24 March Sunday

ശബരിമല: വിധിയും വിശ്വാസവും‐ സന്ദീപാനന്ദഗിരി എഴുതുന്നു

സന്ദീപാനന്ദഗിരിUpdated: Thursday Oct 11, 2018

എന്താണ‌് ക്ഷേത്രസംസ‌്കാരം, ആരാധന എന്നത‌് കൃത്യമായി അറിയാതെ വരുമ്പോഴാണ‌് ജനങ്ങളെ വേഗം തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നത‌്. എങ്ങനെ ഈ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നതിനെക്കുറിച്ച‌് സ്വാമി  വിവേകാനന്ദൻ കൃത്യമായി പറഞ്ഞിട്ടുണ്ട‌്. വിവേകാനന്ദന്റെ മത പാർലമെന്റ‌് പ്രസംഗത്തിന്റെ അവസാനഭാഗത്ത‌്  മൂഢമായ കടുംപിടിത്തത്തെപ്പറ്റി പറയുന്നു. ഒരു തരത്തിലുള്ള യുക്തിയുടെയോ ധർമത്തിന്റെയോ ഒന്നും പിൻബലമില്ലാത്ത വാദങ്ങളെയാണ‌് മൂഢമെന്ന‌് ഉദ്ദേശിക്കുന്നത‌്. മൂഢമായ കടുംപിടിത്തം, വിഭാഗീയത ഇവയിൽനിന്നാണ‌് മതഭ്രാന്ത‌് ഉണ്ടാകുന്നത‌്. മതഭ്രാന്തിനെ കൊടുംപിശാചുക്കൾ എന്നാണ‌് വിവേകാനന്ദൻ വിശേഷിപ്പിച്ചത‌്. ഇൗ പിശാചുക്കളാണ‌് ഭൂമിയിൽ എപ്പോഴും രക്തം വീഴ‌്ത്തുന്നത‌്‌. ഇവ ഇല്ലായിരുന്നെങ്കിൽ ഭൂമി എത്ര സുന്ദരമായേനെയെന്ന‌് പ്രത്യാശിക്കുന്നുമുണ്ട‌്. അവരുടെ മരണമണിയാണ‌് ഈ പുലർകാലത്ത‌് മുഴങ്ങിയ മണിയെന്നു പറഞ്ഞുകൊണ്ടാണ‌് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുന്നത‌്. അദ്ദേഹം 125 വർഷംമുമ്പ‌് പറഞ്ഞതിന‌് കേരളം സാക്ഷ്യംവഹിക്കുകയാണ‌്. അതെന്താണെന്ന‌് ചോദിച്ചാൽ ശബരിമലയുമായി ബന്ധപ്പെട്ട നാമജപമെന്ന‌് പറഞ്ഞുനടക്കുന്നത‌് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള തെറിവിളിയാണ‌്.

കോടതിവിധിയും വിശ്വാസവും
ഇവിടെ ഒരു ഭക്തൻ ചോദിക്കുകയാണ‌് ഇപ്പോഴത്തെ കോടതിവിധി ഏതെങ്കിലുംവിധത്തിൽ വിശ്വാസത്തെ ഹനിക്കുന്നതാണോയെന്ന‌്. അത്തരത്തിലുള്ള ഒരു പരാമർശവുമില്ലെന്നാണ‌് അതിനുത്തരം. സ‌്ത്രീകളെ പ്രവേശിപ്പിക്കാത്ത തെറ്റായ കീഴ‌്‌വഴക്കത്തെയാണ‌് കോടതി ഉന്മൂലനം ചെയ‌്തത‌്. വിലക്കിന‌ു കാരണമായി പറഞ്ഞത‌് സ‌്ത്രീകൾക്ക‌് 41 ദിവസം വ്രതമെടുക്കാൻ കഴിയില്ലെന്നാണ‌്. ആ വാദം അസംബന്ധവും വിവരക്കേടുമാണ‌്. നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും എത്രയോ കാലങ്ങൾ, ഉദാഹരണത്തിന‌് ഏറ്റവും വലിയ വ്രതം ചാതുർമാസ വ്രതമാണ‌്. നാലുമാസം നീളുന്ന ഈ വ്രതം സ‌്ത്രീകൾ അനുഷ‌്ഠിക്കുന്നുണ്ട‌്. വ്രതം സ്വീകരിക്കുന്നത‌് മനസ്സാണ‌് ശരീരമല്ല. മനസ്സ‌് ചാഞ്ചാടുമ്പോഴാണ‌് വ്രതം ഇല്ലാതാകുന്നത‌്; അത‌് സ‌്ത്രീയായാലും പുരുഷനായാലും. സ‌്ത്രീകളെ  പണ്ട‌് വിലക്കിയിരുന്നത‌് ആ പ്രദേശത്തിന്റെ പ്രത്യേകത കൊണ്ടുമാത്രമാണ‌്. കാലം മാറിയപ്പോൾ മാറ്റം ഉൾക്കൊള്ളാൻ തയ്യാറാകണം.

മറ്റൊരു വാദം പ്രതിഷ‌്ഠയുടെ സ്വഭാവം ബ്രഹ്മചര്യമാണെന്നതാണ‌്. ഇത‌് കൃത്യമായി കോടതിയെയോ ജനങ്ങളെയോ ബോധിപ്പിക്കാൻ ഇവർക്കായിട്ടില്ല. എവിടെയാണ‌് ഇങ്ങനെയൊരു ബ്രഹ്മചര്യത്തെപ്പറ്റി പറയുന്നത‌്. ശബരിമല ശ്രീധർമശാസ‌്താക്ഷേത്രം എന്നാണ‌് അറിയപ്പെടുന്നത‌്. ഐതിഹ്യപ്രകാരം പരശുരാമൻ പ്രതിഷ‌്ഠ നടത്തിയ ശാസ‌്താവാണ‌് അവിടെ. സാമാന്യരൂപത്തിൽ ആളുകൾ അറിയുന്നത‌് അയ്യപ്പൻ ശാസ‌്താവിൽ ലയിച്ചെന്നും. അങ്ങനെയാകുമ്പോൾ ശാസ‌്താവില്ലാതാകുന്നില്ല. നദി അറബിക്കടലിൽ ചേർന്നാൽ പിന്നീടത‌് കടലാണ‌്. ഒരിക്കലും അതിനെ പിന്നെ നദി എന്നാരും വിളിക്കില്ല. ഗുരുവായൂർ കേശവൻ പോയി ഗുരുവായൂരിൽ ലയിച്ചെന്നാണ‌് പറയുന്നത‌്. അപ്പോളവിടെ കേശവന്റെയല്ല, പ്രതിഷ‌്ഠ ഗുരുവായൂരപ്പന്റേതാണ‌്. ഏതേത‌് മൂർത്തികളെയാണോ ഒരാൾ ആരാധിക്കുന്നത‌് അയാൾ ആ മൂർത്തിയിൽ വിലയംപ്രാപിക്കുന്നു എന്നാണ‌് ഹിന്ദുമത സങ്കൽപ്പം. അത്തരത്തിൽ അയ്യപ്പൻ ശാസ‌്താവിനെ പൂജിച്ച ആളായിരിക്കാം‌. ഇവിടെ ചോദ്യം ശാസ‌്താവിന്റെ സ്വഭാവത്തിൽ എങ്ങനെയാണ‌് അയ്യപ്പന്റെ സ്വഭാവം കടന്നുകൂടുക. അയ്യപ്പൻ കടുത്ത സ‌്ത്രീവിരോധിയോ ബ്രഹ്മചാരിയോ ആയ ആളായിരുന്നെങ്കിൽ അത‌് എങ്ങനെയാണ‌് ശാസ‌്താവിലേക്ക‌് ആരോപിക്കപ്പെടുന്നത‌്. ശാസ‌്താവിന്റെ പ്രതിഷ‌്ഠ ശബരിമലയിൽ തന്ത്രസമുച്ചയപ്രകാരം ഭാര്യയോടും മകനോടുംകൂടിയാണ‌്. അത‌് ധ്യാനശ്ലോകത്തിൽ വ്യക്തമാണ‌്. അയ്യപ്പൻ ശാസ‌്താവിൽ ലയിച്ചപ്പോൾ ശാസ‌്താവ‌്,  മോനും ഭാര്യയും പുറത്തുപോകട്ടെയെന്നും സ‌്ത്രീകളാരും ഇങ്ങോട്ടുവരേണ്ടയെന്നും തീരുമാനിച്ചതായി എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ ?.

ആ ആചാരങ്ങൾ എവിടെപ്പോയി
ശബരിമലയിൽ തുടർന്നുവന്ന ശ്രദ്ധേയമായ പല ആചാരങ്ങളും സവർണമേധാവികളുടെ താൽപ്പര്യത്തിനായി നിർത്തലാക്കിയ ചരിത്രമുണ്ട‌്. ആദ്യം അവിടത്തെ ആചാരമാറ്റത്തെക്കുറിച്ച‌് പറയാം. 

കുറച്ച‌് വർഷംമുമ്പ‌്  ശബരിമലയിൽ ആദിവാസികൾക്ക‌് കരാറടിസ്ഥാനത്തിൽ ജോലി കൊടുത്തിരുന്നു. വാസ‌്തവത്തിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യേണ്ടവരല്ല ആദിവാസികൾ‌. കാരണം പണ്ടുകാലത്ത‌് ഊരുമൂപ്പനും ആദിവാസികളും ഘോഷയാത്രയായെത്തി ഭഗവാനെ തേനഭിഷേകം ചെയ്യും. ഊരുമൂപ്പൻ ശ്രീകോവിലിൽ കയറിയാണ‌് അഭിഷേകം നടത്തുന്നത‌്. ആ ആചാരം  ആരാണ‌് നിർത്തിച്ചത‌്?  അവസാനം തേൻ കൊണ്ടുവന്ന‌് ആദിവാസികൾ അത‌് കൊടിമരച്ചുവട്ടിൽ വയ‌്ക്കുകയെന്നാക്കി. തന്ത്രി അഥവാ സവർണർ കൊണ്ടുപോയി അഭിഷേകം നടത്തിയാൽ മതിയെന്നാക്കി. കാര്യങ്ങൾ വ്യക്തമാക്കി പൗരോഹിത്യവർഗത്തിന്റെ മേൽക്കോയ‌്മയ‌്ക്ക‌ു വേണ്ടിയാണ‌് അത‌് അട്ടിമറിച്ചത‌്.
ആദിവാസികൾ ശ്രീകോവിലിനുള്ളിൽ കയറി അഭിഷേകം നടത്തുന്നുവെന്നതിന‌് വലിയ തലങ്ങളുണ്ട‌്. ശബരിമലയുടെ ഔന്നിത്യത്തെ പതിന്മടങ്ങ‌് ഉയർത്തുന്ന ചടങ്ങിന്റെ കടയ‌്ക്കലാണ‌് കത്തിവച്ചത‌്. അതിന‌് കൂട്ടുനിന്നവരാണ‌് ഇന്ന‌് ശബരിമല സംരക്ഷണമെന്നു പറഞ്ഞ‌് തെരുവിലിറങ്ങുന്നത‌്.

ചരിത്രഗ്രന്ഥങ്ങളിൽ ഇല്ലാത്ത വാദങ്ങൾ
കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും ഐതിഹ്യം പറയുന്ന പുസ‌്തകമാണ‌് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ഇതിൽ എവിടെയും നൈഷ‌്ഠിക ബ്രഹ്മചര്യത്തെപ്പറ്റിയോ പ്രേമകഥയോ ഒന്നും വരുന്നില്ല. ഇതെല്ലാം പിന്നീട‌് ചിലർ തട്ടിക്കൂട്ടി ഉണ്ടാക്കിയതാണ‌്. അയ്യപ്പൻ പോയി ശാസ‌്താവിൽ ലയിച്ചെന്ന‌് മാത്രമാണ‌് ഐതിഹ്യമാലയിലുള്ളത‌്. ഐതിഹ്യമാലയിൽ പറയുന്നതിങ്ങനെ ‘ശബരിമലയിലെ പ്രധാന ദേവൻ ശാസ‌്താവ‌് തന്നെയെങ്കിലും അവിടെ വേറെ ചില മൂർത്തികളെയും കുടിയിരുത്തിയിട്ടുണ്ട‌്. അവയിൽ പ്രധാനം ഭദ്രകാളിയാണ‌്. ഭദ്രകാളിയെ കുടിയിരുത്തിയിരിക്കുന്നത‌് രണ്ടു നിലയുള്ള മാളികയുടെ മുകളിലെ നിലയിലാണ‌്. അതിനാൽ ആ ഭഗവതി മാളികപ്പുറത്തമ്മ എന്നു പറഞ്ഞുവരുന്നു. ഇതുകൂടാതെ വാവരുസ്വാമി, കടുത്തസ്വാമി എന്ന രണ്ട‌് മൂർത്തികളുണ്ട‌്. വാവരു സ്വാമി ജാതിയിൽ മുഹമ്മദീയനും കടുത്തസ്വാമി ഈഴവനുമാണ‌്. രണ്ടുപേരും അയ്യപ്പസ്വാമിയുടെ ആജ്ഞാകാരൻമാരായിരുന്നു. അവർ ചരമഗതിയെ പ്രാപിച്ചിട്ടും അയ്യപ്പസ്വാമിയെ വിട്ടുപോകാൻ മനസ്സില്ലാതെ അയ്യപ്പസന്നിധിയിൽ തന്നെ നിന്നതിനാലാണ‌്  അവിടെ കുടിയിരുത്തിയത‌്. ഈ മൂന്ന‌് ഉഗ്രമൂർത്തികളെയും ഉദ്ദേശിച്ചാണ‌് മകരം ഏഴിന‌് അവിടെ ഗുരുതി കഴിച്ചിരുന്നത‌്‌ ’. നിലവിൽ അവിടെ കടുത്തസ്വാമിക്ക‌് സ്ഥാനമില്ല. ഈ ചടങ്ങുകളൊന്നും ഇല്ല. ഈഴവനായ മൂർത്തിയെ പുറത്താക്കിയതിന‌ു പിന്നിൽ സവർണരുടെ ഇടപെടലാണ‌്. ഒരുകാലത്ത‌് അവർണരുടെ പ്രധാന തീർഥാടനകേന്ദ്രമായിരുന്നു ശബരിമല. ദേവസ്വം രേഖകളിൽ ശബരിമലയിൽ കുഞ്ഞൂണ‌് നടന്നതിന‌് തെളിവുകളുണ്ട‌്. യുവതികൾ പ്രവേശിച്ചിട്ടുണ്ട‌്. ഒരിടത്തും സ‌്ത്രീക്ക‌് വിലക്കേർപ്പെടുത്തണമെന്ന‌് പറഞ്ഞിട്ടില്ല. 1991ൽ  ജസ‌്റ്റിസ‌് പരിപൂർണൻ ഒരു വിധിയുണ്ടാക്കി. അത‌് ഉയർത്തിപ്പിടിച്ചാണ‌് ചിലർ തെളിവെന്നുപറഞ്ഞ‌് നടക്കുന്നത‌്.

പൊള്ളയായ വാദങ്ങൾ
ധർമശാസ‌്ത്രത്തിന്റെ പിൻബലമില്ലാത്ത, തന്ത്രശാസ‌്ത്രത്തിന്റെ പിൻബലമില്ലാത്ത, യുക്തിയുമില്ലാത്തതാണ‌് പ്രശ്നമുണ്ടാക്കുന്നവർ ഉന്നയിക്കുന്ന വാദങ്ങൾ. വേദം നിഗമവും തന്ത്രശാസ‌്ത്രം ആഗമവുമാണ‌്. അപ്പോൾ നിഗമത്തിന്റെയും ആഗമത്തിന്റെയും പിൻബലമില്ലാത്ത യുക്തിയുമില്ലാത്ത വാദങ്ങളാണ‌് നിരത്തുന്നത‌്. എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകളും പ്രവേശിച്ചാൽ ശബരിമലയുടെ യശസ്സ‌് വർധിക്കും. കാരണം ശബരി എന്ന സ‌്ത്രീയുടെ  പേരിലാണ‌് ആ മല. കോടതിയിൽ പരസ‌്പരവിരുദ്ധമായ കഥകളാണ‌് സ‌്ത്രീപ്രവേശനം തടയാൻ ഇവർ പറഞ്ഞത‌്. കോടതി അത്തരം പൊള്ളയായ കഥകളെല്ലാം തള്ളി നീതി നടപ്പാക്കി. ഇപ്പോൾ ചിലരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടിയുള്ള കോപ്രായങ്ങളാണ‌് തെരുവുകളിൽ. ഭക്തൻമാർ ദൈവത്തിന‌ുവേണ്ടി സമരം ചെയ്യേണ്ട ആവശ്യമില്ല. ഭക്തന്റെ സമരം അവനോടു തന്നെയാണ‌്. തന്നിലെ ദുർഗുണങ്ങളെ ജയിക്കാൻ അവൻ അവനോട‌് ചെയ്യുന്ന സമരത്തെയാണ‌് ഭക്തിമാർഗമെന്നു പറയുന്നത‌്. സ്വാമി ശരണവും ഒപ്പം മുഖ്യമന്ത്രിയെ തെറിയും വിളിക്കുന്നത‌് ഭക്തിപ്രകടനമല്ല. ശരണമന്ത്രങ്ങൾ ശാന്തിയും സമാധാനവും ഉണ്ടാക്കാൻ വേണ്ടിയുള്ളതാണ‌്.

തുല്യതയുടെ വിധിയെ അംഗീകരിക്കണം
കുഴിക്കാട്ട‌് പച്ചയാണ‌് തന്ത്രത്തെ സംബന്ധിക്കുന്ന ഗ്രന്ഥം. ഇതിൽ ശാസ‌്താവിന്റെ ബിംബശുദ്ധി വരുത്തേണ്ടത‌് കാട്ടുപന്നിയുടെ തേറ്റയിൽ നിന്നെടുത്ത മണ്ണ‌്, ആനക്കൊമ്പിൽനിന്നുള്ള മണ്ണ‌് എന്നിവ കൊണ്ടു വന്നുവേണം. ഇതാണ‌് ആചാരം. ഇതൊക്കെ കാലങ്ങൾക്കു മുമ്പേ മാറി.  ശബരിമലയിലെ ആചാരം അടിമുടി മാറിയിട്ടുള്ളതാണ‌്. ഒരിക്കലും മാറ്റാൻ പാടില്ലാത്ത ശബരിമലയുടെ യശസ്സ‌് വാനോളം ഉയർത്തുന്ന, പൂർവികർ ഏറ്റവും ഉദാത്തമായി കൽപ്പിച്ചിട്ടുള്ള അതിന്റെ താൽപ്പര്യങ്ങളെ മുഴുവൻ ബലികഴിച്ച‌് ആചാരങ്ങൾ ഇപ്പോൾ സമരം നടത്തുന്ന സവർണമേധാവികൾ മാറ്റിയിട്ടുണ്ട‌്. ജെല്ലിക്കെട്ട‌് എന്നുപറഞ്ഞ‌് പേടിപ്പിക്കാൻ ചെന്നാൽ പള്ളിക്കെട്ട‌് തലയിലേന്തി വരുന്ന ഭക്ത/ഭക്തൻ  പുറംകാലുകൊണ്ട‌് തൊഴിക്കും. എന്തു തടസ്സം സൃഷ്ടിച്ചാലും ശബരിമലയിലേക്കുള്ള ഭക്തകളുടെ  പ്രവാഹം തടയാനാകില്ല.

രാമൻ വിജയിച്ചില്ല ഇനി അയ്യപ്പൻ ശരണം
കേരളത്തിൽ രാമൻ വിജയിക്കാത്തതുകൊണ്ട‌് അയ്യപ്പനെ ഉപയോഗിക്കാൻ ഒരുവിഭാഗം ശ്രമിക്കുകയാണ‌്. ശ്രീരാമനിലൂടെ ഒരു വർഗീയ കലാപവും വർഗീയ ധ്രുവീകരണവും കേരളത്തിൽ ലക്ഷ്യമിട്ടെങ്കിലും സാധിച്ചില്ല. അതിന്റെ സൂത്രധാരരായ ചില തൽപ്പരകക്ഷികൾ അയ്യപ്പനിലൂടെ ആ ലക്ഷ്യം പൂർത്തീകരിക്കാൻ ശ്രമിക്കുകയാണ‌്. എങ്ങനെയെങ്കിലും നാലു വോട്ട‌് നേടാനുള്ള ലക്ഷ്യമാണ‌് ഇവർക്ക‌്. മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാരായ കോൺഗ്രസിന്റെ നിലപാടാണ‌് എന്നെ അത്ഭുതപ്പെടുത്തുന്നത‌്. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയെപ്പോലും അന്ന‌് ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഗാന്ധിജി സത്യം തിരിച്ചറിഞ്ഞു. ആ ഗാന്ധിയിൽനിന്ന‌് ഇന്നത്തെ കോൺഗ്രസ‌് നേതാക്കളിലേക്കുള്ള ദൂരം വളരെ വലുതാണ‌്.

ചരിത്രപരമായ കോടതിവിധിക്കെതിരെ ചിലർ നടത്തുന്ന സമരത്തെ തുറന്നുകാട്ടാനും കേരളത്തിന്റെ നവോത്ഥാന മനസ്സ‌് മുന്നോട്ടുവരണം. കുപ്രചാരണങ്ങൾക്കെതിരെ സത്യാവസ്ഥ ജനങ്ങളെയും വിശ്വാസികളെയും ബോധ്യപ്പെടുത്താൻ എല്ലാ സാഹിത്യ–സാംസ‌്കാരിക പ്രവർത്തകരും രംഗത്തുവരണം. കാരണം, ഇത‌് കേരളമാണ‌്. ശ്രീനാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും ചട്ടമ്പിസ്വാമിയുടെയും പിന്മുറക്കാരാണ‌് നമ്മൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top