24 March Sunday

മെസ്സിയെന്ന അന്യഗ്രഹജീവി

എം എ ബേബിUpdated: Wednesday Jun 13, 2018

മെസ്സി, മെസ്സി, മെസ്സി... ആറോ ഏഴോ വയസ്സുള്ള ഒരു കൊച്ചുകുഞ്ഞ് ഉന്മാദബാധിതനെപ്പോലെ ആവേശഭരിതനായി ആർത്തുവിളിക്കുന്ന ആ രംഗം മറക്കാനാകില്ല. പ്രശസ്ത കലാകാരൻ റിയാസ് കോമു തന്റെ ക്യാമറയിൽ അതു പകർത്തുന്നത് അപ്പുവും ഞാനും ഓർക്കുന്നു. രംഗം കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള യുബഭാരതി ക്രീഡാംഗൻ സ്റ്റേഡിയം. ആദ്യമായി ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന 2014ലെ ലോകകപ്പിന്റെ മുന്നൊരുക്കമായി നടന്ന വെനസ്വേലയുമായുള്ള അർജന്റീനയുടെ സൗഹൃദമത്സരമാണ് രംഗം.

'ലയണൽ ഓന്ദ്രേ മെസ്സി കുക്ക്സിനിറ്റി'യെന്ന ഫുട്ബോൾ മാന്ത്രികന്റെ കാൽപ്പാദ ചലനചാരുതയും തലച്ചോറിൽ രൂപംകൊള്ളുന്ന കേളീതന്ത്രങ്ങളുടെയും ചടുല അടവുകളുടെയും അനന്യതയും അതിൽ ആകൃഷ്ടരായ എണ്ണമറ്റ ഫുട്ബോൾ ഭ്രാന്തന്മാരുടെ അത്യാനന്ദതീക്ഷ്ണമായ 'മെസ്സി മെസ്സി' അലർച്ചകളും ഇന്നും ഓർമയിലുണ്ട്. മെസ്സിയുടെ മനോഹരമായ ഒരു കോർണർകിക്കിൽനിന്ന് നിക്കോളാസ് ഓട്ടോമെൻഡി നേടിയ ഒരു ഗോളിന് അർജന്റീന ജയിച്ചു. മെസ്സി പന്തുതൊട്ട നിമിഷങ്ങൾ ഗ്യാലറികളിലിരുന്ന മനുഷ്യർ വൈദ്യുതാഘാതത്തിലെന്നവണ്ണം ത്രസിക്കുകയായിരുന്നു. 

2018ന്റെ റഷ്യൻ ലോകകപ്പിനോടനുബന്ധിച്ച് ഉയരുന്ന ഒരു പ്രധാന ചോദ്യം ഫുട്ബോൾലോകത്ത് സർവതും നേടിയ 'മെസ്സി'യെ ഒഴിഞ്ഞുമാറുന്ന ലോകകപ്പിൽ മുത്തമിടാൻ ഇത്തവണയെങ്കിലും..? ഒരുപാടുപേർ ആശിക്കുന്നുണ്ടാകാം അത് ഇത്തവണയെങ്കിലും നടക്കണേയെന്ന്. അതാഗ്രഹിക്കുന്ന അസംഖ്യം ഫുട്ബോൾ ഭ്രാന്തന്മാരിൽ ഒരാളാണ് ഈയെഴുത്തുകാരനും. എന്നാൽ 'മെസ്സി'യുടെ അവിസ്മരണീയമായ കേളീമാന്ത്രികതയുടെ മൂല്യത്തെ ഒട്ടും ബാധിക്കാത്ത കാര്യമാണ് ലോകകപ്പ് വിജയിക്കാൻ കഴിയാത്ത പ്രശ്നമെന്നാണ‌് എന്റെ അഭിപ്രായം. ഉദാഹരണത്തിന് എക്കാലത്തെയും അതുല്യരായ ഫുട്ബോളർമാരിൽ ഒരാളായി നിസ്സംശയം വാഴ്ത്തപ്പെടുന്ന ആൽഫ്രഡോഡി സെറ്റഫാനോ ലോകകപ്പിന്റെ അവസാനവട്ടം കളിച്ചിട്ടേയില്ല.

കപ്പിൽ മുത്തമിട്ടിട്ടില്ലെന്നു പിന്നെ പറയേണ്ടതില്ലല്ലോ. അസാമാന്യ ഫുട്ബോൾ പ്രതിഭകളായിട്ടും ലോകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയവരുടെ കൂട്ടത്തിൽ യൊഹാൻ ക്രൈഫ് (ഹോളണ്ട്), യുസേബിയോ (പോർച്ചുഗൽ), പുസ്കാസ് (ഹംഗറി), ലെവ്യാഷിൻ (സോവിയറ്റ് ഗോളി) തുടങ്ങിയവരെയും ഓർമിക്കാം.
ഇതുവരെയെന്താണ് മെസ്സി ഫുട്ബോളിന് നൽകിയത്? ഗോളടിച്ചുകൂട്ടി റെക്കോഡുകൾക്കുപിറകെ റെക്കോഡുകൾ ഭേദിക്കുന്നുണ്ട് എന്നതിലൊതുങ്ങുന്നതല്ല മെസ്സിമാജിക്; അത് പ്രധാനമാണെങ്കിലും. പെലയും മറഡോണയും ക്രൈഫും ഉജ്വലിപ്പിച്ച ഈ സംഘസിംഫണിയെ പുതിയ ഒരു തലത്തിലേക്ക,് കളിസ്വഭാവത്തിൽ നൽകിയ പ്രതിഭാസ്പർശത്തിലൂടെ ഉയർത്താൻ മെസ്സിക്ക‌് കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ ഒരു കളിയുടെ അവസാനവിസിൽ ഉയരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ പെനാൽട്ടി അതിർത്തിക്കു പുറത്തുനിന്ന് വെട്ടിച്ചുകയറി തൊടുത്ത ഇടങ്കാലനടി പറന്നുയർന്ന് ഗോൾപോസ്റ്റിന്റെ അചുംബിതസ്ഥാനത്തെ തഴുകി വല ചലിപ്പിച്ച നിമിഷം, അതുകണ്ട ആർക്കെങ്കിലും മറക്കാൻ കഴിയുമോ? ഇറാനെതിരായ മത്സരമായിരുന്നു അത്. നൈജീരിയക്കെതിരായ ഫ്രീകിക്ക് ഗോളും അന്യാദൃശം. ആ കേളീമികവ് ജർമനിക്കെതിരായ കലാശക്കളിയിൽ പുറത്തെടുക്കാനായില്ല എന്നത‌് മറ്റൊരു കാര്യം.

ചാമ്പ്യൻസ് ലീഗിലും ക്ലബ്് ഫുട്ബോളിലും മെസ്സി എഴുതിച്ചേർത്തിട്ടുള്ള മനോഹരകവിതകൾ താരതമ്യരഹിതമാണെന്ന് ഫുട്ബോൾ ഇഷ്ടപ്പെടുന്നവർ സമ്മതിക്കും. 2015ലെ ചാമ്പ്യൻസ് ലീഗ്ഒന്നാം സെമിഫൈനലിൽ അന്നത്തെ ഏറ്റവും കരുത്തുറ്റ ടീമായിരുന്ന ബയൺമ്യൂണിക്കെതിരെ ആദ്യം ഇടങ്കാലുകൊണ്ടും പിന്നീട് വലംകാലുകൊണ്ടും സൃഷ്ടിച്ച വിസ്മയഗോളുകൾ... പോരാഞ്ഞ് നെയ്മറിന് തളികയിലെന്നപോലെ വച്ചുകൊടുത്ത മെസ്സിപാസിൽനിന്നു പിറന്നുവീണ മൂന്നാംഗോൾ, ഫുട്ബോൾ അപഗ്രഥനപടുക്കൾ അവയെപ്പറ്റി എത്ര ദീർഘപഠനങ്ങളാണ് നടത്തിയത്? 2014ലെ ലോകകപ്പ് ജയിച്ച ജർമനിയുടെ മിക്കവാറും പ്രഗത്ഭരെല്ലാം അടങ്ങിയതായിരുന്നു ആ ബയൺ മ്യൂണിക് ടീം. ഗോൾപോസ്റ്റിൽ മതിലുപോലെ പ്രതിരോധം തീർക്കുന്ന മാനുവൽ പീറ്റർ നോയർ എന്ന അതികായനെയും മെസ്സിയെ അനങ്ങാൻ വിടാതിരിക്കാൻ ചുമതലപ്പെടുത്തപ്പെട്ട പ്രതിരോധനിരക്കാരൻ ജെറോംബോട്ടെങ്ങും അപമാനിതരും നിസ്സഹായരുമായ മാന്ത്രികപ്രകടനമായിരുന്നു രണ്ടാംഗോളിന്റെ ഭാഗമായി മെസ്സി കാഴ്ചവച്ചത്. മെസ്സിയുടെ നീക്കത്തെ തന്റെ കൈവശമുള്ള 'ബുൾഡോസർ'കൊണ്ട‌് തടുക്കാനൊരുങ്ങിയ ബോട്ടെങ് പക്ഷേ, മെസ്സിയുടെ ചടുല ചലനങ്ങളുടെ അപ്രതീക്ഷിത ഗതിമാറ്റം താങ്ങാനാകാതെ നിലംപതിച്ചുപോയി! ഒരു ശരീരസ്പർശവും കൂടാതെ. അപകടം മണത്ത കരുത്തനും പ്രതിഭാശാലിയുമായ ഗോളി നോയർ മെസ്സിക്കുനേരെ പാഞ്ഞടുത്ത്, പന്ത് പോസ്റ്റിലയക്കാൻ ഒരിഞ്ച‌് സ്ഥലംപോലും അനുവദിക്കാതെ ഭദ്രമായ തന്റെ തന്ത്രത്തിന്റെ കരുത്തിൽ വിജയമന്ദസ്മിതം തൂകി. അതിനിടയിൽ മെസ്സി വലംകാലുകൊണ്ട് നോയറിന്റെ തലയ്ക്കുമുകളിലൂടെ പന്ത് കോരിയിട്ടു. ആ പന്ത് ഗോൾവല കുലുക്കുന്നതിന്റെ മുമ്പ് അടിച്ചകറ്റാൻ ഓടിയെത്തിയ ബയൺ പ്രതിരോധക്കാരന്റെ കാൽച്ചലനങ്ങൾക്ക് പിടികൊടുക്കാതെ പന്ത് വലതൊട്ടു.  ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ റോജർഫെഡററോട് തോറ്റ ജോക്കോവിച്ച് മത്സരാനന്തര വാർത്താസമ്മേളനത്തിൽ പറഞ്ഞത് മെസ്സിയുടെ കാര്യത്തിലും ശരിയാണ്‐ "പന്ത് അങ്ങോര് പറയുന്നതേ അനുസരിക്കൂ''.

മെസ്സിയുടെ 'മറഡോണിയൻ' ഗോൾപോലെ അതിപ്രശസ്തമായ എണ്ണം പറഞ്ഞ അസാധാരണഗോളുകൾ എത്രയെണ്ണമെങ്കിലും 'യുട്യൂബിൽ' ചെന്നുകാണാനുള്ള അവസരം ഇന്ന് ലഭ്യമാണ്. 11 വർഷംമുമ്പ് 2007 ഏപ്രിൽ 18ന് കോപ്പ ഡെൽറോയുടെ സെമിഫൈനലിൽ 28‐ാംമിനിറ്റിലാണ് ഗറ്റാഫേയെക്കെതിരെ ആ വിസ്മയഗോൾ പിറന്നത്. സ്വന്തം പകുതിയിൽവച്ച് സാവിഹെർനാണ്ടസിൽനിന്ന് സ്വീകരിച്ച പാസുമായി നൃത്തച്ചുവടുകളോടെ ഒന്നിനുപിറകെ ഒന്നായി ഗോളി ഉൾപ്പെടെ അഞ്ച് ഗറ്റാഫെ കളിക്കാരെ വെട്ടിച്ചൊതുക്കി പന്ത് ഗോൾപോസ്റ്റിലേക്ക് ഉരുട്ടിയയച്ചപ്പോൾ അത് ഗോൾരേഖ കടക്കുന്നത് തടയാൻ ഓടിയെത്തി തെന്നിവീണുനോക്കിയ കോർട്ട്സിന്റെ അന്ത്യശ്രമവും മെസ്സിയുടെ സൂക്ഷ്മസമയക്കണക്കിനുമുന്നിൽ പരാജയപ്പെട്ട രംഗം ഫുട്ബോളിനൊരിക്കലും മറക്കാനാകില്ല. ഇംഗ്ലണ്ടിനെതിരെ ലോകകപ്പ് മത്സരവേദിയിൽ മറഡോണ ഒരുക്കിയ ചരിത്രഗോൾ (അതിനുതൊട്ടുമുമ്പ് ദൈവത്തിന്റെ കൈയിൽ പിറന്ന മറ്റൊരു ഗോളും ചരിത്രംതന്നെ!) 1986ൽ നടന്ന മെക്സിക്കോ ലോകകപ്പിലായിരുന്നു. അത് തത്സമയം ടിവി സ്ക്രീനിൽ കണ്ടതോർക്കുന്നു. 2011ൽ റയൽമാഡ്രിഡിനും 2013ലും 2015ലും അത്ലാറ്റിക്കോബിൽബിഓക്കും എതിരെ മെസ്സി ഒറ്റയ്ക്കു നടത്തിയ സംഗീതാത്മക ഫുട്ബോൾനീക്കം കടുത്ത റൊണാൾഡോ ആരാധകരെപ്പോലും രഹസ്യമായി മെസ്സിയെ പ്രണയിക്കാൻ പ്രേരിപ്പിക്കുമെന്നാണ് തോന്നുന്നത്.

'മെസ്സി ഒരന്യഗ്രഹജീവിയാണ്. മനുഷ്യരായ നമ്മളുമൊത്തു കളിക്കാൻ സന്നദ്ധനായിരിക്കുന്നു. ഈ ശനിയാഴ്ച എന്റെ ടീമിനെതിരെ കളിക്കുമ്പോൾ മെസ്സി നമ്മളെപ്പോലെ ഈ ഭൂമിയിൽതന്നെയുള്ള മനുഷ്യനായി മാറണേയെന്നാണ് ഞാൻ മോഹിക്കുന്നത്'‐ഇറ്റലിയുടെ ക്യാപ്റ്റൻകൂടിയായ അതുല്യഗോളി ബഫൺ പറഞ്ഞ വാക്കുകളാണിത്.

ഈ അത്ഭുതപ്രതിഭ ജീവിക്കുകയും കളിക്കളത്തിൽ വിസ്മയപരമ്പരകൾ കാഴ്ചവയ്ക്കുകയും ചെയ്ത കാലത്ത് ജീവിക്കാൻ കഴിഞ്ഞത് നമ്മുടെ നിർവൃതി. അത് പൂർണമാകാൻ ഇത്തവണത്തെ ലോകകപ്പിൽ മുത്തമിടാൻ നമ്മുടെ മണിമുത്തായ മെസ്സിക്കു കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചുപോകുക സ്വാഭാവികം. എന്നാൽ, ഇരുടീമുകളിലുമായി 22 പേർ ഓരോ മത്സരദിവസവും എത്രമാത്രം പ്രതിഭയും കായികക്ഷമതയും ഒത്തിണക്കവും പ്രകടിപ്പിക്കുന്നു അഥവാ പ്രകടിപ്പിക്കുന്നില്ല എന്നതിനെ ആശ്രയിച്ചിരിക്കുന്നു മികച്ച ടീമുകളിൽ ഏതാണ്് അന്തിമപോരാട്ടത്തിൽ വിജയശ്രീലാളിതമാകുന്നത് എന്നത്. അമ്പയർമാരുടെ തീരുമാനങ്ങളും മറ്റൊരു ഘടകമാണ്.

ചെ ഗുവേരയുടെ ഗ്രാമമായ റൊസാരിയോയിൽ ജനിച്ച മെസ്സിക്ക് 'ചെ'യുടെ രക്തസാക്ഷിത്വത്തിന്റെ 50‐ാംവാർഷിക വർഷത്തിൽ  'ചെ'യുടെ ഓർമയ്ക്കുമുന്നിൽ സമർപ്പിക്കാവുന്ന ആദരമാകുമോ ലോകകപ്പ്? ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദിയാഘോഷങ്ങൾ നിറവുചാർത്തിയ റഷ്യയിൽ നടക്കുന്ന ലോകകപ്പ് എടുത്തുയർത്താൻ ആർക്കാണ് കഴിയുക എന്നത് കായികലോകം കണ്ണുംനട്ടിരിക്കുന്ന ദിനരാത്രങ്ങളാണിനി. അധീശത്വങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ വീരഗാഥകൾ രചിക്കുന്ന ഒരു ലാറ്റിനമേരിക്കൻ രാഷ്ട്രമാകണം ലെനിന്റെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന റഷ്യയിൽവച്ച് ആദ്യമായി നടക്കുന്ന ലോകകപ്പിൽ മുത്തമിടാൻ എന്നു മോഹിച്ചുപോകുന്നു. ഐതിഹാസികനേട്ടങ്ങൾ കൈവരിച്ച സോവിയറ്റ് ഗോളി ലെവ്യാഷിന്റെ നാട്ടിലെ ഈ ലോകകപ്പ് അത്യന്തം ആഹ്ലാദകരമായ ഒരനുഭവമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച കളി ഓരോടീമിനും ഓരോ കേളീപ്രതിഭയ്ക്കും ലോകകപ്പ് വേദിയിൽ ആവിഷ്കരിക്കാനാകട്ടെ. ഒപ്പം മെസ്സിയുടെ ലോകകപ്പ് മോഹം ഇത്തവണയെങ്കിലും പൂവണിയട്ടെ എന്നും മോഹിക്കുന്നു. നെയ്മറിന്റെ ബ്രസീലും റൊണാൾഡോയുടെ പോർച്ചുഗലും ക്ലിനിക്കൽ സൂക്ഷ‌്മതയോടെ യാന്ത്രികമായി ഗോളടിച്ചുകൂട്ടുകയും വിജയം പിടിച്ചുവാങ്ങുകയും ചെയ്യുന്ന ജർമനിയും മറ്റു ചില അപ്രതീക്ഷിത ടീമുകളും മെസ്സിയുടെ മുഖ്യ മാർഗതടസ്സങ്ങളാകാം. അതൊക്കെ അതിജീവിക്കാൻ മെസ്സിക്കും കൂട്ടുകളിക്കാർക്കും കഴിയുമോ?

പ്രധാന വാർത്തകൾ
 Top