19 April Friday

അറ്റം കൂര്‍പ്പിച്ച ധാര്‍മികത....അധികാരരാഷ്ട്രീയത്തിന്റെ സമവാക്യമെഴുതുന്നവരെ കുറിച്ച് എം എം പൌലോസ് എഴുതുന്നു

എം എം പൌലോസ്Updated: Monday Nov 13, 2017

കൊല്ലും വെടിവയ്ക്കും തല വെട്ടിയെടുക്കും കണ്ണ് ചൂഴ്ന്നെടുക്കും എന്നീ ഹിംസയുടെ പദാവലികള്‍ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലെ പതിവ് വിനിമയഭാഷയായി മാറി. അത് കമല്‍ഹാസനുനേരെയാകാം, കനയ്യ കുമാറിനുനേരെയാകാം, ചത്ത പശുവിന്റെ തോലുരിക്കുന്ന ദളിതനുനേരെയാകാം, ഇത്തിരി പശുവിറച്ചി കറിവയ്ക്കുന്ന മുസ്ളിമിന്റെ നേരെയാകാം. നാഥുറാം വിനായക് ഗോഡ്സെയുടെ പിന്മുറക്കാര്‍ക്ക് ചോരകുടിച്ച് ദാഹം തീര്‍ന്നിട്ടില്ല. 

ശുദ്ധ ആര്യരക്തത്തിന്റെ ഇന്ത്യന്‍പതിപ്പുകളുടെ യാഗഭൂമിയില്‍ കൊലതൃഷ്ണയുടെ മന്ത്രം തിളയ്ക്കുന്നു. കൊലയാണ് ഹിന്ദുധര്‍മമെന്ന് മഹാസഭകളുടെ ഭരണനിര്‍വഹണത്തറയിലിരുന്ന് ഗര്‍ജിക്കുന്നു. കൊല ഇവര്‍ക്ക് മനുഷ്യപുരോഗതിക്കുള്ള ധര്‍മപാതയാണ്. ഒരാളെ കൊല്ലാന്‍ പ്രകോപനവും ക്രിമിനല്‍വാസനയും മതി. ഒരായിരംപേരെ കൊല്ലാന്‍ ധാര്‍മികമായ പിന്‍ബലം വേണം.'ഞാനാണ് ശരി' എന്ന ആത്മവിശ്വാസം വേണം. എന്റെ ശരിക്കുവേണ്ടി നീ മരിക്കാന്‍ അര്‍ഹനാണെന്ന് പ്രഖ്യാപിക്കാനുള്ള ആത്മബലം വേണം. മതത്തെ ദേശീയതയോട് ചേര്‍ത്തുവച്ച് ഇന്ത്യയില്‍ ഇത്തരം ശരികള്‍ ഉണ്ടാക്കുന്നു. ശരികള്‍കൊണ്ട് അവര്‍ പുതിയ ലോകമല്ല, പുതിയ ശവകുടീരം പണിയുന്നു. വ്രണപ്പെടുന്ന മതവികാരങ്ങളെ ഉണ്ടാക്കുന്നു.

മതം സ്നേഹമാണെങ്കില്‍, കരുണയാണെങ്കില്‍ അത് എങ്ങനെ വ്രണപ്പെടും?
'ഭക്ഷണം കഴിക്കുന്നത് തൊട്ടുകൊണ്ടാണ്, കൈ കഴുകുന്നത് തൊട്ടുകൊണ്ടാണ്, ഈ ലോകംപോലും ഉണ്ടായത് ഒരു സ്പര്‍ശത്തില്‍നിന്നാണ്. പിന്നെ നമ്മള്‍ തമ്മില്‍ എങ്ങനെ തൊട്ടുകൂടാത്തവരായി?' എന്ന കബീറിന്റെ ചോദ്യം അധികാരദുരയുടെ അത്താഴമേശയില്‍ ചുടലമാടന്മാര്‍ കടിച്ചുപറിക്കുന്നു. കൊലക്കയര്‍ വലിക്കുമ്പോള്‍ അത് തിന്മയുടെ മീതെ നന്മയുടെ വിജയമായി ആരാച്ചാര്‍ വിചാരിക്കും. 'അസതോ മ സദ്ഗമയ, തമസോ മ ജ്യോതിര്‍ഗമയ'ക്ക് എത്ര ആരാച്ചാര്‍മാര്‍ വേണം? മരത്തിന്റെ ഏത് കൊമ്പ് മുറിക്കണമെന്ന് തീരുമാനിക്കുന്നത് മഴു കഴുത്തില്‍ തൂക്കിയവനാണ്. മഴു ഇപ്പോള്‍ ഇന്ത്യയില്‍ ഒരു മതമാക്കി മാറ്റുന്നു. കൊല പുണ്യമായി മാറുന്നു. അപ്പോള്‍ ദൈവമോ?

കൊല നടത്തുന്നതിന് ഉറച്ച ആത്മീയബലം വേണമെന്ന് ഹിറ്റ്ലര്‍ നിഷ്കര്‍ഷിച്ചു. ഇല്ലെങ്കില്‍ അക്രമത്തിന് ദിശാബോധം ഉണ്ടാകില്ല. അത് വഴിതെറ്റി പോകുന്ന ലഹളകളായി അവസാനിക്കും. കൊലയ്ക്ക് സ്ഥിരത വേണമെങ്കില്‍ അതിന് മതഭ്രാന്തിന്റെ പക വേണം. ഇന്ത്യയില്‍ അതിന്റെ ബലിത്തറകള്‍ ഒരുക്കുന്നു.

ഒരിക്കല്‍ ഹിറ്റ്ലറിന്റെ തടങ്കല്‍പ്പാളയത്തില്‍ തടവുകാരെ മുഴുവന്‍ മുറ്റത്തേക്ക് ഇറക്കി. മുന്നില്‍ കൊലമരം. ആര്‍ക്കും ഒന്നും മനസ്സിലായില്ല. അവര്‍ ഊഴം കാത്ത് നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ തടവുകാര്‍ക്കിടയിലൂടെ ഒരു കുട്ടിയെ കൊണ്ടുവന്നു. ആ കുഞ്ഞിനെ പട്ടാളക്കാര്‍ കഴുമരത്തിലേക്ക് തെളിച്ചു. തട്ടില്‍ കയറ്റിനിര്‍ത്തി. കുട്ടി കൌതുകത്തോടെ കൊലക്കയര്‍ നോക്കിനിന്നു. കയര്‍ കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റി. കുട്ടി അത് നോക്കി. അത് കഴുത്തില്‍ ചുറ്റുന്ന കളിക്കോപ്പാണെന്ന് കരുതിയിട്ടുണ്ടാകും. തടവുകാര്‍ കണ്ണുപൊത്തി. കൊല നാക്ക് നീട്ടി. കൊലക്കയര്‍ മുറുകി. ഒരു തടവുകാരന്‍ മറ്റൊരു തടവുകാരന്റെ തോളില്‍ മുറുക്കിപ്പിടിച്ച് ചോദിച്ചു- 'എവിടെ ദൈവം'
ഓഷ്‌വിറ്റ്‌സിലെ തടങ്കല്‍പ്പാളയം പൊളിച്ചപ്പോള്‍ കിട്ടിയ സ്ത്രീകളുടെ തലമുടിമാത്രം ഏഴുടണ്ണായിരുന്നു. അംഗവൈകല്യമുള്ള കുട്ടികളെ കുത്തിവച്ചുകൊല്ലുന്ന 30 'പീഡിയാട്രിക് ക്ളിനിക്കു'കള്‍ നാസികള്‍ സ്ഥാപിച്ചു. മനോരോഗമുള്ളവരെ കുളിമുറിയെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷവാതകമുറികളിലേക്ക് തള്ളി. എവിടെയായിരുന്നു ദൈവം?
ചന്തപ്പുരയില്‍ നെഞ്ചത്ത് ബോംബ് കെട്ടി പ്രാര്‍ഥിച്ചാല്‍ വിളി കേള്‍ക്കുന്ന പ്രവാചകന്‍ ഏതാണ്? കഴുത്തറുക്കുന്ന വീഡിയോകള്‍ കൈമാറിയാല്‍ അനുഗ്രഹിക്കുന്ന പ്രവാചകനാരാണ്? സര്‍ഖാവിയുടെ ഗുഹയിലും ബിന്‍ ലാദന്റെ മടയിലും ആര്‍എസ്എസിന്റെ ശാഖയിലും ദൈവമുണ്ടായിരുന്നോ? ഉണ്ടെങ്കില്‍ എന്തായിരിക്കും ആ ദൈവത്തിന്റെ ആകൃതി?

വേദങ്ങളിലെ ദൈവമാണോ ഗീതയിലെ ദൈവം? ഉപനിഷത്തിലെ ദൈവമാണോ ധര്‍മശാസ്ത്രത്തിലെ ദൈവം? രമണമഹര്‍ഷിയുടെ ദൈവമാണോ യോഗി ആദിത്യനാഥിന്റെ ദൈവം? വിവേകാനന്ദന്റെ ദൈവമാണോ ഗോള്‍വാള്‍ക്കറുടെ ദൈവം? നാരായണഗുരുവിന്റെ ദൈവമാണോ കുമ്മനം രാജശേഖരന്റെ ദൈവം? ഗാന്ധിയുടെ ദൈവമാണോ ഗോഡ്സെയുടെ ദൈവം? വിശക്കുന്നവന്റെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് ഏതു രൂപത്തിലായിരിക്കും? 

ഏകാധിപതികള്‍ മതത്തിന്റെ സമ്മതിപത്രത്തോടെയാണ് ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നാസിസത്തിനും ഫാസിസത്തിനും ക്രൈസ്തവമതത്തിന്റെ പിന്തുണയുണ്ടായിരുന്നു. പോപ് പയസ് പതിനൊന്നാമന്‍ ഈശ്വരാനുഗ്രഹമുള്ളവനാണ് മുസ്സോളിനിയെന്ന് കണ്ടെത്തി. വത്തിക്കാനും ഹിറ്റ്ലറും സന്ധിചെയ്തു.  കര്‍മവിമുഖതയല്ല, മുസ്സോളിനിക്ക് കര്‍മമാണ് വേണ്ടത്. അത് എത്ര തെറ്റായാലും. കര്‍മം എന്നാല്‍ മുസ്സോളിനിക്ക് അക്രമമാണ്. അക്രമം ഒരു സമ്പ്രദായമല്ല, അസ്വസ്ഥതയല്ല. അത് മുസ്സോളിനിക്ക് അനിവാര്യതയാണ്. അതിനു കീഴടങ്ങാന്‍ അയാള്‍ ആഹ്വാനം ചെയ്തു. മതം അവര്‍ക്ക് മാറിയുടുക്കാനുള്ള ഉടുപ്പുമാത്രം. മതത്തിന്റെ സഹകരണത്തില്‍ വന്ന ഹിറ്റ്്ലര്‍ പിന്നെ സ്വയം ദൈവമാകാന്‍ ശ്രമിച്ചു.

കമല്‍ഹാസനെ ഹിന്ദുത്വത്തിന്റെ പേരില്‍ വെടിവച്ചുകൊല്ലാന്‍ പറഞ്ഞ ഹിന്ദുമഹാസഭ 80 ശതമാനത്തിലേറെ ഹിന്ദുക്കള്‍ വിദേശഭരണത്തില്‍ നരകിച്ചപ്പോള്‍ ബ്രിട്ടീഷുകാരോട് വിനീതദാസ്യം പ്രഖ്യാപിച്ചു. മുസ്ളിമിനെയും ക്രിസ്ത്യാനിയെയും നിര്‍ബന്ധിത വന്ധ്യംകരണം നടത്തണമെന്ന് ഗര്‍ജിച്ചവര്‍ 1939ല്‍ ഇന്ത്യയുടെ മൂന്നു പ്രവിശ്യകളില്‍ മുസ്ളിങ്ങളുമായി മന്ത്രിസഭ പങ്കിട്ടു. മതം അവര്‍ക്ക് വിശ്വാസത്തിന്റെയല്ല, അധികാരത്തിന്റെ പതിനെട്ടാംപടിയിലേക്കുള്ള ശരണം വിളിയാണ്. കാര്‍ഗില്‍ ഇടപാടില്‍ പണം വാങ്ങാന്‍ അന്നത്തെ ബിജെപി പ്രസിഡന്റിന് മതം തടസ്സമായിരുന്നില്ല.'പിന്നെ ഒരു പാര്‍ടി എങ്ങനെ പണമുണ്ടാക്കും?' എന്നായിരുന്നു അന്ന് ബംഗാരു ലക്ഷ്മണന്റെ വിശദീകരണം.

ഒറ്റവര്‍ഷംകൊണ്ട് മകന്റെ കമ്പനി 16,000 ഇരട്ടി വരുമാനമുണ്ടാക്കിയപ്പോള്‍ അമിത് ഷായും ധര്‍മശാസ്ത്രങ്ങള്‍ ഉദ്ധരിച്ചില്ല. കമല്‍ഹാസന്റെ നേരെയല്ല, ഇന്ത്യ എന്ന ആശയത്തിന്റെ നേരെയാണ് അവര്‍ തോക്കുചൂണ്ടുന്നത്. ഇന്ത്യ എന്ന വൈവിധ്യത്തെ അവര്‍ പ്രൊക്രൂസ്റ്റസിന്റെ കട്ടിലില്‍ കിടത്തി വെട്ടിമുറിക്കുന്നു. വൈവിധ്യത്തിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ട മഹാത്മാവിന്റെ നേരെ കാഞ്ചി വലിച്ചു. 'ഹേ...റാം' എന്ന ശബ്ദത്തിന്റെ പിന്നില്‍ അസ്തമിച്ചത് ഇന്ത്യയുടെ സൂര്യനാണ്. സത്യത്തിന്റെ ഗീതോപദേശം ചൊല്ലി, വൈവിധ്യങ്ങളുടെ ജനതയെ തട്ടിയുണര്‍ത്തിയ ഗാന്ധിജിയുടെ നെഞ്ചിന്‍കൂട് കരിച്ച ഗൂഢാലോചനയിലെ നാലുപേര്‍ ഹിന്ദുമഹാസഭക്കാരാണ്. പതിറ്റാണ്ടുകള്‍ക്കുശേഷം 'ജയ് ശ്രീറാം'എന്ന് അദ്വാനി അലറിയപ്പോള്‍ പിന്നില്‍ തകര്‍ന്നത് ബാബ്റി മസ്ജിദിന്റെ മൂന്നു താഴികക്കുടങ്ങളാണ്.

ഹിന്ദുവിന്റെ രാജ്യമല്ല അവര്‍ ഉണ്ടാക്കുന്നത്. മതം ഭരിച്ചതുകൊണ്ട് പുരോഗതി നേടിയ ഒരു രാജ്യവുമില്ല. പാകിസ്ഥാന്റെ ആദ്യപ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ വെടിയേറ്റു മരിച്ചു. സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊന്നു. മകള്‍ ബേനസീര്‍ ഭൂട്ടോ വെടിയേറ്റു മരിച്ചു.

മത-വംശീയ രാഷ്ട്രീയം അടഞ്ഞ സമൂഹത്തെ സൃഷ്ടിക്കും. എല്ലാം ആര്യവല്‍ക്കരിക്കുകയായിരുന്നു ഹിറ്റ്ലര്‍. ജൂതന്റെ പള്ളികള്‍ തകര്‍ത്തു. സ്വത്തുക്കള്‍ പിടിച്ചെടുത്തു. ഓഷ്‌വി‌റ്റ്സില്‍മാത്രം 11 ലക്ഷംപേരെ കൊന്നു. ചിന്തയുടെ കണ്ണുകെട്ടിയ ജര്‍മനിയില്‍ സ്കൂള്‍ സിലബസ് പരിഷ്കരിച്ചു. ജിംനാസ്റ്റിക്സും വംശീയശാസ്ത്രവും പഠനവിഷയമാക്കി. 'അഡോള്‍ഫ് ഹിറ്റ്ലര്‍' സ്കൂളുകള്‍ സ്ഥാപിച്ചു. അവിടെ അത്‌ലറ്റിക്സും മിലിട്ടറി ഡ്രില്ലും രാഷ്ട്രമീമാംസയും വിഷയങ്ങളായി. പ്രവേശനം വംശീയശുദ്ധി ഉള്ളവര്‍ക്കുമാത്രം. ഇവിടെയും മാറ്റുന്നുണ്ട് ബോധനക്രമം. യോഗയും സൂര്യനമസ്കാരവും സിലബസിന്റെ ഭാഗമാക്കുന്നുണ്ട്. ദീന്‍ ദയാല്‍ ഉപാധ്യായയെ ഗാന്ധിജിക്കുതുല്യമാക്കുന്നുണ്ട്. അന്ധവിശ്വാസം ശാസ്ത്രചിന്തയാക്കുന്നുണ്ട്. ദേശീയതയെ ആയുധം ധരിപ്പിക്കുന്നുണ്ട്. ചോദ്യംചെയ്താല്‍ വിറളിപിടിക്കുന്നുണ്ട്. അവരെ രാജ്യദ്രോഹികളാക്കുന്നുണ്ട്. രാജ്യദ്രോഹികളെ കൊല്ലണമെന്ന് ഇവരുടെ ധാര്‍മികബോധം ആഹ്വാനം ചെയ്യുന്നുണ്ട്.

സ്വന്തം സങ്കല്‍പ്പങ്ങള്‍ക്ക് വിഘ്നം വരുത്തുന്നവരെ ഇല്ലാതാക്കാന്‍ ധാര്‍മികബോധം അവരെ പ്രേരിപ്പിക്കുന്നു. അത്രയ്ക്ക് തീവ്രമാണ് അവരുടെ ധാര്‍മികത. മതത്തിന്റെ രാശിയില്‍ മാറ്റിവരച്ച ധാര്‍മികത കൊഴുത്ത കാട്ടുപോത്തിന്റെ കൊമ്പായി മാറുന്നു. അതുകൊണ്ട് താമരയിതളില്‍ അധികാരരാഷ്ട്രീയത്തിന്റെ സമവാക്യമെഴുതുന്നു. ധര്‍മസംസ്ഥാപനത്തിനായി അവര്‍ പെട്ടെന്ന് ക്ഷുഭിതരാകുന്നു. വിശക്കുന്നവര്‍ക്ക് കനല്‍ക്കട്ടകള്‍ നല്‍കുന്നു.

ഹിറ്റ്ലറിന്റെ പട്ടാളമേധാവിയായിരുന്ന ഹെര്‍മന്‍ ഗോറിങ്ങിന്  'സംസ്കാരം' ഒരു അശ്ളീലവാക്കായിരുന്നു. ആ വാക്ക് കേട്ടാല്‍ ഗോറിങ്ങിന്റെ കൈ അറിയാതെ തോക്കിന്റെ കാഞ്ചിയിലേക്ക് ചെല്ലുമെന്ന് ഒരു ഫലിതമുണ്ട്. ഇന്ത്യയില്‍ ഇത് ഫലിതമല്ല. അവര്‍ തോക്കിന്റെ കാഞ്ചിയിലേക്കുതന്നെ വിരല്‍നീട്ടുന്നു. ആയുധത്തിന് പക്ഷേ ദേശീയതയില്ല. ഗോഡ്സെയുടെ തോക്ക് 'മെയ്ഡ് ഇന്‍ ഇറ്റലി'യായിരുന്നു. അതാകട്ടെ മുസ്സോളിനിയുടെ ഒരു പട്ടാള ഓഫീസര്‍ ഉപയോഗിച്ചിരുന്നത്!

പ്രധാന വാർത്തകൾ
 Top