19 February Tuesday

സമ്പദ് വ്യവസ്ഥയുടെ പിന്നോട്ടുപോക്ക്

പ്രൊഫ. കെ എന്‍ ഗംഗാധരന്‍Updated: Wednesday Oct 11, 2017

മുന്‍ ബിജെപി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു യശ്വന്ത്സിന്‍ഹ. സമ്പദ്വ്യവസ്ഥയുടെ അകവും പുറവും അറിയുന്നയാള്‍. രാജ്യം അപകടകരമായ തിരിച്ചുപോക്കിന്റെ വഴിയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. നോട്ട് റദ്ദാക്കലും ചരക്ക്-സേവന നികുതിയും സമ്പദ് വ്യവസ്ഥയുടെ താളംതെറ്റിച്ചു. കാരണക്കാരന്‍ അരുണ്‍ ജെയ്റ്റ്ലി. വാസ്തവത്തില്‍ യശ്വന്ത്സിന്‍ഹ ജെയ്റ്റ്ലിയെ ചാരി നരേന്ദ്രമോഡിയെയാണ് ഉന്നംവയ്ക്കുന്നത്. തന്നിഷ്ടപ്രകാരം പരിഷ്കാരങ്ങള്‍ അടിച്ചേല്‍പ്പിച്ചത് നരേന്ദ്രമോഡിയാണല്ലോ. "എന്താണ് ദാരിദ്യ്രമെന്ന് താന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്' എന്നു പ്രധാനമന്ത്രി പറയുന്നു. 'എല്ലാവരും അനുഭവിക്കട്ടെ എന്നാണ് ജെയ്റ്റ്ലി കരുതുന്നത്' എന്ന് വിമര്‍ശിക്കുമ്പോള്‍ വ്യക്തമാണ് കുന്തമുന ആര്‍ക്കുനേരെയെന്ന്. ഭയംമൂലം ആരും സത്യം പറയുന്നില്ലത്രെ. പാര്‍ടിയിലെ പദവികള്‍ നഷ്ടപ്പെടുമെന്നല്ല സിന്‍ഹ വ്യക്തമാക്കുന്നത്. ജീവന്‍തന്നെ അപകടപ്പെടുമെന്നാണ്. അടുത്തിടെ ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നടന്ന കൊലപാതകങ്ങളെയാണ് അദ്ദേഹം സൂചിപ്പിച്ചത്.  

ഈ വിഷയത്തില്‍ വളരെ ദുര്‍ബലമായാണ് സെപ്തംബര്‍ 28നു ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി പ്രതികരിച്ചത്. അനുദിനം വഷളാകുന്ന സാമ്പത്തികസ്ഥിതി പഠിക്കാന്‍ അഞ്ചംഗ വിദഗ്ധസമിതിയെ നിര്‍ദേശിച്ച് കൈകഴുകി. പഠനത്തിന്റെഅഭാവമാണ് രാജ്യം അകപ്പെട്ട ദുരവസ്ഥയ്ക്കു കാരണം എന്നത്രെ നിര്‍വാഹക സമിതിയുടെ അനുമാനം! പ്ളാനിങ് കമീഷന്‍ പിരിച്ചുവിട്ട് പകരം ഏര്‍പ്പെടുത്തിയ നീതി ആയോഗ് അംഗം ബിബേക് ദെബ്രോയ് ആണ് സമിതി ചെയര്‍മാന്‍. കമ്മിറ്റിയില്‍നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തം.

മറ്റൊരു നിര്‍ദേശവും നിര്‍വാഹക സമിതി ഉന്നയിച്ചിട്ടുണ്ട്. സമ്പൂര്‍ണ വൈദ്യുതീകരണം. 16,320 കോടി രൂപയുടേതാണ് പദ്ധതി. 2017-18ലെ കേന്ദ്രബജറ്റ് വൈദ്യുതിമേഖലയുടെ വികസനത്തിന് 13,881 കോടി രൂപ വകയിരുത്തിയ കാര്യവും മറക്കാത്തവര്‍ ധാരാളമുണ്ട്. പ്രതിസന്ധി മറികടക്കാന്‍ 2439 കോടി രൂപയുടെ ശുപാര്‍ശ! ആരെ പറ്റിക്കാനാണിത്? തെറ്റ് തിരുത്തുന്നതിനു പകരം വിദഗ്ധ സമിതിയും 2439 കോടി രൂപയും. നോട്ട് നിരോധാനവും ചരക്ക്-സേവന നികുതിയും ഏല്‍പ്പിച്ച ദുരന്തം നേരിടാന്‍ ഇത്രയും മതിയോ?

തിരുത്തല്‍ ഏതായാലും അത്രയെളുപ്പമല്ല.പരിക്ക് അത്രമേല്‍ വേദനജനകമാണെന്നതുതന്നെ കാരണം. രണ്ടു പരിഷ്കാരങ്ങളും ചേര്‍ന്ന് സമ്പദ്വ്യവസ്ഥയെ അടിമുടി താറുമാറാക്കി. ദേശീയ വരുമാനം ഇടിഞ്ഞു. തൊഴിലവസരങ്ങള്‍ ചുരുക്കി. വാങ്ങല്‍കഴിവ് തകര്‍ത്തു. ബോധ്യപ്പെടാവുന്ന ചില കണക്കുകള്‍ ഇതാ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ദേശീയ വരുമാനവളര്‍ച്ച 7.9 ശതമാനമായിരുന്നു. ഈവര്‍ഷം ആദ്യപാദത്തില്‍ അത് 5.7 ശതമാനത്തിലേക്ക ്കൂപ്പുകുത്തി.  പുതിയ കണെക്കെടുപ്പുരീതി അനുസരിച്ചാണിത്. പഴയതനുസരിച്ച് മൂന്നുശതമാനമാണ് വളര്‍ച്ചനിരക്ക്. ഉല്‍പ്പന്ന നിര്‍മാണ വളര്‍ച്ച 10.7 ശതമാനമായിരുന്നു. അത് 1.2 ശതമാനമായി താണു. നിര്‍മാണമേഖലയുടേത് 3.1 ശതമാനത്തില്‍നിന്ന് രണ്ടുശതമാനത്തിലേക്ക് പതിച്ചു. മൊത്തം വ്യവസായ ഉല്‍പ്പാദനത്തില്‍ 40 ശതമാനം വൈദ്യുതി, കല്‍ക്കരി, ഉരുക്ക്, രാസവളം, ക്രൂഡ് ഓയില്‍ തുടങ്ങി എട്ട് അടിസ്ഥാന വ്യവസായങ്ങളുടേതാണ്. ഇവയുടെ ഉല്‍പ്പാദന വളര്‍ച്ച സമ്പദ്വ്യവസ്ഥയ്ക്കു കരുത്തുപകരാന്‍ അനിവാര്യമാണ്. പക്ഷേ, എട്ട് അടിസ്ഥാന വ്യവസായങ്ങളുടെ ഉല്‍പ്പാദനം 3.1 ശതമാനത്തില്‍നിന്ന് 2.4 ശതമാനമായി ഇടിഞ്ഞു. മൊത്തം വ്യവസായ ഉല്‍പ്പാദനമാകട്ടെ നാലു ശതമാനത്തില്‍ നിന്ന് -0.1 ശതമാനത്തിലേക്കു നിലംപൊത്തി. തൊലിപ്പുറമേയുള്ള ലേപനം കൊണ്ട് പരിഹരിക്കാവുന്നതല്ല രോഗം. സര്‍ജിക്കല്‍ ഓപ്പറേഷന്‍ തന്നെ വേണ്ടിവരും. പകരം ദേശീയ നിര്‍വാഹകസമിതി വിദഗ്ധ സമിതിയെ നിയമിച്ച് കൈകഴുകി.

അമ്പതിനായിരം കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്ന് ദിവസങ്ങള്‍ക്കുമുമ്പേ മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ പ്രചരിപ്പിച്ചതാണ്. അതൊരു മാപ്പപേക്ഷ ആകുമെന്നുകണ്ടാണ് സമ്പൂര്‍ണ വൈദ്യുതീകരണമെന്ന് കൂലിച്ചീട്ടിറക്കിയത്.

സ്വകാര്യ മേഖലയ്ക്ക് നിയന്ത്രണമുള്ളതാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ. സമ്പദ്വ്യവസ്ഥയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും തീരുമാനങ്ങളിലും സ്വകാര്യമേഖലയ്ക്കാണ് മേല്‍ക്കൈ. സാമ്പത്തിക വളര്‍ച്ചയുടെ നിര്‍ണായക ഘടകമാണ് അടിസ്ഥാന വ്യവസായങ്ങളിലെ സ്വകാര്യ മൂലധന നിക്ഷേപം. 2014-15ല്‍ ദേശീയ വരുമാനത്തിന്റെ 31.3 ഭാഗമായിരുന്നു അത്തരം നിക്ഷേപം. അത് ഇപ്പോള്‍ 29.5 ഭാഗമായി ചുരുങ്ങി. അതായത് റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍, വൈദ്യുതി, ഉരുക്ക്, കല്‍ക്കരി, രാസവളം, തുടങ്ങിവയുടെ ഉല്‍പ്പാദനത്തിലെ നിക്ഷേപം ഗണ്യമായി ഇടിഞ്ഞു. പ്രധാനമായി രണ്ടു കാരണങ്ങള്‍ ഉണ്ടതിന്. ഒന്ന്, നോട്ട് നിരോധനവും ചരക്ക്-സേവന നികുതിയും സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഡിമാന്റും വില്‍പ്പനയും ലാഭവും ചുരുക്കി. രണ്ട്, കോര്‍പറേറ്റുകള്‍ സ്വന്തം പോക്കറ്റിലെ പണമെടുത്തല്ല നിക്ഷേപം നടത്തുന്നത്. ബാങ്ക് വായ്പയും ഓഹരി കടപ്പത്രവില്‍പ്പനയുമാണ് ധന സമാഹരണമാര്‍ഗങ്ങള്‍. ബാങ്കുകള്‍ വിശേഷിച്ചും പൊതുമേഖല ബാങ്കുകളാണ് മുഖ്യവായ്പാസ്രോതസ്സ്.

കോര്‍പറേറ്റുകള്‍ പ്രത്യേകിച്ചും റിയല്‍ എസ്റ്റേറ്റ് മേഖല വന്‍ തോതിലാണ് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ബാങ്ക് വായ്പകള്‍ ചോര്‍ത്തിയത്. അവര്‍ തിരിച്ചടവ് മുടക്കി. പിരിച്ചെടുക്കാന്‍ ബാങ്കുകളും ഗവണ്‍മെന്റും താല്‍പ്പര്യമെടുത്തതുമില്ല. കിട്ടാക്കടം പെരുകി വാനോളം ഉയര്‍ന്നു. 2014 ജൂണില്‍ 2.34 ലക്ഷം കോടി രൂപയായിരുന്നു കിട്ടാക്കടം.  2016 ഡിസംബറില്‍ 6.46 ലക്ഷം കോടി. പ്രതിവര്‍ഷം മൂന്നുലക്ഷം കോടി രൂപ വീതം. വാസ്തവം ഇതല്ല. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കെ സി ചക്രവര്‍ത്തി വെളിപ്പെടുത്തുന്നത് 20 ലക്ഷം കോടിയാണ് കിട്ടാക്കടം അഥവാ നിഷ്ക്രിയ ആസ്തി എന്നാണെത്രെ. അതാകും വിശ്വസനീയം. ആധികാരിക കണക്കുകളുടെ അടിസ്ഥാനത്തിലാകും അദ്ദേഹം തുക ഉദ്ധരിച്ചത്. നിഷ്ക്രിയ ആസ്തി ബാങ്കുകളെ ഭയപ്പെടുത്തിയിട്ടുണ്ട്. അവര്‍ വായ്പകള്‍ നല്‍കാന്‍ ഉത്സാഹം കാണിക്കുന്നില്ല. അതിന്റെ ഫലമായി മൊത്തം സ്വകാര്യ മൂലധന നിക്ഷേപം പിന്നോട്ടടിച്ചു. പൊതുവിപണിയില്‍നിന്ന് വായ്പയെടുക്കാനാണ് കോര്‍പറേറ്റുകള്‍ താല്‍പ്പര്യപ്പെടുന്നത്. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കണമെന്ന് അവര്‍ നിരന്തരം ആവശ്യപ്പെടുന്നു. ആഗസ്ത് രണ്ടിന് 6.25 ശതമാനത്തില്‍നിന്ന് ആറുശതമാനമായി റിസര്‍വ് ബാങ്ക് പലിശ നിരക്ക് താഴ്ത്തിയത് കോര്‍പറേറ്റ് സമ്മര്‍ദത്തിനു വഴങ്ങി. പക്ഷേ, ഇത് രണ്ടു തരത്തില്‍ ബാങ്കുകളെ ബാധിച്ചു. പലിശ കുറഞ്ഞതോടെ ബാങ്കുകളുടെ ലാഭം ചുരുങ്ങി.  ബാങ്ക് ഡെപ്പോസിറ്റുകളും കുറഞ്ഞു. സെപ്തംബര്‍ 15ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ മാത്രം ബാങ്ക് ഡെപ്പോസിറ്റില്‍ 41,670 കോടിയുടെ കുറവ് വന്നതായി റിസര്‍വ് ബാങ്ക് വെളിപ്പെടുത്തുന്നു.

കയറ്റുമതിയിലുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വിദൂരസാധ്യത മാത്രമേയുള്ളൂ. തുടരുന്ന ആഗോള സാമ്പത്തികപ്രതിസന്ധി തന്നെ കാരണം. രാജ്യത്തിന്റെ കയറ്റുമതി ചുരുങ്ങുകയും ഇറക്കുമതി കൂടുകയും വ്യാപാരക്കമ്മി വര്‍ധിക്കുകയുമാണ്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തിലെ വ്യാപാരക്കമ്മി 0.4 ശതകോടി ഡോളറായിരുന്നു. ഇക്കൊല്ലമത് 14.3 ശതകോടി ഡോളറായി വളര്‍ന്നു.

സര്‍ക്കാര്‍ ചെലവുകള്‍ സമ്പദ്വ്യവസ്ഥയെ ചലനാത്മകമാക്കും. അതിനു സര്‍ക്കാരിന്റെ വരുമാനമുയരണം.  കേന്ദ്രസര്‍ക്കാരിന്റെ ചരക്ക്-സേവന നികുതി വരുമാനം ജൂലൈയില്‍ 94,063 കോടിരൂപയായിരുന്നു. ആഗസ്തില്‍ 90,669 കോടിരൂപ. ഫലമോ? റവന്യൂകമ്മി ഉയര്‍ന്നു; ധനകമ്മി വളര്‍ന്നു. 3,21,734 കോടി രൂപ റവന്യൂകമ്മിയായിരുന്നു ബജറ്റ് വിഭാവനം ചെയ്തത്. ആദ്യത്തെ നാലുമാസത്തിനിടെ അത് 4,22,272 കോടിയായി വര്‍ധിച്ചു.  ധനകമ്മി 5,04,896 കോടിയില്‍നിന്ന് 5,46,532 കോടിയിലേക്കും. പ്രശ്നം വ്യക്തം. സര്‍ക്കാരിന്റെ ഇടപെടല്‍ശേഷി വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ രണ്ടു പരിഷ്കാരങ്ങള്‍ മൂലം തകരാറിലായി.

സ്വകാര്യമേഖലയുടെ ഉപഭോഗച്ചെലവാണ് മുന്‍വര്‍ഷങ്ങളില്‍ ദേശീയ വരുമാനം താഴാതെ പിടിച്ചുനിര്‍ത്തിയ ഒരു ഘടകം. ഉപഭോഗാടിസ്ഥിത വികസനം എന്നുവരെ അത് വിശേഷിപ്പിക്കപ്പെട്ടു. സാമ്പത്തിക സര്‍വേകളില്‍ അതു സംബന്ധിച്ച് പരാമര്‍ശങ്ങള്‍ക്കും കുറവില്ല. എന്നാല്‍, വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി തകര്‍ത്തു.  തൊഴിലും വരുമാനങ്ങളും തുടച്ചുമാറ്റി. യശ്വന്ത്സിന്‍ഹയുടെ ലേഖനം ഈ പ്രശ്നം അടിവരയിട്ട് വിശദമാക്കുന്നുണ്ട്. എങ്ങനെയാകും ഈ ദുരവസ്ഥയില്‍നിന്നു പുറത്തുകടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുക? സ്വയം തിരിച്ചടിക്കുന്ന മൂന്നു മാര്‍ഗങ്ങളാകും സര്‍ക്കാര്‍ സ്വീകരിക്കുക.

പെട്രോള്‍-ഡീസല്‍-പാചകവാതക വില വര്‍ധനയാണ് ഒരു നടപടി. അത് നേരത്തെ ആരംഭിച്ചു. ഈ പ്രക്രിയ തുടരും. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമാണ് ലക്ഷ്യമെന്ന് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റത്തിലൂടെ സാധാരണക്കാരില്‍നിന്ന് വരുമാനം കവരുന്ന മാര്‍ഗം 1951 മുതല്‍ സ്വീകരിക്കപ്പെട്ടതാണ്. വികസനത്തിന്റെ ഭാരം സാധാരണക്കാര്‍ വഹിക്കുക എന്നതാണ് അതിന്റെ തത്വശാസ്ത്രം. ക്രൂഡ് ഓയില്‍ വില താഴ്ന്നതിനെത്തുടര്‍ന്ന് അല്‍പ്പമൊന്ന് കുറഞ്ഞ വിലസൂചിക വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. കേരളമാണ് ഭവിഷ്യത്ത് കൂടുതല്‍ നേരിടേണ്ടിവരുക. സംസ്ഥാനത്ത് സാധനങ്ങള്‍ എത്തുന്നത് ട്രക്കുകളും ലോറികളും വഴിയാണ്. ഡീസലാണ് അവയുടെ ഇന്ധനം.

പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയാണ് മറ്റൊരുമാര്‍ഗം. ആ പ്രക്രിയ കേന്ദ്രസര്‍ക്കാര്‍ പൂര്‍വാധികം ശക്തമാക്കും. രണ്ടു ലക്ഷ്യങ്ങളാണ് ഒറ്റയടിക്ക് കൈവരിക്കുക. സര്‍ക്കാരിന് വരുമാനം, സ്വകാര്യമേഖലയ്ക്ക് സന്തോഷം. കടപ്പത്രം മുഖേനയുള്ള വിഭവസമാഹരണം ധനകമ്മി ഉയര്‍ത്തും. ആയതിനാല്‍ ഓഹരി വില്‍പ്പനയില്‍ സര്‍ക്കാര്‍ ഊന്നും.

മോശം പരിതസ്ഥിതിയിലും വിദേശ മൂലധനത്തിനു പ്രിയങ്കരമാണ് ഇന്ത്യന്‍ ഓഹരി വിപണി. സാമ്രാജ്യത്വ രാജ്യങ്ങളിലെ കുറഞ്ഞ പലിശ നിരക്കിനേക്കാള്‍ ഇന്ത്യന്‍ ഓഹരിക്കമ്പോള നിക്ഷേപമാണ് വിദേശ മൂലധനത്തിനു പ്രിയങ്കരം. അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുകയും പലിശനിരക്ക് ഉയരുകയും ചെയ്താല്‍ ഓഹരി നിക്ഷേപം തിരിച്ചൊഴുകുമെന്ന അപകടമുണ്ട്. ഏറെ കൌതുകകരം വിജയദശമിപ്രസംഗത്തില്‍ മോഹന്‍ഭാഗവത് സാമ്പത്തിക പരിഷ്കാരങ്ങളെ പുകഴ്ത്തി എന്നതാണ്

 

പ്രധാന വാർത്തകൾ
 Top