12 July Sunday

പ്രതിപക്ഷമെന്ന മഹാമാരി - പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌Updated: Wednesday May 13, 2020

ഈ കോവിഡ് കാലത്ത് മലയാളി മരിച്ചുവീഴാത്തതിൽ ദുഃഖവും നിരാശയും പ്രകടമാകുന്ന പ്രസ്താവനകളും പ്രവൃത്തിയുമാണ് പ്രതിപക്ഷവും ഒരു സംഘം മാധ്യമങ്ങളും ഇപ്പോൾ നടത്തുന്നത്.  ഇത്രയും സങ്കുചിതമായി, മനുഷ്യജീവന് തെല്ലും വിലകൊടുക്കാതെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർടി കേരളത്തിലെ കോൺഗ്രസല്ലാതെ ലോകത്തുതന്നെ മറ്റൊന്നുണ്ടാകില്ല. കേരളം കൈവരിക്കുന്ന നേട്ടങ്ങളും നാടിന് ലഭിക്കുന്ന അംഗീകാരവും തങ്ങളുടെ അധികാരമോഹങ്ങളെ ബാധിക്കുമോ എന്നത് മാത്രമാണ് ഇവരെ അസ്വസ്ഥമാക്കുന്നത്.

ലോകത്തെമ്പാടുമുള്ള മലയാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നത് ഇവിടം സുരക്ഷിതമാണെന്ന് അവർ കരുതുന്നതുകൊണ്ടുകൂടിയാണ്. എന്നാൽ, ലോകത്ത് എല്ലാവരും അവരവരുടെ നാടുകളിലേക്ക് എങ്ങനെയും പോകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കരുതരുത്. അമേരിക്കൻ പൗരനായ ഡോക്ടർ ടെറി ജോൺ കോൺവേഴ്സ്  തിരിച്ച് സ്വന്തം നാടായ അമേരിക്കയിലേക്ക് പോകേണ്ടെന്നും കേരളത്തിൽ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനം അദ്ദേഹം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും വിശദീകരിക്കുന്നുണ്ട്. ഉടനെയൊന്നും യുഎസിലേക്ക് തിരിച്ചുവരേണ്ടെന്ന് ഭാര്യയും മക്കളും ആവശ്യപ്പെട്ടെന്ന് അദ്ദേഹം പറയുന്നു. ലോകത്തെ വൻശക്തിയായ യുഎസിനെക്കാളും സുരക്ഷിതം കേരളമാണെന്ന് അമേരിക്കക്കാരൻ പരസ്യമായി പറയുന്നുവെന്നത് ചെറിയ കാര്യമല്ല. വാഷിങ്ടൺ സർവകലാശാലയിലെ അധ്യാപകനും നാടകപ്രവർത്തകനുമായ ഡോക്ടർ ടെറി കേരളത്തിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തുന്ന പ്രവർത്തനം അമേരിക്കയിൽ സങ്കൽപ്പിക്കാൻപോലും കഴിയില്ലെന്ന് പരസ്യമായി പറയുന്നു. ഇത് മലയാള മനോരമയുടെ ‘ഞായറാഴ്ച”യിൽ അച്ചടിച്ച് വന്നതുകൊണ്ട്  സ്പ്രിങ്കിളിന്റെ അക്കൗണ്ടിൽ ചെന്നിത്തല ചേർക്കില്ലായിരിക്കും!

അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന്‌ കേരളം വ്യത്യസ്തമായത് ഇച്ഛാശക്‌തിയോടെ സർക്കാർ പ്രവർത്തിക്കുന്നതും അതിനൊപ്പം ജനങ്ങളും അണിനിരന്നതുകൊണ്ടുമാണ്. അസാധാരണമായ സാഹചര്യത്തിൽ സർക്കാർ സ്വീകരിച്ച അസാധാരണമായ നടപടികൾക്കൊപ്പം പൗരബോധമുള്ള ജനങ്ങളും അണിചേർന്നു. ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയതുപോലെ സർക്കാർ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും വരുത്തുന്നത് ജനങ്ങളുടെ ജീവനും സുരക്ഷയ്‌ക്കും വേണ്ടിയാണ്. ഇത് മനസ്സിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതാക്കൾ ഒഴികെയുള്ളവർ2ക്കും നല്ലൊരു പങ്ക് മാധ്യമങ്ങൾക്കും കഴിഞ്ഞിരുന്നു. തനിക്ക് സ്വതന്ത്രമായി നടക്കാൻ ഭരണഘടനാപരമായി അധികാരമുണ്ടെന്നു പറഞ്ഞ് ലോക്ക്ഡൗൺ ലംഘിച്ച് ആളുകൾ പുറത്തിറങ്ങാൻ ശ്രമിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി. അങ്ങനെ വന്നാൽ നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുമായിരിക്കും. എന്നാൽ, കഠിനമായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ പൊലീസും മറ്റ്‌ സംവിധാനങ്ങളും അതിലേക്ക് കേന്ദ്രീകരിക്കേണ്ടിവന്നാൽ ഉണ്ടാകുമായിരുന്ന അവസ്ഥ എന്തായിരിക്കും? എന്നാൽ, ജനങ്ങൾ സാഹചര്യത്തിന്റെ ഗൗരവം  ഉൾക്കൊണ്ട് പ്രവർത്തിച്ചു. കോവിഡ് പരത്തുന്ന ആളാണെന്ന്‌ സംശയിക്കുന്നതുകൊണ്ടാണോ തന്നെ വീട്ടിൽ അടച്ചിരുത്തിയിരിക്കുന്നതെന്ന് ഒരാളുപോലും ചോദിച്ചില്ല. താൻ മരണം വിതയ്‌ക്കുന്നവനാണെന്ന് സർക്കാരിന് തോന്നിയതുകൊണ്ടാണോ ആരാധനാലയത്തിൽ പോയി പ്രാർഥിക്കാൻ അനുവദിക്കാത്തതെന്നും ഒരാളും ചോദിച്ചില്ല. എന്നു മാത്രമല്ല, മതമേധാവികൾതന്നെ ആരാധനകൾക്ക് നിയന്ത്രണം വരുത്തുന്ന ഉത്തരവാദിത്തം ഏറ്റെടുത്തു.

തങ്ങൾക്ക് സ്വന്തം നാട്ടിലേക്ക് വരാൻ പാസെന്തിനാണെന്നും കേരളം വേറെ രാജ്യമാണോ എന്നും പൗരബോധവും മനുഷ്യത്വവുമുള്ള ആരും ചോദിച്ചില്ല. ഇവരാരുംതന്നെ ഉന്നയിക്കാത്ത ചോദ്യം ചില മാധ്യമങ്ങളും പ്രതിപക്ഷനേതാക്കളും മാത്രമാണ് ഉയർത്തിയത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ പാസെടുത്ത് നിശ്ചിത ക്രമീകരണങ്ങളിലൂടെ കേരളത്തിലേക്ക് എത്തിയ അരലക്ഷത്തിനടുത്ത മലയാളികളും സമാനമായ ചോദ്യവും ഉന്നയിച്ചില്ലെന്നുകൂടി കാണണം. അവർക്കും അറിയാം ഈ ക്രമീകരണങ്ങൾ ഇടതുപക്ഷ സർക്കാരിന്റെ ക്രെഡിറ്റിനായുള്ളതല്ല തങ്ങളുടെകൂടി ജീവൻ രക്ഷിക്കാനുള്ളതാണെന്ന്. മറ്റ്‌ സംസ്ഥാനത്തുനിന്നുള്ള ഒരാൾ പാസിനായി അപേക്ഷിക്കുമ്പോൾ അത് അതതു ജില്ലാ ഭരണസംവിധാനത്തിനു മാത്രമല്ല, അപേക്ഷകർ വരുന്ന പ്രദേശത്തെ തദ്ദേശഭരണസ്ഥാപനങ്ങൾക്കും കംപ്യൂട്ടർ സംവിധാനത്തിൽ ലഭിക്കും. അപേക്ഷകർ വരുന്ന സ്ഥലങ്ങളിലെ കോവിഡ് സോണിനനുസരിച്ച് ക്വാറന്റൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടാണ് സമയം നിശ്ചയിച്ച് പാസ് കൊടുക്കുന്നത്. വരുന്നയാൾവഴി മറ്റൊരാൾക്കും വൈറസ് ബാധ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള മുൻകരുതലും വരുന്നയാൾക്ക് എന്തെങ്കിലും ചികിത്സ വേണ്ടിവന്നാൽ സമയബന്ധിതമായി ഉറപ്പുവരുത്താനുമാണ് ഈ സംവിധാനം. പാസില്ലാതെ എല്ലാവരെയും കടത്തിവിടണമെന്ന് ആവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യം ഈ മുൻകരുതലുകൾ തകർക്കണമെന്നാണ്. അതുവഴി കേരളത്തിൽ സമൂഹവ്യാപനം എങ്ങനെയെങ്കിലും സംഭവിക്കണമെന്നാണ്. നമ്മൾ എത്രശ്രമിച്ചാലും സമൂഹവ്യാപനമുണ്ടായെന്നുവരാം. എന്നാൽ, അത് നിയന്ത്രിതമാക്കലും അപകടസാധ്യത കൂടുതലുള്ളവരിലേക്ക് എത്താതിരിക്കലും ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തലുമാണ് പ്രധാനം. ഇതെല്ലാം മനസ്സിലാക്കിയാണ് സർക്കാർ സംവിധാനങ്ങൾ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവർത്തിക്കുന്നത്.

പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതും മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനായി നിയമം കൊണ്ടുവന്നതും  കൈ കഴുകണമെന്ന് നിർബന്ധിക്കുന്നതും പിണറായിയുടെ ധിക്കാരമല്ലെന്നും മനുഷ്യരുടെ  ജീവൻ രക്ഷിക്കണമെന്ന നിർബന്ധമാണെന്നും മലയാളി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെതന്നെ മറ്റു സംസ്ഥാനത്തുനിന്ന്‌ വരുന്ന മഹാഭൂരിപക്ഷവും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തങ്ങളുടെ ജീവന്റെ രക്ഷയ്‌ക്കുകൂടിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, പ്രതിപക്ഷത്തിന്റെ  ഇടപെടൽ ഇതിന് പൂർണമായും എതിരാണ്. അതിർത്തികടന്നുവരുന്നവരെ സ്കൂളുകളിലെ ക്യാമ്പുകളിൽകൊണ്ട് താമസിപ്പിച്ചുകൂടെയെന്ന് ഒരു പാർലമെന്റ്‌ അംഗം ചോദിക്കുന്നത് അജ്ഞത കൊണ്ടാകാൻ ഇടയില്ല. വരുന്നവരിൽ ആർക്കെങ്കിലും ഒരാൾക്ക് വൈറസ് ബാധയുണ്ടെങ്കിൽ അത് എല്ലാവരിലേക്കും പടരട്ടേയെന്ന അപകടകരമായ ചിന്തയാണ്. ഇതുതന്നെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണത്തിലും കാണുന്നത്. കേരളത്തിലേക്ക് പ്രത്യേകം ഏർപ്പെടുത്തുന്ന നോൺസ്റ്റോപ്പ് ട്രെയിൻ വേണ്ടെന്നും സാധാരണ സർവീസ്‌തന്നെ മതിയെന്നും അത് ആശ്വാസമാണെന്നും ചെന്നിത്തല പറയുന്നതും മഹാമാരിയുടെ വ്യാപനം മനസ്സിൽക്കണ്ടുള്ള പ്രതികരണമാണ്. പുറത്തുനിന്ന്‌ ആളുകളെ നിയന്ത്രിക്കുന്നത് രോഗികളുടെ എണ്ണം കുറവാണെന്ന ക്രെഡിറ്റ് കേരളത്തിന് നഷ്ടപ്പെടുമെന്ന ഭീതികൊണ്ടാണെന്ന് ചില എംഎൽഎമാരും പറയുന്നു.


 

മറ്റു സംസ്ഥാനത്തുനിന്ന്‌ വരുന്നവരിൽ ഒരാളെങ്കിലും രോഗബാധിതനാണെങ്കിൽ അവർക്ക് ഏറ്റവും ശരിയായ ചികിത്സ നൽകി സുഖപ്പെടുത്തുന്നതിനും അവരിൽനിന്ന് മറ്റൊരാളിലേക്കും പകരാതിരിക്കുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നത്. അത് പുറത്തുനിന്നുവരുന്നവരുടെയും ഇവിടെയുമുള്ള മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി മാത്രമാണ്. സംസ്ഥാന സർക്കാർ ഒരുക്കിയ അതിസുരക്ഷാ ജാഗ്രതയോടെയുള്ള സംവിധാനങ്ങളാണ് ഇതുവരെ രോഗവ്യാപനത്തെ തടഞ്ഞുനിർത്തിയതും മരണനിരക്ക് കുറച്ചതും. എന്നാൽ, ഈ ശ്രമങ്ങളെ തകർക്കുന്നതിനാണ് തുടക്കംമുതൽ കോൺഗ്രസ് ശ്രമിച്ചത്. 30 ഡിഗ്രിയിൽ കൂടുതൽ ചൂടിൽ വൈറസ് ജീവിക്കില്ലെന്ന് പ്രഖ്യാപിച്ച ചില നേതാക്കൾ 40 ഡിഗ്രിയിലും മാസ്കും ധരിച്ച് പുതിയ കണ്ടുപിടിത്തങ്ങൾ വിശദീകരിക്കുന്നത്‌ ജനങ്ങൾ കാണുന്നുണ്ട്. അടച്ചുപൂട്ടൽ വേണ്ടെന്നും അമേരിക്കൻ മോഡൽ മതിയെന്നും നിയമസഭയിൽ ഉപദേശം കൊടുത്ത ചെന്നിത്തല ഇപ്പോൾ അത് അറിഞ്ഞ മട്ട് നടിക്കുന്നില്ല! അതൊന്നും സർക്കാർ പരിഗണിക്കാത്തതുകൊണ്ട്  ഇവിടെ അമേരിക്കയിലേതുപോലെ പതിനായിരങ്ങൾ മരിച്ചില്ലല്ലോ എന്ന വിഷമമാണ് ഇക്കൂട്ടർക്കുള്ളതെന്നാണ് പ്രതികരണങ്ങളും പ്രവൃത്തികളും തെളിയിക്കുന്നത്.

ഇതോടൊപ്പംതന്നെ സർക്കാർ ക്രമീകരണങ്ങളെ സംശയത്തിന്റെ മുനയിൽനിർത്തുന്നതിനും സാമ്പത്തികമായി  നാടിനെ ശ്വാസം മുട്ടിക്കുന്നതിനും ശ്രമിച്ചു. സർക്കാർ വിവരങ്ങൾ ശേഖരിക്കുന്നത് പഴുതടച്ച പ്രതിരോധം ഉറപ്പുവരുത്തുന്നതിനാണ്. രോഗിയുടെ വിവരങ്ങളിലൂടെ വ്യാപനം തടയുമെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ശരിയായ ചികിത്സ താമസംകൂടാതെ ഉറപ്പുവരുത്തുന്നതിനുമാണ്. പുറത്തുനിന്ന്‌ വരുന്നവരുടെ വിവരശേഖരണവും വീഴ്ചയില്ലാത്ത സുരക്ഷാക്രമീകരണവും ഉറപ്പുവരുത്തുന്നതിനുള്ള മുന്നുപാധിയാണ്. ഇവിടെ വിവരചോർച്ച എന്നുപറഞ്ഞ് വിവാദമുണ്ടാക്കിയ കോൺഗ്രസ് നേതൃത്വം കേന്ദ്രത്തിലെ വിവരശേഖരണത്തെ പറ്റിയൊന്നും മിണ്ടിയില്ല. യഥാർഥത്തിൽ, കേരളത്തിലെ വിവരശേഖരണത്തെ അട്ടിമറിച്ച് സർക്കാർസംവിധാനത്തെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് നേതൃത്വം ശ്രമിച്ചത്.

ബിബിസിയും ഗാർഡിയനും ദി ഇക്കണോമിസ്റ്റും എംഐടി റിവ്യൂവും ഉൾപ്പെടെ ലോകത്തിലെ പ്രധാന മാധ്യമങ്ങൾ കേരളമാതൃകയെ അഭിനന്ദിക്കുമ്പോൾ, ഈ അംഗീകാരം തങ്ങളുടെ ഉത്തരവാദിത്തം വർധിപ്പിച്ചിട്ടുണ്ടെന്ന ധാരണയിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതു മനസ്സിലാക്കി സർക്കാരിനൊപ്പം അടിയുറച്ചുനിൽക്കുകയാണ് ഓരോ മലയാളിയും ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. പ്രതിസന്ധികൾക്കിടയിലും മരണനിരക്ക് മൂന്നിൽ പിടിച്ചുനിർത്താൻ കേരളത്തിന്‌ കഴിഞ്ഞു. എന്നാൽ, കേരളത്തിനുപുറത്ത് നൂറ്റിഇരുപത്തഞ്ചോളം മലയാളികൾ മരണത്തിന്‌ കീഴടങ്ങിയെന്നത് ദുഃഖകരമായ കാര്യവും ശ്രദ്ധിക്കേണ്ടതുമാണ്.

പുറത്തുനിന്ന്‌ വരുന്നവർക്ക് ഒരു നിയന്ത്രണവും വേണ്ടെന്ന് ആവശ്യപ്പെടുന്നപ്രതിപക്ഷം, അവരുടെയുൾപ്പെടെയുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതിനാണ് ശ്രമിക്കുന്നത്. അതിന്‌ പ്രചാരംനൽകുന്ന ചിലമാധ്യമങ്ങളുടെയും ഉദ്ദേശ്യം അതുതന്നെ. എല്ലാവരെയും സംരക്ഷിക്കാനാണ് സർക്കാർ ശ്രമം. എന്നാൽ, മലയാളി മരിച്ചുവീണാൽ പിണറായി വിജയനെയും സർക്കാരിനെയും കുറ്റപ്പെടുത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന് ശ്രമിക്കുന്ന പ്രതിപക്ഷമാണ് കേരളത്തെ ബാധിച്ച പുതിയ മഹാമാരി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top