15 January Friday

സൂപ്പർരോഗാണുക്കൾക്കെതിരെ പോരാടാം

ഡോ. അബ്‌ദുൾ ഗഫൂർUpdated: Wednesday Nov 13, 2019


സൂപ്പർബഗ്‌ പ്രതിസന്ധി ആഗോളതലത്തിൽ ആരോഗ്യസംരക്ഷണ  സംവിധാനത്തെ അക്ഷരാർഥത്തിൽ പിടിച്ചുകുലുക്കിയിരിക്കുകയാണ്‌. ആന്റിബയോട്ടിക്കുകൾ രോഗാണുക്കൾക്കെതിരെ ഫലിക്കാത്ത അവസ്ഥയ്‌ക്കാണ്‌ സൂപ്പർബഗ്‌ പ്രതിസന്ധി എന്നുപറയുന്നത്‌. ഇത്തരം ചികിത്സിച്ചുമാറ്റാൻ പറ്റാത്ത അണുബാധമൂലം മരണപ്പെടുന്ന രോഗികളുടെ എണ്ണം അനുദിനം   വർധിച്ചുവരികയാണ്‌. ആഗോളതലത്തിൽ വലിയ ശ്രമങ്ങൾ നടത്തിയിട്ടും, മനുഷ്യരാശി രോഗാണുക്കളുടെ സൈന്യത്തിനുമുന്നിൽ നിസ്സഹായരായി നിൽക്കുകയാണ്‌.

ഡോക്ടർമാരുടെ യുക്തിരഹിതമായ ആന്റിബയോട്ടിക്‌ ഉപയോഗം, ഇറച്ചിക്കോഴികളുടെ വളർച്ച വർധിപ്പിക്കുന്നതിനായി അവയുടെ ഭക്ഷണത്തിൽ ആന്റിബയോട്ടിക്‌ കലർത്തിക്കൊടുക്കുന്ന അപകടകരമായ രീതി, രോഗികൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ  ഫാർമസികളിൽനിന്ന്‌ നേരിട്ട്‌ ആന്റിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്ന പ്രവണത എന്നിവയാണ്‌ സൂപ്പർ അണുക്കളുടെ സൃഷ്ടിക്ക്‌ പ്രധാന കാരണങ്ങൾ. ആശുപത്രികളിലെയും സമൂഹത്തിലെയും ശുചിത്വത്തിന്റെ അപര്യാപ്‌തതമൂലം ഇത്തരം സൂപ്പർ അണുക്കൾ പടർന്ന്‌ പിടിക്കുന്നു. സാമ്പത്തികലാഭത്തിൽമാത്രം കണ്ണുള്ള അന്താരാഷ്ട്ര കുത്തക മരുന്ന്‌ കമ്പനികൾ പുതിയ ആന്റിബയോട്ടിക്കുകൾ വികസിപ്പിക്കുന്നതിൽ വൈമുഖ്യം കാണിക്കുന്നു.

സാമൂഹിക സാമ്പത്തിക അസമത്വം
സൂപ്പർബഗ്‌ പ്രതിസന്ധിക്ക്‌ സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ പരിഹാരം ആവശ്യമാണ്‌. ഈ പ്രതിസന്ധിയുടെ പല നിർണായക കാരണങ്ങളുടെയും അടിസ്ഥാനം സാമൂഹിക സാമ്പത്തിക അസമത്വമാണ്‌. ഒരുവശത്ത്‌ സമ്പന്നർ ആന്റിബയോട്ടിക്‌ അമിതമായി ഉപയോഗിക്കുമ്പോൾ, മറുവശത്ത്‌ പാവങ്ങൾക്ക്‌ ഈ മരുന്നുകൾ ആവശ്യത്തിന്‌ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്‌. ദരിദ്രരായ രോഗികൾ  പരിശോധനാഫീസും ലബോറട്ടറി ചെലവും ഒഴിവാക്കാൻ മരുന്നുഷോപ്പുകളിൽനിന്ന്‌ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്‌  വാങ്ങിക്കഴിക്കുന്നു.  ഇത്‌ നിരോധിക്കുന്നതിനായി സർക്കാർ നിയമമുണ്ടെങ്കിലും ഇത്‌ നടപ്പാക്കുന്നത്‌ മേൽപ്പറഞ്ഞ കാരണങ്ങളാൽ എളുപ്പമാകില്ല. അതിനാൽ പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ്‌ പ്രതിവിധി.

സൂപ്പർ അണുനിരീക്ഷണ ശൃംഖലയും ആശുപത്രികളിൽ ആന്റിബയോട്ടിക്‌ ഉപയോഗം യുക്തിസഹമാക്കുന്നതിനുള്ള ശ്രമങ്ങളും നാം ആരംഭിച്ചിട്ടുണ്ട്‌

വികസ്വരരാജ്യങ്ങളിലെ അപര്യാപ്‌തമായ ആരോഗ്യസംവിധാനങ്ങളും ലബോറട്ടറി സൗകര്യങ്ങളിലുള്ള കുറവുകളുംമൂലം, ഒരു കുറുക്കുവഴിയായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ ഡോക്ടർമാർ നിർബന്ധിതരാകുന്നു. വികസ്വര രാഷ്‌ട്രങ്ങളിലെ സാമൂഹിക സാമ്പത്തിക രംഗത്തെ അസമത്വം കുറയ്‌ക്കാതെയും ആരോഗ്യപരിരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്താതെയും ആശുപത്രികളിലേയും സമൂഹത്തിലെയും ശുചിത്വത്തിൽ മികവുവരുത്താതെയും സൂപ്പർബഗ്‌ പ്രതിസന്ധിയെ നമുക്ക്‌ പിടിച്ചുകെട്ടാനാകില്ല. സൂപ്പർബഗ്‌ പ്രതിസന്ധി പരിഹരിക്കുന്നതിനായി പദ്ധതിയിട്ട രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നതിൽ നമുക്ക്‌ അഭിമാനിക്കാം. സൂപ്പർ അണുനിരീക്ഷണ ശൃംഖലയും ആശുപത്രികളിൽ ആന്റിബയോട്ടിക്‌ ഉപയോഗം യുക്തിസഹമാക്കുന്നതിനുള്ള ശ്രമങ്ങളും നാം ആരംഭിച്ചിട്ടുണ്ട്‌. വിപുലമായ ഒരു പൊതുഅവബോധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ അടുത്തഘട്ടത്തിലേക്ക്‌ ഇപ്പോൾ നാം പ്രവേശിക്കണം.

സൂപ്പർബഗ്‌  പ്രശ്‌നത്തിന്റെ ഗുരുതരമായ അപകടത്തെക്കുറിച്ചും അനാവശ്യ ആന്റിബയോട്ടിക്‌ ഉപയോഗം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കണം. ഇതിനെല്ലാം ഉപരിയായി, നമ്മുടെ എല്ലാ ആശുപത്രികളുടെയും ശുചിത്വനിലവാരം  മികച്ചതലത്തിലേക്ക്‌ ഉയർത്തുന്നതിനായുള്ള ശ്രമങ്ങളിൽ പൊതുജനങ്ങളും വൈദ്യശാസ്‌ത്ര സമൂഹവും മാധ്യമങ്ങളും പൂർണഹൃദയത്തോടെ പങ്കെടുക്കണം. രാജ്യത്തിനും ലോകത്തിനുംതന്നെ വെളിച്ചം കാണിക്കാൻ നമ്മുടെ കൊച്ചുകേരളത്തിന്‌ കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top