25 April Thursday

നിശ്ശബ്ദത യുവതയുടെ ഭാഷയല്ല

ചിന്ത ജെറോംUpdated: Saturday Jan 13, 2018

 

ഒരു ദേശീയ യുവജനദിനംകൂടി കടന്നുപോയി. അനീതിയുടെ തെരുവുകളില്‍പ്പോലും പ്രതീക്ഷയുടേതായ ചില സാധ്യത ബാക്കിയുണ്ടെന്ന് ജനുവരി 12 നമ്മെ ഓര്‍മിപ്പിക്കുന്നു. മതാതീതമായ ആത്മികാനുഭവത്തിന്റെ പ്രയോക്താവായി, ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ദാര്‍ശനിക ഗരിമ വിളിച്ചോതിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് യുവജനദിനമായി ആചരിക്കുന്നത്. ഭ്രാന്താലയമെന്നാണ് വിവേകാനന്ദന്‍ കേരളത്തെ വിശേഷിപ്പിച്ചത്. ഭ്രാന്താലയത്തില്‍നിന്നും കേരളം മനുഷ്യാലയമായി വളര്‍ന്നത് നവോത്ഥാനത്തിന്റെ സാംസ്കാരിക വെട്ടം ശിരസ്സില്‍ ചൂടിയാണ്. യുവത, കേരളത്തെ ജനാധിപത്യ-മതേതര സമൂഹമാക്കി വളര്‍ത്തുന്നതിനു നല്‍കിയ ഗുണപരമായ പങ്ക് വിസ്മരിക്കാനാകുന്നതല്ല. യൌവനത്തില്‍ തന്നെ മരണം തൊട്ടുവിളിച്ചിട്ടും എവ്വിധമാണ് സ്വാമി വിവേകാനന്ദന്‍ അനശ്വരനായതെന്നത് പ്രചോദിപ്പിക്കുന്ന ചരിത്രമാണ്.

ആരാണ് യുവാവ്? തലനരയ്ക്കാത്തവന്‍ മാത്രമല്ല യുവാവെന്ന് ടി എസ് തിരുമുമ്പ് കവിതയിലൂടെ എത്രയോ കാലംമുമ്പേ കുറിച്ചതാണ്. യുവത്വമെന്നത് ഒരിക്കലും ഒരു ശാരീരികാവസ്ഥയല്ല. ആത്യന്തികമായി നാം പുലര്‍ത്തുന്ന മനോഭാവമാണ് യുവത്വത്തെ നിര്‍ണയിക്കുന്നത്. ശരികളുടേതായ ബോധ്യങ്ങളും നിലപാടുകളുടെ സ്ഥൈര്യവും നിര്‍വചിക്കുന്ന ഒരനുഭവമാണ് യുവത്വം.

ഐഎഫ്എഫ്കെയുടെ ഭാഗമായി ദി യങ് കാറല്‍ മാക്സ്എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. മാര്‍ക്സിന്റെ പരിണാമഘട്ടത്തിന്റെ ജ്വലനശേഷിയെ മനോഹരമായി വരച്ചിടുന്ന ചിത്രം. മാര്‍ക്സ് ജീവിച്ച യൌവനം ബദലുകളില്ലാത്ത ഒന്നായിരുന്നു. മാര്‍ക്സ് മാത്രമല്ല, ഈ ലോകത്തെ, ഈ ലോകത്തിന്റെ വര്‍ത്തമാനകാലത്തെ നിര്‍മിച്ചത് വാര്‍ധക്യത്തിലും യൌവനം കെടാതെ സൂക്ഷിച്ച ചില മനുഷ്യരല്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക. ഭഗത്സിങ്, ഏംഗല്‍സ്, ഗാന്ധി, അംബേദ്കര്‍, അയ്യന്‍കാളി തുടങ്ങി എത്ര മനുഷ്യരാണ് ജീവിതമാകെ ജൈവ യൌവനത്തിന്റെ തീക്ഷ്ണഭാഷകൊണ്ട് മുറിച്ചുനടന്ന് ചരിത്രമായി തീര്‍ന്നത്.

ഇന്ത്യയില്‍ 60 കോടിയിലേറെ യുവജനങ്ങളുണ്ട്. അതില്‍ തന്നെ 16 കോടി സമ്മതിദായകര്‍. യൌവനത്തിന്റെ കരുത്തും കര്‍മശക്തിയും മനുഷ്യവിഭവ സാധ്യതകളും എത്ര സമഗ്രതയോടെ ഉപയോഗിക്കുമെന്നതിനെ ആശ്രയിച്ചാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുക. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. നമ്മുടെ ജനാധിപത്യാനുഭവം വര്‍ത്തമാന കാലഘട്ടത്തില്‍ നേരിടുന്ന കടുത്ത പ്രതിസന്ധി യുവാക്കള്‍ക്കിടയില്‍ വളരുന്ന അരാഷ്ട്രീയവല്‍ക്കരണവും ലളിതവല്‍ക്കരണവുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. പണ്ട് സഹോദരന്‍ അയ്യപ്പന്‍ ഹാസ്യാത്മകമായി പ്രയോഗിച്ച അവനവനിസത്തിന്റെ പ്രയോക്താക്കളായി അനുനിമിഷം യുവത മാറിയാല്‍ വര്‍ഗീയതയും ലഹരിയും സമൂഹത്തിന്റെ ഭാവി നിര്‍ണയിക്കുന്നവണ്ണം കാര്യങ്ങള്‍ സങ്കീര്‍ണമാകും. കാരണം രാഷ്ട്രീയ ബോധ്യങ്ങളാണ് യുവതയെ പാകപ്പെടുത്തുന്നത്. ഏതൊരു ഭരണകൂടവും മനുഷ്യവിരുദ്ധമാകുമ്പോള്‍ വിരലുയര്‍ത്തി ഉത്തരവുകളെ ചോദ്യംചെയ്യേണ്ടത് യുവാക്കളാണ്.

തങ്ങള്‍ ജീവിക്കുന്ന കാലത്തെക്കുറിച്ചും രാജ്യം കടന്നുപോകുന്ന വര്‍ഗീയ, ഫാസിസ്റ്റ് ജീവിതത്തെക്കുറിച്ചും യുവതയ്ക്ക് ബോധ്യമുണ്ടാകണം. ഉണ്ടെന്നുതന്നെ വേണം മനസ്സിലാക്കാന്‍. കാരണം, നിരോധനങ്ങളുടെ കാലത്തെ ഇന്ത്യയിലെ പ്രബുദ്ധ ക്യാമ്പസുകള്‍ തലയുയര്‍ത്തി നേരിട്ടതിന്റെ വര്‍ത്തമാനാനുഭവം മുന്നിലുണ്ട്. രാഷ്ട്രീയം നിരോധിക്കുന്ന ഇടപെടലുകളെ മുദ്രാവാക്യം വിളിച്ചുതന്നെ ചോദ്യംചെയ്ത കേരളത്തിലെ ക്യാമ്പസുകള്‍ പ്രത്യാശയുടെ ദ്വീപുകളാണ്. രോഹിത് വെമുലയും ജിഷ്ണു പ്രണോയിയും ഉയര്‍ത്തിവിട്ട പ്രതിരോധത്തിന്റെ കൊടുങ്കാറ്റുകള്‍ ഇന്നും ഒടുങ്ങിയിട്ടില്ലെന്നതില്‍ നമ്മുടെ യുവത്വത്തിന് അഭിമാനിക്കാം.

ക്യാമ്പസ് യൂണിയനുകളുടെ തലപ്പത്ത് മിടുമിടുക്കികളായ പെണ്‍കുട്ടികള്‍ മത്സരിച്ചു വിജയിച്ച നിരവധി അനുഭവം അഭിമാനകരമാണ്. മഹാരാജാസിലും ഫാറൂഖിലും കൊല്ലം എസ്എന്‍ കോളേജിലും ചവറ ബിജെഎം കോളേജിലും യൂണിയന്‍ തലപ്പത്ത് പെണ്‍കുട്ടികള്‍ വന്നത് അഭിമാനത്തോടെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതുണ്ട്. ക്യാമ്പസുകളിലെ വിദ്യാര്‍ഥി സമൂഹം പെണ്‍കുട്ടികളെ പ്രധാന അധികാരസ്ഥാനങ്ങളിലേക്ക് വിജയിപ്പിക്കുകവഴി തങ്ങളുടെ പുരോഗമന ബോധ്യങ്ങളെ ആട്ടിയുറപ്പിക്കുന്നു.

വെല്ലുവിളികളുണ്ട്, ഇല്ലെന്നല്ല. പരാജയങ്ങളുമുണ്ട്. അവയ്ക്കുനേരെ കണ്ണടച്ചിട്ടു കാര്യമില്ല. സ്വന്തം കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തിയ കേഡല്‍, അമ്മയെ കൊലപ്പെടുത്തി കത്തിച്ചശേഷം വിളക്കുവച്ച് പ്രാര്‍ഥിച്ച്, കൂട്ടുകാര്‍ക്കൊപ്പം ഐസ്ക്രീം കഴിച്ച അക്ഷയ് ഇവരെല്ലാം നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ലിംഗനീതിക്കു വേണ്ടി സംസാരിക്കുന്ന, നിലപാടുള്ള സ്ത്രീയെ-അവള്‍ നടിയോ, സാംസ്കാരികപ്രവര്‍ത്തകയോ ആകട്ടെ, സൈബര്‍ പൊങ്കാലയിടുന്ന ആണ്‍ബോധം മുറ്റിനില്‍ക്കുന്ന അനേകരുണ്ട്. ഇവരില്‍ ഭൂരിഭാഗവും യുവാക്കള്‍ തന്നെയാണ്. തെറ്റായ മാതൃകകളാണ് ഇവര്‍. ഐഎസ്ഐഎസിലേക്ക് കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നത് യുവാക്കളാണെന്ന് വാര്‍ത്തകള്‍ വരുന്നു. നൃത്തം ചെയ്യുന്ന പെണ്ണിനെ തേവിടിശ്ശിയാക്കുന്ന ആണ്‍ബോധം സൂക്ഷിക്കുന്നവരില്‍ യുവമനസ്സുകള്‍ ഉണ്ടാകാന്‍ പാടില്ല. ഇതെല്ലാം ഭയപ്പെടുത്തുന്നുണ്ട്. ഇവരെ ശരികളുടേതായ ബോധ്യങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ രാഷ്ട്രീയ സമൂഹത്തില്‍നിന്നും പൊതുസമൂഹത്തില്‍ നിന്നും ബോധപൂര്‍വമായ ഇടപെടല്‍ വേണം.

യുവതയില്‍ വിശ്വസിക്കാതെ, നമുക്ക് മുന്നോട്ടുപോകാനാകില്ല. കാരണം, അവര്‍ തന്നെയാണ് ഈ സമൂഹത്തിന്റെ നട്ടെല്ല്. തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമം തുറന്നുപറഞ്ഞ്, നീതിക്കുവേണ്ടി പോരാടി, ഇരകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കൊടിയടയാളം നാട്ടിയ പ്രിയ ചലച്ചിത്രതാരം നമ്മുടെ യുവതയെ പ്രചോദിപ്പിക്കുന്നു. പൊതു ഇടങ്ങളിലേക്ക് അഭിമാനത്തോടെ കയറിവരാന്‍ പോരാട്ടങ്ങള്‍ നയിക്കുന്ന ട്രാന്‍സ് യുവസുഹൃത്തുക്കളും മാതൃകകളാണ്. യുവത്വത്തിന് അത്രയെളുപ്പം വാര്‍ധക്യത്തിലേക്ക് കൂപ്പുകുത്താനാകില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഏതൊരു ചെറിയ അനുഭവവും നാം എടുത്തുകാട്ടുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

നിശ്ശബ്ദത യുവതയുടെ ഭാഷയല്ല. വിധേയത്വം യൌവനത്തിന്റെ വിധിനിയോഗവുമല്ല. കലഹംകൊണ്ട് ഉത്സവവും വിയോജിപ്പുകൊണ്ട് ജനാധിപത്യവും വീണ്ടെടുക്കലാണ് യൌവനത്തിന്റെ നിയോഗം. ഈ ലക്ഷ്യത്തെ എത്രത്തോളം സാക്ഷാല്‍ക്കരിക്കാന്‍ യുവതയ്ക്കാകുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവി ഭാഗധേയവും നിര്‍വചിക്കപ്പെടുക

(സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്സനാണ് ലേഖിക)

പ്രധാന വാർത്തകൾ
 Top