18 June Friday

കോവിഡ്‌ പ്രതിരോധവും നൈതികതയും - ഫാ. അഗസ്‌റ്റിൻ പാംപ്ലാനി എഴുതുന്നു

ഫാ. അഗസ്‌റ്റിൻ പാംപ്ലാനിUpdated: Saturday Jun 13, 2020


കോവിഡ്‌ കാലഘട്ടം രാഷ്ട്രീയ സമീപനങ്ങൾക്ക് പിന്നിലെ ചില ദാർശനിക നിലപാടുകളുടെ പരീക്ഷണകാലം കൂടിയാണ്. പരീക്ഷിക്കപ്പെടുമ്പോൾ സ്വയം തെളിയിക്കുന്നവയാണ് ഉദാത്ത സിദ്ധാന്തങ്ങൾ. കോവിഡ്‌ രോഗപ്രതിരോധവും ചികിത്സയുമൊക്കെ ഒത്തിരി ചർച്ച ചെയ്യപ്പെടുമ്പോൾ ചില സൈദ്ധാന്തിക ധാരകളുടെ സ്വാധീനം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഹേർഡ് ഇമ്യൂണിറ്റിയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കു പിന്നിൽ ഇപ്രകാരമുള്ള ഒരു താത്വിക സംഘർഷമുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ പലതും ആരോഗ്യവും സാമ്പത്തികവും തമ്മിലുള്ള തെരഞ്ഞെടുപ്പിൽ ശങ്കിച്ചുനിന്നപ്പോൾ അർഥശങ്കയ്‌ക്കിടയില്ലാത്തവിധം ആരോഗ്യത്തിനും ജീവനും മനുഷ്യനുംവേണ്ടി നിലകൊണ്ട കേരളസർക്കാരിന്റെ ഒരു സുപ്രധാന തീരുമാനം മാധ്യമങ്ങളും സമൂഹവും ശ്രദ്ധിച്ചുവോ എന്ന് സംശയം. കുറെ പേരിൽ രോഗം ബാധിക്കാനനുവദിച്ച് അവരിൽ പ്രതിരോധശേഷി കൊണ്ടുവരികയും അതുവഴി സമൂഹം മുഴുവനായും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഹേർഡ് ഇമ്യൂണിറ്റി അഥവാ ആൾക്കൂട്ട (സാമൂഹ്യ) രോഗപ്രതിരോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. രോഗപ്രതിരോധത്തിനുവേണ്ടി ദീർഘകാലം രാജ്യം അടച്ചിടുന്നത് ഒഴിവാക്കാനും അതുവഴി സാമ്പത്തികവളർച്ച സംരക്ഷിക്കാമെന്നതുമാണ് ഇതിന്റെ നേട്ടമായി പറഞ്ഞിരുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ പലതും ഈ മാതൃക പരീക്ഷിക്കാൻ രോഗബാധയുടെ തുടക്കത്തിൽ ഗൗരവമായി ആലോചിച്ചിരുന്നു. പ്രത്യേകിച്ചും ബ്രിട്ടൻ ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു.

ഗൗരവമാർന്ന പല പ്രായോഗിക, ധാർമികപ്രശ്നങ്ങൾ ഇക്കാര്യത്തിലുണ്ട്‌. 70 മുതൽ 90 ശതമാനംവരെ ജനങ്ങൾ രോഗബാധിതരായി പ്രധിരോധശേഷി നേടിയാൽ മാത്രമേ പ്രയോജനമുള്ളു. അതിനായി രോഗത്തെ പ്രതിരോധിക്കാതെ രോഗവ്യാപനം വേഗത്തിൽ സംഭവിക്കാൻ ഇടയാക്കണം. ചിക്കൻപോക്സ് പോലെ അപകടം കുറഞ്ഞ രോഗങ്ങളിൽ ഇത് വിജയിക്കാമെങ്കിലും വാക്സിൻ ലഭ്യമല്ലാത്ത കോവിഡിന്റെ കാര്യത്തിൽ ഈ ശൈലി വളരെ അപകടകരമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കാരണം ഇതര പകർച്ചവ്യാധികളെ അപേക്ഷിച്ച് കോവിഡ്‌ കൂടുതൽ മാരകമാണ്. എല്ലാവരും രോഗപ്രതിരോധശേഷി കൈവരിക്കുന്നതിന് മുമ്പുള്ള മരണനിരക്ക് വളരെ കൂടുതലായിരിക്കും. സമൂഹത്തിനുവേണ്ടി ബലിയാടാകാൻ  കുറെ പേരുണ്ടായിരിക്കണം എന്ന് ചുരുക്കം. സാധാരണഗതിയിൽ വേണ്ടത്ര ആരോഗ്യപരിരക്ഷയില്ലാത്തവരും ആരോഗ്യപരമായി കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുമൊക്കെയാവും ബലിയാടുകളാവുക. ദേശീയ അടച്ചുപൂട്ടലിന് ഇതുവരെ തയ്യാറാകാത്ത ബ്രസീലിൽ ജനസംഖ്യയുടെ 21 ശതമാനം വരുന്ന കറുത്തവരാണ് മരിച്ചവരിൽ 55 ശതമാനവും എന്നത് ഒരു ഉദാഹരണം.

ഹേർഡ് ഇമ്യൂണിറ്റി സംബന്ധിച്ച പരീക്ഷണങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും ബ്രിട്ടന് വലിയ വില നൽകേണ്ടി വന്നു. ഇന്ത്യയിൽ തന്നെ നഗരങ്ങളിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള അഹമ്മദാബാദിൽ ഈ ശൈലി അവലംബിക്കുന്നതിന്റെ സൂചനകളുണ്ട്. രോഗവ്യാപനം വർധിക്കുന്ന അവസരത്തിൽ അഹമ്മദാബാദിൽ നൽകുന്ന യുക്തിപരമല്ലാത്ത ഇളവുകളുടെ പിന്നിൽ ഇത്തരമൊരു സമീപനത്തിലേക്ക് ഉത്തരവാദിത്തപ്പെട്ടവർ നീങ്ങിയിരിക്കുന്നുവോ എന്ന് സംശയിക്കണം. കുറെയേറെപ്പേർ മരിച്ചാലും കുഴപ്പമില്ല, എത്രയും വേഗം സമ്പദ്‌വ്യവസ്ഥയെ ഉദ്ധരിക്കുക, അതുവഴി അധികാരം ഉറപ്പിക്കുക എന്ന അധാർമിക സമീപനങ്ങൾ ഇവിടെ ആരും ശ്രദ്ധിക്കാതെ നടപ്പിൽ വരുത്തിയേക്കാം.

എയ്ഡ്സ് പടർന്നുപിടിച്ച് ആഫ്രിക്കയിൽ ഗ്രാമങ്ങൾ തന്നെ ഇല്ലാതായിക്കൊണ്ടിരുന്നപ്പോൾ അങ്ങനെ സംഭവിക്കുന്നത് നല്ലതാണെന്നായിരുന്നു പല മുതലാളിത്ത രാഷ്ട്രങ്ങളും അവലംബിച്ച തന്ത്രപരമായ മൗനത്തിന്റെ അർഥം. ദരിദ്രജനവിഭാഗത്തിന്റെ ജനസംഖ്യ കുറയുന്നതാണല്ലോ കമ്പോളത്തിന്റെ ലാഭക്കണക്കുകൾക്ക് നേട്ടം. ഇത് ഒരുതരം സോഷ്യൽ ഡാർവിനിസം ആണ്. ക്യാപ്പിറ്റലിസത്തിന് വലിയ മനഃസാക്ഷിക്കുത്തൊന്നുമില്ലാതെ നടപ്പാക്കാൻ സാധിക്കുന്ന പ്രയോഗികസമീപനം.


 

പ്രത്യക്ഷത്തിൽ ആരും ഇങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലും മുതലാളിത്തത്തിന്റെ ആസ്ഥാനമായ അമേരിക്കയിൽ പരോക്ഷമായും ഭാഗികമായും നടപ്പാക്കപ്പെട്ടത് ഇങ്ങനെയൊരു സമീപനമാണ് എന്ന് കാണാം. 13 ശതമാനംമാത്രം കറുത്തവരുള്ള അമേരിക്കയിൽ മരിച്ചവരിൽ നാലിലൊന്നും കറുത്തവരാണ് എന്നതിൽനിന്ന്‌ ഈ മനോഭാവത്തിന്റെ പ്രകടമായ അപകടം കാണാം. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന വിധ്വംസക തത്വശാസ്‌ത്രമാണ് പ്രസിഡന്റ് ട്രംപ്‌ അവലംബിച്ചിരിക്കുന്നതെന്ന് ഹാർവാർഡ് സർവകലാശാലയിലെ തത്വചിന്തകനായ സാൻഡേഴ്സൺ ന്യൂയോർക് ടൈംസിനുള്ള അഭിമുഖത്തിൽ തുറന്നടിച്ചു. സാമ്പത്തികത്തിന്റെ കാര്യം പറഞ്ഞ് അടച്ചുപൂട്ടൽ വൈകിപ്പിച്ചതും രോഗവ്യാപനം നിലനിൽക്കുമ്പോൾ തന്നെ രാജ്യം തുറന്നുകൊടുക്കുന്നതുമൊക്കെ സോഷ്യൽ ഡാർവിനിസത്തിന്റെ ഭയാനക മുഖങ്ങൾ തന്നെയാണെന്ന് സാൻഡേഴ്സൺ വിമർശിക്കുന്നു.

- സോഷ്യൽ ഡാർവിനിസം ഡാർവിന് തന്നെ അസ്വീകാര്യമായ ഒരു സിദ്ധാന്തമായിരുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഡാർവിന്റെ മനുഷ്യോൽപ്പത്തിയെ സംബന്ധിച്ച പുസ്തകം പ്രസിദ്ധീകരിച്ചതിനുശേഷമാണ് ഈ കാഴ്ചപ്പാട് കടന്നുവന്നത്. പരിണാമത്തിന്റെ പ്രകൃതിനിർദ്ധാരണ തത്വം ജീവികളുടെ അനുരൂപണ ശേഷിയെ മാനദണ്ഡമാക്കിയതുപോലെ എല്ലാ അർഥത്തിലും കരുത്തരായ മനുഷ്യരെ മാത്രമേ സമൂഹത്തിന് ആവശ്യമുള്ളു എന്ന സമീപനമാണിത്.

ആഗോളതലത്തിൽ തന്നെ മുതലാളിത്ത രാഷ്ട്രീയ വ്യവസ്ഥിതികളുടെ മുൻഗണനകൾ പലതും മാറിമറിയുമ്പോഴും ജീവന്റെ പക്ഷം ചേരാൻ കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിന് രണ്ടിലൊന്ന് ചിന്തിക്കാനില്ലായിരുന്നു. ഒരിക്കൽക്കൂടി സോഷ്യൽ ഡാർവിനിസവും സമത്വാധിഷ്ഠിത മാനവികതയും തമ്മിൽ  അഭിമുഖീകരിക്കുമ്പോൾ, മുതലാളിത്ത രാഷ്ട്രങ്ങൾ സന്ദേഹികളായി നിൽക്കുമ്പോഴും കമ്യൂണിസത്തിന്റെ ദർശനത്തിന്‌ കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് കേരളത്തിലെ ഗവൺമെന്റ്‌ തെളിയിക്കുന്നു.

(ആലുവ ലിറ്റിൽ ഫ്‌ളവർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിലോസഫി ആൻഡ്‌ റിലീജിയനിൽ റിസർച്ച്‌ കോ ഓർഡിനേറ്ററാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top