22 March Friday

കർഷകരുടെ താക്കീത്‌

അശോക് ധാവ് ളെUpdated: Monday Mar 12, 2018


പതിനായിരക്കണക്കിന് കൃഷിക്കാരെ സാക്ഷിനിർത്തിയാണ് മാർച്ച് ആറിന് വൈകിട്ട് നാസിക്കിലെ സെൻട്രൽ ബസ് സ്റ്റാൻഡ് ചൗക്കിൽനിന്ന് അഖിലേന്ത്യാ കിസാൻസഭയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ നേതൃത്വത്തിലുള്ള ലോങ് മാർച്ച് ആരംഭിക്കുന്നത്.   ഈ കർഷകമാർച്ചിന്റെ ഒരു പ്രത്യേകത എന്താണെന്നുവച്ചാൽ ആയിരക്കണക്കിന് സ്ത്രീകളുടെ പങ്കാളിത്തമാണ്. മുംബൈയിലേക്ക് 200 കിലോമീറ്റർ നടക്കാൻ സന്നദ്ധരായി സ്ത്രീകൾ അണിനിരന്നത് ആവേശകരമായ അനുഭവമാണ്. ദുരിതപൂർണമായ ജീവിതസാഹചര്യമാണ് മാർച്ചിൽ അണിനിരക്കാൻ അവരെ പ്രേരിപ്പിച്ചത്. 

ലോങ് മാർച്ച് ആരംഭിക്കുന്ന നാസിക് നഗരത്തിലുടനീളം ചെമ്പതാകകളും ചുവന്ന ബാനറുകളും ചുവന്ന പ്ലക്കാർഡുകളുംകൊണ്ട്് അലങ്കരിച്ചിരുന്നു. ആയിരക്കണക്കിന് കർഷകർ ചുവന്ന തൊപ്പിയും അണിഞ്ഞിരുന്നു. ലോങ് മാർച്ചിൽ പങ്കെടുക്കുന്നവർക്കായി അഖിലേന്ത്യാ കിസാൻസഭയാണ് ഈ തൊപ്പികൾ വിതരണംചെയ്തത്. പ്രദേശം മുഴുവൻ ചെങ്കടലായ പ്രതീതി. സംസ്ഥാന ബിജെപി സർക്കാരിന്റെ കർഷകവഞ്ചന എടുത്തുകാട്ടുന്ന മുദ്രാവാക്യങ്ങൾ കർഷകരുടെ കണ്ഠങ്ങളിൽനിന്ന് ഉയർന്നുകൊണ്ടേയിരുന്നു. കാർഷികവായ്പകൾ എഴുതിത്തള്ളുമെന്നും നഷ്ടപരിഹാരം നൽകുമെന്നും വനാവകാശനിയമം നടപ്പാക്കുമെന്നും ദരിദ്രകർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ നൽകുമെന്നുമുള്ള വാഗ്ദാനങ്ങൾ അധികാരമേറി രണ്ടുവർഷമായിട്ടും പാലിക്കാത്ത സർക്കാരിനെതിരായ രോഷമാണവിടെ ഉയർന്നത്.

അഖിലേന്ത്യാ കിസാൻസഭയുടെ പ്രസിഡന്റുകൂടിയായ ഞാനും ദേശീയ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനും മുൻ സംസ്ഥാന പ്രസിഡന്റ് ജെ പി ഗാവിതും എംഎൽഎയും സംസ്ഥാന പ്രസിഡന്റുമായ കിസാൻ ഗുജറും സംസ്ഥാന ജനറൽ സെക്രട്ടറി അജിത് നവാലെയുമാണ് മാർച്ചിന് നേതൃത്വം നൽകുന്നത്.  ഉദ്ഘാടന സമ്മേളനത്തിൽ അഖിലേന്ത്യാ കിസാൻസഭയുടെ നേതാക്കൾക്കുപുറമെ മുൻ മന്ത്രിയും പെസന്റ് വർക്കേഴ്സ് പാർടി നേതാവുമായ മീനാക്ഷി പട്ടേൽ, സിഐടിയു സംസ്ഥാന പ്രസിഡന്റ് ഡി എൽ കരാഡ്, എഐടിയുസി നേതാവ് രാജു ദേസ്ലെ എന്നിവരും പങ്കെടുത്തു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര‐ സംസ്ഥാന സർക്കാരുകൾ തുടരുന്ന കർഷക‐ ജനവിരുദ്ധ നയങ്ങളെയാണ് എല്ലാവരും വിമർശിച്ചത്. കോർപറേറ്റ് അനുകൂലമാണ് സർക്കാരെന്നും അവർ വിലയിരുത്തി. ത്രിപുരയിൽ അധികാരമാറ്റത്തെതുടർന്ന് സിപിഐ എം‐ ഇടതുപക്ഷപ്രവർത്തകർക്കുനേരെ നടക്കുന്ന ആക്രമണങ്ങളെയും അവർ ഒരേശബ്ദത്തിൽ അപലപിച്ചു.

ആദ്യദിവസം രാത്രിതന്നെ ലോങ് മാർച്ച് 20 കിലോമീറ്റർ പിന്നിട്ടതിനുശേഷം നാസിക് താലൂക്കിൽതന്നെയുള്ള വാൽദേവി നദിക്കരയിൽ വിശ്രമിച്ചു. ജോവറും ബജ്രയുംകൊണ്ടുണ്ടാക്കുന്ന ചട്നി‐ ഭാക്ക്രിയായിരുന്നു അവരുടെ ഭക്ഷണം. രണ്ടുമൂന്നുദിവസത്തേക്കുള്ള ആഹാരം പലരും കരുതിയിരുന്നു. അടുത്തദിവസങ്ങളിലും മുംബൈ‐ നാസിക്, ഇന്തോർ‐ ആഗ്ര‐ ഡൽഹി ദേശീയപാതയ്ക്ക് ഇരുവശവുമായുള്ള മൈതാനങ്ങളിലാണ് അവർ അന്തിയുറങ്ങിയത്. റോഡിന്റെ ഒരുവശത്തുകൂടിയാണ് മാർച്ച് പുരോഗമിക്കുന്നത്. മറ്റ് വശത്തുകൂടി ട്രാഫിക് തിരിച്ചുവിടാൻ പൊലീസിന് കഴിയുന്നുണ്ട്. 

കഴിഞ്ഞ ഏഴിന് രാവിലെ നാസിക് ജില്ലയിൽതന്നെയുള്ള ഇഗത്പുരിയിലേക്കാണ് മാർച്ച് നീങ്ങിയത്. തുടർന്നുള്ള ദിവസം താനെ ജില്ലയിലെ ഷാഹ്പുരിലേക്ക് കടന്നു. അവിടെവച്ച് താനെ‐ പാൾഘർ ജില്ലയിൽനിന്നുള്ള പതിനായിരക്കണക്കിന് കൃഷിക്കാരും ചെങ്കൊടികളുമേന്തി ലോങ് മാർച്ചിൽ അണിചേർന്നു. 12ന് ലോങ് മാർച്ച് മുംബൈയിൽ എത്തുമ്പോൾ സംസ്ഥാനത്തെ മറ്റു ജില്ലകളിൽനിന്നുള്ള കർഷകർകൂടി അണിചേരുകയും സംസ്ഥാന നിയമസഭാമന്ദിരം വളയുകയും ചെയ്യും. ലോങ് മാർച്ചിന് ഇലക്ട്രോണിക്‐ അച്ചടി മാധ്യമങ്ങളിൽ നല്ല ഇടം ലഭിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.

കർഷകരുടെ ജീവത്തായ പ്രശ്നങ്ങൾ ഉയർത്തി കിസാൻസഭ മഹാരാഷ്ട്രയിൽ നടത്തിവരുന്ന സമരത്തിന്റെ തുടർച്ചമാത്രമാണ് ഇപ്പോഴത്തെ ലോങ് മാർച്ച്. രണ്ടുവർഷംമുമ്പ് നാസിക്കിലാണ് കിസാൻസഭയുടെ േനതൃത്വത്തിലുള്ള പ്രക്ഷോഭത്തിന്റെ തുടക്കം.  രണ്ടു രാത്രിയും പകലും ലക്ഷത്തോളം കർഷകർ നാസിക്കിലെ സിബിഎസ് ചൗക്കിൽ ധർണയിരുന്നതോടെ നഗരം നിശ്ചലമായി. ഗത്യന്തരമില്ലാതെ കിസാൻസഭയുടെ നേതാക്കളെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുംബൈയിലേക്ക് ചർച്ചയ്ക്ക് വിളിപ്പിച്ചു. അന്നു നടന്ന ചർച്ചയിൽ ചില വാഗ്ദാനങ്ങൾ നൽകിയെങ്കിലും അതൊന്നും പാലിച്ചില്ല. ഇതേത്തുടർന്ന് താനെ നഗരത്തിൽ പതിനായിരത്തിലധികം കർഷകർ പങ്കെടുത്ത 'ശവപ്പെട്ടി മാർച്ച്' നടന്നു. കർഷക ആത്മഹത്യയിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായിരുന്നു ഈ മാർച്ച്. പാൾഘറിലെ വാഡയിൽ ആദിവാസിക്ഷേമമന്ത്രിയുടെ വീട് രണ്ടുദിവസം വളഞ്ഞുവച്ചു. അരലക്ഷം കർഷകരാണ് ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തത്. മറാത്തവാഡയിലെ ഔറംഗാബാദിലും വിദർഭ മേഖലയിലെ ഖാംഗാവിലും 2016 മെയ് മാസത്തിലും 2017 മെയ് മാസത്തിലുമായി വൻ കർഷകമുന്നേറ്റമാണ് ഉണ്ടായത്. 2017 ജൂണിൽ മറ്റു കർഷകസംഘടനകളുമായി യോജിച്ച് 11 ദിവസത്തെ സമരം നടന്നു. 2017ൽ സംസ്ഥാന വ്യാപകമായി കിസാൻസഭയുടെ നേതൃത്വത്തിൽ റോഡ് തടയൽ സമരം നടന്നു. രണ്ടുലക്ഷത്തിലധികം കൃഷിക്കാരാണ് ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തത്. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഫഡ്നാവിസ് സർക്കാരിന്റെ കർഷകവിരുദ്ധ‐ ജനവിരുദ്ധ നയങ്ങൾക്കെതിരെയുമുള്ള ശക്തമായ സമരമായി ലോങ് മാർച്ചും മാറുമെന്നതിൽ സംശയമില്ല. ആർഎസ്എസ്‐ ബിജെപി സഖ്യഭരണത്തിനെതിരായ ശക്തമായ ജനമുന്നേറ്റമായി ഇത് മാറും

(ലോങ് മാർച്ചിന് നേതൃത്വം നൽകുന്ന അഖിലേന്ത്യാ കിസാൻസഭയുടെ  പ്രസിഡന്റാണ് ലേഖകൻ)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top