29 September Tuesday

പ്രളയകാലത്ത് സേവാഭാരതി ചെയ്യേണ്ടത്

കെ രാജേന്ദ്രൻUpdated: Friday Sep 13, 2019


മ‍ഴക്കെടുതി നാശം വിതച്ച് ക‍ഴിഞ്ഞ വർഷത്തേതുപോലെ കൈവിട്ടുപോകുമെന്നായപ്പോൾ ആദ്യം തലപൊക്കിയത് ദുരിതാശ്വാസപ്രവർത്തനങ്ങൾ തകിടംമറിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രചാരണങ്ങളായിരുന്നു. കേരളത്തെ മു‍ഴുവൻ പ്രളയം വി‍ഴുങ്ങുമോ എന്ന ആശങ്കയുടെ മുൾമുനയിൽ ലോകം മു‍ഴുവനുമുള്ള മലയാളികൾ തരിച്ചുനിൽക്കുന്ന നിമിഷങ്ങളിൽ പക്ഷേ സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ തിരക്ക്, ഫെയ്‌സ്ബുക്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നൽകരുതെന്ന് കുറിക്കുന്നതിനായിരുന്നു. പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് കല്ലുവച്ച നുണകൾ പ്രചരിപ്പിച്ചു. മുസ്ലിം ഭൂരിപക്ഷമേഖലയിൽ ഉണ്ടായ നഷ്ടങ്ങൾ നികത്താൻ എന്തിന് ഹിന്ദുക്കൾ പണം ചെലവ‍ഴിക്കണമെന്നതായിരുന്നു ചില സംഘിപുത്രന്മാരുടെ സംശയം. നുണപ്രചാരണങ്ങളെ കേരളം ഒന്നടങ്കം തള്ളി.

ദുരന്തഭൂമികളിലേക്ക്‌ സഹായഹസ്തങ്ങളുടെ പ്രവാഹമായി. ‘ഞങ്ങൾക്ക് എന്തെങ്കിലുംപണി തരൂ' എന്ന അഭ്യർഥനയുമായി വീടുവീടാന്തരം കയറിയിറങ്ങുന്ന ചെറുസംഘങ്ങളെയാണ് നിലമ്പൂരിലും വയനാട്ടിലുമെല്ലാം കണ്ടത്. പശുവിന്റെ പേരിൽ ന്യൂനപക്ഷങ്ങളെ തല്ലിക്കൊല്ലാനായി ഉത്തരേന്ത്യയിൽ വീടുവീടാന്തരം കയറിയിറങ്ങുന്ന സംഘപരിവാർ സംഘങ്ങളിൽനിന്ന് എത്ര വ്യത്യസ്തമായ കാ‍ഴ്‌ച.

കാക്കി കളസവും പിറകിൽ സേവാഭാരതിയെന്ന് എ‍ഴുതിയ യൂണിഫോമും ധരിച്ചാണ് അവർ രംഗത്തിറങ്ങിയത്. സഹായസ്ഥലങ്ങളിൽ ആവശ്യത്തിന് രക്ഷാപ്രവർത്തകർ ഓടിയെത്തണം. എന്നാൽ, സേവനം പ്രകടനപരതയ്ക്ക് വേണ്ടിയാകരുത്.

വൈകിയാണെങ്കിലും ആർഎസ്എസിന്റെ സേവാഭാരതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി രംഗത്തുവന്നു. കാക്കി കളസവും പിറകിൽ സേവാഭാരതിയെന്ന് എ‍ഴുതിയ യൂണിഫോമും ധരിച്ചാണ് അവർ രംഗത്തിറങ്ങിയത്. സഹായസ്ഥലങ്ങളിൽ ആവശ്യത്തിന് രക്ഷാപ്രവർത്തകർ ഓടിയെത്തണം. എന്നാൽ, സേവനം പ്രകടനപരതയ്ക്ക് വേണ്ടിയാകരുത്. നിലമ്പൂരിലെ കവളപ്പാറയിലെദുരന്തഭൂമിയുടെ കാര്യമെടുക്കാം. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യമുള്ളവർ മണ്ണിനടിയിൽപ്പട്ടവരെ കണ്ടെത്താനായി ജെസിബിയുടെ സഹായത്തോടെ അരിച്ചുപെറുക്കുകയാണ്. അവരെ സഹായിക്കാനായി പൊലീസും ഫയർഫോ‍ഴ്സുമെല്ലാമുണ്ട്. എന്നാൽ, ഈ പ്രദേശത്ത് നിറയെ യൂണിഫോമിട്ട് സേവാഭാരതിക്കാരാണ്. ടിവി ക്യാമറകൾ കണ്ടാൽ അവർ നാലുപാടും കൂടും. മറുതന്ത്രവുമായി പോപ്പുലർ ഫ്രണ്ടും രംഗത്തുവന്നു. അവരും യൂണിഫോമിട്ട സന്നദ്ധപ്രവർത്തകരെ കവളപ്പാറയിൽ രംഗത്തിറക്കി. മരണപ്പെട്ടവരിൽ ഒരുപക്ഷേ, ആർഎസ്എസുകാരനും പോപ്പുലർ ഫ്രണ്ടുകാരനും ഉണ്ടാകാം. മരണത്തിന്റെ അതിർത്തിയിലേക്ക്‌ കാലെടുത്തുവയ്ക്കവെ അവർ ഇഷ്ടദൈവങ്ങളെ വിളിച്ചിട്ടുണ്ടാകാം. പക്ഷേ, യൂണിഫോമിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടാകില്ല.ഒരു ദുരന്തത്തെ രാഷ്ട്രീയ പ്രകടനപരതയ്ക്കുളള അവസരമാക്കി ഈ വർഗീയ സംഘടനകൾ മാറ്റുമ്പോൾ വ്യക്തമായ രാഷ്ട്രീയബോധമുളള പതിനായിരക്കണക്കിന് ചെറുപ്പക്കാർ തങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ പേരോ അതിന്റെ ചിഹ്നമോ ഒന്നും പ്രദർശിപ്പിക്കാതെ ജാതി മത രാഷ്ട്രീയ ഭേദമെന്യേ ഊണും ഉറക്കവും ഇല്ലാതെ ചളികയറി മലിനമായ വീടുകൾ വൃത്തിയാക്കുന്ന കാ‍ഴ്ചയാണ് സമീപപ്രദേശങ്ങളിൽ കണ്ടത്.

2018ലെ പ്രളയകാലത്ത് തളർന്ന് അവശരായവരെ രക്ഷപ്പെടുത്താനായി വെള്ളത്തിൽ കിടന്ന് ചവിട്ടുപടിയായി മാറിയ ജെയ്സൽ എന്ന മത്സ്യത്തൊഴിലാളിയും 2019ൽ ദുരിതം അനുഭവിക്കുന്നവർക്കായി കടയിലെ തുണികൾ മു‍ഴുവൻ വാരിവലിച്ചെറിഞ്ഞുകൊടുക്കുന്ന നൗഷാദും അറിയാതെ ക്യാമറക്കണ്ണുകളിൽ പെട്ടവരായിരുന്നു. ഇതുപോലെ എത്രയോ പേർ ആരോരും അറിയാതെ നിസ്വാർഥ സേവനം നടത്തുന്ന നാടാണ് കേരളം. അവർക്കിടയിൽ എന്തിനാണ് വർഗീയതയുടെ വിളംബരങ്ങളായ യൂണിഫോമുകൾ?

സേവാഭാരതിക്ക് ചെയ്യാൻ ഒട്ടേറെയുണ്ട്
ക‍ഴിഞ്ഞ പ്രളയകാലത്ത് യുഎഇ സർക്കാർ കേരളത്തിനായി സഹായധനം പ്രഖ്യാപിച്ചതും കേന്ദ്രം ഇടപെട്ട് അത് തടഞ്ഞതും ആരും ഇതുവരെ മറന്നിട്ടില്ല. 700 കോടിയുടെ ധനസഹായമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതൊരു ഔദാര്യമായിരുന്നില്ല. യുഎഇയെ വികസിത രാജ്യമാക്കി മാറ്റുന്നതിൽ മലയാളികൾ വഹിച്ച പങ്ക് അതുല്യമാണ്. കേരളത്തിലുണ്ടാകുന്ന പ്രതിസന്ധികൾ യുഎഇയെയും ബാധിക്കും. ആദ്യം യുഎഇ സർക്കാരിനെ അഭിനന്ദിച്ച്  ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി പെട്ടെന്ന് നിലപാടു മാറ്റി. ദുരന്തനിവാരണനിയമത്തിൽ ഇല്ലാത്ത വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ എല്ലാ വിദേശസഹായങ്ങളും തടഞ്ഞു. പ്രവാസികളിൽനിന്ന് സഹായങ്ങൾ സ്വീകരിക്കുന്നതിനായി കേരളത്തിലെ മന്ത്രിമാർ വിദേശയാത്രകൾ നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി ഒ‍ഴികെയുള്ളവർക്കെല്ലാം യാത്രാനുമതി നിഷേധിച്ചുകൊണ്ടാണ് കേന്ദ്രം ഇടങ്കോലിട്ടത്. ബിജെപി ഭരിച്ചിരുന്ന ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ ഇത്തരം തടസ്സങ്ങളൊന്നും ഇല്ലായിരുന്നു. കോടികളുടെ തട്ടിപ്പുനടത്തി വിദേശത്തേക്ക് മുങ്ങാൻ വിജയ് മല്യയ്‌ക്കും നീരവ് മോഡിക്കും എല്ലാ ഒത്താശയും ചെയ്തുകൊടുത്തവർ കേരള സമൂഹത്തോട്ചെയ്ത ക്രൂരതകൾ സേവാഭാരതിക്കാരും അറിഞ്ഞുകാണുമല്ലോ?

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വിദേശസഹായം സ്വീകരിക്കരുതെന്ന് പറയുന്നവർ പക്ഷേ രാഷ്ട്രീയ പാർടികൾക്ക് വിദേശസഹായം സ്വീകരിക്കുന്നതിനായുള്ള എല്ലാ തടസ്സവും നീക്കിക്കൊടുത്തു. വിദേശ രാജ്യങ്ങളിലെ കോർപറേറ്റുകളിൽനിന്ന് രാഷ്ട്രീയ പാർടികൾക്ക് കോടികൾ സംഭാവനയായി സ്വീകരിക്കാൻ സൗകര്യമൊരുക്കിയത്‌ ഇതേ മോഡി സർക്കാരാണ്. കോർപറേറ്റുകൾ എങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നു എന്നതിന്റെ ഉദാഹരണമാണ് 2012ലെ അന്താരാഷ്ട്ര വ്യവസായ ഭീമനായ വേദാന്ത ഗ്രൂപ്പിന്റെ വാർഷിക റിപ്പോർട്ട്. 2009 മുതൽ 2011 വരെ ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർടികൾക്ക് 28 കോടി രൂപ നൽകിയെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം.

വേദാന്തയുടെ ഇന്ത്യൻ അനുബന്ധ കമ്പനികൾ മുഖേനയാണ് കോൺഗ്രസിനും ബിജെപിക്കും പണം എത്തിയത്. നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഇലക്ടറൽ റിഫോംസ് എന്ന സംഘടന ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ബിജെപിയും കോൺഗ്രസും നിയമവിരുദ്ധമായാണ് പണം കൈപ്പറ്റിയതെന്ന് വിധിച്ചു. എന്നാൽ, നടപടിയൊന്നും ഉണ്ടായില്ല. വിദേശസ്ഥാപനങ്ങളിൽനിന്ന് രാഷ്ട്രീയ പാർടികൾ സംഭാവനകൾ കൈപ്പറ്റുന്നതിലുള്ള വിലക്ക് കേന്ദ്ര സർക്കാർ നിയമഭേദഗതിയിലൂടെ നീക്കംചെയ്തു. ഇതിനായി ബിജെപിയും കോൺഗ്രസും പാർലമെന്റിൽ കൈകോർത്തു. ഇടതുപക്ഷവും ആംഅദ്മി പാർടിയും മാത്രമാണ് എതിർത്തത്. പ്രതിപക്ഷ ബഹളം എന്ന കാരണംപറഞ്ഞ് ഒരു ചർച്ച പോലും നടത്താതെയാണ് 2018 മാർച്ച് 18നു ലോക്‌സഭയിൽ സർക്കാർ ബിൽ പാസാക്കിയത്. ഇന്ത്യയിലെ വ്യവസായ താല്പര്യങ്ങൾക്കുള്ള പ്രത്യുപകാരമായാണ് വിദേശ കോർപറേറ്റുകൾ പണം നല്കുന്നുന്നത്. ഇതിനൊന്നും വിഘാതമല്ലാത്ത നിയമം കേരളത്തെ പുനർനിർമിക്കുന്നതിൽ മാത്രം തടസ്സമാകുന്നു. ഇത്തരം തടസ്സങ്ങൾ നീക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉള്ളംകൈയിലുള്ള സേവാഭാരതി ശ്രമിക്കേണ്ടത്. ഇതിനു പകരം ദുരന്തമേഖലകളിൽ യൂണിഫോമിട്ട് പരേഡ് നടത്തിയതുകൊണ്ട് എന്തുകാര്യം?

ഇനി ക‍ഴിഞ്ഞ പ്രളയത്തിനുശേഷം കേന്ദ്രത്തിൽനിന്നു ലഭിച്ച ധനസഹായത്തിന്റെ കാര്യമെടുക്കാം. ക‍ഴിഞ്ഞതവണ പ്രഖ്യാപിച്ചതിലെ 1200 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. കാരണമായി പറയുന്നത് സാങ്കേതികമായ നൂലാമാലകളാണ്. പൂർണമായും തകർന്ന ഒരു വീടിന് കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന ധനസഹായം വെറും 95,000 രൂപയാണ്. ദുരിതാശ്വാസ ക്യാമ്പിലുള്ള ഒരു കുടുംബത്തിനുലഭിച്ച കേന്ദ്ര സഹായമാകട്ടെ 60 രൂപയും. വർഷന്തോറും വ്യവസായ ഭീമന്മാർക്ക്നല്കുന്ന ശതകോടികളുടെ ആനുകൂല്യങ്ങളുടെയും ഇളവുകളുടെയും ചെറിയൊരുവിഹിതം മാത്രം മതി കേരളത്തിന്റെ കണ്ണീരൊപ്പാനെന്ന് മോഡിയെ ധരിപ്പിക്കാനുള്ള ഉത്തരവാദിത്തവും സേവാഭാരതി ഏറ്റെടുക്കണം.

കേരളത്തിൽനിന്ന് പഠിക്കേണ്ടത്
സേവാഭാരതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. ദുരന്തകാലത്ത് കേരളത്തിൽനിന്ന് ഉൾക്കൊണ്ട പാഠങ്ങൾ പലതും ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ മറ്റു സംസ്ഥാനങ്ങളിൽ പരീക്ഷിക്കാവുന്നതാണ്. അയൽ സംസ്ഥാനമായ കർണാടക തന്നെയാണ് മികച്ച ഉദാഹരണം. കേരളത്തെ അപേക്ഷിച്ച് കർണാടകത്തിൽ കെടുതികൾ കുറവായിരുന്നു. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ തട്ടകമായ ഷിമോഗ വെള്ളത്തിൽ മുങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ പോലും ഇല്ലാതെ പലയിടത്തും ജനങ്ങൾ അലഞ്ഞുതിരിഞ്ഞു. സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രിക്കു മുന്നിൽ പരാതികൾ നിരത്തിയ ജനങ്ങൾക്ക് തന്റെ കൈയിൽ പണം കായ്‌ക്കുന്ന മരങ്ങൾ ഇല്ലെന്ന മറുപടിയാണ് ധാർഷ്ട്യത്തോടെ യെദ്യൂരപ്പ നൽകിയത്. നിരാലംബരായ ജനങ്ങളെ എങ്ങനെ സാന്ത്വനപ്പെടുത്തണമെന്നതിന്റെ ഗുണപാഠം സേവാഭാരതിക്ക്‌ കേരള മുഖ്യമന്ത്രിയെ ഉദാഹരിച്ചുകൊണ്ട് യെദ്യൂരപ്പയ്‌ക്ക് നൽകാവുന്നതാണ്.ക‍ഴിഞ്ഞവർഷം ഉത്തരാഖണ്ഡിൽ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി ഹെലികോപ്ടർ സർവീസിന് ദുരന്തബാധിതരിൽനിന്ന് ഫീസ് ഈടാക്കാൻ തീരുമാനിച്ചത് ബിജെപി ഭരിക്കുന്ന സർക്കാരാണ്. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് മുഖ്യമന്ത്രി അന്ന് തീരുമാനം പിൻവലിച്ചത്.

മറ്റൊരു ദുഃഖകരമായ വാർത്ത വന്നത് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ നിന്നാണ്. ഇവിടുത്തെ സാംഗ്‌ളി ജില്ലയെ വെള്ളപ്പൊക്കം വി‍ഴുങ്ങിയിരുന്നു. ബിലാവ്‌ഡ്‌ ഗ്രാമത്തിൽ ഏറ്റവും കനത്ത നഷ്ടമുണ്ടായത് ദളിതുകൾ താമസിക്കുന്ന പ്രദേശങ്ങളിലായിരുന്നു. എന്നാൽ, അവരെ രക്ഷപ്പെടുത്തുന്നതിനു പകരം താരതമ്യേന സുരക്ഷിതമേഖലകളിൽ താമസിക്കുന്ന ഉയർന്ന ജാതിക്കാരുടെ സുരക്ഷിതത്വത്തിനായാണ് സർക്കാർ സംവിധാനം പ്രവർത്തിച്ചത്. പ്രളയത്തിന് ജാതിയോ മതമോ ഇല്ല. പക്ഷേ, ആർഎസ്എസിന്റെ ശക്തികേന്ദ്രത്തിൽ പ്രളയ ദുരിതാശ്വാസത്തിന് ജാതിവിവേചനമുണ്ട്. ഒറ്റക്കെട്ടായി എങ്ങനെ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാമെന്ന മഹദ്സന്ദേശം കേരളത്തിൽനിന്ന് രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ എത്തിക്കുകയെന്ന ദൗത്യമാണ് സേവാഭാരതി ഇപ്പോൾ ഏറ്റെടുക്കേണ്ടത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top