16 June Sunday

കണ്ണുനീർക്കണങ്ങൾ ആസിഡാകുന്ന ഒരു തെരഞ്ഞെടുപ്പ് കാലം കൂടി

ജോൺ ബ്രിട്ടാസ്Updated: Wednesday Feb 13, 2019

സമാനതകളും സാദൃശ്യങ്ങളും ചരിത്രത്തോടുള്ള നമ്മുടെ കൗതുകം വർധിപ്പിക്കും. പൊതുതെരഞ്ഞെടുപ്പിന് നൂറുദിവസം മാത്രം ബാക്കി നിൽക്കെ  മനസ്സിലേക്ക് കടന്നുവരുന്നത് മൂന്നു പതിറ്റാണ്ടു മുമ്പുള്ള തെരഞ്ഞെടുപ്പിന്റെ ദൃശ്യദളങ്ങളാണ്. നാലിൽ മൂന്നു ഭൂരിപക്ഷത്തിന‌് അധികാരത്തിലേറിയ രാജീവ് ഗാന്ധിയുടെ പതനം കണ്ട തെരഞ്ഞെടുപ്പ്. ആ വീഴ്ചയിൽനിന്ന് കോൺഗ്രസിന്  ഇതുവരെ മോചനം നേടാനായിട്ടില്ല എന്നത‌് മറ്റൊരു സത്യം.

ഡൽഹി രാഷ്ട്രീയത്തോട് പരിചയപ്പെട്ടുവരുന്ന വേളയിലായിരുന്നു ഈ പൊതുതെരഞ്ഞെടുപ്പ് കടന്നുവന്നത്. ശരിക്കൊരു പ്രതിപക്ഷം പോലുമില്ലാതെ ഭരിച്ചുകൊണ്ടിരുന്ന രാജീവ് ഗാന്ധി,  ബൊഫോഴ്സ് ചക്രവ്യൂഹത്തിൽ അകപ്പെടുന്നതും മാനത്ത‌് കാർമേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതുപോലെ പ്രതിഷേധത്തിന്റെ അലയൊലികൾ മുഴങ്ങുന്നതും ചിതറിനിന്ന കൊച്ചു കൊച്ചു പ്രതിപക്ഷധാരകൾ വലിയൊരു തിരമാലയായി ആർത്തിരമ്പിവന്നതുമൊക്കെ ഓർമകളിൽ പച്ചപിടിച്ചു കിടക്കുന്നു.

" ഗലി ഗലി മേം ഷോർ ഹെ; രാജീവ് ഗാന്ധി ചോർ ഹെ’
രാഷ്ട്രീയത്തിന് പലപ്പോഴും ചാക്രികസ്വഭാവം കൈവരാറുണ്ട്. 1989ൽ നിന്ന‌് ദേശീയരാഷ്ട്രീയം ഒരുപാടു കാതം മുന്നോട്ടുപോയി. 2019ൽ എത്തി നിൽക്കുമ്പോഴും ചില സാദൃശ്യങ്ങൾ നമ്മുടെ മനസ്സിനെ കയറി ഉടക്കും. പ്രതിപക്ഷനിരയുടെ കുന്തമുനയായിരുന്ന വി പി സിങ്ങിന്റെ ലഖ‌്നൗ റാലി റിപ്പോർട്ട് ചെയ്യാൻ ഡൽഹിയിൽനിന്ന് ഒരു അംബാസഡർ കാറിൽ 600 കിലോമീറ്ററോളം തിങ്ങിയിരുന്നാണ് യാത്രചെയ്തത്. ഡ്രൈവറെ കൂടാതെ ആറ് മാധ്യമപ്രവർത്തകർ ! ലഖ‌്നൗവിൽ വി പി സിങ്ങിനെ കാണാൻ തടിച്ചുകൂടിയ ജനാവലിയിൽനിന്നുതന്നെ, മാറിമറിയാൻ പോകുന്ന രാഷ്ട്രീയത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. വി പി സിങ്ങിന്റെ പ്രസംഗത്തിന് നേർത്ത താളവും ഈണവും ഉണ്ടായിരുന്നു. വലിയ രാഷ്ട്രീയസമസ്യകളൊന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും മനസ്സ് കവർന്നെടുത്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. " ദരിദ്രന്റെ കൺപീലികളിൽ ഉടക്കിനിൽക്കുന്ന ജലകണങ്ങൾ ആസിഡ് ആയി മാറും. അതിൽ അധികാരത്തിന്റെ ദുഷ്ടശക്തികൾ കത്തിയമരും.’നെഞ്ചിൽ കൈചേർത്തുകൊണ്ടുള്ള വി പി സിങ്ങിന്റെ ഈ പരാമർശത്തിൽ ജനക്കൂട്ടം ആർത്തിരമ്പുകയായിരുന്നു.

നർമവും പരിഹാസവുമൊക്കെ വി പി സിങ് യഥേഷ്ടം പ്രയോഗിച്ചു. " നിങ്ങൾ തീപ്പെട്ടി വാങ്ങിക്കുമ്പോൾ കൊടുക്കുന്ന നികുതി എവിടെ പോകുന്നു എന്നറിയാമോ?’ എന്ന ചോദ്യത്തിന് "സ്വിസ് ബാങ്ക് , സ്വിസ് ബാങ്ക്’ എന്നുത്തരം പറയാനുള്ള അറിവ് അതിനകം ഹൃദയഭൂവിലെ നിരക്ഷരർ നേടിയെടുത്തിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് ഈ നിരക്ഷരകുക്ഷികളാണ്!

ബൊഫോഴ്സിന്റെ അസ്ഥികൂടങ്ങളായിരുന്നു 1989ലെ തെരഞ്ഞെടുപ്പിനെ സംഭവബഹുലമാക്കിയത്. ഓരോ പൊതുയോഗത്തിനിടയ‌്ക്കും പ്രത്യേകിച്ചൊരു പ്രേരണ കൂടാതെ ഉയർന്ന ഈരടി ഇതായിരുന്നു. " ഗലി ഗലി മേം ഷോർ ഹെ; രാജീവ് ഗാന്ധി ചോർ ഹെ’. ( ഓരോ ഗലിയിലും മുഴങ്ങുന്നു; രാജീവ് ഗാന്ധി കള്ളനാണ്. )

ഗംഗയിലൂടെ ഒരുപാടു വെള്ളം  ഒഴുകിപൊയ്ക്കഴിഞ്ഞു. എന്നാൽ, ഇന്ന് നരേന്ദ്ര മോഡിയെ ഏറ്റവും ഭയപ്പെടുത്തുന്നത് ദരിദ്രന്റെ കൺപീലികളിലെ അശ്രുകണങ്ങളാണ്. രാജീവ് ഗാന്ധിക്ക് പകരം നരേന്ദ്ര മോഡി വന്നു. ബൊഫോഴ്സിന് പകരം റഫേൽ വന്നു. തന്റെ പിതാവിന്റെ പതനം കുറിച്ച ആ ഈരടിക്കുപകരം മറ്റൊന്ന് സമ്മാനിച്ചുകൊണ്ട്, തെരഞ്ഞെടുപ്പ് ചക്രം ഉരുട്ടുന്ന രാഹുൽ ഗാന്ധിയെ നമുക്കിന്നു കാണാം. "ഗലി ഗലി മേം ഷോർ ഹെ; ചൗക്കിദാർ ചോർ ഹെ". താൻ രാജ്യത്തിന്റെ കാവൽക്കാരനാണ് എന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോഡിയെ കള്ളനായി ചിത്രീകരിക്കുന്ന മുദ്രാവാക്യവുമായാണ് രാഹുൽ ഇന്ന് നഷ്ടപ്പെട്ട പ്രതാപത്തിനുവേണ്ടി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുന്നത്. മൂന്നു പതിറ്റാണ്ടു മുമ്പിലെ ദൃശ്യങ്ങൾ മറ്റൊരു കോലത്തിൽ അവതരിക്കുന്നു എന്നർഥം.

നോട്ട് നിരോധനവും ജിഎസ്ടിയുമൊക്കെ മോഡിയെ ഗ്രാമീണ ഭാരതത്തിൽനിന്ന‌് ബഹുദൂരം അകറ്റിയിരിക്കുന്നു. കാർഷികമേഖല ഗുരുതരമായ പ്രതിസന്ധിയിലേക്ക് ആഴ‌്ന്നിറങ്ങിയതിന്റെ പ്രതിഫലനം കൂടിയായിരുന്നല്ലോ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പ്രഹരം.  ദശലക്ഷക്കണക്കിന‌് ആൾക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ന്യൂനപക്ഷങ്ങളും ദളിതരും പിന്നോക്കക്കാരും ദ്രുതഗതിയിൽ പാർശ്വവൽക്കരിക്കപ്പെട്ടു. ദരിദ്രന്റെ കണ്ണീർക്കണങ്ങളുടെ പ്രഹരശേഷിയെയാണ് മോഡിയും ഇന്ന് ഭയക്കുന്നത്.

മോഡി പയറ്റുന്നതും രാജീവ‌്‌ ഗാന്ധി സൂക്തം
ഇന്നത്തെ മോഡി പ്രയോഗത്തിന്റെ സമാനമായ തലം 1989 ലും ദൃശ്യമായിരുന്നു.  " മേരാ ഭാരത് മഹാൻ.’ ( എന്റെ ഭാരതം മഹത്വമുള്ളതാണ്) ;ദൂരദർശൻ തുറന്നാൽ ഇത് മാത്രമായിരുന്നു. ദൂരദർശനെ രാജീവ് ദർശനെന്ന‌് കോൺഗ്രസ് പോലും വിളിച്ചിരുന്ന കാലമായിരുന്നു അത്. കോൺഗ്രസ‌് റാലികളിലും ദേശാഭിമാനത്തിന്റെ  ഈ മസിലുപിടിത്തം ദർശിക്കാമായിരുന്നു. ഇന്ന് മോഡിയും അമിത് ഷായും മൊത്തം ആർഎസ്എസ്  പരിവാരവും നമുക്കുനേരെ വീശുന്നതും പഴയ രാജീവ് ഗാന്ധി സൂക്തം തന്നെയല്ലേ?

എവിടെനിന്നൊക്കെയോ ഉരുണ്ടുകൂടിയ പ്രതിപക്ഷദളങ്ങളെ പരിഹസിക്കാൻ രാജീവ് ഗാന്ധി വലിയൊരു പ്രചാരണഘോഷം തന്നെയാണ് അഴിച്ചുവിട്ടത്. പരസ്പരം കൊത്തുന്ന കോഴി പൂവന്മാരായും തേളുകളായും പരസ്പരം കാലുവലിയ്ക്കുന്ന ഞണ്ടുകളായും പ്രതിപക്ഷ നിരയെ കളിയാക്കിയുള്ള മുഴുവൻ പേജ് പരസ്യങ്ങളാണ് അന്ന് പത്രങ്ങളിൽ നൽകിയിരുന്നത്. ഇതിനായി ക്യാരിക്കേച്ചറുകളുടെ സങ്കേതങ്ങൾ യഥേഷ്ടം ഉപയോഗിച്ചു. രാജീവ് ഗാന്ധിയെ നഖശിഖാന്തം എതിർത്തിരുന്ന രാംനാഥ് ഗോയങ്കയുടെ ഇന്ത്യൻ എക്സ്പ്രസിനുപോലും പരസ്യങ്ങൾ നൽകി. ഇതെല്ലാം നല്ല ശേലിൽ അച്ചടിച്ച ഗോയങ്ക, പരസ്യ പേജിനു സമീപമുള്ള താളിൽ കോൺഗ്രസ‌് പരസ്യങ്ങളെ പരിഹസിക്കുന്ന കാർട്ടൂണുകൾ അതേ വലിപ്പത്തിൽ നൽകി.

മേൽപ്പറഞ്ഞ ഫ്ലാഷ് ബാക്കിൽനിന്ന‌് കാലികരാഷ്ട്രീയത്തിലേക്ക് ഒന്ന് കണ്ണ് നടാം. അന്ന് രാജീവ് ഗാന്ധിയുടെ വാദത്തിനുസമാനമായി ഇന്ന് മോഡി,  പ്രതിപക്ഷത്തിന്റെ അനൈക്യത്തിലാണ് അടിവരയിടുന്നത്. മഹത്വമുള്ള നമ്മുടെ രാജ്യം പ്രതിപക്ഷംവന്നാൽ ശിഥിലമാകും എന്നും അദ്ദേഹം വിലപിക്കുന്നു. കേവല പരസ്യങ്ങളുടെ സ്ഥാനത്ത‌് 3600 ഹൈ വോൾട്ടേജ് പ്രചാരണവും  ആവോളം നുണ ബോംബുകളും മോഡി പടച്ചുവിടുന്നുണ്ട് താനും.

ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും ഒരുപോലെ താലോലിക്കാനായിരുന്നല്ലോ രാജീവ് ഗാന്ധിക്ക് താൽപ്പര്യം. വളരെ അപകടം പിടിച്ച വർഗീയ ട്രപ്പീസ് കളിയിലാണ് കോൺഗ്രസ‌് അന്ന് അഭിരമിച്ചത്.   ആർഎസ്എസിനെ  സുഖിപ്പിക്കാൻ ബാബ്റി മസ്ജിദിന്റെ  പൂട്ട‌് തുറന്നുകൊടുക്കുന്നു, ഷാബാനു കേസിലെ ജീവനാംശ വിധിയെ മറികടക്കാൻ നിയമം കൊണ്ടുവന്ന് ന്യൂനപക്ഷ വർഗീയതയെ താലോലിക്കുന്നു,  തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ‌് അയോധ്യയിലെ തർക്ക ഭൂമി ആർഎസ്എസിന‌് ശിലാന്യാസത്തിനായി വിട്ടുകൊടുക്കുന്നു, രാമരാജ്യം വാഗ്ദാനം ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.....മൂന്ന‌് പതിറ്റാണ്ടുകഴിഞ്ഞെങ്കിലും മേൽ പറഞ്ഞതിന്റെ ചില നാരുകളെങ്കിലും നമ്മുടെ രാഷ്ട്രീയമനസ്സിൽ തറച്ചു കേറുന്നില്ലേ?

രാജീവ് ഇറക്കിയ വർഗീയ കാർഡുകളുടെ ഗുലാൻ വച്ചുള്ള കളിയാണ് ഇന്ന് മോഡി നടത്തുന്നത്. അദ്ദേഹം വാഗ്ദാനംചെയ്ത തൊഴിലും അഭിവൃദ്ധിയും ഒക്കെ മരീചികയായതോടെ രാമക്ഷേത്രത്തിനുമേലാണ് പ്രതീക്ഷകൾ വട്ടമിട്ടുപറക്കുന്നത്. നീതിന്യായനിർവഹണത്തിന്റെ കേന്ദ്ര ബിന്ദുവായ സുപ്രീംകോടതിക്കുമേൽ റാകിപ്പറക്കുന്നതിന്റെ കാരണവും ഇതുതന്നെ.

ദേവിലാലല്ല; പ്രധാനമന്ത്രിയായത‌് വി പി സിങ്‌
മൂന്ന‌് പതിറ്റാണ്ടുകാലത്തെ എല്ലാ പൊതുതെരഞ്ഞെടുപ്പുകളും റിപ്പോർട്ട് ചെയ‌്തിട്ടുണ്ട്. എന്നാൽ, മനസ്സിൽ ഏറ്റവും കൂടുതൽ പതിഞ്ഞു കിടക്കുന്നത് 1989ന്റെ ശൈത്യത്തിലെ പോരാട്ടമായിരുന്നു. ദേശീയ മുന്നണി എന്ന പരീക്ഷണം ആദ്യമായി വിജയംകണ്ടത് അന്നായിരുന്നു. റീജ്യണൽ ഈസ് നാഷണൽ ( പ്രാദേശികം എന്നത് ദേശീയം ) എന്നത് ഇന്ന്  സാർവത്രികമായി സർവമേഖലകളിലും പ്രയോഗിക്കപ്പെടുന്നു. സിനിമയെടുത്താൽ, ബോളിവുഡിനോട് കൊമ്പുകോർക്കാൻ, തമിഴിനും തെലുങ്കിനും ശേഷിയുണ്ടെന്ന് തിരിച്ചറിഞ്ഞ കാലമാണ്. എന്നാൽ, രാഷ്ട്രീയത്തിലെ പ്രാദേശിക പാർടികളുടെ പ്രാധാന്യം അടിവരയിടപ്പെട്ടത‌് 1989ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിലാണ്. ഒരു പാർടിയും ചെറുതല്ലെന്ന സൂക്തവും അന്ന് പിറന്നുവീണു.

ഭാവിരാഷ്ട്രീയത്തെക്കുറിച്ച് അന്ന് ഇ എം എസ് നടത്തിയ ജാഗ്രതപ്പെടുത്തലുകളും 1989നെ സവിശേഷമാക്കിനിർത്തുന്നു. ബിജെപിയെ മാറ്റിനിർത്തണമെന്ന ഇടതുപക്ഷനിലപാടിനെ അന്ന് പുച്ഛിച്ച പലർക്കും ഇ എം എസ് നൽകിയ മറുപടി ഇന്ന് ഹൃദ്യമായി തോന്നുന്നുണ്ടാകാം. അതിന‌് അന്ന് ചെവികൊടുക്കാതിരുന്നതിൽ വൈകാതെ വി പി സിങ് മനസ്താപം പ്രകടിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുംപോലെ സംഭവബഹുലമായിരുന്നു 1989ലെ പ്രധാനമന്ത്രിയെ കണ്ടെത്തൽ. വി പി സിങ്ങിനെതിരെ ചന്ദ്രശേഖറും ദേവിലാലും മാറ്റുരച്ച ദിനങ്ങൾ. പാർലമെന്ററി യോഗത്തിൽ നേതാവായി ദേവിലാലിന്റെ പേര് പറഞ്ഞ‌് വി പി സിങ‌് പലരെയും സ്തബ്ധരാക്കി. ചന്ദ്രശേഖർ ഇതിനെ പിന്താങ്ങുകയുംചെയ്തു. രാജ്യത്തും പുറത്തുമുള്ള വാർത്താ ഏജൻസികൾ ദേവിലാൽ പ്രധാനമന്ത്രിയെന്ന് ഫ്ലാഷ് അടിച്ചു. എന്നാൽ, നിമിഷങ്ങൾക്കുളിൽ ദേവിലാൽ എഴുന്നേറ്റ‌് പ്രധാനമന്ത്രി ആകാൻ യോഗ്യൻ വി പി സിങ് എന്ന് പറഞ്ഞു വലിയൊരു അന്തർനാടകത്തിന‌് വിരാമം കുറിച്ചു. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം സാദൃശ്യങ്ങളും സമാനതകളും ഒരിക്കൽക്കൂടി അടുക്കിക്കെട്ടി വയ്ക്കുമ്പോൾ ഏതെല്ലാം അവശേഷിക്കുന്നുവെന്ന് കാത്തിരുന്നുകാണാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top