04 July Saturday

ഇടതുപക്ഷം മുന്നേറും

കോടിയേരി ബാലകൃഷ്ണൻUpdated: Friday Apr 12, 2019


വർഗസമരത്തിന്റെ ഭാഗവും രാഷ്ട്രീയ പോരാട്ടവുമായാണ് രാജ്യത്തെ തെരഞ്ഞെടുപ്പിനെ കമ്യൂണിസ്റ്റുകാർ കാണുന്നത്. ഇതിൽ ഓരോ കക്ഷിയും അവതരിപ്പിക്കുന്ന പ്രകടനപത്രികകൾ ഇക്കാര്യത്തിൽ മാറ്റുരയ്ക്കുന്നതാണ്. എന്നാൽ വോട്ട് തട്ടാനുള്ള ഒരു സൂത്രമെന്ന നിലയിലാണ് പ്രകടനപത്രികകളെ ബൂർഷ്വാ പാർടികൾ പൊതുവിൽ സമീപിക്കുന്നത്. ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾക്ക്  അത്രമാത്രം വിലയേ അവർ കൽപ്പിക്കുന്നുള്ളു. പക്ഷേ, തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കൊടുക്കുന്ന ഉറപ്പ് പാലിക്കണമെന്ന കാര്യത്തിൽ കമ്യൂണിസ്റ്റുകാർക്ക് നിർബന്ധമുണ്ട്. ഇന്ത്യയിലാദ്യമായി കമ്യൂണിസ്റ്റുകാർ ബാലറ്റിലൂടെ അധികാരത്തിൽ വന്ന 1957 ലെ ഇ എം എസ് സർക്കാർ തെരഞ്ഞെടുപ്പുകാലത്ത് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ നടപടിയെടുത്തു. ആ പാരമ്പര്യം പിന്തുടരുകയാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ. പ്രകടനപത്രികയിലെ ഓരോ ഇനവും എത്രത്തോളം നടപ്പാക്കിയെന്നതിന്റെ പ്രോഗ്രസ് റിപ്പോർട്ട് ആയിരംദിനം പൂർത്തിയാക്കിയപ്പോൾ പ്രസിദ്ധീകരിച്ചു.

എന്നാൽ, അങ്ങനെയൊരു പ്രോഗ്രസ് കാർഡ്, അഞ്ചാണ്ട് ഭരണം പൂർത്തിയാക്കിയ നരേന്ദ്ര മോഡി പുറത്തിറക്കിയില്ല. അതുചെയ്യാതെ "ഒരുവട്ടംകൂടി മോഡി സർക്കാർ' എന്ന മുദ്രാവാക്യവുമായി പ്രകടനപത്രിക ബിജെപി പുറത്തിറക്കി. ദുഷ്ചെയ്തികളുടെ ഘോഷയാത്രയായിരുന്നുവല്ലോ ബിജെപി ഭരണം. കള്ളപ്പണം വിദേശത്തുനിന്ന് പിടിച്ചെടുത്ത് ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിച്ചില്ല. പെട്രോൾ വില കുറയ്ക്കുകയോ വിലക്കയറ്റം തടയുകയോ ചെയ്തില്ല. റഫേൽ വിമാനയിടപാട് ഉൾപ്പെടെയുള്ളവയിലൂടെ അഴിമതി വർധിപ്പിച്ചു. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൂടെ സമ്പദ്ഘടന തകർത്തു. ഇട്ട പണം കിട്ടാൻ ബാങ്കിൽ ക്യൂ നിന്ന് 105 പേർ മരിച്ചു. നോട്ട് നിരോധനം കാരണം നഷ്ടപ്പെട്ടത് 15 ലക്ഷം തൊഴിലാണ്. ഇതേപ്പറ്റിയൊന്നും മിണ്ടാതെ ഒരു വർഷത്തിനുള്ളിൽ കർഷകർക്ക് ഇരട്ടിവരുമാനം, 2020 ഓടെ എല്ലാവർക്കും പാർപ്പിടം, 2024 ൽ എല്ലാവർക്കും കുടിവെള്ളം തുടങ്ങിയ സ്വപ്നങ്ങൾ ബിജെപി വിതറി.

അതേ അവസരത്തിൽ കോൺഗ്രസിന്റെ പ്രകടനപത്രികയിലാകട്ടെ അഞ്ചുകോടി ദരിദ്രകുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും കർഷകർക്ക് രക്ഷനൽകുന്ന പദ്ധതികൾ നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. കമ്യൂണിസ്റ്റുകാരുടെ മുൻകൈയിൽ കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന ലോങ് മാർച്ച് ഉൾപ്പെടെയുള്ള കർഷകരുടെ ദേശീയപ്രക്ഷോഭങ്ങൾ രാജ്യത്തെ മാറ്റിമറിച്ചു. ഇതിന്റെ ചൂടേറ്റാണ് കർഷകരക്ഷാ പദ്ധതികൾ ബിജെപിയും കോൺഗ്രസും മത്സരിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, ഈ രണ്ട് കൂട്ടരും വോട്ടിനുവേണ്ടി നൽകുന്ന മധുരവാക്ക് ഭരണത്തിലേറിയാൽ വിസ്മരിക്കും. നാൽപ്പത്തെട്ട് വർഷം മുമ്പാണ് "ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം കോൺഗ്രസ് മുഴക്കിയത്. എന്നാൽ, അതിപ്പോഴും കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഇടം നേടിയിരിക്കുന്നു. ഇതിനുശേഷം ബിജെപിയും ഒന്നിലധികം തവണ ഭരിച്ചു. ഇരുകൂട്ടരും ദരിദ്രരെ മറന്നു. പ്രകടനപത്രികയിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ദാരിദ്ര്യ നിർമാർജന പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ, വിശന്നും ചികിത്സ കിട്ടാതെയും മരിക്കാത്തവരുടെ ഇന്ത്യക്കുവേണ്ടിയുള്ള കാഴ്ചപ്പാടാണ് സിപിഐ എം പ്രകടനപത്രികയിലുള്ളത്. കോൺഗ്രസ്, ബിജെപി, സിപിഐ എം പ്രകടനപത്രികകൾ താരതമ്യം ചെയ്യുന്ന ഏത് നിഷ്പക്ഷമതിയും രാജ്യത്തിന്റെ ഭാവിക്ക് സിപിഐ എമ്മിന്റെ കാഴ്ചപ്പാടാണ് ശരിയെന്ന് സമ്മതിക്കും.

മിനിമം വേതനം 18,000 രൂപയാക്കണമെന്നാണ് സിപിഐ എം പ്രകടനപത്രിക നിർദേശിക്കുന്നത്. സാമൂഹ്യ‐രാഷ്ട്രീയ‐സാമ്പത്തിക വിഷയങ്ങളിൽ ബൂർഷ്വാ രാഷ്ട്രീയകക്ഷികളിൽനിന്ന് വ്യത്യസ്തമായി വ്യക്തമായ ബദൽപാത സിപിഐ എം അവതരിപ്പിക്കുന്നു. ഇത് നവലിബറൽ നയങ്ങളേയും ഉദാരവൽക്കരണ സാമ്പത്തിക നയത്തേയും നിരാകരിക്കുന്ന കാഴ്ചപ്പാടാണ്. പാവങ്ങളേയും പണിയെടുക്കുന്നവരേയും രക്ഷിക്കുന്നതിന് പണം കണ്ടെത്തുന്നതിനുവേണ്ടി അതി സമ്പന്നർക്ക് നികുതി ചുമത്തുക, കോർപറേറ്റ് നികുതികൾ വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. മതനിരപേക്ഷ‐ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്നതിനൊപ്പം എല്ലാവർക്കും ആരോഗ്യവും വിദ്യാഭ്യാസവും ഭരണഘടന അവകാശമായി പ്രഖ്യാപിക്കുന്നു. സാധാരണ ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പുനൽകുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ ഇടപെടൽകൊണ്ട് നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനം 100 എന്നത് 200 ആക്കുമെന്ന് സിപിഐ എം വ്യക്തമാക്കുന്നു.

തീവ്രഹിന്ദുത്വനിലപാട് ആവർത്തിച്ച് ബിജെപി പ്രകടനപത്രിക
പാർലമെന്റിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം, ന്യൂനപക്ഷ കമീഷന് സ്റ്റാറ്റ്യൂട്ടറി പദവി, മുസ്ലിം സബ്പ്ലാൻ, ആൾകൂട്ട ആക്രമണത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം, സ്വകാര്യമേഖലയിൽ സംവരണം തുടങ്ങിയവ സിപിഐ എം നിർദേശിക്കുന്നു. പഞ്ചവത്സരപദ്ധതി നയം അവസാനിപ്പിക്കുകയും ആസൂത്രണ കമീഷൻ നിർത്തലാക്കുകയും ചെയ്തു 2015 ജനുവരി 1 ന് മോഡി ഒരു പ്രഖ്യാപനത്തിലൂടെ. പകരം "നീതി ആയോഗ്' എന്ന പേരിൽ  ഇഷ്ടക്കാരെ ചേർത്തുകൊണ്ടുള്ള ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. പാർലമെന്റിൽ ചർച്ച ചെയ്യാതെയും, രാഷ്ട്രീയ പാർടികളുമായോ ബന്ധപ്പെട്ട സമിതികളുമായോ കൂടിയാലോചിക്കുകയും ചെയ്യാതെയാണ് ആസൂത്രണ കമീഷൻ പ്രധാനമന്ത്രി അടച്ചുപൂട്ടിയത്. ആസൂത്രണ കമീഷൻ പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം സിപിഐ എം നൽകുന്നു.

ഇക്കാര്യത്തിൽ കോൺഗ്രസും വാക്കാൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു നയം നടപ്പാക്കുന്നതിൽ കോൺഗ്രസിന്റെ ആത്മാർഥയില്ലായ്മ തെളിയുന്നുണ്ട്. 2016 മേയിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം ചെയ്തത്, പഞ്ചവത്സര പദ്ധതിയും വാർഷികപദ്ധതികളും സംസ്ഥാന ആസൂത്രണ കമീഷനും തുടരുമെന്ന തീരുമാനമെടുക്കുകയായിരുന്നു. അത് നടപ്പാക്കി. ഇത്തരമൊരു നടപടി കോൺഗ്രസിന് അധികാരം കിട്ടിയ ഒരു സ്ഥലത്തും നടപ്പാക്കിയിട്ടില്ല.

തീവ്രഹിന്ദുത്വ നിലപാട് ആവർത്തിച്ചിരിക്കുകയാണ് ബിജെപി പ്രകടനപത്രിക. അയോധ്യയിൽ  രാമക്ഷേത്രം നിർമിക്കും, ജമ്മു‐കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് പ്രകാരം റദ്ദാക്കും, ഏകസിവിൽ കോഡ് നടപ്പാക്കുമെന്നും ബിജെപി ആവർത്തിച്ചിരിക്കുകയാണ്. ശബരിമലയെപ്പറ്റി നടത്തിയിരിക്കുന്ന പരാമർശം ജനങ്ങളെ കബളിപ്പിക്കലാണ്. പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ജാതി‐മത‐വർഗീയ വേർതിരിവ് സൃഷ്ടിക്കേണ്ട ഒന്നല്ല. ഭരണഘടനാ ബെഞ്ചിന്റെ വിധിയെപ്പറ്റിയുള്ള വ്യത്യസ്ത ഹർജികളിൽ ഇതിനകം വാദം പൂർത്തിയായിട്ടുണ്ട്. എന്നിട്ടും ഈ വിഷയം ഫലപ്രദമായി സുപ്രീംകോടതിയിൽ അവതരിപ്പിക്കുമെന്നാണ് പ്രകടനപത്രികയിൽ പറയുന്നത്. ഇത് വണ്ടിക്കുപിന്നിൽ കുതിരയെ കെട്ടലാണ്. ഈ വിഷയത്തിൽ കോടതിവിധിയെ നിരാകരിക്കുന്ന നടപടികളൊന്നും കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നില്ല. എന്നിട്ടാണിപ്പോൾ പുതിയ വാമൊഴി.

ഇടതുപക്ഷത്തിന് വ്യക്തമായ നയമുണ്ട്
പശുവിന്റെ പേരിൽ നടന്ന ആൾക്കൂട്ട ആക്രമണങ്ങളെ കോൺഗ്രസ് പ്രകടനപത്രിക വാക്കുകൊണ്ട് അപലപിച്ചിട്ടുണ്ട്. പക്ഷേ, ഇതടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസിന് ചാഞ്ചാട്ടമാണ്. എന്നാൽ, ഇടതുപക്ഷത്തിന് വ്യക്തമായ നയമുണ്ട്. പശുവിനെ ദൈവമായി ആരാധിക്കുന്നവർക്ക് അങ്ങനെയാകാം. പശുവിനെ വളർത്താനും ആവശ്യമുള്ളപ്പോൾ വിൽക്കാനുള്ള അവകാശം കർഷകനുണ്ട്. നിയമംമൂലമുള്ള ഗോവധ നിരോധനത്തിനും ഇടതുപക്ഷം അനുകൂലമല്ല. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഭരണകൂടവും ആൾക്കൂട്ട ആക്രമിസംഘവും ഇടപെടാൻ പാടില്ല. ഗോമാംസം കഴിക്കണമോ പച്ചക്കറി കഴിക്കണമോ എന്നത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വിടുക. ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുലിന് കഴിയുമോ ?

ദളിതരേയും പിന്നോക്ക വിഭാഗങ്ങളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. അടിച്ചമർത്തപ്പെട്ടവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാനപരമായ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമാണ്. അതിന് സമഗ്രമായ കാർഷിക വിപ്ലവവും തൊഴിൽമേഖലയുടെ പൊളിച്ചെഴുത്തും ആവശ്യമാണ്. ഇതിന് ഇണങ്ങുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രിക കോൺഗ്രസിന്റെയോ ബിജെപിയുടെയോ അല്ല. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയരാകുന്ന കോടാനുകോടി മനുഷ്യരുടെ മോചനത്തിന്റെ വഴിയാണ് കമ്യൂണിസ്റ്റ് പാർടികളുടെ പ്രകടനപത്രിക.

ജനപക്ഷത്തെ ഈ പ്രകടനപത്രികയുടെകൂടി കരുത്തിലാണ് കേരളത്തിൽ എൽഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനിടെ മനോരമ‐മാതൃഭൂമി ചാനലുകൾ നടത്തിയ അഭിപ്രായ സർവേകൾ യുഡിഎഫിനും ബിജെപിക്കും വേണ്ടിയുള്ള ദാസ്യപ്പണിയാണെന്ന് അവരുടെ കൂട്ടത്തിലുള്ളവർപോലും സമ്മതിക്കുന്നുണ്ട്. 2004 ൽ ചില മാധ്യമ സർവേകളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 14 സീറ്റാണ് പ്രവചിച്ചത്്. എന്നാൽ, ഫലം വന്നപ്പോൾ കോൺഗ്രസിന് ഒറ്റ സീറ്റും കിട്ടിയില്ല. എൽഡിഎഫിന് ലഭിച്ചതാകട്ടെ 18 സീറ്റും. ഇപ്പോൾ ദേശീയപത്രമായ "ദ ഹിന്ദു', സിഎസ്ഡിഎസ്, ലോക്നീതി നെറ്റ് വർക്ക് എന്നിവയുമായി ചേർന്ന് നടത്തിയ ദേശീയ സർവേയിൽ കേരളത്തിൽ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം പ്രവചിച്ചിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കുന്ന സർവേഫലങ്ങളൊന്നും ഞങ്ങൾ കണക്കിലെടുക്കുന്നില്ല. ഒരിടത്തുപോലും താമര വിരിയില്ല. യുഡിഎഫിന് മേൽകൈ ഉണ്ടാകുകയുമില്ല. എൽഡിഎഫ് സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും നാട് അഭൂതപൂർവമായ വരവേൽപ്പാണ് നൽകുന്നത്. മോഡി സർക്കാരിനെതിരായ ഭരണവികാരം ശക്തമാണ്. മുൻ കോൺഗ്രസ്‐യുഡിഎഫ് ഭരണങ്ങളോടും അമർഷം ഇപ്പോഴും ജനങ്ങളിലുണ്ട്. എന്നാൽ, എൽഡിഎഫ് ഭരണത്തോടുള്ള കൂറ് നാൾക്കുനാൾ വർധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിന്റെ മണ്ണിൽ എൽഡിഎഫിന് തകർപ്പൻ വിജയം ജനങ്ങൾ സമ്മാനിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top