20 June Sunday

കൊറോണയ്‌ക്കൊപ്പം നീങ്ങണം സുരക്ഷിതദൂരത്തിൽ - മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടിUpdated: Monday Jul 13, 2020

മാർച്ച് അവസാനത്തോടെയാണ് നമ്മുടെ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്ന കേന്ദ്രബിന്ദുവായി കൊറോണ മാറിയത്. കേരളത്തിൽ ഒരാഴ്ചയായി പോസിറ്റീവ് കേസുകളും ഉറവിടം അറിയാത്ത വൈറസ് ബാധയും ക്രമാതീതമായി ഉയരുന്നു. കണ്ടെയ്‌ൻമെന്റും ഹോട്ട്‌സ്പോട്ടും പോരാഞ്ഞിട്ട് ട്രിപ്പിൾ ലോക്ഡൗണും നിലവിൽ വരുന്നു. ഇനി എവിടെയും ഏത് പ്രദേശവും പൂട്ടിയിടേണ്ട സാഹചര്യം ഉണ്ടാകാം.

ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിൽനിന്നുള്ള വാർത്തകളും ആശങ്കയുണ്ടാക്കുന്നതു തന്നെ. ആകെ രോഗബാധിതരുടെ എണ്ണത്തിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും ഇന്ത്യ മൂന്നാമതാണ്. രോഗംമാത്രമല്ല നമ്മെ വലയ്‌ക്കുന്നത്. വിദ്യാഭ്യാസം തടസ്സപ്പെട്ടിരിക്കുന്നു. വാർഷിക പരീക്ഷകൾ, എൻട്രൻസ് ടെസ്റ്റുകൾ, അവസാന വർഷ ഡിഗ്രി പരീക്ഷകൾ ഒന്നും നടക്കുന്നില്ല. പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ, ക്യാമ്പസ് പ്ലേസ്‌മെന്റ്, പുതിയ ജോലികൾ എല്ലാം തടസ്സപ്പെട്ടിരിക്കുന്നു. വിദേശത്ത് പഠനത്തിന് അഡ്മിഷൻ കിട്ടിയവർക്ക് അത് ഉപയോഗിക്കാനാകുന്നില്ല.

തൊഴിൽ രംഗത്തും അനിശ്ചിതാവസ്ഥ തന്നെയാണ് നിലനിൽക്കുന്നത്. സമ്പദ്‌‌വ്യവസ്ഥ നട്ടംതിരിയുന്നു. അത് തൊഴിലിനെ, ശമ്പളത്തെ, തൊഴിൽ സ്ഥിരതയെ എല്ലാം പ്രതികൂലമായി ബാധിക്കുന്നു. കുട്ടികൾ, വയോധികർ, തൊഴിലാളികൾ, വിദ്യാർഥികൾ, രാഷ്ട്രീയക്കാർ തുടങ്ങിയവരുടെയെല്ലാം ദൈനംദിന ജീവിതം കൊറോണ മാറ്റിമറിച്ചിരിക്കയാണ്. ‘ഇതിപ്പോൾ തീരും’ എന്ന വിശ്വാസത്തിൽ ഇത്രനാൾ പിടിച്ചു നിന്നവർക്കും മാനസിക സംഘർഷം കൂടുകയാണ്.

കൊറോണയെ അറിഞ്ഞ്‌ തുരത്താം
കൊറോണക്കാലം തീരണമെങ്കിൽ രണ്ടു മാർഗങ്ങളേ ഉള്ളൂ. ഒന്ന്‌: കൊറോണയ്‌ക്കെതിരെ വാക്‌സിൻ ഉണ്ടാകുന്നു, അത് ലോകത്തെ ഭൂരിപക്ഷം ആളുകൾക്കും ലഭ്യമാകുന്നു. രണ്ട്‌: കൊറോണ ലോക ജനസംഖ്യയുടെ ഭൂരിപക്ഷം ആളുകളെയും ബാധിച്ച് അവർക്ക് പ്രതിരോധശേഷി ഉണ്ടാക്കുന്നു. കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ ലോക രാജ്യങ്ങൾക്ക് ധാരാളം അനുഭവപരിചയം ഉണ്ടായിട്ടുണ്ട്. അനവധി പഠനങ്ങൾ ദിവസേന പുറത്തു വരുന്നുണ്ട്. ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാനുണ്ട്‌. ലോകത്ത് എല്ലാ രാജ്യങ്ങളിലും തന്നെ ഇപ്പോഴും കൊറോണയുണ്ടെങ്കിലും അനവധി രാജ്യങ്ങൾ കൊറോണയുടെ ഒന്നാമത്തെ ഘട്ടത്തെ അതിജീവിച്ചിട്ടുണ്ട്. അപ്പോൾ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായ ഒരു രോഗമല്ല കൊറോണ എന്ന് മനസ്സിലാക്കാം. ഒരു രാജ്യത്തിന് സാധിക്കുമെങ്കിൽ മറ്റുളളവർക്കും പ്രതീക്ഷയ്‌ക്ക് വകയുണ്ട്.


 

കൊറോണയ്‌ക്കെതിരെ മരുന്നുകളല്ല, പൊതുജനാരോഗ്യ നയങ്ങളും വ്യക്തിസുരക്ഷാ ശീലങ്ങളുമാണ് ഇപ്പോഴും പ്രധാന ആയുധം. സാമ്പത്തിക ഭദ്രതയില്ലാത്ത രാജ്യങ്ങൾക്കുപോലും ശരിയായ സമയത്ത് ഉചിതമായ നയങ്ങൾ നടപ്പാക്കി രോഗത്തെ തടയാം. ഈ രോഗത്തെപ്പറ്റി ഇപ്പോൾ ഡോക്ടർമാർക്ക് കൂടുതൽ കാര്യങ്ങൾ അറിയാം. അതിനാൽ രോഗത്തിന്റെ രൂക്ഷത കുറയ്‌ക്കാനും മരണ നിരക്കിൽ കുറവുണ്ടാക്കാനും ഇപ്പോൾ സാധിക്കുന്നുണ്ട്. ഇത് ഗുണപരമായ മാറ്റമാണ്. കൊറോണ രോഗികൾ എല്ലാവരും ആശുപത്രിയിൽ എത്തുകയും ആശുപത്രിയിൽ വെന്റിലേറ്റർ പോയിട്ട് കിടക്കപോലും കിട്ടാനില്ലാത്ത ഒരു സാഹചര്യം ഇറ്റലിയിൽ ഉണ്ടായി. എല്ലാവരെയും ആശുപത്രിയിലാക്കി ചികിത്സിക്കുന്നതിന് പകരം കൂടുതൽ പേരെ വീടുകളിൽ തന്നെ ചികിത്സിക്കണം. രോഗികളുടെ മാത്രമല്ല ആരോഗ്യപ്രവർത്തകരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും ഇത് നല്ലതാണ്. വീടുകളിൽ രോഗികളെ ചികിത്സിക്കുന്നതുപോലെ തന്നെ വേണ്ടി വരുന്ന ഒന്നാണ് പ്രായമായവരെയും മറ്റു ഹൈ റിസ്ക് ഗ്രൂപ്പ് ഉളളവരെയും റിവേഴ്‌സ് ക്വാറന്റൈൻ ചെയ്യുക എന്നത്. മൂന്നു തലമുറ ഒരുമിച്ചു താമസിക്കുന്ന കേരളം പോലുള്ള സ്ഥലങ്ങളിൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

തിരിച്ചുവരവുകൾ സാധ്യം
സ്വിറ്റ്‌സർലൻഡിൽ രോഗവ്യാപനം ഇപ്പോഴും ഉണ്ടെങ്കിലും റെസ്റ്റോറന്റുകളും സ്‌കൂളുകളും മാത്രമല്ല ടൂറിസം കേന്ദ്രങ്ങൾവരെ തുറന്നു. എങ്ങനെയാണ് വെറും മൂന്നുമാസത്തിനകം ഈ രാജ്യത്തിന് ഇത്തരത്തിൽ തിരിച്ചുവരാൻ സാധിച്ചത് തുടങ്ങിയ കാര്യങ്ങൾ നമുക്ക്‌ പഠിക്കാവുന്നതാണ്. രോഗവ്യാപനം ഏറ്റവും കൂടിയിരുന്ന ബ്രിട്ടനും ആളുകളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും പുതിയ നയങ്ങളുമായി എത്തുന്നു. പൊതുജനാരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്നതോടൊപ്പം സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമവും അവർ തുടരുകയാണ്.

അന്താരാഷ്ട്ര വിമാന സർവീസുകൾ പലതും തുടങ്ങി. ദുബായിൽനിന്ന്‌ 26 രാജ്യങ്ങളിലേക്ക് സർവീസുകളുണ്ട്. യൂറോപ്പിലേക്ക് മാത്രമല്ല അമേരിക്കയിലേക്കും കാബൂളിലേക്കും സ്ഥിരം വിമാന സർവീസുകളുണ്ട്. ടൂറിസമാണ് സൈപ്രസിലെ വലിയൊരു ബിസിനസ്, ടൂറിസം മുടങ്ങിയാൽ അവിടെ കാര്യങ്ങളാകെ കുഴയും. വിനോദസഞ്ചാരികളെ ആകർഷിക്കാനായി സൈപ്രസിൽ വന്നതിനുശേഷം കൊറോണ ഉണ്ടാവുന്നവരുടെ ചികിത്സയും താമസവും ഭക്ഷണവും സർക്കാർ വഹിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.


 

ഈ കൊറോണക്കാലത്ത് എവിടമാണ് ഏറ്റവും സുരക്ഷിതം എന്നതിനെപ്പറ്റി ഹോങ്കോങ്ങിലെ ഡീപ്‌ നോളഡ്‌ജ്‌ ഗ്രൂപ്പ്‌  ബിഗ് ഡേറ്റ അനാലിസിസ് നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് വായിച്ചാൽ എന്തുകൊണ്ടാണ് ചില രാജ്യങ്ങൾ കൊറോണ കൈകാര്യം ചെയ്യുന്നതിൽ നല്ല പ്രകടനം കാഴ്ചവയ്‌ക്കുന്നത് എന്ന് മനസ്സിലാകും. അടുത്ത വർഷത്തിൽ ബേബി ബൂം (ജനസംഖ്യയിൽ വൻ വർധന) ഉണ്ടാകുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഈ വിഷയത്തിൽ ആധികാരികമായ പഠനം നടത്തിയ അമേരിക്കയിലെ കിൻസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനഫലങ്ങൾ നേരെ തിരിച്ചാണ്. ഇതൊക്കെ നമ്മുടെമാത്രം പ്രശ്നമായിരുന്നു എന്നോർത്ത് വിഷമിച്ചിരുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന പഠനമാണ്.

വിദ്യാഭ്യാസം ഓൺലൈൻ ആകുമ്പോൾ വിദ്യാർഥികൾ യാത്ര ചെയ്യേണ്ട ആവശ്യമുണ്ടോ?. ഈ ചോദ്യമാണ് അമേരിക്കയിൽനിന്നു വരുന്നത്. അവിടെ യൂണിവേഴ്സിറ്റികൾ പഠനം ഓൺലൈൻ ആക്കുമ്പോൾ സ്റ്റുഡന്റ് വിസയിൽമാത്രം എത്തിയവർ സ്ഥലം വിടേണ്ടി വരുമെന്നാണ് ചർച്ചകൾ. വിദേശത്തു പഠിക്കാൻ കഴിവും ആഗ്രഹവും ഉണ്ടായിട്ടും ധനസ്ഥിതി അനുവദിക്കാത്തവരെ സംബന്ധിച്ചിടത്തോളം ഇത് പിൽക്കാലത്ത് വലിയ അനുഗ്രഹമാകും.

മിക്ക ജോലികളും ഇനി ഓഫീസിലേക്ക് തിരിച്ചുപോകില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജോലി ചെയ്യാനായിമാത്രം ഗ്രാമത്തിൽനിന്നു നഗരത്തിലേക്കും സംസ്ഥാനത്തിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകേണ്ട ആവശ്യം ഇല്ലാതാകും. ഇന്ത്യക്കാർക്ക് വർക്ക് പെർമിറ്റും വിസയും കിട്ടാൻ ബുദ്ധിമുട്ടുള്ള വികസിത രാജ്യങ്ങളിലെ ധാരാളം തൊഴിലുകൾ ഇന്ത്യയിൽ എത്താൻ ഇത് സഹായിക്കും. നിർമിത ബുദ്ധിയും റോബോട്ടിക്‌സും ഉൾപ്പെട്ട സാങ്കേതികവിദ്യകളുടെ പുറത്തേറി വരുന്ന നാലാം വ്യവസായവിപ്ലവത്തിന്റെ പുരോഗതിക്ക് ഒരു തടസ്സവും നേരിടുന്നില്ല. മാത്രമല്ല തൊഴിൽനഷ്ടം കാരണം ഏറെ എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതിയ സാങ്കേതികവിദ്യകൾ അതിവേഗതയിലാണ് സമൂഹത്തിലേക്കെത്തുന്നതും. ഒരിക്കൽ സാങ്കേതികവിദ്യ ഏറ്റെടുക്കുന്ന തൊഴിലുകൾ പിന്നീട് തിരിച്ചുവരാറില്ല.

വെല്ലുവിളികളും സാധ്യതകളും
വെല്ലുവിളികളുടെ മാത്രമല്ല സാധ്യതകളുടെ ഒരുലോകവും നമുക്ക് മുന്നിലുണ്ട്. എന്നാൽ, അത് ഉപയോഗപ്പെടുത്തണമെങ്കിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാലും -കൂടുതൽ കഴിക്കുന്നതും സാധാരണഗതിയിൽ തന്നെ ആരോഗ്യകരമല്ലാത്ത മലയാളികളുടെ ശീലം കൂടുതൽ വഷളാക്കി. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കിയേ ഈ യുദ്ധത്തെ നമുക്ക് നേരിടാനാകൂ. ജീവിതം ഇനിയങ്ങോട്ട് കൊറോണയോടൊത്ത് എന്നാൽ, സുരക്ഷിത ദൂരത്തിൽ പ്ലാൻ ചെയ്തേ പറ്റൂ. രോഗവ്യാപനം സംശയിക്കുന്ന ക്ലസ്റ്ററുകൾ ഏറ്റവും ചെറിയ യൂണിറ്റുകളായി പ്രാദേശികമായി പൂട്ടിയിടുന്ന ഒരു സ്മാർട്ട് ലോക്ഡൗൺ സ്ട്രാറ്റജി ആണ് നമുക്കു വേണ്ടത്. (ഇപ്പോൾ കേരളം ചെയ്യുന്നതു പോലെ)ഇതിന് തയ്യാറെടുക്കണം. പണം ഉളളവർ പോലും അത് ചെലവാക്കാൻ മടിക്കുന്നു. പരമാവധി വീടിന് ഏറ്റവും അടുത്തുള്ള കടകളിൽതന്നെ പോകണം. ഓൺലൈൻ ഷോപ്പിങ്‌ മാറ്റിവയ്‌ക്കുന്നതാണ് കേരളത്തിന്റെ ധനവ്യവസ്ഥയെ തിരിച്ചുപിടിക്കാൻ കൂടുതൽ സഹായകം. പഴയ തൊഴിലുകൾ ആയിരിക്കില്ല ഇനി. ഭാഷയും പുതിയ സാങ്കേതികവിദ്യകളും ഈ സമയത്ത്‌ പഠിച്ചെടുക്കാവുന്നതാണ്. കുട്ടികൾക്ക് ചെറിയ ഗ്രൂപ്പുകളിൽ ഒരുമിച്ചു കൂടാനുള്ള സൗകര്യം ഉണ്ടാക്കണം. യാത്രകൾ, സിനിമ തുടങ്ങിയ കാര്യങ്ങളെയും കൊറോണ കാര്യമായി ബാധിച്ചിട്ടുണ്ട്‌. അവയെല്ലാം ക്രമേണ തിരിച്ചു പിടിക്കാനാവണം.

(ഐക്യരാഷ്‌ട്ര സഭ യുഎൻഇപി പ്രോഗ്രാമിൽ ദുരന്ത സാധ്യത ലഘൂകരണവിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top