28 September Monday

പാഠം മറന്ന ആര്യാടൻജിയുടെ വിലാപം

ഗൗതമൻ/പച്ചപ്പരമാർഥംUpdated: Monday Jan 13, 2020

ഭൂപരിഷ്‌കരണബില്ലിന്റെ അമ്പതാംവാർഷികത്തിൽ മലയാളികളെ ചിരിപ്പിച്ചുകൊല്ലാൻതന്നെ തീരുമാനിച്ചുറപ്പിച്ച്‌ ഇറങ്ങുകയായിരുന്നു ആര്യാടൻജി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആർ ശങ്കർ, പി ടി ചാക്കോ മുതലായവരാണ്‌ ഭൂപരിഷ്‌കരണം കൊണ്ടുവന്നത്‌. അവരെയൊക്കെ സ്‌മരിച്ച്‌ മലയാളികൾ എല്ലാവരും എഴുന്നേറ്റുനിന്നില്ലെങ്കിൽ അത്‌ മഹാപാതകമാകുമെന്ന കാര്യത്തിൽ അദ്ദേഹത്തിന്‌ സംശയമേതുമില്ല.

ഭൂപരിഷ്‌കരണം അട്ടിമറിക്കാൻ നടന്ന വിമോചനസമരകാലത്ത്‌ അതിന്റെ നേതാവായിരുന്നു നമ്മുടെ കട്ടിമീശക്കാരൻ പി ടി ചാക്കോ എന്ന കാര്യമൊന്നും അദ്ദേഹത്തിന്‌ തീരെ ഓർമയില്ല. കാർഷികബന്ധ ബിൽ കൊണ്ടുവന്ന ഗൗരിയമ്മയെ ആര്യാടൻജിയുടെ പാർടിക്കാർ ‘ചോകോത്തി പുല്ലുപറിക്കാൻ പോകട്ടെ’യെന്നുവിളിച്ച്‌ അപമാനിച്ചതും ചേർത്തല പൂരപ്പാട്ടുകാരും കൊടുങ്ങല്ലൂർ ഭരണിക്കാരും നാണിക്കുംവിധം അസഭ്യം പറഞ്ഞതുമൊന്നും ആരും പറഞ്ഞുപോലും ആര്യാടൻജി കേട്ടിട്ടില്ല. ‘പാളേൽ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും, ചാത്തൻ പൂട്ടാൻ പോകട്ടെ, ചാക്കോ നാടു ഭരിക്കട്ടെ’ എന്നിങ്ങനെ എവിടെനിന്നോ അശരീരി ഉണ്ടായതായിപ്പോലും ആര്യാടൻജിക്ക്‌ കേട്ടറിവില്ല.

1920ൽ മഞ്ചേരിയിൽ നാലാം മലബാർ കോൺഗ്രസ്‌ സമ്മേളനം എന്തോ പ്രമേയം പാസാക്കിയതിന്റെ ഫലമാണ്‌ ഈ ഭൂപരിഷ്‌കരണമെന്ന കാര്യം അദ്ദേഹത്തിന്‌ ഉറപ്പാണ്‌. തീർന്നില്ല. പിന്നെ കറാച്ചി കോൺഗ്രസ്‌ സമ്മേളനം വീണ്ടും പ്രമേയം പാസാക്കിയെന്നാണ്‌ അദ്ദേഹം ചരിത്രത്തിന്റെ ഏടുകളിലേക്ക്‌ ഊളിയിട്ടശേഷം തറപ്പിച്ചുപറയുന്നത്‌. 1957ലെ സർക്കാരിനെ അട്ടിമറിച്ചശേഷം അധികാരത്തിൽ വന്ന വലതുപക്ഷ സർക്കാർ ആദ്യംചെയ്‌തത്‌ ഭൂപരിഷ്‌കരണ ബില്ലിൽ വെള്ളം ചേർക്കുകയായിരുന്നുവെന്ന്‌ പറഞ്ഞാലൊന്നും ആര്യാടൻജി സമ്മതിച്ചുതരില്ല. കുടികിടപ്പുകാരെ ഒഴിപ്പിക്കാൻ സർക്കാർ തടസ്സം നിൽക്കില്ലെന്ന്‌ ദേവസ്വംമന്ത്രി വി കെ വേലപ്പൻ നിയമസഭയിൽ പറഞ്ഞതും കൊട്ടിയൂർ ദേവസ്വംവക സ്ഥലം അയ്യായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ച്‌ സമുദായ സംഘടനയ്‌ക്ക്‌ 99 വർഷത്തേക്ക്‌ പാട്ടത്തിന്‌ നൽകിയതുമൊക്കെ കോൺഗ്രസിന്റെ ചരിത്രപരമായ ദൗത്യമായി കാണാൻ ആര്യാടൻജിക്ക്‌ കഴിയുമെന്നതാണ്‌ അദ്ദേഹത്തിന്റെ പ്രത്യേകത. ഭൂ­പ­രി­ഷ്ക­ര­ണ­ബി­ല്ലിൽ വെ­ള്ളം ചേർ­ക്കാ­നു­ള്ള കോൺ­ഗ്ര­സ് നീ­ക്ക­ങ്ങൾ­ക്കെ­തി­രെ­ 1961 ജൂൺ 18 മു­തൽ എ കെ ­ജി­യു­ടെ നേ­തൃ­ത്വ­ത്തിൽ കേ­രള കർ­ഷ­ക­സം­ഘം കാ­സർ­കോട്ടുനി­ന്ന് തി­രു­വ­ന­ന്ത­പു­ര­ത്തേ­യ്ക്ക് പ്ര­തി­ഷേ­ധ­ജാഥ സം­ഘ­ടി­പ്പി­ച്ചതും 1960-‐1964 കാ­ല­ത്തെ കോൺ­ഗ്ര­സ് സർ­ക്കാ­രി­ന്റെ കാ­ല­ത്ത് നട­ന്ന അമ­രാ­വ­തി, ചു­രു­ളി, ­കീ­രി­ത്തോ­ട് മേ­ഖ­ല­ക­ളി­ലെ ക്രൂ­ര­മായ ­കു­ടി­യൊ­ഴി­പ്പി­ക്കൽ വിനോദവുമൊക്കെ ആര്യാടൻജിയുടെ ഗുരു ആന്റണിജിയോട്‌ ചോദിച്ചാൽ ചിലപ്പോൾ അറിയാൻ സാധിച്ചേക്കും.

മി­ച്ച­ഭൂ­മി­യു­ടെ സ്റ്റേ­റ്റ്മെ­ന്റ് ജന്മി­മാർ നൽ­ക­ണ­മെ­ന്നും അത്‌ നൽ­കാ­തി­രി­ക്കു­ന്ന­വർ­ക്ക് പി­ഴ­യും തട­വു­മ­ട­ക്ക­മു­ള്ള ശി­ക്ഷ നൽ­ക­ണ­മെ­ന്നും വ്യ­വ­സ്ഥ ചെ­യ്തി­രു­ന്ന ഭൂ­പ­രി­ഷ്ക­രണ ബിൽ പാ­സാ­യി­ട്ടും മി­ച്ച­ഭൂ­മി­യു­ടെ കൃ­ത്യ­മായ കണ­ക്കെ­ടു­ക്കാൻ സർ­ക്കാർ തയ്യാ­റാ­യി­ല്ല.
അങ്ങ­നെ­യാ­ണ് 1972 മെ­യ് 23ന്‌ എറ­ണാ­കു­ള­ത്തു­ള്ള മാ­രു­തി ഹോ­ട്ട­ലിൽ ചേർ­ന്ന സമ­ര­സ­മി­തിയോ­ഗം 11 സ്ഥ­ല­ത്താ­യി പതി­മൂ­വാ­യി­ര­ത്തി­ല­ധി­കം ഏക്കർ ­മിച്ച­ഭൂ­മി പി­ടി­ച്ചെ­ടു­ക്കാൻ തീ­രു­മാ­നി­ച്ച­ത് എന്ന കാര്യം മനസ്സിലാക്കാൻ ആര്യാടൻജിക്ക്‌ സെൻസിറ്റിവിറ്റി ഉണ്ടായാൽമാത്രം പോരാ, സെൻസും സെൻസിബിലിറ്റിയുംകൂടി ഉണ്ടാകണം.

ഓട്ടത്തിൽ ഒന്നാമനാകാൻ

‘ താൻ ആരാണെന്ന്‌ തനിക്കറിയില്ലെങ്കിൽ താൻ എന്നോടു ചോദിക്ക്‌’ എന്ന്‌ തുടങ്ങുന്ന ‘പപ്പുവിയൻ’ ഡയലോഗാണ്‌ നമ്മുടെ കേരളത്തിലെ പ്രോട്ടോകോളിലെ ഒന്നാമനെ കാണുമ്പോൾ തികട്ടിവരിക. ചിലപ്പോഴൊക്കെ അദ്ദേഹം ‘പന്തളം രാജാവി’നെപ്പോലെയാണ്‌. താൻ ആരാണെന്നും തന്റെ പദവിയെന്തെന്നും എന്തൊക്കെ അധികാരങ്ങളുണ്ടെന്നുമൊക്കെ നല്ല പിടിയില്ലാത്തതുപോലെ. നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്‌ ശരിയല്ല, സർക്കാർ പണം ഉപയോഗിച്ച്‌ പരസ്യം നൽകുന്നത്‌ ശരിയല്ല എന്നൊക്കെ അദ്ദേഹം ഇടയ്‌ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്‌ കേൾക്കുമ്പോൾ പാവത്തുങ്ങൾക്ക്‌ തോന്നുന്നതാണ്‌.

രാജീവ്‌ ഗാന്ധി മുസ്ലിം ജീവനാംശബിൽ പാസാക്കിയപ്പോൾ അതിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ വിട്ടയാളാണ്‌ നമ്മുടെ കഥാപുരുഷൻ. എന്നിട്ടും പൗരത്വബില്ലിൽ പ്രതിഷേധിക്കാൻ ജനങ്ങൾക്ക്‌ അവകാശമില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ഇത്‌ അദ്ദേഹത്തിന്‌ കാര്യമായ എന്തോ കുഴപ്പമുള്ളതുകൊണ്ടാണെന്ന്‌ അസൂയാലുക്കൾ പറയുമെങ്കിലും ഇത്‌ അദ്ദേഹം ‘ദേശീയ മുസ്ലിമായി’ വളർച്ചയെത്തിയതിന്റെ ലക്ഷണമാണെന്നാണ്‌ സംഘബന്ധുക്കൾ ആണയിടുന്നത്‌.

രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ ഒഴിയുമ്പോൾ കേന്ദ്രത്തിൽ ഒരു ‘ദേശീയമുസ്ലിമി’നെ ആവശ്യമുണ്ടെന്നും ഓട്ടത്തിൽ ഒന്നാമനാകാനാണ്‌ കഥാപുരുഷന്റെ വളയമില്ലാതുള്ള ചാട്ടമെന്നുമാണ്‌ ഇടനാഴികളിൽ കേൾക്കുന്നത്‌. അതിനിടെ കഥാപുരുഷൻ പട്ടിയെ താലോലിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്‌. അത്‌ അദ്ദേഹത്തിന്റെ ശത്രുക്കളായ കുരുട്ടുബുദ്ധിക്കാർ പ്രചരിപ്പിക്കുന്നതാകാനേ തരമുള്ളൂ. അല്ലാതെ ദേശീയ മുസ്ലിമാണെന്ന്‌ തെളിയിക്കാനുള്ള സെൽഫ്‌ പ്രമോഷനാണെന്ന്‌ പറയുന്നവരൊന്നും ഗുണംപിടിക്കാൻ പോകുന്നില്ല.

വെടിക്കുഴൽ
കെപിസിസി പ്രസിഡന്റായി ഒരു വർഷം പിന്നിട്ടിട്ടും സഹഭാരവാഹികളില്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന്‌ മുല്ലപ്പള്ളി.
പട്ടികയില്ലെങ്കിൽ മുല്ലപ്പള്ളിജിക്ക്‌ ഒരു ഉത്തരമെങ്കിലും കൊടുക്കണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top