിർമാണം എന്ന മതപരമായ പ്രവൃത്തി നടത്താൻ നിർദേശിച്ച കോടതിവിധിയുടെ യുക്തി അലോസരപ്പെടുത്തുന്നതാണ്‌. ഇതാകട്ടെ, തികച്ചും തെറ്റായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഭയപ്പെടണം. പരമോന്നത കോടതിയുടെ വിധിയെ മാനിക്കുമ്പോഴും അതിനെക്കുറിച്ചുള്ള വിമർശനപരമായ സംവാദങ്ങൾ രാജ്യത്ത്‌ നടക്കണം. ഭൂരിപക്ഷത്തിന്റെ അമിതാധികാര പ്രയോഗമല്ല, ന്യൂനപക്ഷാവകാശങ്ങളെ ഭരണഘടനാപരമായിത്തന്നെ മാനിക്കുന്ന സംസ്‌കാരം കൂടിയാണ്‌ ജനാധിപത്യം.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top